ധ്യാനം നന്മതിന്മകളുടെ ഉറവിടം (25)

നമ്മളെന്തൊക്കെ ചെയ്യുന്നുണ്ടോ അതെല്ല‍ാം ധ്യാനത്തില്‍ ഉറച്ചതാണ്. നമ്മളെന്താണ് ധ്യാനിക്കുന്നത് അതാണ് നമുക്ക് കിട്ടുക. നിരന്തരം മനസ്സ് വ്യാപരിക്കുന്ന മേഖലയേതാണ് അതാകും നമ്മുടെ പ്രവൃത്തിയും. ഒന്നും ആകസ്മികമായല്ല സംഭവിക്കുന്നത്. ഇന്ന സാഹചര്യം വന്നാല്‍ ഞാന്‍ ഇങ്ങനെയാകും പ്രതികരിക്കുക എന്ന് നേരത്തെ ആലോചിച്ചുറപ്പിച്ചിട്ടുണ്ടാകും. ഇത്തരത്തില്‍ ആലോചനയില്‍ ഏര്‍പ്പെടുന്നതാണ് ധ്യാനം.

ധ്യാനം രണ്ടു തരമുണ്ട്. ആസുരികമായതും ദൈവികമായതും. ആസുരിക ധ്യാനത്തില്‍ ഹിരണ്യായ നമഃ (സ്വര്‍ണത്തിന് നമസ്കാരം) എന്ന ഭോഗത്തെ സ്തുതിക്കുന്നു. ദൈവിക ധ്യാനത്തില്‍ നാരായണായ നമഃ എന്ന ത്യാഗത്തെ സ്തുതിക്കുന്നു. ഇന്ദ്രിയവിഷയങ്ങളെ ധ്യാനിച്ചിരുന്നാല്‍ അവയോട് സംഗം (ഒട്ടല്‍) ഉണ്ടാകും. സംഗത്തില്‍ നിന്ന് കാമം (കിട്ടിയേ തീരൂ എന്ന ആഗ്രഹം) ജനിക്കും. ആഗ്രഹത്തെ പൂര്‍ത്തീകരിക്കാതെ വരുമ്പോള്‍ ക്രോധമുണ്ടാകും. ക്രോധത്തില്‍ കാര്യാകാര്യവിവേകം നഷ്ടപ്പെടും. അപ്പോള്‍ പഠിച്ചതും കേട്ടതുമായ മൂല്യങ്ങളൊക്കെ മറന്നുപോകും. ബുദ്ധി നശിക്കും. അതോടുകൂടി സര്‍വനാശമാണ്. പിന്നെ തന്റെ ചെയ്തികള്‍ എന്തൊക്കെയാണെന്ന് പറയാന്‍ പറ്റില്ല.

ഒരു ജനതയുടെ സംസ്കാരം രൂപപ്പെടുന്നത് വിചാരങ്ങളിലാണ് അഥവാ ധ്യാനത്തിലാണ്. സാഹചര്യം അനുകൂലമല്ലാത്തപ്പോള്‍ ശാസ്ത്രം ഓര്‍മയിലെത്തുമെങ്കില്‍ മാത്രമേ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്ന് പറയാനാകൂ. അതോര്‍മ്മ വന്നാല്‍ ദേഷ്യത്തെ ജയിക്കാനാകും. അശാന്തനായ ഒരുവന് എവിടെ നിന്ന് സുഖം കിട്ടും? ആത്മനിയന്ത്രണം അനിവാര്യമാണ്. മനസ്സ് കാറ്റത്തിട്ട തോണിപോലെ ആകരുത്. നിയന്ത്രണമില്ലാത്ത മനസ്സിനെ ഇന്ദ്രിയങ്ങള്‍ പലവഴിക്ക് കൊണ്ടുപോകും. ഇന്ദ്രിയത്തിനെതിരാകണമെന്നല്ല, ഇന്ദ്രിയത്തിനപ്പുറത്ത് നിലകൊള്ളണമെന്നാണ് ഇവിടെ വിവക്ഷ.

മറ്റെല്ലാവര്‍ക്കും പകലായിരിക്കുമ്പോള്‍ ഇന്ദ്രിയനിഗ്രഹം സാധിച്ച ജ്ഞാനിക്ക് രാത്രിയായിരിക്കും. മറ്റുള്ളവര്‍ക്ക് രാത്രിയായിരിക്കുമ്പോള്‍ ജ്ഞാനിക്ക് പകലും. എല്ലാവരും യാതൊന്നിലേക്കാണോ ഉണര്‍ന്നിരിക്കുന്നത് ആ വിഷയങ്ങളില്‍, ഇന്ദ്രിയസുഖങ്ങളില്‍ ജ്ഞാനി ഉറങ്ങിയിരിക്കും. എല്ലാവരും ഉറങ്ങിയിരിക്കുന്ന ആത്മാവില്‍ ജ്ഞാനി ഉണര്‍ന്നിരിക്കും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം