ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 13, 1935

109. അംബാലയില്‍ നിന്നും ഭഗവാനെക്കാണാന്‍ വന്ന രണ്ടുപേര്‍ കുറേ ദിവസങ്ങളായി ആശ്രമത്തില്‍ തങ്ങിയിരുന്നു. അവര്‍ മടങ്ങിപ്പോകാന്‍ യാത്ര പറയുന്ന അവസരത്തില്‍ തങ്ങളുടെ സ്നേഹിതന്മാര്‍ക്കും മറ്റും ഉള്ള ആദ്ധ്യാത്മിക ആലസ്യത്തെ എങ്ങനെ മാറ്റാമെന്നു ചോദിച്ചു.

ഉ: നാം നമ്മുടെ ആലസ്യത്തെ ആദ്യം മാറ്റുക. അത്‌ മറ്റുള്ളവര്‍ക്കും പാഠമായിത്തീരും. നിങ്ങളുടെ മനസ്സാന്നിധ്യംകൊണ്ട്‌ മറ്റുള്ളവരെ നിങ്ങളുടെ വശത്തു കൊണ്ടുവരാം. എന്നാല്‍ അത്‌ മാനസിക പരിവര്‍ത്തനമേ ആകുന്നുള്ളൂ. അതിനാല്‍ ആദ്യം നമ്മുടെ ശ്രദ്ധ തന്നെ ദൃഢപ്പെടട്ടെ.

ചോ: എന്റെ മയക്കത്തെ ഞാനെങ്ങനെ മാറ്റും?

ഉ: മയങ്ങുന്നതാരെന്നു നോക്കണം. അതിന് അന്തര്‍മുഖനായിരുന്നു താനാരാണെന്നന്വേഷിക്കണം. നിങ്ങളുടെ സ്വന്തം അന്വേഷണം മറ്റുള്ളവര്‍ക്കു പ്രേരകമായിത്തീരും.