ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘മൗന മുദ്ര’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്ന് മൂന്നു മണിക്ക് ഞാന്‍ ചെന്നപ്പോള്‍ ഭഗവാന്‍ ഭക്തജനങ്ങളുമായി പ്രഭാഷണം നടക്കുന്നു, സംഗതിവശാല്‍ ഭഗവാന്‍ “ശങ്കരാചാര്യര്‍ ദക്ഷിണാമൂര്‍ത്തി അഷ്ടകം മൂന്നു ഭാഗമായി വിഭജിച്ചു എഴുതിയിരിക്കുന്നു” ശങ്കരര്‍ ദക്ഷിണാമൂര്‍ത്തിയെ സ്തോത്രം ചെയ്യേണമെന്നു സങ്കല്പിച്ചു. “മൗന” ത്തെ എന്തോന്നായിട്ടാണ് സ്തുതിക്കുക ? അത് കൊണ്ട്, സൃഷ്ടി, സ്ഥിതി, ലയത്തെ വിഭജിച്ചു പറഞ്ഞു. ഇതിനൊക്കെയും വിലക്ഷണമായ ദക്ഷിണാമൂര്‍ത്തിക്ക് നമസ്കാരം ചെയ്യുന്നു എന്ന് പറഞ്ഞു. അതിനേക്കാള്‍ “മൗന” അവസ്ഥയെ സ്തുതിക്കുക എങ്ങിനെയാണ് ? ” ഇടയില്‍ ഒരു ഭക്തന്‍ പറഞ്ഞു. “പണ്ട്, ഒരു ശിവരാത്രി നാളില്‍ ഭക്തന്മാരൊക്കെ ഭഗവാനെ സമീപിച്ചു ‘ഇന്ന് ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി അഷ്ടകത്തിനു അര്‍ഥം പറഞ്ഞു തരണം എന്ന് പറഞ്ഞു സന്നിധിയില്‍ ഇരുന്നപ്പോള്‍, ഭഗവാന്‍ മന്ദഹാസ വദനരായ് ഒന്നും പറയാതെ ഇരുന്നുവെന്നും, എല്ലാവരും കുറച്ചു സമയം നോക്കി ഇരുന്നു. ഈ “മൗനം” തന്നെ നമുക്ക് കൂടി ബോധമായിരിക്കുമെന്നു പറഞ്ഞു എഴുന്നേറ്റു പോയി എന്ന് ദണ്ഡപാണിസ്വാമി പറഞ്ഞിരിക്കുന്നു. വാസ്തവമാണോ ? “ എന്ന് ചോദിച്ചു. “അതെ; മൗനവ്യഖ്യാനം തന്നെ” എന്നരുളി.

ഇനി ഒരാള്‍, “ മൗനം എന്നാല്‍ ആത്മസ്ഫുരണയല്ലേ ? “എന്ന് ചോദിച്ചു. “അതെ അയ്യാ! “ആത്മ സ്ഫൂര്‍ത്തി ഇല്ലാതെ “മൗനം” എങ്ങിനെയാകും ? ” എന്നരുളി ഭഗവാന്‍. “അതാണ് ഞാന്‍ ചോദിക്കുന്നത്, ആ ആത്മസ്ഫുരണ വരുത്താതെ വായമൂടി സംസാരിക്കാതിരുന്നത് കൊണ്ട് മാത്രം ‘മൗന’ മാകുമോ ? ” എന്ന് ചോദിച്ചു അതെങ്ങിനെ ‘മൗന’മാകും. ചിലര്‍ മൗനത്തിലിരുന്നു കൊണ്ട് പലകയിലും കടലാസിലും എഴുതിക്കാട്ടുക പതിവുണ്ട്. അതൊക്കെ വ്യവഹാരമല്ലയോ ? “എന്നരുളി ഭഗവാന്‍. ‘എന്നാല്‍, വാക്ക് ‘മൗന’ത്തിന്നു പ്രയോജനമില്ലെ ? എന്ന് ചോദിച്ചു മറ്റൊരുവന്‍ “ബാഹ്യ പ്രതിബന്ധ നിവാരണാര്‍ധം വാക്ക് മൗനം അവലംബിച്ചാലും അത് യദാര്‍ത്ഥ മൗനമെന്നു പറഞ്ഞു കൂടാ, ‘മൗനം’ എന്നത് ഇടവിടാത്ത ഭാഷയാണെന്ന് അര്‍ഥം. ആ മൗനം സദാ ഉള്ളതാണ്. അതുണ്ടാക്കെണ്ടതില്ല. അതിനെ ബാധിക്കുന്ന വിഷയ വൃത്തികളെ തള്ളിക്കളയെണം എന്നല്ലാതെ ‘മൗനം’ ഉണ്ടാക്കെണ്ടതില്ല. അതിന്നായി പ്രയത്നിക്കേണം എന്നുമില്ല. എന്തിനാണ് പ്രയത്നം ? പ്രത്യക്ഷമായുള്ളതിനെ കാണുകയല്ലേ വേണ്ടൂ ? ” എന്നരുളി.

ഭഗവാന്‍ സംസാരിക്കുന്നതു റിക്കാര്‍ഡ് ചെയ്യേണമെന്നു റേഡിയോ കമ്പനിക്കാര്‍ പറയുന്നു എന്ന് കേട്ട് എന്നൊരാള്‍ പറഞ്ഞു. “ഭഗവാന്‍, ഓ! ഹോ! അങ്ങിനെയാണോ ? എന്റെ സംസാരം മൗനമാണല്ലോ ‘മൗന’ത്തെ ഏതു വിധത്തില്‍ റിക്കാര്‍ഡാക്കും ? ഉള്ളത് ‘മൗനം’ ഒന്ന് മാത്രമാണ്. അതിനെ റിക്കാര്‍ഡ് ചെയ്യുവാന്‍ ആരാല്‍ സാധിക്കും ? ”

സഭ്യരെല്ലാം അന്യോന്യം നോക്കി ഇരിപ്പായി. ഹാള്‍ മുഴുവന്‍ നിശബ്ദമായിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി സ്വരൂപമായ ഭഗവാന്‍ ദക്ഷിണാഭിമുഖമായ് മുദ്ര ധരിച്ചു. ആത്മ ജ്യോതി പ്രകാശം ദേദീപ്യമായമായ കാന്തിയില്‍ ജ്വലിച്ചു ശോഭിച്ചിരുന്നിരിക്കുന്നു ആ രമണ മൂര്‍ത്തി. “സ്വാത്മാരാമം, മുദിതവദനം ദക്ഷിണാമൂര്‍ത്തി മീഡെ” ഇന്നെന്തൊരു സുദിനമാണ്.