യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 166 [ഭാഗം 4. സ്ഥിതി പ്രകരണം]

മഹാനരകസാമ്രാജ്യേ മത്തദുഷ്കൃത വാരണാ:
ആശാശരശലാകാഢ്യാ ദുര്‍ജയാ ഹീന്ദ്രിയാരയ:(4/24/1)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ, അതി ഭീകരമായ നരകമെന്ന സാമ്രാജ്യത്തില്‍ ദുഷ്കര്‍മ്മങ്ങള്‍ മദമിളകിയ ആനകളെപ്പോലെ അലഞ്ഞു മേയുകയാണ്‌. ഈ ക്രിയകള്‍ക്കുത്തരവാദികളായ ഇന്ദ്രിയങ്ങളാകട്ടെ ഭോഗതൃഷ്ണയുടെ ഒഴിയാത്ത ആവനാഴികളാല്‍ സുസജ്ജവുമാണ്‌. അതുകൊണ്ട് ഇന്ദ്രിയങ്ങളെ വെല്ലുക എളുപ്പമല്ല.

“ഈ നന്ദികെട്ട ഇന്ദ്രിയങ്ങള്‍ തങ്ങളുടെ വാസസ്ഥലമായ ദേഹത്തിനെത്തന്നെയും നശിപ്പിക്കുന്നു. എന്നാല്‍ വിവേകമുള്ളവന്‌ ജീവനെ അപായപ്പെടുത്താതെതന്നെ ഈ തൃഷ്ണകളെ നിയന്ത്രിക്കാന്‍ കഴിയും.” ആനയ്ക്കിട്ട വിലങ്ങുപോലെ നിരുപദ്രവമായി, എന്നാല്‍ കാര്യക്ഷമമായിത്തന്നെ ഇതു സാദ്ധ്യമാണ്‌. കല്ലും മണ്ണും കൊണ്ടു പടുത്തുയര്‍ത്തിയ നഗരം ഭരിക്കുന്ന ഒരു രാജാവിന്റെ ആനന്ദത്തേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്‌ ഇന്ദ്രിയനിയന്ത്രണം വന്ന ഒരുവന്‍ അനുഭവിക്കുന്ന ആനന്ദാവസ്ഥ.! ഇന്ദ്രിയാസക്തികള്‍ ക്ഷീണിതമാവുന്ന മുറയ്ക്ക് ഒരുവന്റെ ബുദ്ധിക്ക് തെളിമയേറുന്നു. എന്നാല്‍ പരമസത്യം സാക്ഷാത്കരിക്കുമ്പോള്‍ മാത്രമേ എല്ല്ലാ ആസക്തികളും പരിപൂര്‍ണ്ണമായി ഇല്ലാതാവുകയുള്ളു. വിവേകശാലിയുടെ മനസ്സ് അയാളുടെ ഉത്തമഭൃത്യനും, നല്ലൊരുപദേഷ്ടാവും, ഇന്ദ്രിയങ്ങളുടെ സേനാപതിയും, ഉത്തമയായ ഭാര്യയും, സുരക്ഷയേകുന്ന പിതാവും, ഉത്തമസുഹൃത്തുമാണ്‌. മനസ്സയാളെ ഉത്തമകര്‍മ്മങ്ങളിലേയ്ക്കുന്മുഖനാക്കുന്നു.

രാമാ, സത്യത്തിലുറച്ചു നിന്ന് മനസ്സില്ലാത്ത ഒരവസ്ഥയുടെ സ്വാതന്ത്ര്യത്തോടെ ജീവിച്ചാലും. ദാമന്‍, വ്യാളന്‍, കടന്‍, മുതലായ രാക്ഷസന്മാരെപ്പോലെ പെരുമാറാതിരിക്കുക. ഈ മൂവരുടെ കഥ ഞാനിനി പറഞ്ഞുതരാം. നരകത്തില്‍ ശംഭരന്‍ എന്ന പേരുള്ള ഒരു പ്രബലനായ രാക്ഷസന്‍ ഉണ്ടായിരുന്നു. അയാള്‍ കണ്‍കെട്ടുവിദ്യയില്‍ നിപുണനായിരുന്നു. അയാള്‍ ഒരു മായികനഗരമുണ്ടാക്കി. അതില്‍ നൂറു സൂര്യന്മാരും, നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്വര്‍ണ്ണനിര്‍മ്മിതങ്ങളായ സത്വങ്ങളും, വിലപിടിച്ച കല്ലുകള്‍ കൊണ്ടുണ്ടാക്കിയ അരയന്നങ്ങളും, മഞ്ഞുകട്ടയുടെ തണുപ്പുള്ള തീയും ഉണ്ടായിരുന്നു. കൂടാതെ അയാള്‍ക്ക് സ്വന്തമായി ആകാശചാരികളായ യക്ഷകിന്നരന്മാരും ഉണ്ടായിരുന്നു. സ്വര്‍ഗ്ഗവാസികളായ ദേവന്മാര്‍ അയാളെ ഭയന്നുകഴിഞ്ഞു. അയാള്‍ ഉറങ്ങിക്കിടന്നപ്പോഴോ വീടുവിട്ടു ദൂരെപ്പോയിരുന്നപ്പോഴോ ഒക്കെ സൂത്രത്തില്‍ ദേവന്മാര്‍ അയാളുടെ സൈന്യത്തെ കൊന്നൊടുക്കി. കുപിതനായ അസുരന്‍ സ്വര്‍ഗ്ഗത്തെ ആക്രമിച്ചു കീഴടക്കി. ശംഭരന്റെ മായാവിദ്യയില്‍ വിരണ്ടുപോയ ദേവന്മാര്‍ ഓടിയൊളിച്ചു. അയാള്‍ക്ക് അവരെ കണ്ടെത്താനായില്ല. എന്നാല്‍ അസുരന്റെ സേനാംഗങ്ങളെ തരംകിട്ടുമ്പോഴൊക്കെ അവര്‍ കൊന്നുകളഞ്ഞു. തന്റെ സേനാംഗങ്ങളെ സംരക്ഷിക്കാന്‍ ശംഭരന്‍ മൂന്നു സത്വങ്ങളെ ഉണ്ടാക്കി. ദാമന്‍, വ്യാളന്‍, കടന്‍, എന്നീ രാക്ഷസരാണവര്‍. അവര്‍ക്ക് മുന്‍ ജന്മങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ മനസ്സില്‍ യാതൊരു ധാരണകളും വാസനകളായി അവശേഷിച്ചിരുന്നില്ല. അവര്‍ക്കു ഭയമോ, സംശയങ്ങളോ, മറ്റു ചിത്തവൃത്തികളോ ഉണ്ടായിരുന്നില്ല. അവര്‍ ശത്രുക്കളില്‍ നിന്നും ഓടിയകന്നില്ല, കാരണം അവര്‍ക്കു മരണഭയം ഉണ്ടായിരുന്നില്ല. യുദ്ധം, ജയം, പരാജയം എന്നീ വാക്കുകളുടെ അര്‍ത്ഥവും അവര്‍ക്കറിയില്ലായിരുന്നു. അവര്‍ സ്വതന്ത്ര ജീവനുകള്‍ ആയിരുന്നില്ല. ശംഭരന്റെ ആജ്ഞാനുവര്‍ത്തികളായ വെറും യന്ത്രമനുഷ്യരായിരുന്നു അവര്‍. അവരുടെ പെരുമാറ്റം, എല്ലാ വാസനകളും ഉപാധികളും ഒഴിഞ്ഞവരുടേതുപോലെയായിരുന്നു. എന്നാല്‍ അവര്‍ക്ക് സത്യസാക്ഷാത്കാരം ഉണ്ടായിരുന്നില്ലല്ലോ. തന്റെ സൈന്യത്തെ രക്ഷിക്കാന്‍ അജയ്യരായ ഈ മൂന്നുപേരുള്ളതില്‍ ശംഭരന്‍ ആഹ്ളാദിച്ചു.