യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 412 – ഭാഗം 6 നിര്‍വാണ പ്രകരണം.

ജീവോഽജീവോ ഭവത്യാശു യാതി ചിത്തമചിത്തതാം
വിചാരാദിത്യവിദ്യാന്തോ മോക്ഷ ഇത്യഭിതീയതേ (6/70/1)

വസിഷ്ഠന്‍ തുടര്‍ന്നു: “ആത്മാന്വേഷണത്തിലൂടെ ക്ഷണത്തില്‍ മനസ്സ് നിര്‍മനമാവുകയും ജീവന്‍ നിര്‍ജീവനായി അവിദ്യ അവസാനിക്കുന്ന അവസ്ഥയാണ് മോക്ഷം അല്ലെങ്കില്‍ മുക്തി.”

അഹങ്കാരാദികള്‍ മരുപ്പച്ചയിലെ ജലമെന്നപോലെയാണ്. അന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഇല്ലാതാവുന്ന മിഥ്യയാണവ.

ഇതിനെക്കുറിച്ച്‌ വിന്ധ്യാവനത്തില്‍ വസിച്ചിരുന്ന ഒരു യക്ഷി ചോദിച്ച പ്രബോധദീപ്തമായ ചോദ്യങ്ങള്‍ നമുക്ക് എന്നും പ്രചോദനപ്രദമാണ്. കാറ്റില്‍ സ്വൈരവിഹാരം നടത്തിയിരുന്ന അവള്‍ ഒരിക്കല്‍ ഭക്ഷണം തേടി ഒരിടത്തെത്തിച്ചേര്‍ന്നു. വിശന്നിരിക്കുകയാണെങ്കിലും നിരപരാധികളായ ആരെയും, അവര്‍ വധമര്‍ഹിക്കുന്നില്ലെങ്കില്‍ അവള്‍ കൊന്നുതിന്നുകയില്ല. കാട്ടിലെങ്ങും കൊന്നുതിന്നാന്‍ അനുയോജ്യരായ ആരെയും കാണാതെ അവള്‍ നഗരത്തിലെത്തി രാജാവിനെ കണ്ടു.

യക്ഷി രാജാവിനോട് പറഞ്ഞു ‘അങ്ങ് വധാര്‍ഹനല്ലെങ്കില്‍ ഞാന്‍ അങ്ങയെ കൊന്നുതിന്നുകയില്ല. അങ്ങ് രാജ്യത്തിനെ ഭരണാധികാരിയാകയാല്‍ പ്രജകളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ് . എന്റെ ആഗ്രഹവും അങ്ങ് നിറവേറ്റിയാലും. ഞാന്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാം. അവയ്ക്ക് ഉചിതമായ മറുപടികള്‍ തരിക.

ഏതു സൂര്യപ്രഭാകിരണങ്ങള്‍ പ്രകടമാക്കുന്ന ധൂളീകണങ്ങളാണ് ഈ വിശ്വമായി കാണപ്പെടുന്നത്?

ഏതു മഹത്തായ കാറ്റിനാലാണ് മഹത്തായ ആകാശം സുവിദിതമാവുന്നത്?

ഒരാള്‍ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് അവസാനമില്ലാത്ത തുടര്‍പ്രയാണം ചെയ്യുന്നു. സ്വപ്നവസ്തുവിനെ എപ്പോഴും ഉപേക്ഷിക്കുന്നുവെങ്കിലും അയാള്‍ ആത്മാവിനെ ഉപേക്ഷിക്കുന്നില്ല. എന്താണീ ആത്മാവ്?

ഒരു വാഴത്തട തുറന്നാല്‍ ഓരോ അടരുകളായി നീക്കിനീക്കി അവസാനം അതിന്റെ പിണ്ടി കണ്ടെത്തുന്നു. അതുപോലെ ഈ ലോകത്തിന്റെ നിജസ്ഥിതിയെപ്പറ്റി അന്വേഷണം ചെയ്തുചെയ്ത് അവസാനമെത്തുന്നത് ഏതു സാരസത്തയിലാണ്?

ഏതൊരു അണുകണത്തിന്റെ അതിസൂക്ഷ്മകണങ്ങളാണ് വിശ്വമായി കാണപ്പെടുന്നത്?

ഇനിയും കൊത്തിയെടുക്കപ്പെടാത്ത ശില്പമുറങ്ങുന്ന പാറപോലെ ഏതൊരു നിരാകാരമായ പാറമേലാണ് മൂലോകങ്ങള്‍ നിലകൊള്ളുന്നത്?

ഇവയ്ക്കെല്ലാം ഉത്തരം പറയൂ. അല്ലെങ്കില്‍ തീര്‍ച്ചയായും അങ്ങയെ എനിക്ക് കൊന്നു തിന്നാം.

രാജാവ് പറഞ്ഞു: അല്ലയോ യക്ഷീ, ഒരു പഴത്തിനെ പൊതിഞ്ഞിരിക്കുന്ന പഴത്തൊലിയെന്നപോലെ ഈ വിശ്വം പലപല ആവരണങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഒരു ശാഖയില്‍ അനേകായിരം പഴങ്ങള്‍. ആ ശാഖ അനേകായിരം ശാഖകളുള്ള ഒരു വൃക്ഷത്തിന്റേതാണ്. ആ വൃക്ഷം അനേകായിരം മരങ്ങളുള്ള ഒരു കാട്ടിലേതാണ്. ആ കാട് അനേകായിരം കാടുകള്‍ നിറഞ്ഞ ഒരു മലയടിവാരത്തിലേതാണ്. ആ മല ഒരു രാജ്യത്തിലെ അനേകായിരം മലകളില്‍ ഒന്നാണ്. ആ രാജ്യം അനേകായിരം രാജ്യങ്ങളുള്ള ഒരു ഭൂഖണ്ഡത്തിലേതാണ്. അത് അങ്ങനെയുള്ള അനേകായിരം ഭൂഖണ്ഡങ്ങള്‍ ഉള്ള ഒരു ഗോളത്തിലേതാണ്. അത്തരം ഗോളങ്ങള്‍ അനേകായിരമുള്ള ഒരു സമുദ്രമുണ്ട്. അത്തരം സമുദ്രങ്ങള്‍ അനേകായിരം ഉള്ളിലുള്ള ഒരു സത്വമുണ്ട്. അങ്ങനെയുള്ള അനേകായിരം സത്വങ്ങളെ മാലയായി കഴുത്തിലണിഞ്ഞ പരമപുരുഷനുമുണ്ട്. അങ്ങനെയുള്ള അനേകായിരം പരമപുരുഷന്മാരെ പ്രകാശിപ്പിക്കുന്ന ഒരു സൂര്യനുണ്ട്. ആ സൂര്യനാണ് എല്ലാവരെയും എല്ലാത്തിനെയും പ്രദ്യോദിപ്പിക്കുന്നത്. അല്ലയോ യക്ഷീ, അത് ബോധത്തിന്റെ സൂര്യനാണ്. ആ സുര്യന്റെ വെളിച്ചത്തിലാണ് അനേകായിരം വിശ്വങ്ങള്‍ വെറും അണുകണികകളെപ്പോലെ നിലകൊള്ളുന്നത്. ആ പ്രകാശധോരണിയിലാണ് ഇപ്പറഞ്ഞ വസ്തുക്കളെല്ലാം സത്തെന്നപോലെ നിലനില്‍ക്കുന്നത്.