ശ്രീ രമണമഹര്‍ഷി

ജനുവരി 27, 1936

148. താന്‍ നാദത്തെ ധ്യാനിക്കുകയാണ്‌. അത്‌ ശരിയാണോ എന്ന്‌ ഒരു ഗുജറാത്തി ഭക്തന്‍ ചോദിച്ചു.

ഉ: മനസ്സിനെ ഏകാഗ്രമാക്കിത്തീര്‍ക്കാന്‍ ഉപദേശിക്കപ്പെട്ടിട്ടുള്ള പല മാര്‍ഗ്ഗങ്ങളിലൊന്നാണ്‌ നാദാനുസന്ധാനം. അതിനെ പലരും ശ്ലാഘിക്കുന്നുണ്ട്‌. കുഞ്ഞിനെ താരാട്ട്‌ പാടിയുറക്കുന്നതുപോലെ നാദം മനസ്സിനെ താരാട്ടി സമാധിയിലേക്കു കൊണ്ടുചെല്ലും. ദൂരയാത്ര കഴിഞ്ഞു വരുന്ന പുത്രനെ എതിരേറ്റു സ്വീകരിക്കാന്‍ രാജാവയയ്ക്കുന്ന കൊട്ടാരവിദ്വാന്മാരെപ്പോലെ നാദം സാധകനെ ഈശ്വരസന്നിധിയിലാനയിക്കുകയും. നാദം ഏകാഗ്രതയെ വളര്‍ത്തുകയും ചെയ്യും. ഈ അനുഭവം ഉണ്ടായാല്‍ അഭ്യാസത്തെ മതിയാക്കരുത്‌. കാരണം നമ്മുടെ ലക്ഷ്യമതല്ല. തന്റെ ലക്ഷ്യം താന്‍ താന്‍ തന്നെയായിരിക്കണം. താന്‍ തന്നെത്തന്നെ പ്രാപിച്ചില്ലെങ്കില്‍ അത്‌ ലയത്താല്‍ വിലയിക്കും. ലയം വന്നാലും സാക്ഷിയെ ലക്ഷ്യമാക്കണം. നാദാനുസന്ധാനം സ്വരൂപജ്ഞാനത്തോടുകൂടിയതായിരുന്നാല്‍ നാദം തന്മയമായി ചിന്മയമായി പ്രകാശിക്കും. അങ്ങനെയുള്ള നാദാനുസന്ധാനത്താല്‍ ഏകാഗ്രത സംഭവിക്കുന്നു.