ശ്രീ രമണമഹര്‍ഷി

ജനുവരി 30, 1935

ചോ: മഹര്‍ഷിമാര്‍ ജനങ്ങളോടിടകലര്‍ന്ന്‌ അവര്‍ക്ക്‌ നന്മ ചെയ്യുന്നവരാവണമെന്നില്ലേ?

ഉ: ആത്മസ്വരൂപം മാത്രമാണ്‌ യഥാര്‍ത്ഥം. ഈ ലോകവും മറ്റും അതിനുള്ളിലിരിക്കുന്നു. ആത്മസ്വരൂപത്തിലിരിക്കുന്ന ഒരാള്‍ ലോകത്തെ തനിക്കന്യമായിട്ടു കാണുന്നില്ല.

ചോ: അപ്പോള്‍ ഒരു സാധുവിന്റെ സാക്ഷാല്‍ക്കാരം മാനവരാശിക്കു സര്‍വ്വോദയകരമാണ്‌. മറ്റുള്ളവര്‍ക്കതറിഞ്ഞുകൂടെങ്കിലും.

ഉ: അതെ, അജ്ഞാതമായിരുന്നാലും മഹത്തുക്കളെകൊണ്ടുള്ള ഗുണം ലോകത്തിനു ലഭിച്ചുകൊണ്ടിരിക്കും.

ചോ: ഒരു സാധു മറ്റുള്ളവരുമായി സഹവസിച്ചാല്‍ കുറെക്കൂടി നന്നായിരിക്കുകയില്ലേ?

ഉ: ഇടകലരാന്‍ അവര്‍ക്കാളില്ല. യഥാര്‍ത്ഥത്തില്‍ സഹവസിക്കാന്‍ ആത്മാവൊന്നേയുള്ളൂ. അവരതായിത്തന്നെയിരിക്കും.

ചോ: സാക്ഷാല്‍ക്കരിച്ചവരായി ഒരു നൂറുപേരുണ്ടായിരുന്നാല്‍ ലോകത്തിനു കൂടുതല്‍ ഗുണമുണ്ടാകുമല്ലോ?

ഉ: നിങ്ങള്‍ ആത്മാവിനെപ്പറ്റി പറയുമ്പോള്‍ ഒന്നില്‍ക്കൂടുതലിനെപ്പറ്റി പറയുന്നു. ബഹു വചനത്തില്‍ പറഞ്ഞാല്‍ ആത്മാവിന്റെ അഖണ്ഡത്വത്തിനു ഹാനി സംഭവിക്കും. രശ്മികള്‍ പലതാണെങ്കിലും സൂര്യന്‍ ഒന്നല്ലേ?

ചോ: ശരി ശരി, മനസ്സിലായി, ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറയുന്നു, ഫലാപേക്ഷകൂടാത്ത കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അലസനായിരിക്കാതെ കര്‍മ്മം ചെയ്യണമെന്നും. കര്‍മ്മയോഗം ഇതായിരിക്കുമോ?

ഉ: കേള്‍ക്കുന്നവരുടെ ചിത്തപരിപാകത്തിനനുയോജ്യമായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌.

ചോ: ഒരാള്‍ വെറുതെയിരുന്നുകൊണ്ട്‌ ലോകത്തിനു നന്മചെയ്യാനൊക്കുമെന്ന്‌ പറഞ്ഞാല്‍ പാശ്ചാത്യര്‍ക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. കര്‍മ്മം ചെയ്യുന്നവരെക്കൊണ്ട്‌ മാത്രമേ ലോകത്തിനുപകാരമുള്ളൂ എന്നാണവര്‍ കരുതുന്നത്‌. ഈ കുഴപ്പം എങ്ങനെ പരിഹരിക്കാം. അവര്‍ ഈ ചതുപ്പുനിലത്തില്‍ തുഴഞ്ഞു കൊണ്ടുതന്നെ ഇനിയും പോവുമോ, അതോ, അവര്‍ യഥാര്‍ത്ഥം അറിയുമോ?

ഉ: യൂറോപ്പോ, അമേരിക്കയോ ആകട്ടെ. അവരെല്ലാം നിങ്ങളുടെ മനസ്സിലല്ലാതെ മറ്റെവിടെ സ്ഥിതി ചെയ്യുന്നു. നിങ്ങള്‍ നിങ്ങളെ അറിയൂ. അപ്പോള്‍ എല്ലാമറിയും. നിങ്ങള്‍ സ്വപ്നത്തില്‍ കുറേപ്പേര്‍ ഉറങ്ങുന്നത്‌ കണ്ടിട്ട്‌ ഉണരുമ്പോള്‍ അവരെയും ഉണര്‍ത്താന്‍ ശ്രമിക്കുമോ?

ചോ: മായാവാദത്തെപ്പറ്റി അങ്ങയുടെ അഭിപ്രായം?

ഉ: എന്താണ്‌ മായ? അത്‌ സത്യമാണ്‌.

ചോ: മായയെന്നു പറയുന്നത്‌ മിഥ്യയല്ലേ?

ഉ: മായ സത്യത്തെ പ്രകാശിപ്പിച്ച്‌ നില്‍ക്കുകയാണ്‌. അങ്ങനെ അത്‌ സത്യമായിരിക്കുന്നു.

ചോ: ശ്രീ ശങ്കരാചാര്യര്‍ പണ്ഡിതനാണ്‌, സാക്ഷാല്‍ക്കരിച്ച ആളല്ലെന്ന്‌ ചിലര്‍ പറയുന്നത്‌ ശരിയാണോ?

ഉ: അതിലെല്ലാം നിങ്ങള്‍ക്കെന്തു ക്ലേശം. നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ സാക്ഷാല്‍ക്കരിക്കൂ. മറ്റുള്ളവരുടെ കാര്യം അവര്‍ നോക്കിക്കൊള്ളും.