ശ്രീ രമണമഹര്‍ഷി

ജൂലൈ 21, 1935

പ്രൊഫസര്‍ തനിക്കല്പം അകലെയായിരുന്ന ഒരു സ്ത്രീയോട്‌ ഭഗവാന്‍ പറഞ്ഞതിനെയെല്ലാം ഹിന്ദിയില്‍ പറഞ്ഞു കേള്‍പ്പിച്ചു. ആ സ്ത്രീ ഭഗവാനോട്‌:

ധ്യാനത്തിനും വിക്ഷേപത്തിനും വ്യത്യാസമെന്താണ്‌?

ഉ: ഭേദമൊന്നുമില്ല. വിചാരം ഉണ്ടാവുന്നതിനെ വിക്ഷേപം എന്നു പറയുന്നു. വിചാരം ഒടുങ്ങിയതിനെ ധ്യാനമെന്നും പറയുന്നു. ധ്യാനവും അഭ്യാസത്തില്‍പ്പെട്ടതാണ്‌. ആയാസ രഹിതമായ സഹജശാന്തിയാണ്‌ അനുഭൂതിനില. ധ്യാനിക്കുന്നതെങ്ങനെ? വിചാരത്തിനിടം കൊടുക്കാതിരിക്കുന്നതാണത്‌.

ചോ: ധ്യാനവും, വ്യവഹാരവും യോജിച്ചു പോകുമോ?

ഉ: വ്യവഹരിക്കുന്നതാര്‌? അവനല്ലേ ആ പ്രശ്നം. പ്രശ്നങ്ങളെ ഉണ്ടാക്കുന്നത്‌ മനസ്സ്‌. മനസ്സ്‌ നാമല്ല. ആത്മാവാണ്‌ നാം. ആത്മസന്നിധിയില്‍ വ്യവഹാരമെല്ലാം സ്വയം ഒഴിഞ്ഞു മാറും. അതിനാല്‍ വ്യവഹാരം സാക്ഷാല്‍ക്കാരത്തിനു തടസ്സമല്ല. കര്‍ത്താവു താനാണെന്നു തന്നെ സ്വയം ബന്ധിക്കുന്നതാണ്‌ ദുഃഖത്തിനു കാരണം. കര്‍ത്താവ്‌ താനാണെന്ന മിഥ്യാവിചാരത്തെ ഒഴിച്ചു വയ്ക്കണം.

പ്രൊഫസര്‍: അബോധാവസ്ഥ അഖണ്ഡാവസ്ഥയെ തൊട്ടുനില്‍ക്കുന്നതല്ലേ?

ഉ: അഖണ്ഡാവസ്ഥ മാത്രമേ ഉള്ളൂ. മറ്റൊന്നുമില്ല.

ചോ: ഭഗവാന്റെ മൗനത്തില്‍ ശാന്തി പ്രകാശിക്കുന്നു. ആ സന്നിധിയില്‍ മനസ്സ്‌ താനേ ശാന്തിയടയുന്നു.

ഉ: മൗനമാണ്‌ അവിരാമമായ സംസാരം. ഈ സംസാരത്തെ വാകൊണ്ടുള്ള മറ്റു സംസാരങ്ങള്‍ തടയുന്നു. മൗനത്തില്‍ മനസ്സ്‌ സര്‍വ്വ ചുറ്റുപാടുകളോടും സമരസത്തില്‍ ചേര്‍ന്നിരിക്കുന്നു. അതാണ്‌ ദക്ഷിണാമൂര്‍ത്തിയുടെ മൗനപ്രഭാവം. മൗനം പരം പൊരുള്‍ സത്യത്തെ നല്ലോണം വ്യാഖ്യാനിക്കുകയാണ്‌. അതുമൂലം അദ്ദേഹത്തിന്റെ നാലു ശിഷ്യന്മാരുടെ സംശയങ്ങളും നിവര്‍ത്തിക്കപ്പെട്ടു. മൗനത്തിന്റെ ശക്തി അത്രത്തോളമാണ്‌.

സംസാരിക്കാന്‍ വാഗിന്ദ്രിയം ഒന്നാവശ്യമണ്‌. സാധാരണ വാഗിന്ദ്രിയത്തെ അനുസരിച്ചു തോന്നുന്ന അതിന്റെ വ്യാപാരമാണ്‌ സംസാരം. മൗനസംസാരം മനസ്സിനും മുന്‍പേയുള്ളത്‌, മനസ്സിനപ്പുറത്തിരിക്കുന്നത്‌, മിണ്ടാത്ത മിണ്ടല്‍. അതീതനിലയെപ്പറ്റിയുള്ള പ്രസംഗമാണത്‌. പരവാക്കെന്നു പറയുന്നതിതിനെയാണ്‌.

ചോ: അനുഭവനിലയില്‍ അറിവു പ്രകാശിക്കുമോ?

ഉ: നിദ്രയിലാണ്‌, അറിവ്‌ പ്രകാശിക്കാതിരിക്കുന്നത്‌. എന്നാല്‍ അനുഭൂതിയില്‍ അറിവു പ്രകാശിക്കുന്നു. പക്ഷേ ഇവിടത്തെ അറിവില്‍ കര്‍ത്താ, കര്‍മ്മങ്ങളില്ല. അഖണ്ഡജ്ഞാനമാണ്‌. അറിവിന്റെ വാച്യാര്‍ത്ഥം മനോവൃത്തിയാണ്‌. ലക്ഷ്യാര്‍ത്ഥം ആത്മബോധവും.