സ്വാമി വിവേകാനന്ദന്‍

നാം വളരെ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. എന്നാല്‍ അതു നമ്മെ ജ്ഞാനികളാക്കുന്നില്ല. ലോകത്തിലുള്ള മതഗ്രന്ഥങ്ങളെല്ലാം നാം വായിച്ചെന്നു വരാം, എന്നാലും അതു നമ്മെ മതനിഷ്ഠരാക്കുന്നില്ല. തത്ത്വവാദപരമായ മതം എളുപ്പമാണ്. അതാര്‍ക്കുമുണ്ടാവാം. നമുക്കു വേണ്ടതു പ്രയോഗപരമായ മതമാണ്.

പ്രയോഗപരമായ മതത്തെസ്സംബന്ധിച്ചുള്ള ക്രിസ്തീയാദര്‍ശം ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ്-അതായത് ലൌകികപ്രയോജനമുള്ള കാര്യങ്ങള്‍.

ലൌകികമായ പ്രയോജനംകൊണ്ടെന്തു സാധ്യം? പ്രയോജനവാദത്തിന്റെ വീക്ഷണസ്ഥാനത്തുനിന്നു നോക്കിയാല്‍ മതം ഒരു പരാജയമാണ്. ഓരോ ആശുപത്രിയും കൂടുതലാളുകള്‍ അവിടെ വരണേ എന്നുള്ള ഒരു പ്രാര്‍ത്ഥനയാണ്. ദാനത്തിന്റെ അര്‍ത്ഥമെന്ത്? ദാനം മൌലികമായ ആശയമല്ല. യഥാര്‍ത്ഥത്തില്‍ അതു ലോകത്തിലെ കഷ്ടപ്പാടുകള്‍ നീക്കുകയല്ല ചെയ്യുന്നത്, അവയെ നീട്ടിക്കൊണ്ടു പോവാന്‍ സഹായിക്കുകയാണ്. ഒരുവനു പേരും പെരുമയും വേണമെന്നുണ്ട്; അയാള്‍ അവ നേടാനുള്ള തന്റെ ശ്രമങ്ങളെ ദാനധര്‍മ്മങ്ങളും സല്‍പ്രവര്‍ത്തനങ്ങളുമാകുന്ന പുറംചട്ടകൊണ്ടു പൊതിയുന്നു. അയാള്‍ അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന നാട്യത്തില്‍ തനിക്കു വേണ്ടിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്, ദാനധര്‍മ്മങ്ങളെന്ന മിഥ്യാഭിധാനം വഹിക്കുന്ന ഇത്തരം ഒരോ കര്‍മ്മവും, ഏതൊരു തിന്മയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നവകാശപ്പെടുന്നുവോ, അതിനു പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്.

സ്ത്രീപുരുഷന്മാര്‍ ‘ബൌള്‍’ എന്ന സാമൂഹ്യനൃത്യവിനോദത്തിനു പോകുന്നു; വല്ല ആശുപത്രിക്കോ മറ്റു വല്ല ധര്‍മ്മസ്ഥാപനത്തിനോ വേണ്ടി രാത്രി മുഴുവന്‍ നൃത്തം ചെയ്തിട്ട്, വീട്ടില്‍ ചെന്നു കേവലം മൃഗങ്ങളെപ്പോലെ പെരുമാറുന്നു. തല്‍ഫലമായി, ജയിലുകളും ഭ്രാന്താലയങ്ങളും ആശുപത്രികളും നിറയാന്‍ വേണ്ട ‘ചെകുത്താന്‍മാരെ’ ലോകത്തു ജനിപ്പിക്കുന്നു. അങ്ങനെയാണ് അതൊക്കെ നടക്കുന്നത്! എന്നിട്ട്, ആശുപത്രിനിര്‍മ്മാണം മുതലായവയ്ക്ക് സല്‍കര്‍മ്മങ്ങളെന്നു പേരും കൊടുക്കുന്നു. സല്‍കര്‍മ്മങ്ങളുടെ ലക്ഷ്യം ലോകത്തിലെ കഷ്ടപ്പാടുകളെ കുറയ്ക്കുകയോ ഉന്മൂലനം ചെയ്യുകയോ ആകുന്നു. മനസ്സിനെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് സകലകഷ്ടതകളും ഉണ്ടാകുന്നതെന്നാണ് യോഗി പറയുന്നത്. യോഗിയുടെ ആദര്‍ശം പ്രകൃതിയില്‍നിന്നുള്ള മോചനമാണ്. പ്രകൃതിയെ ജയിച്ചടക്കുക എന്നതാണ് കര്‍മ്മത്തിനു യോഗിയുടെ മാനദണ്ഡം. എല്ലാ ശക്തിയും ആത്മാവിലാണെന്നും, ശരീരമനസ്സുകളെ നിയന്ത്രിച്ച് ഈ ആത്മശക്തികൊണ്ടു പ്രകൃതിയെ ജയിക്കാമെന്നും യോഗി പറയുന്നു.

ഒരുവന്ന് കായികമായി ചെയ്യാനുള്ള ജോലിക്കു വേണ്ടതില്‍ കവിഞ്ഞുള്ള ഓരോ ഔണ്‍സ് മാംസപേശിയുടേയും അര്‍ത്ഥം അത്രയ്ക്കും മസ്തിഷ്കത്തില്‍ കുറവാണെന്നാണ്. വേണ്ടതിലധികം കഠിനമായി പണിയെടുക്കരുത്; അതു ഹാനികരമാണ്. കഠിനാദ്ധ്വാനം ചെയ്യാത്തവന്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നു. ഭക്ഷണം കുറയ്ക്കുക, ജോലിയും കുറയ്ക്കുക. മസ്തിഷ്കത്തിനുള്ള ഭക്ഷണം (വിജ്ഞാനം) സ്വരൂപിച്ചുകൂട്ടുക. സ്ത്രീകള്‍ക്കു ഗാര്‍ഹികജോലി മതിയാകും. വിളക്ക് അതിവേഗം എരിയാന്‍ വിടരുത്; അതു പതുക്കെ എരിയട്ടെ. ശരിയായ ഭക്ഷണം എന്നത് അധികം മസാലകളും മറ്റും ചേരാത്ത ലളിതഭക്ഷണമാണ്.