ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകംഎന്ന വേദാന്തപ്രകരണ ഗ്രന്ഥത്തിന് ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്.

നിരന്തരമായ ബ്രഹ്മാനുധ്യാനം കൊണ്ട് ചിത്ത ശുദ്ധി നേടണം. ശരീരത്തെ പ്രാരബ്ധകര്‍മ്മാനുഭവങ്ങള്‍ക്കായി വിട്ടുകൊടുക്കുകയും വേണം. സത്യാനുഭൂതിക്കു കൊതിക്കുന്ന ജീവിതം പൂര്‍ണ്ണസാക്ഷാത്കാരംവരെ തുടര്‍ന്നു പോകേണ്ട ദിനചര്യയാണ് ആചാര്യപാദര്‍ ഇങ്ങനെ മൂന്ന‍ാം ശ്ലോകത്തില്‍ വിശദമാക്കിയത്. ഇവിടെ ഒരു സംശയം വര‍ാം. നിരന്തരമായി ബ്രഹ്മാനുധ്യാനം ചെയ്യണമെന്നു പറഞ്ഞുവല്ലോ. പക്ഷെ പ്രത്യക്ഷവിഷയമല്ലാത്ത ഒരു വസ്തുവിനേയും അനുസന്ധാനം ചെയ്യാന്‍ സാധിക്കും എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ അനുസന്ധാനം എങ്ങനെയുള്ളതായിരിക്കും? നിര്‍ഗുണവും നിശ്ചലവുമായ വേദാന്തസത്യത്തെ തിരയാന്‍ ആഗ്രഹിക്കുന്നവരുടെയുള്ളില്‍ സ്വഭാവികമായി പൊന്തിവരാവുന്ന ഈ സന്ദേഹങ്ങള്‍ക്കു വ്യക്തമായ മറുപടിയാണ് മനീഷാപഞ്ചകത്തിലെ നാല‍ാം ശ്ലോകം.

യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃ സ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഭാന്തി സ്വതോ ചേതനാഃ
ത‍ാം ഭാസ്യൈഃപിഹിതാര്‍ക്കമണ്ഡലനിഭ‍ാം സ്ഫൂര്‍ത്തിം സദാ ഭാവയന്‍
യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ.

യാ = ഏതൊരു ബോധമാണോ ;തിര്യങ്നരദേവതാഭിഃ = പക്ഷിമൃഗാദിജന്തുക്കളാലും മനുഷ്യരാലും ദേവന്മാരാലും; അഹം ഇതി = ഞാന്‍ ഞാന്‍ എന്നിപ്രകാരം; അന്തഃ സ്ഫുടാ ഹൃഗ്യതേ = ഉള്ളില്‍ സ്പഷ്ടമായി ഗ്രഹിക്കപ്പെടുന്നത്; സ്വതഃഅചേതനാഃ സ്വതേ = അചേതനങ്ങളായ; ഹൃദയാക്ഷദേഹവിഷയ: = മനസ്സ്, ഇന്ദ്രിയങ്ങള്‍, ശരീരം, വിഷയങ്ങള്‍ എന്നിവ; യദ്ഭാസാ = യാതൊന്നിന്റെ വെളിച്ചം കൊണ്ടു മാത്രം ;ഭാന്തി = പ്രകാശിക്കുന്നുവോ, ഭാസ്യൈ = ദൃശ്യപദാര്‍ത്ഥങ്ങളെക്കൊണ്ട്; പിഹിതര്‍മണ്ഡലംനിഭ‍ാം = മറയ്ക്കപ്പെട്ട സൂര്യന് തുല്യമായി; ത‍ാം സ്ഫൂര്‍ത്തിം ഭാവയന്‍ = ആ പ്രകാശസ്ഫുരണത്തെ ഭാവനചെയ്ത്; സദായോഗീ = സദാ അതിനെ അനുഭവിച്ച്; നിര്‍വൃതമാ നസസഃ = പൂര്‍ണ്ണ സംതൃപ്തനായി കഴിയുന്നയാള്‍; ഗുരുഃ = ഗുരവാണ്; ഇതി ഏഷാ മമ മനീഷാ = ഇക്കാര്യം എന്റെ സംശയരഹിതമായ തിരുമാനമാണ്.

ഏതൊരു ബോധമാണോ പക്ഷിമൃഗാദിജന്തുക്കളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാന്‍ ഞാന്‍’ എന്നിങ്ങനെ സ്പഷ്ടമായി ഉള്ളില്‍ ഗ്രഹിക്കപ്പെടുന്നത്, സ്വതേ അചേതനങ്ങളായ മനസ്സ് ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവ യാതൊന്നിന്റെ പ്രകാശം കൊണ്ടു മാത്രമാണോ ഉള്ളതായി അനുഭവപ്പെടുന്നത്, സൂര്യന്‍ മേഘപടലംകൊണ്ടു മറയ്ക്കപ്പെടുന്നതുപോലെ ആ ബോധം ദൃശ്യപദാര്‍ത്ഥങ്ങളാല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നു ഭാവചെയ്ത് മനസ്സ്, ആ സത്യത്തില്‍ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാണ്. ഇക്കാര്യം എന്റെ ഉറച്ച നിശ്ചയമത്രേ.

പക്ഷിമൃഗാദികളും നരദേവാദികളും ‘ഞാന്‍ ഞാന്‍’ എന്നിങ്ങനെ ഉള്ളില്‍ വ്യക്തിമായി അനുഭവരൂപേണ ഗ്രഹിക്കുന്നത് ആത്മസ്വരൂപം തന്നെയാണ്. സ്വതേ ജഡരൂപങ്ങളായ മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹങ്ങള്‍, ബാഹ്യവസ്തുക്കള്‍ ഇവയെല്ല‍ാം ഈ ബോധസത്തയുടെ അറിവിനെ ആശ്രയിക്കുന്നതുകൊണ്ടുമാത്രമാണ് ഉളളവയായി അറിയപ്പെടുന്നത്. ഇങ്ങനെ അറിയപ്പെടുന്ന നിരവധി ജഡദൃശ്യങ്ങള്‍ ആ ഉജ്ജ്വലജ്യോതിസ്സ്വരൂപത്തെ സൂര്യനെ മേഘപടലമെന്നപോലെ മറച്ചിരിക്കുന്നു. അപ്പോള്‍ മേഘപടലം മാറിയാല്‍ സൂര്യബിംബം എങ്ങനെ പ്രകാശിക്കുമോ അതുപോലെ ജഡദൃശ്യങ്ങളകന്നാല്‍ ഉള്ളിലുള്ള ആത്മസത്തയും തെളിഞ്ഞുവിളങ്ങുമെന്ന് നിരന്തരം ഭാവചെയ്ത് അനുഭവിച്ചറിയേണ്ടതാണ്. ഭാവന ഉറയ്ക്കുകയും ആത്മസ്ഫുരണം തെളിയുകയും ചെയ്യുന്നതോടുകൂടി യോഗി ആനന്ദവും ശാന്തിയും നുകര്‍ന്ന് നിര്വൃത മാനസനായി ത്തീരുന്നു. ആ നിര്‍വൃതി നേടിയയാള്‍ ഏത് കുലത്തില്‍ ജനിച്ചയാളായാലും ഗുരുതന്നെയാണ്.

ബ്രഹ്മസ്വരൂപത്തെക്കുറിച്ച് ഒരു പിടിയുമില്ലല്ലോ. പിന്നെയെങ്ങനെയാണ് ആ സത്യത്തെ അനുസന്ധാനം ചെയ്യുക? ഈ സന്ദേഹത്തിന് സമാധാനമാണ് ആദ്യത്തെ വരി. ബ്രഹ്മസത്യം തീര്‍ത്തും അനുഭവവിഷയമാകുന്നില്ലെന്നു കരുതുന്നത് ശരിയല്ല. എല്ലാ ജീവജാലങ്ങളുടെയും ഉള്ളില്‍ ‘ഞാന്‍ ഞാന്‍’ എന്ന ബോധം ഉളവാക്കിക്കൊണ്ട് അനുഭവവിഷയമാകുന്ന വസ്തുവെന്താണ്? എവിടെ ആരിലായാലും പ്രപഞ്ചാനുഭവങ്ങളുടെ കേന്ദ്രം ‘ഞാന്‍’ എന്ന ബോധമാണ്. ഈ ‘ഞാനി’ന്റെ സത്തയെ നിഷേധിക്കാന്‍ ഒരു നിരീശ്വരവാദിക്കും സാദ്ധ്യമല്ല. വേദാന്തം ആവശ്യപ്പെടുന്നത് അനുഭവത്തിന്റെ മുഴുവന്‍ കേന്ദ്രമായ ഈ ‘ഞാനി’നെ അന്വേഷിച്ചു കണ്ടുപിടിക്കുവാനാണ്. ബുദ്ധിയുള്ള നിരീശ്വരവാദിക്കുപോലും വേദാന്തത്തിലെ സത്യാന്വേഷണമാര്‍ഗ്ഗത്തെ നിരസിക്കാന്‍ കഴിയാതിരിക്കുന്നത് ഇക്കാരണത്താലാണ്. ‘ഞാന്‍’ അറിയപ്പെടുന്നുണ്ടല്ലോ, ഇനിയെന്തന്വേഷിക്കാനാണ് എന്ന് ചിലര്‍ക്ക് സംശയം വര‍ാം. ഇപ്പോള്‍ അനുഭവവിഷയമായികൊണ്ടിരിക്കുന്ന ‘ഞാന്‍’ ഉദിച്ചസ്തമിക്കുന്ന ഒട്ടേറെ ജഡദൃശ്യങ്ങളുമായി ഇടകലര്‍ന്നാണറിയപ്പെടുന്നത്; ചപ്പും ചവറും നിറഞ്ഞ കുഴിയില്‍ അവയ്ക്കുള്ളില്‍ കിടക്കുന്ന ഒരു രത്നമെന്നപോലെ. അനേകം മലിനപദാര്‍ത്ഥങ്ങളുടെ ഉള്ളില്‍ക്കൂടി ആ രത്നത്തിന്റെ ഒരു ചെറുകിരണം പുറത്തേയ്ക്ക് കാണപ്പെടുന്നുണ്ടെന്നുള്ളത് വാസ്തവം തന്നെ. രത്നത്തിന്റെ പ്രഭതട്ടി ചപ്പും ചവറും പോലും പ്രകാശിക്കുന്നവയായി കാണപ്പെടുന്നുവെന്നുള്ളതും സത്യംതന്നെ. പക്ഷെ ചപ്പും ചവറും കൂടിക്കിടക്കുന്നിടത്തോളം രത്നത്തിന്റെ പൂര്‍ണ്ണരൂപമെന്താണെന്നറിയാനേ സാധിക്കുകയില്ല. ആനന്ദരൂപമായ ആ ത്മരത്നത്തെ മറച്ചിരിക്കുന്ന ചപ്പും ചവറും എന്തൊക്കെയാണെന്നാണ് ശ്ലോകത്തിന്റെ രണ്ട‍ാം വരിയില്‍ ആചാര്യപാദര്‍ പ്രതിപാദിക്കുന്നത്. മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹം, ബാഹ്യദൃശ്യങ്ങള്‍ ഇവയാണ് അത്മസ്വരൂപതത്തെ പൂര്‍ണ്ണമായി പ്രകടമാവാന്‍ അനുവദിക്കാതെ മറച്ചിരിക്കുന്നവ. ആത്മാവ് മുമ്പും, ഇന്നും, ഇനിമേലും രത്നമെന്നപോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന നിത്യവസ്തുവാണ്. കുഴിയില്‍ കിടക്കുന്ന രത്നത്തിന് പ്രകാശമോ ശുദ്ധിയോ പുതുതായി ഉണ്ടാക്കിക്കൊടുക്കേണ്ടകാര്യമില്ല. ചപ്പും ചവറും ഒന്നകറ്റിയാല്‍ മതി അതു സ്വയം പ്രകാശിച്ചു വിരാജിച്ചുകൊള്ളും. എത്രകണ്ട് ചപ്പും ചവറും അകലുമോ അത്രകണ്ട് അതിന്റെ പ്രകാശം കുടികൂടി അനുഭവപ്പെട്ടുകൊണ്ടുമിരിക്കും. മായാനിര്‍മ്മിതങ്ങളായ ദൃശ്യങ്ങളില്‍പ്പെട്ടപോലെ കാണപ്പെടുന്ന ആത്മാവിന്റെയും കഥയിതുതന്നെ. ചപ്പിനും ചവറിനും സ്വതേ പ്രകാശമില്ലെന്നും അവയില്‍ തല്ക്കാലം കാണപ്പെടുന്ന പ്രകാശം എങ്ങോ ഒളിഞ്ഞുകിടന്നുകൊണ്ട് വെളിയിലേയ്ക്കു പ്രകാശം പരത്തുന്ന രത്നത്തിന്റേതാണെന്നും ധരിക്കാന്‍ കഴിയുന്നയാള്‍ ഒരു നിമിഷംപോലും കാത്തുനില്‍ക്കാതെ രത്നത്തെ കണ്ടെത്താന്‍ ശ്രമിക്കുമെന്നുള്ളതു തീര്‍ച്ചയല്ലേ? ആത്മാര്‍ത്ഥതയോ ലേശമെങ്കിലും ചിന്താശക്തിയോഉള്ള എതു ജിജ്ഞാസുവിനാണ് നിരന്തരം മാറിമറയുന്ന വികാരവിചാരങ്ങളാല്‍ മറയ്ക്കപ്പെട്ട്, എന്നിട്ടും അവയ്ക്കിടയില്‍ക്കൂടി മാറാതെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ‘അഹം’ ബോധസ്വരൂപമായ സത്യവസ്തുവിനെ കാണാന്‍ കഴിയാത്ത്? സ്വതേ അചേതനങ്ങളായ ‘ഹൃദയാക്ഷദേഹവിഷയങ്ങള്‍’ അവിടവിടെ ബ്രഹ്മസ്വരൂപത്തെ മറച്ചുകളഞ്ഞപ്പോള്‍ അവയിലോരോന്നിലുംകൂടി പുറത്തേക്കു പ്രകാശിക്കുന്ന ആ അഖണ്ഡസത്യത്തിന്റെ കിരണങ്ങള്‍തന്നെയാണ് എല്ലാ ജീവികളിലും കുടികൊള്ളുന്ന ‘അഹം’ ബോധം. കഠോപനിഷത്തിന്റെ പ്രഖ്യാപനം നോക്കുക:

അഗ്നിര്യഥൈകോ ഭുവനം പ്രവിഷ്ടോ
രൂപം രൂപം പ്രതിരൂപോ ബഭൂവ
ഏകസ്തഥാ സര്‍വഭൂതാന്തരാത്മാ
രൂപം രൂപം, പ്രതിരൂപോ ബഹിശ്ച (കഠം 5.9)

അഗ്നി ഭുവനത്തില്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നു. വെള്ളത്തില്‍പോലും ആഗ്നി ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും ഇന്നും സംശയമില്ല. അഗ്നി ഒന്നേ ഉള്ളുതാനും. എങ്കിലും അവിടവിടെ അതു പ്രകടമാവുമ്പോള്‍ ഉപാധിഭേദമനുസരിച്ച് ന‍ാം പലതായി കാണുന്നു. ഓരോന്നിലും ഓരോ രൂപത്തില്‍. അതുപോലെ എല്ലാ ജീവജാലങ്ങളുടേയും അന്തരാത്മാവായി കാണപ്പെടുന്നത് ഒരേ ബ്രഹ്മസത്തതന്നെയാണ്. അതു ദൃശ്യങ്ങളാല്‍ മറയ്ക്കപ്പെട്ട് സര്‍വ്വത്ര ഒളിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ‘ഹൃദയാക്ഷദേഹവിഷയ’ങ്ങളില്‍ക്കൂടി പ്രകടമാവുമ്പോള്‍ ഉപാധിഭേദമനുസരിച്ച് ‘തിര്യങ്നരദേവദി’ വിവിധ രൂപങ്ങളില്‍ കാണപ്പെടുന്നുവെന്നേയുള്ളു.

ഇത്രയും കാര്യങ്ങള്‍ മനനം ചെയ്തറിയാന്‍ കഴിയുമെങ്കില്‍ ‘ഞാന്‍, ഞാന്‍’ എന്ന രൂപത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന സത്യവസ്തുവിന്റെ പൂര്‍ണ്ണരൂപം കണ്ടെത്തുവാനുള്ള മാര്‍ഗ്ഗം വിശേഷിച്ചുവിവരിക്കേണ്ടതില്ല. സത്യത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെട്ടുകഴിഞ്ഞാല്‍ അതിനെ മറച്ചിരുന്ന ദൃശ്യങ്ങളുടെ സ്ഥിതിയെന്താകുമെന്നും പറയേണ്ടതില്ല. ഒരു യോഗി നിത്യാനിത്യവിചാരം ചെയ്തും, മനനധ്യാനങ്ങള്‍ പരിശീലിച്ചും ആത്മസത്തയില്‍ നിന്നും ദൃശ്യരൂപങ്ങളെ അകറ്റാന്‍ ശ്രമിക്കുന്നു. ആത്മാവിനെ മൂടിയിരിക്കുന്ന ദൃശ്യരൂപങ്ങളെ അകറ്റുകയാണ് ആത്മസ്വരൂപം കൂടുതല്‍ കൂടുതല്‍ തെളിയാനുള്ള മാര്‍ഗ്ഗം. ആത്മാവില്‍ നിന്നും അകറ്റപ്പെട്ടാല്‍ ദൃശ്യങ്ങള്‍ സ്വയം അചേതനങ്ങളായതു കൊണ്ട് നിലനില്പുപോലുമില്ലാതെ എങ്ങോ പോയി മറയുകയും ചെയ്യും. മനോനിയന്ത്രണം നേടുന്ന ഒരു സാധകന് ഈ ജീവിതരഹസ്യം അറിയാന്‍ ഒരു പ്രയാസവുമില്ല. ഭാവിയില്‍ ഒരു വലിയ ധനികനാകണമെന്നും അനേകം കൊട്ടാരങ്ങള്‍ പണിയണമെന്നും വിചാരിച്ചിരുന്നയൊരാള്‍ സത്സംസര്‍ഗ്ഗംകൊണ്ട് ക്രമേണ പ്രപഞ്ചവൈരാഗ്യംവന്നു സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുന്നുവെന്നിരിക്കട്ടെ. ധനസങ്കല്പങ്ങളും ഭവനലങ്കല്പങ്ങളും ഇപ്പോള്‍ നിശ്ശേഷം വിട്ടുമാറിയിരിക്കുന്നു. എന്നാല്‍ ഈ സങ്കല്പങ്ങളൊക്കെ എങ്ങോട്ടു പോയിയെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? അല്പദിവസം മുമ്പുവരെ കൂടെക്കൂടെ കോപതാപങ്ങള്‍പ്പെട്ടുഴന്നിരുന്ന ഒരാള്‍ നിരന്തമായ ഈശ്വരധ്യാനം കൊണ്ടും സജ്ജനസംസര്‍ഗ്ഗം കൊണ്ടും അവയില്‍ നിന്നൊക്കെ വിമുക്തി നേടിയെന്നിരിക്കട്ടെ. എന്നാല്‍ ആ കോപതാപങ്ങളെല്ല‍ാം ഇപ്പോള്‍ എങ്ങോട്ടു പോയെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ഒരു സാധകനാല്‍ ഉപേക്ഷിക്കപ്പെടുന്ന സങ്കല്പങ്ങളും വികാരങ്ങളും അവയുടെ സ്വന്തം നിലനില്പുപോലും ഉപേക്ഷിച്ച് എങ്ങെന്നില്ലാതെ മറയുകയാണ് ചെയ്യുന്നത്. നേരെമറിച്ചു സങ്കല്‍പദൃശ്യങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതോടെ സാധകന്റെ ‘അഹം’ ബോധം കൂടുതല്‍ കൂടുതല്‍ ആനന്ദഘനമായും പ്രകാശസ്വരൂപമായും വികസിക്കുന്നതായും അനുഭവപ്പെടുന്നു. സങ്കല്‍പങ്ങളും വികാരങ്ങളും അവയുടെ സ്വന്തം നിലനില്പുപോലും ഉപേക്ഷിച്ച് എങ്ങെന്നില്ലാതെ മറയുകയാണ് ചെയ്യുന്നത്. . സങ്കല്‍പങ്ങളും വികാരങ്ങളുമൊക്കെ ഉപേക്ഷിക്കപ്പെട്ടാലും ബാഹ്യദൃശ്യങ്ങള്‍ കാണപ്പെടുമല്ലോയെന്നു ചിലര്‍ ശങ്കിച്ചേക്ക‍ാം. അതു സാരമില്ല. സങ്കല്‍പങ്ങളും വികാരങ്ങളുമാണ് ആത്മസ്വരൂപമത്തേയും ബാഹ്യദൃശ്യങ്ങളെയും പരസ്പരം ബന്ധിക്കുന്ന ചരടുകള്‍. ബന്ധിക്കുന്ന ചരടുകള്‍ പൊട്ടിക്കഴിഞ്ഞാല്‍ സ്വതന്ത്രമായ ആത്മാനുഭവത്തിന്റെ മുമ്പില്‍ മരൂഭൂമിയില്‍ വെള്ളമെന്നപോലെ പുറമേ കാണുന്ന വസ്തുക്കള്‍ പ്രതിഭാസിച്ചു കൊണ്ടിരുന്നാലും സത്യസ്വരൂപത്തെ മറയ്ക്കാന്‍ അവയ്ക്കു കഴിയുന്നതല്ല. ഇങ്ങനെ ദൃശ്യസങ്കല്പങ്ങളും വികാരങ്ങളും അകന്നാല്‍ മേഘമണ്ഡലമകന്ന് സൂര്യബിംബം തെളിയുന്നതുപോലെ ഒരു സത്യാന്വേഷിക്ക് ആത്മസ്വരൂപം തെളിഞ്ഞുവരുന്നു. നിരവധി ദൃശ്യസങ്കല്പങ്ങളില്‍പ്പെട്ടു മങ്ങിക്കിടന്നിരുന്ന ‘ഞാന്‍’ തന്നെയാണ് ക്രമേണ ജ്യോതിഃസ്വരൂപമായി തെളിയുന്നതെന്നും നിസ്സംശയം വെളിപ്പെടും. ആത്മസ്വരൂപത്തിന്റെ തെളിവ് സ്വതന്ത്രവും അതിരറ്റതുമായ ആനന്ദാനുഭവത്തെ ദിവസേന വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സങ്കല്പദൃശ്യങ്ങളകന്ന് ആത്മസ്വരൂപം തെളിഞ്ഞനുഭവിക്കുന്ന അവസ്ഥതതന്നെയാണ് യോഗാനുഭവം. യോഗാനുഭവം കരഗതമാകുന്ന ഒര സത്യാന്വേഷി ആനന്ദത്തിലും സംതൃപ്തിയിലും മുഴുകി നിര്‍വൃതനായി ഭവിക്കും. ഈ യോഗപ്രക്രിയയും തത്ഫലമായ നിര്‍വൃതിയുമാണ് ശ്ലോകത്തിലെ ഉത്തരാര്‍ദ്ധത്തിലെ പ്രതിപാദ്യം. ഭഗവാന്‍ ഗീതയില്‍ ‘ദുഖസംയോഗവിയോഗം’ എന്നുവിവരിക്കുന്ന യോഗം പ്രപഞ്ചത്തിന്റെയും സത്യത്തിന്റെയും യഥാര്‍ത്ഥസ്ഥിതി കൈയിലെ നെല്ലിക്കപോലെ വേര്‍തിരിച്ചുകാണിക്കുന്ന ആത്മാനുഭവമാണ്. സമാധ്യഭ്യാസ പൂര്‍വ്വകമായ യോഗാനുഭവത്തിന് ദാര്‍ഢ്യം കൂടിവരുന്തോറും ബ്രഹ്മനിഷ്ഠമായ ആനന്ദാനുഭവം വര്‍ദ്ധിച്ചു വരുന്നതാണ്. ഭഗവാന്‍ ഗീതയില‍ പറയുന്നത് നോക്കുക.

യുഞ്ജന്നേവം സദാത്മാനം
യോഗീ വിഗതകല്മഷഃ
കുഖേന ബ്രഹ്മസംസ്പര്‍ശ………..
മത്യന്തം സുഖമശ്നുതേ. (ഭ.ഗീ- 6.28)

സച്ചിദാനന്ദസ്വരൂപമായ ആത്മാവില്‍ ചിത്തമുറപ്പിച്ച് സദാ ആത്മാനുഭൂതിയില്‍ മുഴുകുന്ന യോഗിയുടെ മനസ്സ് കളങ്കങ്ങളെല്ലാമകന്ന് നിര്‍മ്മലമായിത്തീരുന്നു. അപ്പോള്‍ കൂടുതല്‍ കൂടുതല്‍ ബ്രഹ്മബോധം വളര്‍ന്ന് അനന്തമായ സുഖം അനുഭൂതിവിഷയമായിതീരുകയും ചെയ്യുന്നു. ഇക്കാര്യമാണ് ‘യോഗീ നിര്‍വൃതമാനസോ ഹി’ എന്ന് ആചാര്യപാദര്‍ വിവരിച്ചിരിക്കുന്നത്. ഈ ബ്രഹ്മാനുഭൂതി നേടാന്‍ കഴിഞ്ഞയാള്‍ ജനിച്ചതു ചണ്ഡാലകുലത്തിലായാലും ഗുരുതന്നെയാണ്.

ഈ ഗ്രന്ഥം പൂര്‍ണ്ണമായി പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്. ഈ കൃതിയെ അധികരിച്ച് ബ്രഹ്മശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയിട്ടുള്ള പ്രഭാഷണപരമ്പരയുടെ ഓഡിയോ ട്രാക്ക് MP3 ആയി ഈ വെബ്സൈറ്റില്‍ നിന്നും ശ്രവിക്ക‍ാം, ഡൗണ്‍ലോഡ് ചെയ്തു നിങ്ങളുടെ സൗകര്യത്തില്‍ കേള്‍ക്കാവുന്നതുമാണ്. [മനീഷാപഞ്ചകം – MP3, PDF Download]