യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 515 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

പ്രതിഷേധവിധീനാം തു തജ്ജ്ഞോ ന വിഷയ: ക്വചിത്
ശാന്തസര്‍വൈഷണോച്ഛസ്യ കൊഽസ്യ കിം വക്തി കിംകൃതേ (6.2/37/31)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനിയായ ഒരാള്‍ ചില ആഗ്രഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നു എന്നിരിക്കട്ടെ. അത് ആകസ്മികവും ഹേതുരഹിതവും ആയിരിക്കും. അല്ലെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് സഹായകരമായിട്ടായിരിക്കും. അത്തരം ആശകള്‍ ബ്രഹ്മം തന്നെയാണ്. എന്നാല്‍ ഒന്ന് ശരിയാണ്. ജ്ഞാനിയില്‍ ആശകള്‍ പൊങ്ങിവരുന്നില്ല.

“ജ്ഞാനിക്ക് അനുശാസനങ്ങളോ വിലക്കുകളോ ബാധകമല്ല. ആശകള്‍ ഒടുങ്ങിയ ഒരുവന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ആരാണ് ഇച്ഛിക്കുക!”

വാസ്തവത്തില്‍ സത്യജ്ഞാനിയെ തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ സഹായിക്കും. അയാളില്‍ മോഹങ്ങള്‍ തീരെ ക്ഷീണപ്രായമായിരിക്കും. അയാള്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവനുമായിരിക്കും. വിഷയവസ്തുക്കളില്‍ ഉണ്മയില്ല എന്ന തിരിച്ചറിവ് വന്നാല്‍പ്പിന്നെ സുഖാസക്തിയില്ല. ഉള്ളില്‍ ആശകള്‍ മുളപൊട്ടുകയില്ല. അതാണ്‌ മോക്ഷം. ദ്വൈതാദ്വൈതങ്ങള്‍ക്കുപരിയാണ് പ്രബുദ്ധന്റെ മണ്ഡലം. അതുകൊണ്ട് ആസക്തിയും അനാസക്തിയും അയാളില്‍ ഒരേ ദിവ്യതയുടെ സ്ഫുരണങ്ങള്‍ തന്നെയാണ്. അയാള്‍ എല്ലാ വിക്ഷോഭങ്ങള്‍ക്കും അതീതനായി ഭഗവാനില്‍ പ്രശാന്തത കണ്ടെത്തുന്നു.

അയാള്‍ എന്തെങ്കിലും ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. എന്നാല്‍ എന്തെങ്കിലും ചെയ്യാതിരുന്നതുകൊണ്ട് അയാള്‍ക്ക് നേട്ടമൊന്നുമില്ല. യാതൊന്നും അയാള്‍ക്ക് ബാധകമല്ല. ആശയും നിരാശയും; സത്യവും അസത്യവും; ആത്മാവും അനാത്മാവും; ജീവനും മരണവും; എല്ലാമയാള്‍ക്കൊരുപോലെ. അത്തരം ഒരുവനില്‍ ആശകള്‍ ഉണ്ടാവുകയില്ല. ഉണ്ടായാല്‍ അതും ബ്രഹ്മം.

ആരൊരുവന് സുഖദുഖങ്ങളില്ലയോ, ആരൊരുവന്‍ പ്രശാന്തതയില്‍ അഭിരമിക്കുന്നുവോ, ആരുടെ അന്തക്ഷോഭങ്ങള്‍ അടങ്ങിയിരിക്കുന്നുവോ അയാള്‍ പ്രബുദ്ധനാണ്. അയാള്‍ക്ക് ദുഖത്തെപ്പോലും സന്തോഷപ്രദമാക്കാന്‍ കഴിയും.

സത്യത്തില്‍ സുദൃഢചിത്തനായിരിക്കുമ്പോള്‍ ഒരുവന്റെ ആകാശം ആകാശത്തിലും, പ്രശാന്തി പ്രശാന്തതയിലും, ഐശ്വര്യം ഐശ്വര്യത്തിലും, ശൂന്യത നിശ്ശൂന്യതയിലും, ലോകം ബ്രഹ്മത്തിലും ഇളവേല്‍ക്കുന്നു. വെറും മിഥ്യയായ അഹം അലിഞ്ഞില്ലാതെയാവുന്നു. ആരുടെയെങ്കിലും ഭാവനയില്‍ ഉയരുന്ന നഗരദൃശ്യംപോലെയാണ് ലോകം കാണപ്പെടുന്നത്.

അതൊരു മോഹക്കാഴ്ചയാണ്. സത്യമെന്ന് തോന്നിക്കുന്നുവെങ്കിലും അഹങ്കാരം മിഥ്യയാണ്. ലോകമെന്ന കാഴ്ച സത്യമോ മിഥ്യയോ അല്ല. അത് വാക്കിനാല്‍ വര്‍ണ്ണിക്കാവുന്നതല്ല. സത്യജ്ഞാനിയെ ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കുന്നില്ലെങ്കിലും എനിക്ക് തോന്നുന്നത് അയാളില്‍പ്പോലും ആസക്തികള്‍ ഒന്നും ഉയരാതിരിക്കുന്നതാണ് നല്ലതെന്നാണ്.

മനസ്സെന്നത് ബോധത്തിലെ ചലനമാണ്. അങ്ങനെയത് സ്വയം തിരിച്ചറിയുന്നത് തന്നെ സംസാരവും ആസക്തിയുമാകുന്നു. അതില്‍ നിന്നുമുള്ള മോക്ഷമാണ് നിര്‍വാണം. ഈ അറിവിന്റെ നിറവില്‍ ആശകളെ നിരാകരിക്കുക. വാസ്തവത്തില്‍ ആസക്തികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, വിശ്വസൃഷ്ടി- പ്രളയങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, യാതൊരു കുറവും ഒരിടത്തും ആര്‍ക്കും ഉണ്ടാവാന്‍ പോവുന്നില്ല.

ആസക്തി, അനാസക്തി; സത്യാസത്യങ്ങള്‍, അസ്തിത്വാനസ്തിത്വങ്ങള്‍, സന്തോഷ സന്താപങ്ങള്‍, തുടങ്ങിയവ എല്ലാം വിഹായസ്സില്‍ ഉയര്‍ന്നുപോങ്ങുന്ന കുമിളകളാണ്. എന്നാല്‍ അനുദിനം ആശകള്‍ ഒടുങ്ങിക്കൊണ്ടിരിക്കുന്ന ഒരുവന് മുക്തിപദം പ്രാപ്യമാണ്. അതുമാത്രമേ ആസക്തികള്‍ നല്‍കുന്ന ദുഖത്തെ ദൂരീകരിക്കാന്‍ ഒരുപായമുള്ളു.