സ്വാമി വിവേകാനന്ദന്‍

ഈ കാലത്ത് കര്‍മ്മപരതയെ പ്രശംസിപ്പാനും ചിന്താപരതയെ നിന്ദിപ്പാനും ഒരു വാസന കാണുന്നുണ്ട്. കര്‍മ്മം വളരെ നല്ലത്, എന്നാല്‍ അത് ആലോചനയുടെ ഫലമാണ്. ശക്തി ശരീരത്തില്‍ കൂടെ ലഘുവായി പ്രകാശിക്കുന്നതിനെ കര്‍മ്മമെന്നു പറയുന്നു. എന്നാല്‍ എവിടെ വിചാരമില്ലയോ അവിടെ കര്‍മ്മമില്ല. അതുകൊണ്ട് ഉല്‍കൃഷ്ടവിചാരങ്ങളും ഉന്നതാദര്‍ശങ്ങളുംകൊണ്ടു ബുദ്ധി നിറയ്ക്കുക, രാപ്പകല്‍ അതില്‍ത്തന്നെ ദൃഷ്ടിവെയ്ക്കുക. അതില്‍നിന്നു മഹാകര്‍മ്മങ്ങള്‍ ഉദ്ഭവിക്കും. പാപത്തെപ്പറ്റി പറയാതിരിപ്പിന്‍. നാം പരിശുദ്ധന്‍മാരാണെന്നു പറയുവിന്‍. നാം ക്ഷുദ്രജീവികളാണ്, ജനിച്ചവരാണ്, മരിപ്പാന്‍ പോകുകയാണ് എന്നുള്ള വിചാരത്തിലും നിത്യഭയത്തിലും നാംതന്നെ നമ്മെ മയക്കിയിട്ടിരിക്കുകയാണ്. ഒരു കഥയുണ്ട്; ഗര്‍ഭിണിയായ സിംഹം ഇര തേടി നടന്ന് ഒരു ആട്ടിന്‍കൂട്ടത്തെ കണ്ട് അതില്‍ ചെന്നുചാടി. ആ ഉദ്യമത്തില്‍ അതു പെറ്റു, അപ്പോഴേ മരിക്കയും ചെയ്തു. തള്ളയില്ലാത്ത സിംഹക്കുഞ്ഞിനെ ആടുകള്‍ വളര്‍ത്തി. അതും ആടിനെപ്പോലെ കൂട്ടത്തില്‍ നടന്ന് പുല്ലു തിന്ന്, ആടിനെപ്പോലെ കരഞ്ഞ്, വളര്‍ന്ന്, കാലക്രമത്തില്‍ ഒരു വലിയ സിംഹമായി. എങ്കിലും താന്‍ ഒരാടാണെന്നേ അതിനു ഭാവനയുണ്ടായിരുന്നുള്ളു. ഒരു ദിവസം മറ്റൊരു സിംഹം ഇര തേടി നടന്ന്, ആട്ടിന്‍പറ്റത്തില്‍ ഈ സിംഹത്തെ കണ്ട് ആശ്ചര്യപ്പെട്ടു: ഒരു തനിസിംഹം, അപകടം വരുമ്പോള്‍ പേടിച്ചോടുന്നു. ”നീ ആടല്ല, സിംഹമാണ്” എന്ന് അതിനോടു പറയണമെന്നു നിശ്ചയിച്ച് അതിന്റെ സമീപത്തേക്കു ചെല്ലുവാന്‍ ശ്രമിച്ചു. പക്ഷേ ആ സാധു ഭയപ്പെട്ടോടി. ഇരിക്കട്ടെ, അവസരമുണ്ടാകും എന്നുവെച്ച് സിംഹം കാത്തിരുന്നു. ഒരു ദിവസം ആ അജസിംഹം ഉറങ്ങിക്കിടക്കുന്നതു കണ്ടു. അപ്പോള്‍ അതിന്റ അടുത്തുചെന്ന് ”നീ സിംഹമാണല്ലോ” എന്ന് അതിനോടു പറഞ്ഞു. ”അല്ല, ഞാന്‍ ആടാണ്” എന്നു അജസിംഹം കരഞ്ഞു, ആടല്ലെന്നു വിചാരിപ്പാന്‍ കഴിയാതെ അങ്ങു വിലാപം തുടങ്ങി. അപ്പോള്‍ സിംഹം അതിനെ ഒരു സരസ്സിനരികത്തേക്ക് പിടിച്ചുകൊണ്ടുപോയി – ”ഇതാ നോക്ക് എന്റെ നിഴല്‍, നിന്റെയും നോക്ക്” എന്നു പറഞ്ഞു. അജസിംഹം രണ്ടും ഒത്തുനോക്കി. സിംഹത്തിന്റെ നിഴല്‍ കണ്ടു: തന്റേതും അതുപോലിരിക്കുന്നതു കണ്ടു. താന്‍ സിംഹമാണെന്ന ബോധം ആ നിമിഷത്തില്‍ ഉദിച്ചു: അതു ഗര്‍ജ്ജിച്ചു: പിന്നെ അതിന് ആടിന്റെ കരച്ചിലുണ്ടായില്ല. അല്ലയോ മനുഷ്യരേ, നിങ്ങള്‍ അജങ്ങളല്ല, സിംഹങ്ങളാണ്: നിങ്ങള്‍ ആത്മാക്കള്‍, നിര്‍മ്മലനിത്യപൂര്‍ണ്ണാത്മാക്കള്‍: ജഗത്തിന്റെ കരുത്തു മുഴുവന്‍ നിങ്ങളിലിരിക്കുന്നു. ”സ്നേഹിതാ! നീ എന്തേ കരയുന്നു? നിനക്ക് ജനനമില്ല: മരണമില്ല: നീ കരയുന്നതെന്തിന്? നിനക്ക് രോഗമില്ല, ദുഃഖമില്ല: നീ അനന്താകാശതുല്യന്‍, വിവിധവര്‍ണ്ണങ്ങളായ മേഘങ്ങള്‍ ആകാശത്തില്‍ വന്നു നിമിഷനേരം പാറി നടക്കുന്നു, മാഞ്ഞുംപോകുന്നു. ആകാശമോ, നിത്യനീലമായിത്തന്നെ ഇരിക്കുന്നു! നാം ദുഷ്ടത കാണ്‍മാന്‍ കാരണമെന്ത്?

ഇരുളില്‍ ഒരു മരക്കുറ്റിയുണ്ടായിരുന്നു. ഒരു കള്ളന്‍ ആ വഴിയേ വന്ന്, അതൊരു പോലീസുകാരനാണെന്നു വിചാരിച്ചു. പ്രിയതമയെ കാത്തിരുന്ന ഒരു യുവാവ് അതു കണ്ട്, അതു തന്റെ ഹൃദയേശ്വരിയാണെന്നു കരുതി. ഭൂതങ്ങളുടെ കഥകള്‍ കേട്ടിരുന്ന ഒരു കുട്ടി അതൊരു ഭൂതമാണെന്നു ധരിച്ച് ഉറക്കെ നിലവിളിച്ചു. ഈ സമയമത്രയും അതൊരു മരക്കുറ്റിത്തന്നെയായിരുന്നു. നാമെങ്ങനെയോ, അങ്ങനെയാണ് നമുക്കു ലോകം. ഈ മുറിയില്‍ ഒരു ഭാരം കനകവും ഒരു ചെറുപൈതലും ഉണ്ടെന്നു വിചാരിക്കുക. ഒരു കള്ളന്‍ വന്ന് ആ കനകം കട്ടുകൊണ്ടുപോയാല്‍, അതു കട്ടുകൊണ്ടുപോയി എന്നു കുട്ടി ധരിക്കുമോ? നമ്മുടെ ഉള്ളിലുള്ളതു നാം പുറമേയും കാണുന്നു. കുട്ടിയുടെ ഉള്ളില്‍ കള്ളനില്ല: പുറമേയും കള്ളനെ കാണുന്നില്ല. എല്ലാ ജ്ഞാനവും ഇതുപോലെതന്നെയാണ്. ലോകത്തിലെ ദുഷ്ടതയെയും പാപത്തെയും പറ്റി പറയേണ്ട. ഞാന്‍ ഇനിയും ദുഷ്ടത കണ്ടുപോകുന്നല്ലോ എന്നു വ്യസനിക്കുക. എന്റെ പാപദൃഷ്ടി നശിച്ചിട്ടില്ലല്ലോ എന്നു ദുഃഖിക്കുക. ലോകത്തിനുപകാരം ചെയ്യണമെന്നുണ്ടെങ്കില്‍ ലോകത്തെ നിന്ദിക്കാതിരിക്കുക: അതിനു ദുര്‍ബ്ബലത വര്‍ദ്ധിപ്പിക്കാതിരിക്കുക: പാപവും ദുഃഖവും മറ്റുമെല്ലാം ദുര്‍ബ്ബലതയുടെ ഫലമല്ലാതെ മറ്റെന്ത്? അത്തരം ഉപദേശങ്ങളാല്‍ ലോകം ദിനംതോറും ദുര്‍ബ്ബലതരമാകുന്നു. നിങ്ങള്‍ പാപികള്‍, ദുര്‍ബ്ബലന്‍മാര്‍ എന്നു മനുഷ്യരെ ബാല്യംമുതല്‍ പഠിപ്പിക്കുന്നുവല്ലോ. അവര്‍ അമൃതത്വത്തിന്റെ ദിവ്യസന്താനങ്ങളാണെന്നു പഠിപ്പിക്കുക. ഏറ്റവും ക്ഷീണിച്ച പ്രകാശമുള്ളവരെപ്പോലും അങ്ങനെ പഠിപ്പിക്കുക. ബലവും കഴിവും പൗരുഷവും തോന്നിക്കുന്ന വിചാരങ്ങള്‍ ബാല്യംമുതല്‍ അവരുടെ ബുദ്ധിയില്‍ പ്രവേശിക്കട്ടെ. നിങ്ങളെ ഈ വിചാരങ്ങള്‍ക്കു വിധേയമായി വിട്ടുകൊടുക്കുക: ബലം കെടുത്തി തളര്‍ത്തുന്നവയ്ക്കല്ല. ”സോിഹം സോിഹം” എന്നു സ്വന്തം മനസ്സിനോടു പറയുക, അതൊരു ഗീതംപോലെ രാപ്പകല്‍ മനസ്സില്‍ മുഴങ്ങട്ടെ: അന്ത്യനിമിഷത്തിലും സോിഹം എന്നു പറയുക, അതത്രേ സത്യം. ലോകത്തിലെ അനന്തശക്തിയും നിങ്ങളിലുണ്ട്. ഇപ്പോള്‍ നിങ്ങളുടെ മനസ്സിനെ മൂടിക്കിടക്കുന്ന മൂഢവിശ്വാസങ്ങളെ അടിച്ചു പുറത്താക്കുക. നമുക്കു ധീരരാവുക. സത്യം അറിയുക, സത്യം അനുഷ്ംിക്കുക, ലക്ഷ്യം വളരെ ദൂരത്തായിരിക്കാം: എന്നാലെന്ത്? ”ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യപ്രാപ്തിവരെ വിരമിക്കാതിരിക്കുക.’