ജിതം തേ ദേവദേവേശ, പ്രപന്നാര്‍ത്തിഹരാച്യുത
വരേണൈതാവതാലം നോ യദ്ഭവാന്‍ സമദൃശ്യത (12-9-4)
അഥാപ്യംബുജപത്രാക്ഷ, പുണ്യശ്ലോകശിഖാമണേ,
ദ്രക്ഷ്യേ മായാം യയാ ലോകഃ സപാലോ വേദ സദ്‌ഭിദാം (12-9-6)

മഹിമയേറിയ ഭഗവാന്‍ ഇങ്ങനെ പറഞ്ഞു:
‘അങ്ങയുടെ ജീവിതം മുഴുവന്‍ നീണ്ടുനിന്ന സാധനയിലും തപസ്സിലും പരമഭക്തിയിലും ഞാന്‍ അതിപ്രീതനായിരിക്കുന്നു. ഇഷ്ടവരം എന്തു വേണമെങ്കിലും ചോദിച്ചുകൊളളുക.’

മാര്‍ക്കണ്ഡേയന്‍ പറഞ്ഞു:
ഭഗവാനേ, അവിടുത്തെ കൃപകൊണ്ട്‌ ആ മുഖതാവ്‌ ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചശേഷം ഞാന്‍ എന്തു വരമാണ്‌ ചോദിക്കുക? എന്നാല്‍ എനിക്ക്‌ അനുഗ്രഹമേകണമെന്ന് അവിടുത്തേക്ക്‌ നിര്‍ബന്ധമാണെങ്കില്‍ മായാശക്തി എന്തെന്നു കാട്ടിത്തന്നാല്‍ കൊളളാം.

സൂതന്‍ പറഞ്ഞു:
‘തഥാസ്തു’ എന്നു പറഞ്ഞ് ഭഗവാന്‍ അപ്രത്യക്ഷനായി. മഹര്‍ഷി തന്റെ പതിവുസാധനകള്‍ തുടര്‍ന്നു. ഭഗവാന്റെ മായയുടെ അര്‍ത്ഥം എന്താണെന്ന് നിരന്തരം ധ്യാനിച്ചു. അദ്ദേഹത്തില്‍ പരമഭക്തി വളര്‍ന്ന് ചില സമയം ഭഗവാന്റെ പാദപങ്കജം പൂജിക്കാന്‍പോലും അദ്ദേഹം മറന്നു. ഒരു ദിവസം പുഷ്പഭദ്രാനദീതടത്തില്‍ പൂജചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിഭീകരമായൊരു കൊടുങ്കാറ്റ്‌ ഭൂമിയെ മുഴുവന്‍ കുലുക്കി. അതേത്തുടര്‍ന്നു്‌ പേമാരിയും പെയ്തു. എല്ലായിടവും ജലത്തിനടിയിലായി. സമുദ്രം ഭൂമിയെ മിക്കവാറും ജലത്തിലാഴ്ത്തിയോ എന്ന മട്ടിലായിരുന്നു വെളളപ്പൊക്കം.

മാര്‍ക്കണ്ഡേയമഹര്‍ഷി ആശങ്കാകുലനായി. ആകാശം മുട്ടെയുളള തിരമാലകള്‍ ചുറ്റുപാടും കാണപ്പെട്ടു. ജീവജാലങ്ങളെല്ലാം അപ്രത്യക്ഷമായി. അതീവകലുഷമായ സമുദ്രജലത്തില്‍ ജീവനുളളതായി താന്‍ മാത്രമേയുളളൂ. സമ്പൂര്‍ണ്ണതമസ്സായതിനാല്‍ ഏതു ദിശയിലേക്കാണു താന്‍ പോവുന്നതെന്നും അദ്ദേഹത്തിനു മനസ്സിലായില്ല. ഈ ദുര്‍ഘടാവസ്ഥയില്‍ ദശലക്ഷം വര്‍ഷങ്ങള്‍ കടന്നുപോയിരിക്കും എന്ന് അദ്ദേഹത്തിനു തോന്നി. വിശ്വപ്രളയം തന്നെയിത്‌ എന്ന്‌ അദ്ദേഹം വിചാരിച്ചു.

അതും കഴിഞ്ഞ് വളരെ ഏറെക്കാലം കഴിഞ്ഞപോലെ അദ്ദേഹത്തിനു തോന്നി. ഒരു കഷണം ഭൂമി അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു. അതിലൊരു ആല്‍മരം. അതിലെ ഇലകളിലൊന്നില്‍ ഒരു ശിശു നഗ്നനായി കിടക്കുന്നു. കാണാന്‍ അതീവരമണീയനും ഇരുണ്ട പച്ചനിറമാര്‍ന്നവനും ആയ ശിശു കാല്‍പ്പാദം കൈകൊണ്ടുയര്‍ത്തി അതിലെ പെരുവിരല്‍ വായിലിട്ടങ്ങനെ രസിച്ചുകിടന്നു. ഏറെക്കാലമായി പ്രളയ ദുരിതത്താല്‍ കഷ്ടപ്പെട്ട മാര്‍ക്കണ്ഡേയന് ശിശുവിന്റെ ദര്‍ശനം കൊണ്ടുതന്നെ ക്ഷീണം മാറി. അദ്ദേഹം അതിന്റെ സമീപം ചെന്നു. ശിശു അകത്തേക്ക്‌ വലിച്ച ശ്വാസത്തിലൂടെ മുനി അതിന്റെ വയറ്റില്‍ ചെന്നു. അവിടെ വിശ്വം മുഴുവന്‍ ദൃശ്യമായി. ഹിമാലയവും തന്റെ ആശ്രമവും തന്നെപ്പോലും ശിശുവിന്റെ ഉദരത്തില്‍ കണ്ടു. ശിശുവിന്റെ ഉഛ്വാസവായുവിലൂടെ മഹര്‍ഷി പുറത്തുവന്നു. വിചിത്രമായ ഈ അനുഭവത്തില്‍ അത്ഭുതചകിതനായി അദ്ദേഹം ശിശുവിനെ വാരിപ്പുണരാന്‍ പുറപ്പെട്ടു. എന്നാല്‍ അദ്ദേഹം തൊടും മുന്‍പ്‌ ശിശു അപ്രത്യക്ഷനായിരുന്നു. ജലവും അപ്രത്യക്ഷമായി. ഭൂമി പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം നദിക്കരയില്‍ തന്റെ ആശ്രമത്തിനു മുന്നില്‍ നില്‍ക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF