ശ്രീ രമണമഹര്‍ഷി
ജൂലൈ 12, 1938

മൈസൂറില്‍ നിന്നും ഒരു സന്ദര്‍ശകന്‍: എനിക്കീ ദേഹമെങ്ങനെ ഉണ്ടായി?
രമണമഹര്‍ഷി: നിങ്ങള്‍ ‘ഞാന്‍’ എന്നും ‘ദേഹ’മെന്നും പറയുന്നു. രണ്ടിനും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങള്‍ ദേഹമല്ല. ദേഹം ചെതന്യമല്ല. അതുകൊണ്ട് അത് ആ ചോദ്യം ചോദിക്കുകയില്ല. ദേഹത്തെപ്പറ്റി അറിഞ്ഞുകൂടാതിരുന്ന ഒരു സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. (ഉറക്കം) അപ്പോള്‍ ഈ പ്രശ്നമില്ല. എന്നാലും അപ്പോഴും നിങ്ങളുണ്ട്. ഇപ്പോള്‍ ആ ചോദ്യമുദിക്കുന്നതാര്‍ക്ക്?

ചോദ്യം: അഹന്തയ്ക്ക്.
മഹര്‍ഷി: അതെ. ശരീരവും അതിനെ അഭിമാനിക്കുന്ന അഹന്തയും ഒന്നിച്ചുറങ്ങുന്നു, ഒന്നിച്ചുണരുന്നു. ഉറക്കത്തില്‍ അഹന്ത ഇല്ല, ഇപ്പോഴുമുണ്ട്. ഈ രണ്ടില്‍ നമ്മുടെ നിജനില ഏത്? ഉറക്കത്തിലും നാമുണ്ട്, എപ്പോഴും നാമുണ്ട്. എന്നാല്‍ ഉറക്കത്തില്‍ ചോദ്യമുണ്ടായില്ല. ഇപ്പോഴുണ്ടായി. ഈ ചോദ്യം അഹന്തയ്ക്കുണ്ടായി എന്നും നിങ്ങള്‍ പറഞ്ഞത് ശരിയാണ്. അഹന്ത നിങ്ങളല്ല. അതു ജഡചൈതന്യങ്ങള്‍‍ക്കിടയില്‍ ഉദിച്ചണയുന്നു. തോന്നി മറയാത്ത ചിന്തയാണ് നിങ്ങള്‍. അഹന്തയുടെ ആദിയെ പരിശോദിച്ചാല്‍ അതു മറയും. അവിടെ അനന്യമായ പരിപൂര്‍ണ്ണവസ്തുവായി നിങ്ങള്‍ (താന്‍) പ്രകാശിക്കുന്നു.

ശരീരം എങ്ങനെ വന്നു വെന്ന ചോദ്യത്തിന് ശാസ്ത്രീയമായിപ്പറഞ്ഞാല്‍ ‘കര്‍മ്മത്തിനാല്‍’ എന്ന് പറയണം. കര്‍മ്മമെങ്ങനെ വന്നു വെന്നു കേട്ടാല്‍ മുന്‍ ശരീരത്തിലെന്നുത്തരം പറയണം. ഇങ്ങനെ പറഞ്ഞുപോയാല്‍ അവസാനം കാണുകയില്ല. അതുകൊണ്ട് ആരുടെ ദേഹമെന്നോ ആരുടെ കര്‍മ്മമെന്നോ കേള്‍ക്കണം. എന്നാലെ പ്രത്യക്ഷജ്ഞാനവും ഫലവും അവസാനവും ഉണ്ടാകുകയുള്ളൂ. അതുകൊണ്ടാണ് ഞാനാവിധത്തിലാദ്യം ഉത്തരം പറഞ്ഞത്.

ആഗസ്റ്റ്‌ 14, 1938

ഡാക്ടര്‍ രാജേന്ദ്രപ്രസാദ്‌ ശ്രീ ജിത്ത്‍യമുനലാല്‍ ബജാജും മറ്റുള്ളവരുമായി മഹര്‍ഷിയെ സന്ദര്‍ശിച്ചു. ആഗസ്റ്റ്‌ 16 നു യമുനലാല്‍ മഹര്‍ഷിയുമായി സംഭാഷണത്തിലേര്‍പ്പെട്ടു.

ചോദ്യം: മനസ്സിനെ നല്ല മാര്‍ഗ്ഗത്തിലുറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ?
രമണമഹര്‍ഷി: ജീവരാശികളെല്ലാം പരിസരബോധത്തോടെ തന്നെ ജീവിച്ചു വരുന്നത്. എന്നാല്‍ മനുഷ്യന്‍റെ ബുദ്ധിക്കും മൃഗങ്ങളുടെ ബുദ്ധിക്കും തമ്മില്‍ വ്യത്യാസമുണ്ട്. മനുഷ്യന്‍ ഭൗതികസമൃദ്ധികളെക്കൊണ്ട് തൃപ്തനാകുന്നില്ല. അവന്‍ സുഖത്തിന്റെ ക്ഷണഭംഗുരതയെ അപലപിച്ചിട്ടു സ്ഥായിയായ സുഖത്തെ അന്വേഷിക്കുന്നു. അവന്‍ തന്‍റെ യഥാര്‍ത്ഥ പ്രകൃതിയെത്തേടുന്നു. ഈ അന്തര്‍മുഖാന്വേഷണമാണ് യഥാര്‍ത്ഥമാര്‍ഗ്ഗം. തന്‍റെ യഥാര്‍ത്ഥ സുഖം നിത്യസൗഖ്യമായതിനാല്‍ എപ്പോഴെങ്കിലും അതിനെ പ്രാപിക്കുന്നതുവരെ അന്വേഷണം തുടരുന്നു. ഈ സഞ്ചാരത്തില്‍ തനിക്ക് ഏതോ ഒരു പരിശക്തിയുടെ പിന്തുണയുണ്ടെന്നു ക്രമേണ ബുദ്ധിയ്ക്കെത്ത് പെടുകയും ചെയ്യുന്നു. അന്വേഷണം നിലയ്ക്കുമ്പോള്‍ എക്കാലത്തും ഉള്ള ആ പരമപദം അവശേഷിക്കുന്നു. അതാണ് ലക്ഷ്യം.

ഇക്കാലംവരെ ദേഹേന്ദ്രിയാദികള്‍ക്കു ബുദ്ധിപോലും ഏതൊന്നിനെ അവലംബിച്ചു നിന്ന് എന്നറിയുകയാണ് സാക്ഷാല്‍ക്കാരത്തിന്‍റെ ഉദ്ദേശ്യം. അതിനാല്‍ സാക്ഷാല്‍ക്കാരിത്തിനു മുമ്പ് ബുദ്ധിയും ഒഴിഞ്ഞുമാറേണ്ടിയിരിക്കുന്നു. യമുനലാല്‍ ഉദ്ധരിച്ച ഒരു ശ്ലോകത്തിന്‍റെ താല്‍പര്യം ഇതാണ്. ‘ഞാന്‍ ഒരു സാമ്രാജ്യം പോലും ആശിക്കുന്നില്ല. നിന്‍റെ പാദങ്ങളെ വണങ്ങണമെന്നേ എന്നും ഉളളൂ. എന്‍റെ പരംമാനന്ദം അവിടെയാണ്.

മഹര്‍ഷി: അതെ. അവിടെ കാമം ജനിക്കുന്നു. ഒരു കര്‍ത്താവും കര്‍മ്മവുമുള്ളതിനാല്‍ ദ്വൈതമേര്‍പ്പെടുന്നു. നിരാശയുള്ളിടത്തേ മോക്ഷമുള്ളൂ. ഉറക്കത്തില്‍ ദ്വൈതമില്ല, ആശയുമില്ല. ഉണരുമ്പോള്‍ ദ്വൈതവും തല്‍ഫലമായി ആശയും ഉളവാകുന്നു. പരമാനന്ദം ആത്മ്മവിനന്യമല്ലെന്നറിയുമ്പോള്‍ മനസ്സു അന്തര്‍മുഖമായുത്തീരുന്നു. ആത്മാവിനെ പ്രാപിക്കുമ്പോള്‍ ആഗ്രഹം നിലയ്ക്കുന്നു, ബൃഹദരണ്യകോപനിഷത്തിലെ ആപ്തകാമവും ഇതാണ്. ഇതാണ് മോക്ഷം. യമുനലാല്‍ സദ്‌ബുദ്ധിയെപ്പറ്റി വീണ്ടും ചോദിച്ചു.
മഹര്‍ഷി: ‘ഞാന്‍’ എന്ന ബോധം മാറണം. ഈ ബോധം ബുദ്ധിയോടു ചേര്‍ന്നിരിക്കുന്നു അതിനാല്‍ (സദ്‌ബുദ്ധിയായാലും ശരി ദുര്‍ബുദ്ധിയായാലും ശരി) ബുദ്ധിയെ വിട്ടൊഴിയണം.

ചോദ്യം: സദാചാരമാര്‍ഗ്ഗത്തിനു അങ്ങ് ഭക്തിയും സത്സംഗവും ഉപദേശിച്ചു. മോക്ഷപ്രാപ്തിക്കു അഹന്ത ഒഴിയണമെന്നും പറഞ്ഞു. ഭക്തിയും സത്സംഗവും ഉണ്ടായാല്‍ താന്‍ ഭക്തനെന്നും സത്സംഗി എന്നും മറ്റും സാധകന് തോന്നുകയേയില്ലേ.
മഹര്‍ഷി: ഉപദേശം ജിജ്ഞാസ്സുവിനാണ്. അഹന്തയറ്റ മുമുഷുവിനതാവശ്യമില്ല. ജിജ്ഞാസുവിനു അഹന്തയറ്റാല്‍ തന്നെ ഭക്തിയും സത്സംഗവും ഉപദേശിച്ചത്.

ചോദ്യം: സ്വരാജ്യം വേണമെന്നാഗ്രഹിക്കുന്നത് ശരിയാണോ?
മഹര്‍ഷി: ആരംഭത്തില്‍ സ്വാര്‍ത്ഥതാല്പര്യം തന്നെയാണ് ഉള്ളത്. പിന്നീടു ആ വ്യക്തിയുടെ ലക്ഷ്യം വികസിച്ചു രാജ്യതാല്പര്യമായി പരിണമിക്കുമ്പോള്‍ അഹന്ത ലോപിച്ചുപോകുന്നു.

ചോദ്യം; തീവ്രമായ ത്യാഗത്തിനുശേഷം സ്വരാജ്യം ലഭിച്ചതില്‍ ഒരാള്‍ സന്തോഷിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ലല്ലോ.
മഹര്‍ഷി: എല്ലാം ഈശ്വരനിശ്ചയം താനൊന്നിനും കര്‍ത്താവല്ലെന്ന ബോധത്തോടുകൂടിയുള്ള സേവനമനുഷ്ഠിച്ചുണ്ടായ വിജയത്തില്‍ ആഹ്ളാദിക്കാതിരിക്കുമ്പോഴേ നിഷ്കാമ കര്‍മ്മമാകുകയുള്ളൂ. മാത്രമല്ല, ഫലത്തെപ്പറ്റി ചിന്തിക്കാനേ പാടില്ല.

ചോദ്യം: മഹത്തായ രാജ്യസേവന കൃത്യങ്ങള്‍ക്ക് പൂര്‍വ്വികാരായ മഹത്തുക്കളുടെ അനുഗ്രഹമുണ്ടോ?
മഹര്‍ഷി: ഉണ്ട്. അത് കൂടാതെയാണോ ഭാരതത്തിനീ പുതിയ ഉണര്‍വ്വുണ്ടായത്? (അല്പം മൗനത്തിനുശേഷം) 1896 – ല്‍ ഞാനിവിടെ വരുന്നതിനുമുമ്പ് ഭാരതത്തിനു വ്യക്തമായ ഒരു രാഷ്ട്രീയബോധമുണ്ടായിരുന്നില്ല. അന്ന് ഒരു M.P.ആയി ദാദാബായി നവറോജി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചോദ്യം:ദീര്‍ഘകാലം ത്യാഗോജ്ജലമായ രാജ്യസേവനം നടത്തിയ ഭാരതത്തിന്‍റെ മഹല്‍ പുത്രനാണ് ഡാക്ടര്‍ രാജേന്ദ്രപ്രസാദ്. അദ്ദേഹത്തെ ഭാരത്തിനാവശ്യമുണ്ട്. പക്ഷേ അദ്ദേഹം അനാരോഗ്യവാനായി കഴിയുന്നത്‌ ഈശ്വരന്റെ ക്രൂരതയെ കാണിക്കുകയല്ലേ?

മഹര്‍ഷി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.