ഇന്ദ്രിയങ്ങളല്ല മനസ്സാണ് പ്രവര്‍ത്തിക്കുന്നത് (27)

ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയമനം ചെയ്ത് ആസക്തിയില്ലാതെ കര്‍മം
ചെയ്യുന്നവന്‍ ശ്രേഷ്ഠനാണ്. അയാളുടെ ഇന്ദ്രിയങ്ങള്‍ കര്‍മഭൂമിയില്‍ വ്യാപരിച്ചാലും
സംഗം ഉണ്ടാകുന്നില്ല. വിശ്വസുന്ദരിയെക്കാണുമ്പോള്‍ ആ സൗന്ദര്യത്തെ സൃഷ്ടിച്ച വിശ്വകരങ്ങളെക്കൂടി കാണണം. അപ്പോഴേ സൗന്ദര്യം പൂര്‍ണമാകൂ. അല്ലാതെ കാണുമ്പോള്‍ സ്വന്തമാക്കണം എന്ന ആഗ്രഹമാണ്. എന്റേത്, എനിക്ക് എന്നൊക്കെ കരുതുമ്പോള്‍ വിഭജനവും യുദ്ധവും ദുഃഖവുമുണ്ടാകും. വിഭജനവും യുദ്ധവും ദുഃഖവുമുണ്ടാകും.

കര്‍മ്മങ്ങളെ നല്ലതെന്നും മോശമെന്നും വിഭജിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാ കര്‍മ്മവും ഭഗവദ്പൂജയാണ്. പൂജാമുറി വൃത്തിയാക്കുന്ന അതേഭാവമാണ് കുളിമുറി വൃത്തിയാക്കുമ്പോഴും വേണ്ടത്. അസഫലത്തില്‍ നിന്ന് തരുന്നത് ജലമല്ല, തീര്‍ത്ഥമാണ്. ആ കാഴ്ച നല്‍കുവാനാണ് ക്ഷേത്രം. ക്ഷേത്രം ദര്‍ശനത്തിന്റെ ആരംഭവും അവസാനവുമാണ്. കല്ല് ദൈവമെന്നറിഞ്ഞവന് മറ്റെന്താണ് ദൈവമല്ലാത്തത്?

പുറത്തെ ജലത്തിലും തീര്‍ത്ഥ സങ്കല്പം ഉണ്ടാക്കാനാകുന്നില്ലെങ്കില്‍ അത്തരം ക്ഷേത്രങ്ങള്‍ നിലനില്‍ക്കണോ എന്നുചിന്തിക്കണം. അമ്പലത്തില്‍ നിന്ന് തരുന്നതുമാത്രമല്ല, ന‍ാം കഴിക്കുന്നതൊക്കെയും ഭഗവദ്പ്രസാദമായി കാണുവാനാകണം. ഒരു വലിയ കര്‍മ്മത്തിന്റെ, കൂട്ടായ്മയുടെ ഫലമാണ് അത്. കര്‍മ്മത്തെ യജ്ഞമായി കാണണം.യജ്ഞഭാവത്തിലല്ലാത്ത കര്‍മ്മമാണ് ബന്ധനത്തെ ഉണ്ടാക്കുന്നത്. അതിനാല്‍ ഫലേച്ഛയില്ലാത്ത കര്‍മ്മം ചെയ്ത് മുക്തി നേടണം. ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട കര്‍മ്മമാണ് ചെയ്യേണ്ടത്. ഇപ്പോള്‍ മറ്റുള്ളവരുടെ കര്‍മ്മത്തിലാണ് ശ്രദ്ധ. അല്പമായതിനെ ത്യജിച്ച് പൂര്‍ണതയെ വരിക്കലാണ് യജ്ഞം. ഒരാള്‍ക്കും ഒന്നിന്റേയും ഉടമയായിരിക്കാന്‍ സാധ്യമല്ലെന്ന സത്യം അറിഞ്ഞാല്‍ സന്ന്യാസഭാവം വരും.

രണ്ടാമധ്യായത്തില്‍ ഭഗവാന്‍ പരമമായ സത്യത്തെ വെളിപ്പെടുത്തിയെങ്കില്‍ അത് പ്രവൃത്തിപഥത്തിലേക്ക് എങ്ങനെ കൊണ്ടുവര‍ാം എന്നാണ് മൂന്നാമധ്യായത്തില്‍ വിശദീകരിക്കുന്നത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം