സ്വാമി വിവേകാനന്ദന്‍

നാം ഇപ്പോഴേ മുക്തന്‍മാരാണ്, ബദ്ധന്‍മാരല്ല: ഇതാണ് വേദാന്തസമാധാനം. അതു മാത്രമല്ല, നാം ബദ്ധന്‍മാരെന്നു പറയുകയോ വിചാരിക്കുകയോ ചെയ്യുന്നതു തെറ്റ്, ആപല്‍ക്കരം, ആത്മവ്യാമോഹം. ഞാന്‍ ബദ്ധന്‍, ഞാന്‍ ദുര്‍ബ്ബലന്‍, ഞാന്‍ അസഹായന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്ക് ഒരു ചങ്ങലകൂടി കൊളുത്തുകയാണ്. അങ്ങനെ പറയരുത്, വിചാരിക്കരുത്. ഞാന്‍ ഒരാളെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം കാട്ടില്‍ പാര്‍ത്ത് അഹോരാത്രം ശിവോഹം ശിവോഹം എന്നു പറഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹത്തെ ഒരു നരി പിടിച്ചു കടിച്ചിഴച്ചുകൊണ്ടുപോയി. ആ പോകുന്ന പോക്കിലും, നരിയുടെ വായില്‍പ്പെട്ടിരുന്നപ്പോഴും, ശബ്ദം പൊന്തുന്നതുവരെ, അദ്ദേഹം ശിവോഹം ശിവോഹം എന്ന് ഉച്ചരിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ പലരും ഉണ്ടായിട്ടുണ്ട്. തങ്ങളെ തുണ്ടുതുണ്ടായി വെട്ടുന്ന സമയത്തും ഘാതകന്‍മാരെ അനുഗ്രഹിച്ചിട്ടുള്ള മഹാത്മാക്കളും ഉണ്ടായിട്ടുണ്ട്. “സോഹം സോഹം, തത്ത്വമസി, ഞാന്‍ പരിശുദ്ധന്‍, ഞാന്‍ പരിപൂര്‍ണ്ണന്‍, എന്റെ വൈരിയായി വന്ന നീയും അങ്ങനെതന്നെ. നീ ബ്രഹ്മം, ഞാനും ബ്രഹ്മം.” അതത്രേ ബലം.

ദ്വൈതമതത്തിലുമുണ്ട് വിസ്മയാവഹങ്ങളായ വലിയ കാര്യങ്ങള്‍. നമ്മുടെ ആരാധനയ്ക്കും പ്രേമത്തിനും പാത്രമായി മായയില്‍നിന്നു മാറിനില്‍ക്കുന്ന സഗുണേശ്വരനെന്ന ഭാവന വിസ്മയകരംതന്നെ. ആ ഭാവന ശാന്തിപ്രദവുമത്രേ. എന്നാല്‍ ആ ശാന്തി നമുക്കു സ്വാഭാവികമല്ല, അതു കറുപ്പു കഴിച്ചാലുള്ള മയക്കംപോലെയാണെന്നാണ് വേദാന്താഭിപ്രായം. കാലപ്പഴക്കത്തില്‍ അതു നമ്മെ ദുര്‍ബ്ബലരാക്കും. മുമ്പ് എന്നും വേണ്ടിയിരുന്നതിലധികമായി ഇന്നു ലോകത്തിനാവശ്യമായിരിക്കുന്നതു ബലമത്രേ. ലോകത്തില്‍ സകലദുഃഖങ്ങള്‍ക്കും കാരണം ദുര്‍ബ്ബലതയാണെന്ന് വേദാന്തം പറയുന്നു. നമ്മുടെ കഷ്ടപ്പാടിന്റെ ഏകകാരണം ദൗര്‍ബ്ബല്യമാണ്. നാം ദുഃഖിക്കുന്നതും നമ്മുടെ ദുര്‍ബ്ബലത. നാം നുണ പറയുന്നു, കക്കുന്നു, കൊല്ലുന്നു, മറ്റനേകം കുറ്റങ്ങള്‍ ചെയ്യുന്നു: സര്‍വ്വത്തിനും കാരണം ദുര്‍ബ്ബലത. നാം ദുഃഖിക്കുന്നതിനും മരിക്കുന്നതിനും കാരണം നമ്മുടെ ദൗര്‍ബ്ബല്യം. നമുക്കു ബലക്ഷയമുണ്ടാക്കാനൊന്നുമില്ലെങ്കില്‍ നമുക്കു ദുഃഖമില്ല, മരണമില്ല. അജ്ഞാനം നിമിത്തമാണ് നാം ക്ലേശിക്കുന്നത്. അജ്ഞാനം കൈവിടുക, സര്‍വ്വക്ലേശങ്ങളും മറഞ്ഞുപോകും. ഇതെത്രയും വ്യക്തവും ലഘുവുമാണ്. പല തത്ത്വജ്ഞാനചര്‍ച്ചകളില്‍ക്കൂടെയും ഗംഭീരബുദ്ധിവ്യായാമത്തില്‍ക്കൂടെയും നാം വന്നെത്തുന്നത് ലോകത്തില്‍ ഏറ്റവും വെളിവായ ഈ ഒരു തത്ത്വത്തിലേക്കത്രേ.

തത്ത്വം പ്രകാശിപ്പിക്കാവുന്ന അതിലഘുവായ രൂപം അദ്വൈതവേദാന്തമാണ്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ദ്വൈതം പ്രചരിപ്പിച്ചതു വലിയ തെറ്റായിരുന്നു. ജനങ്ങള്‍ മൂലതത്ത്വങ്ങള്‍ നോക്കില്ല, അതിന്റെ പദ്ധതിയെപ്പറ്റി ആലോചിക്കയേയുള്ളൂ. പദ്ധതി നൂലാമാലയായുമിരിക്കുന്നു. ദാര്‍ശനികന്‍മാരുടെയും താര്‍ക്കികന്‍മാരുടെയും സിദ്ധാന്തങ്ങള്‍ പലര്‍ക്കും ഭയങ്കരങ്ങളാണ്. അതുകള്‍ എല്ലാവര്‍ക്കും പറ്റിയവയല്ല, നടപ്പില്‍ കൊണ്ടുവരാവുന്നവയല്ല: എന്നു മാത്രമല്ല ആ തത്ത്വങ്ങളുടെ നടത്തിപ്പാണെന്നു പറഞ്ഞ് വളരെ ദുരാചാരങ്ങള്‍ ഉത്ഭവിക്കയും ചെയ്യും.

എന്നാല്‍ ലോകത്തിന് അദ്വൈതം ഉപദേശിക്കുന്നതുകൊണ്ട് ദുരാചാരവും ദുര്‍ബ്ബലതയും ഉണ്ടാകുമെന്ന് ഞാന്‍ തീരെ വിചാരിക്കുന്നില്ല. നേരെമറിച്ച്, അതുകള്‍ക്ക് അതേ പ്രതിവിധിയുള്ളൂ എന്നു വിചാരിപ്പാനാണ് ഞാന്‍ ന്യായം കാണുന്നത്. അദ്വൈതമാണ് സത്യമെങ്കില്‍ ജീവസരിത്ത് ഒഴുകിക്കൊണ്ടിരിക്കെ ജനങ്ങള്‍ എന്തിനു ചാല്‍ വെള്ളം കുടിക്കണം? സര്‍വ്വരും നിര്‍മ്മലന്‍മാരെന്നതാണ് വാസ്തവമെങ്കില്‍ എന്തുകൊണ്ട് ഈ നിമിഷം അതു ലോകസമക്ഷം ഉപദേശിച്ചുകൂടാ? സര്‍വ്വജനത്തിനും – പുണ്യവാനും പാപിക്കും, പുരുഷനും സ്ര്തീക്കും കുട്ടിക്കും, സിംഹാസനാരൂഢനും തെരുവിലെ തോട്ടിക്കും, സര്‍വ്വര്‍ക്കും – എന്തുകൊണ്ട് അതു മേഘഗംഭീരസ്വരത്തില്‍ ഉപദേശിച്ചുകൂടാ?

അതൊരു ഗംഭീരപരിശ്രമമാണെന്ന് ഇപ്പോള്‍ തോന്നുന്നു. അതു കേള്‍ക്കുമ്പോള്‍ പലരും ഞെട്ടുന്നു. എന്തുകൊണ്ട്? മൂഢവിശ്വാസം: മറ്റൊന്നുമല്ല. ദഹിക്കാത്ത പല പല കെട്ട സാധനങ്ങളും തിന്നോ, പട്ടിണി കിടന്നോ നാം നല്ല ഭക്ഷണം കഴിപ്പാന്‍ കൊള്ളരുതാത്തവരായിരിക്കുന്നു. നാം ബാല്യം മുതല്‍ക്കേ ദുര്‍ബ്ബലവാക്കുകള്‍ കേട്ടു ശീലിച്ചിരിക്കുന്നു. താന്‍ പ്രേതപിശാചുക്കളില്‍ വിശ്വസിക്കുന്നില്ലെന്നു ചിലര്‍ പറയുന്നതു കേള്‍ക്കാം. എന്നാല്‍ ഇരുട്ടത്ത് ഒരു ഞരമ്പു പാച്ചില്‍ അനുഭവപ്പെടാത്തവര്‍ ചുരുക്കം. മൂഢവിശ്വാസത്തിന്റെ ശക്തി എന്നേയുള്ളൂ.

മതത്തെസ്സംബന്ധിച്ച അന്ധവിശ്വാസങ്ങളും ഈവിധംതന്നെ. ചൈത്താന്‍ ഇല്ലെന്നു പറഞ്ഞാല്‍ മതമാകെ നശിച്ചു എന്നു വിചാരിക്കുന്നവര്‍ ഈ നാട്ടിലുണ്ട്. ചൈത്താനില്ലാതെ മതം എങ്ങനെ നിലനില്‍ക്കും എന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. നമ്മെ നിയന്ത്രിപ്പാന്‍ ഒരാളില്ലാതെ മതമുണ്ടാകുമോ? നമ്മെ ഭരിപ്പാന്‍ ഒരാളില്ലാതെ നാം എങ്ങനെ ജീവിക്കും? അങ്ങനെ പരിചയിച്ചുവന്നതുകൊണ്ട് നമ്മോട് അങ്ങനെ ആചരിക്കുന്നതാണ് നമുക്കിഷ്ടം. നിത്യവും ഒരാള്‍ നമ്മെ ശകാരിക്കാഞ്ഞാല്‍ നമുക്കു സുഖമില്ല! അതേ മൂഢവിശ്വാസം!

എന്നാല്‍ ഇപ്പോള്‍ അതെത്ര ഭയങ്കരമായാലും, ആത്മാവിന്റെ നിത്യമുക്തശുദ്ധസ്വഭാവത്തെ മൂടിക്കിടക്കുന്ന ആ മൂഢവിശ്വാസങ്ങളെ നാമോരോരുത്തരും പിന്‍തിരിഞ്ഞുനോക്കി ചിരിച്ച്, ഞാന്‍ ഇന്നു മുതല്‍ മുക്തന്‍, ഇന്നലെയും മുക്തന്‍, നാളെയും മുക്തന്‍, ഞാന്‍ നിത്യമുക്തന്‍ എന്നിങ്ങനെ സന്തോഷത്തോടുകൂടി, സ്വാനുഭവത്തോടുകൂടി, ബലത്തോടുകൂടി ആവര്‍ത്തിച്ചുപറയുന്ന ഒരു കാലം തീര്‍ച്ചയായും വരും. ഈ അദ്വൈതാശയമത്രേ വേദത്തില്‍നിന്നു പുറപ്പെടുന്നത്: ഈ ഒരേയൊരാശയമാണ് നിലനില്പാന്‍ അര്‍ഹതയുള്ളത്. ശാസ്ത്രഗ്രന്ഥങ്ങള്‍ നാളെ നശിച്ചേക്കാം. ഈ ആശയം ആദ്യമുദിച്ചത് ആരുടെ തലച്ചോറില്‍? ഹീബ്രുക്കളുടേയോ, ധ്രുവസമുദ്രതീരവാസികളുടേയോ, ആരുടെയായാലെന്ത്? ആ സംഗതി നിസ്സാരം. അതു സത്യമാണ്, സത്യം ശാശ്വതവുമാണ്. സത്യം ഒരാളുടെയോ ഒരു വര്‍ഗ്ഗക്കാരുടെയോ സ്വകാര്യസ്വത്തല്ലെന്നു സത്യംതന്നെ നമ്മെ പഠിപ്പിക്കുന്നു. മനുഷ്യര്‍മാത്രമല്ല, മൃഗങ്ങളും ദേവന്‍മാരും ഒരുപോലെ ഈ സത്യത്തിന്റെ ഭാഗഭാക്കുകളത്രേ. അവരെല്ലാവരും ഇതു സ്വീകരിക്കട്ടെ.

ജീവിതം ക്ലേശമയമാക്കുന്നതെന്തിന്? ജനങ്ങളെ പലതരം മൂഢവിശ്വാസങ്ങളില്‍ ചാടിക്കുന്നതെന്തിന്? ഇരുപതുപേര്‍ മൂഢവിശ്വാസം ത്യജിക്കുമെങ്കില്‍ അതിനുവേണ്ടി ഞാന്‍ പതിനായിരം ജന്‍മമെടുത്തുകൊള്ളാം. ഈ തത്ത്വം പറയുമ്പോള്‍ നിങ്ങള്‍ മാത്രമല്ല, ഇതിന്റെ ജന്‍മഭൂമിയില്‍ ജനിച്ചവര്‍പോലും നടുങ്ങുന്നു. “ഇതു സന്ന്യാസികള്‍ക്കുള്ളതാണ്: ലോകം വെടിഞ്ഞ് കാട്ടില്‍ ചെന്നിരിക്കുന്നവര്‍ക്ക് ഇതു കൊള്ളാം. പാവപ്പെട്ട ഗൃഹസ്ഥരായ ഞങ്ങള്‍ക്കു ചില ഭയങ്ങളൊക്കെ വേണം, ഞങ്ങള്‍ക്കു ചില ശാസ്ത്രീയകര്‍മ്മങ്ങള്‍ വേണം” എന്നെല്ലാം അവര്‍ പറയുന്നു.

ദ്വൈതാശയങ്ങള്‍ വേണ്ടത്ര നീണ്ടകാലം ജനങ്ങളെ നിയന്ത്രിച്ചു. എന്നിട്ട് ഇതാണ് ഫലം. ഒരു പുതിയ പരീക്ഷ നടത്തി സര്‍വ്വമനുഷ്യരും അദ്വൈതികളാകുവാന്‍ പല യുഗങ്ങള്‍ വേണ്ടിവരും. അതിന് ആരംഭം ഇപ്പോള്‍ത്തന്നെ ആകരുതോ? നമ്മുടെ ജീവിതത്തില്‍ അത് ഇരുപതാള്‍ക്കുപദേശിച്ചിട്ടുണ്ടെങ്കില്‍ നാം ഒരു മഹാകൃത്യമായിരിക്കും ചെയ്തത്.

എന്നാല്‍ പലപ്പോഴും ഇതിനെ എതിര്‍ക്കുന്ന ഒരഭിപ്രായമുണ്ട്, അതിതാണ്; “ഞാന്‍ ശുദ്ധന്‍, ആനന്ദമയന്‍ എന്നും മറ്റും പറയുന്നതുകൊള്ളാം. അതനുസരിച്ചു ജീവിപ്പാന്‍ എപ്പോഴും സാദ്ധ്യമല്ല.” അതു ശരി. ആദര്‍ശം എപ്പോഴും കംിനമാണ്. ആകാശം വളരെ ദൂരത്താണെന്നു ജനിച്ച കുട്ടികള്‍ക്കെല്ലാമറിയാം. എന്നുവെച്ച് അവര്‍ ആകാശത്തേക്കു നോക്കാതിരിക്കണോ? മൂഢവിശ്വാസത്തില്‍ കാലൂന്നിയാല്‍ പരിഹാരമാകുമോ? അമൃതു കിട്ടില്ലെന്നുവെച്ചു വിഷം കുടിച്ചാല്‍ ഗുണമുണ്ടോ? ഉടനെ തത്ത്വം സാക്ഷാല്‍ക്കരിപ്പാന്‍ സാദ്ധ്യമല്ലെന്നുവെച്ച് കൂരിരുട്ടില്‍ പ്രവേശിച്ച് ദൗര്‍ബല്യത്തിനും വ്യാമോഹത്തിനും വഴങ്ങിക്കൊടുക്കുന്നത് ഏതെങ്കിലും തരത്തില്‍ സഹായമാകുമോ?

ദ്വൈതത്തിന്റെ പല രൂപങ്ങളോടും എനിക്കു വിരോധമില്ല. അവയില്‍ പലതും എനിക്ക് അത്യന്തം പ്രിയങ്ങളുമാണ്. എന്നാല്‍ ദുര്‍ബ്ബലതയെ വെച്ചുപോകുന്ന ഏതു സമ്പ്രദായത്തോടും എനിക്കു വിരോധമാണ്. കായികമോ മാനസികമോ ആദ്ധ്യാത്മികമോ ആയ അഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷനോടും സ്ര്തീയോടും ബാലനോടും എന്റെ ചോദ്യമിതാണ്; നിങ്ങള്‍ക്കു ബലമുണ്ടോ? (അഭ്യാസംകൊണ്ടു) നിങ്ങള്‍ക്കു ബലം തോന്നുന്നുണ്ടോ? സത്യമേ ബലപ്രദമാകൂ എന്നെനിക്കറിയാം. അതേ ജീവസ്സുണ്ടാക്കൂ, സത്യത്തിലേക്കുള്ള പ്രയാണമേ നമുക്കു ബലം തരൂ. ബലവാനാകാതെ സത്യപ്രാപ്തിയുമുണ്ടാവില്ല.

മനസ്സിനെ ക്ഷീണിപ്പിച്ചു മൂഢവിശ്വാസം ജനിപ്പിച്ചു കുണ്ഠിതമുണ്ടാക്കുന്നതും, അസാദ്ധ്യവും യുക്തിഹീനവുമായ എല്ലാത്തരം സംഗതികളും വേണമെന്ന് ആശിപ്പിക്കുന്നതുമായ സമ്പ്രദായങ്ങള്‍ ഒന്നും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവയുടെ ഫലം ആപല്‍ക്കരമാണ്. അവ യാതൊരു ഗുണവും ചെയ്കയില്ലെന്നു മാത്രമല്ല, മനസ്സിനെ കലുഷമാക്കി പ്രായേണ സത്യം ഗ്രഹിപ്പാനോ സത്യമനുസരിച്ചു നടപ്പാനോ കഴിയാത്തവിധം ദുര്‍ബ്ബലമാക്കുകയും ചെയ്യും. അതുകൊണ്ടു ബലം ഒന്നുമാത്രം ആവശ്യം. ലോകവ്യാധിക്ക് ഔഷധം ബലമത്രേ. ധനികന്റെ പീഡയേല്‍ക്കുന്ന ദരിദ്രനു വേണ്ട ഔഷധം ബലമാണ്. പണ്ഡിതനാല്‍ അമര്‍ത്തപ്പെടുന്ന പാമരനും ബലമാണ് വേണ്ട ഔഷധം. പാപികളാല്‍ മര്‍ദ്ദിക്കപ്പെടുന്ന പാപികള്‍ക്കുള്ള ഔഷധവും ബലമത്രേ. ഈ അദ്വൈതംപോലെ ബലം തരുന്ന മറ്റൊന്നില്ല. നമ്മെ ധാര്‍മ്മികരാക്കുവാനും ഈ അദ്വൈതത്തിനൊപ്പം മറ്റൊന്നില്ല. നമ്മുടെ സര്‍വ്വശക്തിയുമുപയോഗിച്ച് അത്യുത്കൃഷ്ടനിലയില്‍ കര്‍മ്മം ചെയ്‌വാന്‍, സര്‍വ്വഭാരവും നമ്മുടെ മേല്‍ ചുമത്തുന്നതുപോലെ മറ്റൊരു പ്രേരകമില്ല.

നിങ്ങളോരോരുത്തരേയും ഞാന്‍ വെല്ലുവിളിക്കുന്നു. ഒരു കൊച്ചുപൈതലിനെ നിങ്ങളുടെ കയ്യിലേല്പിച്ചാല്‍ നിങ്ങള്‍ അതിനോട് എങ്ങനെ പെരുമാറും? ആ നിമിഷം നിങ്ങളുടെ പ്രകൃതം മുഴുവന്‍ മാറും. നിങ്ങള്‍ എന്തു തരക്കാരനായാലും തല്‍ക്കാലത്തേക്കു നിങ്ങളുടെ സ്വാര്‍ത്ഥം അസ്തമിക്കും. ഭാരം മുഴുവനും നിങ്ങളിലര്‍പ്പിച്ചാല്‍ നിങ്ങള്‍ ദുഷ്ടഭാവങ്ങളെല്ലാം അപ്പോഴേ ത്യജിക്കും. ഭാരം മുഴുവന്‍ നമ്മുടെ ചുമലിലായാല്‍ നമ്മുടെ സ്വഭാവം ഉച്ചവും ഉത്തമവുമായി പ്രകാശിക്കും. നമുക്കു മറ്റൊരാളെ ചാരിനില്പാനില്ലാതെ, നമ്മുടെ ദോഷങ്ങള്‍ക്ക് ഒരു ചൈത്താനെ കുറ്റപ്പെടുത്താനില്ലാതെ, നമ്മുടെ ഭാരം വഹിപ്പാന്‍ ഒരു സഗുണേശ്വരനില്ലാതെ, ഭാരതം മുഴുവന്‍ നാംതന്നെ വഹിക്കേണ്ടിവരുമ്പോള്‍ നാം ഉച്ചവും ഉത്തമവുമായ നിലയിലേയ്ക്കുയരും. എന്റെ ഗതിക്കു ഞാനാണുത്തരവാദി: എനിക്കു നന്‍മ വരുത്തുന്നതു ഞാന്‍, തിന്‍മ വരുത്തുന്നതും ഞാന്‍: ഞാന്‍ നിര്‍മ്മലാനന്ദമയന്‍. വിപരീതഭാവനകളെ അടിച്ചകറ്റണം. “എനിക്കു മൃതിയില്ല, വര്‍ണ്ണമില്ല. ആശ്രമമില്ല, പിതാവില്ല, മാതാവില്ല, സഹോദരനില്ല, ശത്രുമിത്രങ്ങളില്ല: ഞാന്‍ ശിവനാകുന്നു, സച്ചിദാനന്ദരൂപനായ ശിവന്‍. പുണ്യപാപങ്ങളോ സുഖദുഃഖങ്ങളോ എനിക്കില്ല. തീര്‍ത്ഥങ്ങളോ ഗ്രന്ഥങ്ങളോ ശ്രൗതസ്മാര്‍ത്തകര്‍മ്മങ്ങളോ എനിക്കില്ല. അവയെന്നെ ബന്ധിക്കുന്നില്ല. എനിക്കു വിശപ്പില്ല, ദാഹമില്ല. ശരീരം എന്റേതല്ല. ശരീരത്തെ ബാധിക്കുന്ന ക്ഷയനാശങ്ങളെന്ന വ്യാമോഹങ്ങള്‍ എനിക്കില്ല: ഞാന്‍ ശിവനാകുന്നു. സച്ചിദാനന്ദരൂപനായ ശിവന്‍.”

ഈ ഒരു സേ്താത്രമേ നമുക്കു വേണ്ടൂ എന്ന് വേദാന്തം സിദ്ധാന്തിക്കുന്നു. നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാര്‍ഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയില്‍ ഇടറുന്നവന് ക്രമത്തില്‍ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്ക് വൈപുല്യം കൂടും, ആ തത്ത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തില്‍ ഒഴുകും, നമ്മുടെ ശരീരത്തില്‍ ആപാദചൂഡം വ്യാപിക്കും. പ്രകാശം കൂടിവരുംതോറും വ്യാമോഹം നീങ്ങും. അജ്ഞാനം ചുമടുചുമടായി ഇറങ്ങിമറഞ്ഞുപോകും. ഒടുവില്‍ മറ്റെല്ലാം മാഞ്ഞുപോയി സവിതാവുമാത്രം പ്രകാശിക്കുന്ന കാലം വരും.

നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – സമാപ്തം