യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 299 [ഭാഗം 5. ഉപശമ പ്രകരണം]

പ്രാണസ്പന്ദാച്ചിത്തഃ സ്പന്ദസ്തത്സ്പന്ദാദേവ സംവിദഃ
ചക്രാവര്‍ത്ത‍വിദ്ധ്യായിന്യോ ജലസ്പന്ദാദിവോര്‍മയഃ (5/78/14)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഒരു തീക്കനല്‍ വട്ടത്തില്‍ച്ചുഴറ്റുമ്പോള്‍ ഉണ്ടാകുന്ന അഗ്നിചക്രം പോലെ പ്രത്യക്ഷലോകമുണ്ടാവുന്നത് ബോധത്തിലെ കമ്പനങ്ങള്‍ മൂലമാണ്. മഞ്ഞും അതിന്റെ ശുഭ്രതയും പോലെ, എള്ളും എണ്ണയും പോലെ, പൂവും സുഗന്ധവും പോലെ, ബോധവും കമ്പനങ്ങളും തമ്മില്‍ വേര്‍പിരിക്കാനരുതാനാവില്ല. അവയെ വ്യത്യസ്ത സത്തകളായി കാണുന്നത് തെറ്റാണ്.
മനസ്സും ചിന്തകളുടെ സഞ്ചാരവും ഒന്നാണ്. അതുകൊണ്ട് ഒന്നവസാനിച്ചാല്‍ മറ്റേതും അവസാനിച്ചു എന്നര്‍ത്ഥം.

രാമാ, ഈ മനസ്സവസാനിപ്പിക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്‍ യോഗമാര്‍ഗ്ഗം. അതായത്‌, ചിന്തകളുടെ സഞ്ചാരത്തെ നിയന്ത്രിക്കുക. സത്യത്തെപ്പറ്റി ശരിയായ അറിവുറപ്പിക്കുക എന്ന ജ്ഞാനമാര്‍ഗ്ഗമാണ് മറ്റേത്. ശരീരത്തിലെ ചൈതന്യം അഥവാ ഊര്‍ജ്ജം പ്രസരിക്കുന്നത് പ്രാണവായുവില്‍ക്കൂടിയാണ്. മനസ്സിലാക്കാന്‍ എളുപ്പത്തിനായി അത് സാധിക്കുന്നത് നാഡീവ്യൂഹം വഴിയാണെന്ന് പറയാം. (പ്രാണന്‍, അപാനന്‍, ഉദാനന്‍, വ്യാനന്‍ എന്നീ പ്രാണനുകളെപ്പറ്റി ശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നു.) ഈ ഊര്‍ജ്ജത്തിന് പൊതുവേ പ്രാണന്‍ എന്ന് പറയും. മനസ്സുമായി വിട്ടുപിരിയാനാവാത്തവണ്ണം പ്രാണന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. വാസ്തവത്തില്‍ ബോധം ചിന്തകളായി ചലിക്കാന്‍ തുടങ്ങുന്നത് തന്നെ പ്രാണന്റെ പ്രഭാവത്താലാണ്. അതാണ്‌ മനസ്സെന്നറിയപ്പെടുന്നത്.

“പ്രാണന്റെ സഞ്ചാരം കൊണ്ടാണ് മനസ്സില്‍ ചിന്തകള്‍ ചലിച്ചു തുടങ്ങുന്നത്. പ്രാണന്റെ ചലനം ബോധത്തില്‍ ചിന്തകളുടെ ചലനത്താലാണുണ്ടാവുന്നത്. അങ്ങിനെ പരസ്പര പൂരകമായ ഒരുചാക്രികബന്ധമാണിവതമ്മിലുള്ളത്. അലകളും വെള്ളത്തിന്റെ ചലനവും തമ്മിലുള്ള ബന്ധത്തിന് സമാനമത്രേ ഇത്.” മനസ്സുണ്ടാവുന്നത് പ്രാണന്റെ ചലനത്താലാണെന്നാണ് ജ്ഞാനികളുടെ അഭിപ്രായം. അതുകൊണ്ട് പ്രാണന്റെ ചലനത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെ നിയന്ത്രിച്ച് പ്രശാന്തമാക്കാം (അങ്ങിനെ മനസ്സില്ലാതാക്കാം) എന്നാണവരുടെ മതം. മനസ്സ്‌ ചിന്തകളുടെ സഞ്ചാരം അവസാനിപ്പിക്കുമ്പോള്‍ ലോകമെന്ന ഭ്രമക്കാഴ്ചയും അവസാനിക്കുന്നു.

പ്രാണന്റെ സഞ്ചാരം നിലയ്ക്കുന്നത് എല്ലാ ആശകളുമൊടുങ്ങി ഹൃദയം വേദശാസ്ത്രാനുസാരിയായ മാര്‍ഗ്ഗത്തിലൂടെയും, ഗുരുക്കന്മാര്‍ അരുളിത്തരുന്ന മാര്‍ഗ്ഗദര്‍ശനങ്ങളിലൂടെയും അനാസക്തമാവുമ്പോഴാണ്. പൂര്‍വ്വജന്മങ്ങളില്‍ നിന്നുമാര്‍ജ്ജിച്ചതോ ഈ ജന്മത്തില്‍ത്തന്നെ സാധനകൊണ്ട് നേടിയതോ ആകാമിത്. ധ്യാനസപര്യകൊണ്ടോ മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തുന്ന ഭക്തികൊണ്ടോ പ്രാണനെ നിയന്ത്രിക്കാന്‍ കഴിയും. പ്രാണായാമപരിശീലനങ്ങള്‍ (ശ്വാസോഛ്വാസ നിയന്ത്രണം) കൊണ്ടും ഇത് ക്ഷിപ്രസാധ്യമാണ്. ഓംകാരനാദം ആവര്‍ത്തിച്ചുരുവിട്ട്, ഓംകാരത്തെ അതിന്റെ അര്‍ത്ഥമറിഞ്ഞുപാസിക്കുന്നതിലൂടെയും ബോധതലം ദീര്‍ഘസുഷുപ്തിയെ പ്രാപിക്കുന്നതിലൂടെയും പ്രാണനെ ഉപരോധിക്കുവാനാകും.

പ്രാണവായുവിന്റെ രേചകം (വായുവിനെ ഉയര്‍ത്തി മൂക്കുവഴി അല്‍പ്പം പോലും ബാക്കിയില്ലാതെ ശരീരത്തിന് പുറത്തേയ്ക്ക് വിട്ട് അതിനു പിന്നെ ദേഹവുമായി തീരെ ബന്ധമില്ലാത്ത അവസ്ഥ സംജാതമാക്കുക. അങ്ങിനെ കുറച്ചു നേരം വായുവിനെ അകത്തേയ്ക്ക് കടത്താതെ പിടിച്ചു നില്‍ക്കുക), പൂരകം (പ്രാണവായുവിനെ മൂക്കിലൂടെ ക്രമമായും സാവധാനമായും വേണ്ടത്ര സമയമെടുത്ത് അകത്തേക്ക്‌ വലിച്ചെടുക്കല്‍ ), കുംഭകം (അകത്തേക്കെടുത്ത വായുവിനെ കുറച്ചധികനേരം ഉള്ളില്‍ പിടിച്ചുനിര്‍ത്തി ചലനരഹിതമായിരിക്കുന്ന അവസ്ഥ. വായുവിനെ ഒട്ടും പുറത്തേയ്ക്ക് പോവാന്‍ അനുവദിക്കരുത്‌, ശരീരം നിശ്ചലമായിരിക്കുകയും വേണം), എന്നീ ഘട്ടങ്ങളിലൂടെ പ്രാണനിയന്ത്രണാഭ്യാസം ചെയ്യാം.

അതുപോലെ പ്രാണന്‍ ശിരോമദ്ധ്യത്തിലേയ്ക്ക് ഉയരുന്നസമയത്ത്‌ നാസാദ്വാരത്തിന്റെ പുറകുവശത്ത് അണ്ണാക്ക് നാവിന്‍ തുമ്പുകൊണ്ട് അടച്ചുപിടിച്ചും* ധ്യാനസപര്യകൊണ്ട് ചിന്തകളുടെ സഞ്ചാരം അവസാനിപ്പിച്ചും, ബോധത്തെ മൂക്കിന്‍ തുമ്പില്‍നിന്നും ഒരടി അകലത്തുറപ്പിച്ചൊരു ബിന്ദുവില്‍ കേന്ദ്രീകരിപ്പിച്ചു നിര്‍ത്തിയും പ്രാണനിയന്ത്രണം സാധിക്കാം. പ്രാണനെ നെറ്റിത്തടത്തിലേയ്ക്ക് കടത്തിവിട്ടും പുരികമദ്ധ്യത്തിലതിനെ ഉറപ്പിച്ചു നിര്‍ത്തിയും പ്രാണനെ നിരോധിക്കാം. ഹൃദയമദ്ധ്യത്തില്‍ ശ്രദ്ധയൂന്നി ഏറെനേരം ധ്യാനനിരതമായിരുന്ന് ചിന്തകളുടെ സഞ്ചാരമവസാനിപ്പിച്ചും മനോപാധികള്‍ ഉപേക്ഷിച്ചും പ്രാണനെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

(*ബ്രഹ്മരന്ധ്രത്തെ നാവിന്‍ തുമ്പുകൊണ്ട് അടച്ചു പിടിച്ച് പ്രാണനെ നിരോധിക്കുന്നതിനായി നാവ്‌ ഒരടിയോളം വലിച്ചുനീട്ടി പുറകോട്ടു വളക്കണം. ഈ വിദ്യ അതീവ ശ്രമകരവും ചിലപ്പോള്‍ അപകടകരവുമാണ്. അതിനാല്‍ വേണ്ടത്ര പരിശീലനം ഉള്ളവര്‍ മാത്രമേ ഇതിനായി ശ്രമിക്കാവൂ. യോഗശാസ്ത്രത്തില്‍ ഇതിനെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്)