ശ്രീ രമണമഹര്‍ഷി

ചോദ്യം: നമസ്ക്കാരമെന്താണ്?
രമണമഹര്‍ഷി: അഹന്ത അടങ്ങുന്നതാണ് നമസ്കാരത്തിന്റെ താല്പര്യം. അഹന്തയെ തന്‍റെ ആദിയില്‍ (ആത്മാവില്‍) ഒടുക്കുകയാണ് നമസ്ക്കാരം കൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തെ നിലത്തിപ്പിടിച്ചു ഈശ്വരനെ കബളിപ്പിക്കാന്‍ സാധിക്കുകയില്ല. അഹന്തയൊഴിഞ്ഞയിടത്തേ അരുളൊളി പ്രകാശിക്കുകയുള്ളൂ.

ചോ: ആത്മാവിനെ അറിയുന്നത് മനസ്സിനന്യമായ ഒരു ബോധം കൊണ്ടാണോ?
മഹര്‍ഷി: ജാഗ്രത്തിലെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അറിവുകള്‍ക്ക് സാക്ഷിയായി നിന്നു പ്രകാശിക്കുന്നതും ഉറക്കത്തില്‍ ഇവ ഒടുങ്ങിയ ശാന്തിക്കും സാക്ഷിയായി പ്രകാശിക്കുന്നതുമാണ് ആത്മാവ്. അതിനെ അതുതന്നെ അറിഞ്ഞുകൊള്ളും.

ചോ: ഗുരുകാരുണ്യം കൊണ്ട് പക്വതക്ക് പുരോഗമനം ഉണ്ടാവുകയില്ലേ?

മഹര്‍ഷി: അക്കാര്യം അവനു വിടുക. താന്‍ നിസ്സഹായന്‍ എന്നു കരുതുന്ന പക്ഷം തന്നെ നിരുപാധികം അര്‍പ്പിക്കുക. അല്ലെങ്കില്‍ ദുഃഖകാരണത്തെപ്പറ്റി ചിന്തിച്ച് സര്‍വ്വത്തിനും ആദിയെ കണ്ടുപിടിച്ചു അതിനോടു (ആത്മാവിനോട്) ചേര്‍ന്നുകൊള്ളുക. ഈ രണ്ടിലൊന്നേ മാര്‍ഗ്ഗമായുള്ളൂ.

ചോ: സര്‍വ്വാര്‍പ്പണത്തിനുശേഷം മനസിന്‍റെ അവസ്ഥ എന്തായിരിക്കും?
മഹര്‍ഷി: അര്‍പ്പണം ചെയ്തതിനു ശേഷമുള്ള മനസ്സാണോ ഈ ചോദിക്കുന്നത്‌. ( എല്ലാവരും ചിരിക്കുന്നു)

ഒരു ഭക്തന്‍ : ദേഹാത്മബുദ്ധിയെ എങ്ങനെ ഒഴിക്കാം?
രമണമഹര്‍ഷി: ഉറക്കമെന്താണ്? അപ്പോള്‍ ദേഹാത്മബുദ്ധിയുണ്ടോ?

ചോ: അതജ്ഞാനത്തിന്റെ വൃത്തിയാണ്.
മഹര്‍ഷി: ഉറക്കത്തില്‍ അജ്ഞാനത്തെക്കണ്ടോ?

ചോ: യുക്തികൊണ്ടും അനുഭവം കൊണ്ടും മനസ്സിലാക്കി.
മഹര്‍ഷി: അനുഭവത്തിനും യുക്തി ആവശ്യമാണോ? (എല്ലാവരും ചിരിക്കുന്നു.)

മൂന്നര മണിക്കു പിരിഞ്ഞു പോകുന്നതിനുമുമ്പ് സാഡ്‌വെല്‍ ചോദിച്ചു:
നേതി, നേതി എന്നു പറയുന്നതെന്താണ്?
രമണമഹര്‍ഷി: ദേഹേന്ദ്രിയാദികളെ ആത്മാവെന്നു തെറ്റിദ്ധരിക്കുന്നതിനാല്‍ അവയൊന്നുമാത്മാവല്ല എന്ന് ഓരോന്നിനെയും നിഷേധിക്കുന്നതിനെയാണ് ‘നേതി, നേതി’ എന്നുപറയുന്നത്. നിഷേധിക്കാന്‍ കഴിയാത്ത ഒന്നില്‍ ഊന്നിക്കൊണ്ടായിരിക്കണം ഇതുചെയ്യേണ്ടത്. അതു ‘ഇതി’ മാത്രമാണ്.