തസ്മാദഹം വിഗതവിക്ലവ്ലവ ഉദരിഷ്യ
ആത്മാന്മ‍ാശു തമസസ്സുഹൃദാഽത്മനൈവ
ഭുയോ യഥാ വ്യസനമേത ദനേകരന്ധ്രം
മാ മേ ഭവിഷ്യദുപസാദിതവിഷ്ണുപാദഃ (3-31-21)

കപിലദേവന്‍ തുടര്‍ന്നുഃ

മനുഷ്യജന്മമെടുക്കാന്‍ വിധിക്കപ്പെട്ട ജീവാത്മാവ്‌ പുരുഷന്റെ ശുക്ലത്തിലൂടെ സ്ത്രീയുടെ യോനിയില്‍ പ്രവേശിക്കുന്നു. ഒരു രാത്രി ഗര്‍ഭപാത്രത്തില്‍ സംയോജിച്ച്‌ അഞ്ചുദിവസങ്ങള്‍കൊണ്ട്‌ അതൊരു ചെറിയ കുമിളയായിത്തീരുന്നു. പത്തുദിവസംകൊണ്ട്‌ ഒരു ഞാവല്‍പ്പഴത്തിന്റെ വലിപ്പവും, ഒരുമാസം കൊണ്ട്‌ തലയും രണ്ടു മാസമാകുമ്പോള്‍ കൈകാലുകളും ഉണ്ടാകുന്നു. മൂന്ന് മാസം കൊണ്ട്, മറ്റവയവങ്ങളും നാലു മാസത്തില്‍ മാംസരക്താദി വസ്തുക്കളും ഉണ്ടാവുന്നു. ആറാം മാസത്തില്‍ , ഗര്‍ഭശിശു അനങ്ങിത്തുടങ്ങുന്നു. അമ്മയുടെ ആഹാരത്തില്‍ നിന്നുമൊരംശം സ്വീകരിച്ചു കൊണ്ട്‌ ഏഴാം മാസമാവുമ്പോള്‍ ശിശുവിന്‌ ബോധമുണ്ടാകുന്നു. ഭഗവല്‍കൃപയാല്‍ അത്‌ മുന്‍ജന്മങ്ങളെപ്പറ്റി ഓര്‍ക്കുകയും ഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

എന്റെ കര്‍മ്മപ്രാരബ്ധങ്ങളനുസരിച്ച്‌ എന്നെ ഇവിടെയാക്കിയിരിക്കുമ്പോഴും ഞാന്‍ ഭഗവാനില്‍ അഭയം തേടുന്നു. എല്ലാവിധ വിസ്മയങ്ങള്‍ക്കുമതീതനും എന്റെ ഹൃദയകമലനിവാസിയുമായ ഭഗവാനെ ഞാന്‍ വണങ്ങുന്നു. ആ ബോധതലത്തില്‍ ഞാന്‍ ജനനമരണങ്ങള്‍ക്കും ശരീരബുദ്ധിക്കും അതീതനാണെന്ന്
മനസിലാക്കുന്നു. ഈ ശരീരവസ്ത്രത്താല്‍ എന്നെ പൊതിഞ്ഞിരിക്കുന്നുതായി തോന്നുന്നത്‌ അജ്ഞത മൂലമാണെന്നും ഞാനറിയുന്നു. അവിടുത്തെ കൃപാകടാക്ഷത്താല്‍ മാത്രമാണ്‌ എനിക്ക്‌ പൂര്‍വ്വജന്മബോധവും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുളള അറിവും ഉണ്ടായത്‌. അവിടുത്തെ മഹിമകളെ വാഴ്ത്താന്‍ എനിക്കു സാധിക്കുന്നുതുപോലും ആ കൃപയാലത്രെ. ഗര്‍ഭത്തിലെ വാസം ബുദ്ധിമുട്ടു നിറഞ്ഞതാണെങ്കിലും പുറത്ത്‌ ലോകജീവിതത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. പുറത്തുവരുമ്പോഴേ, മായയാല്‍ പൊതിഞ്ഞ് ആത്മഭാവം മറന്ന്, അഹങ്കാരബോധത്താല്‍ നയിക്കപ്പെടുമല്ലോ എന്നാണെന്റെ പേടി. അതുകൊണ്ട്, ഞാന്‍ എന്റെ ഹൃദയത്തില്‍ ഭഗവാന്‍ വിഷ്ണുവിന്റെ പാദാരവിന്ദങ്ങള്‍ പ്രതിഷ്ഠിക്കുകയാണ്‌. മനസിന്റെ ചാഞ്ചല്യങ്ങള്‍ ഒഴിഞ്ഞ് അജ്ഞത നീക്കി ജനനമരണഹേതുവായ ഈ സംസാരചക്രത്തില്‍ നിന്നും മോചനം നേടാന്‍ എന്നെ അനുഗ്രഹിച്ചാലും.

സമയമാവുമ്പോള്‍ കുട്ടി പിറക്കുന്നു. ജനനസമയത്തെ വേദനമൂലം പൂര്‍വ്വസ്മൃതികളോ ഭഗവല്‍ സ്മരണയോ കുട്ടിക്കില്ലാതെ പോവുന്നു. വലിയൊരു പുഴുവിന്റെ അവസ്ഥയില്‍ വൃത്തികേടുകളുടെ മദ്ധ്യത്തില്‍ കിടന്ന് കുട്ടി കരയുന്നു. കുട്ടി വളരുന്നു. തന്നോട്‌ സംസാരിക്കാനോ സംവദിക്കാനോ കഴിവില്ലാത്ത ആളുകള്‍ കൊടുക്കുന്ന ഭക്ഷണം കഴിച്ച്‌ അവന്‍ വളരുന്നു. കൃമികീടങ്ങളുടെ ആക്രമണം സഹിച്ച്‌ നിര്‍ത്താതെ കരയുന്നു. യൗവനത്തിലേക്ക്‌ വളരുമ്പോള്‍ അവന്‍ പലേവിധ ആകര്‍ഷണങ്ങള്‍ക്കും അടിമപ്പെടുന്നു. ഭഗവാന്റെ മായാരൂപമായ സ്ത്രീയാല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. (സ്ത്രീയോ പുരുഷനോ ആകട്ടെ ആത്മസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നുയാള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായുളള സംസര്‍ഗ്ഗം വര്‍ജ്ജിക്കണം. അങ്ങിനെ നരകത്തിന്റെ വാതില്‍പ്പടി കാണാതെ കഴിക്കാം).

അങ്ങിനെ ജീവാത്മാവ്‌ സ്വകര്‍മ്മങ്ങളുടെ ഫലമനുഭവിച്ചുകൊണ്ട്‌ ജനനമരണചക്രങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സൂക്ഷ്മശരീരം (ജീവാത്മാവ്‌), ഭൗതികശരീരവുമായി ചേരുമ്പോള്‍ ജനനമായി. എന്നാല്‍ അവ ഒന്നായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മരണവുമായി. ബുദ്ധിമാനായ ഒരുവന്‍ മരണത്തെ ഭയപ്പെടുന്നില്ല. ജീവനെ ശരീരത്തോടുബന്ധിച്ചുനിര്‍ത്താന്‍ വ്യാകുലനാകുന്നുമില്ല. അവന്‍ ഇഹലോകത്തില്‍ ആസക്തിയില്ലാതെ സ്വശരീരം ലോകത്തിന്റെ തന്നെ ഭാഗമായി കണക്കാക്കി മുന്നോട്ടു പോവുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF