സ്വാമി വിവേകാനന്ദന്‍

എങ്കിലും നാം നന്മ ചെയ്യണം; അന്യരെ സഹായിക്കാന്‍ കിട്ടുന്ന അവസരം ഒരു ഭാഗ്യമാണെന്നുള്ള ബോധം എല്ലാ സമയവും നമുക്കുണ്ടെങ്കില്‍, നന്മ ചെയ്യാനുള്ള ആഗ്രഹം ഏറ്റവും മഹത്തായ പ്രേരകശക്തിയാണ്. നിങ്ങള്‍ ഉയര്‍ന്നനിലയിലിരിക്കുന്നു എന്ന ഭാവത്തോടെ അഞ്ചു പൈസയെടുത്തു കൈയില്‍ പിടിച്ചുകൊണ്ട് ‘പിച്ചക്കാരാ, ഇതാ’ എന്നു പറയരുത്. ഒരു ദാനം ചെയ്യാനും അതുമൂലം നിങ്ങളെത്തന്നെ സഹായിക്കാനും സന്ദര്‍ഭം നല്കിക്കൊണ്ട് ആ ദരിദ്രന്‍ വന്നുവല്ലോ എന്നു വിചാരിച്ച് കൃതജ്ഞനായിരിക്കുക. അനുഗ്രഹിക്കപ്പെടുന്നതു ദാനം വാങ്ങുന്നവനല്ല, ദാനം ചെയ്യുന്നവനാകുന്നു. ഈ ലോകത്തില്‍ ഔദാര്യവും കാരുണ്യവും അഭ്യസിച്ച് തദ്ദ്വാരാ നിര്‍മ്മലനും പൂര്‍ണ്ണനും ആയിത്തീരാനുള്ള അവസരം ലഭിച്ചതില്‍ നന്ദിയുള്ളവരായിരിക്കുക.

എല്ലാ സത്പ്രവൃത്തിയും നമ്മെ നൈര്‍മ്മല്യത്തിലേയ്ക്കും പൂര്‍ണ്ണതയിലേയ്ക്കും നയിക്കാന്‍ ഉതകുന്നു. നമുക്കു പരമാവധി ചെയ്യാന്‍ കഴിയുന്നതെന്ത്? ആസ്പത്രി പണിയുകയോ, റോഡുണ്ടാക്കുകയോ, ധര്‍മ്മശാലകള്‍ നിര്‍മ്മിക്കുകയോ ചെയ്യാം. ഒരു ധര്‍മ്മ പ്രവര്‍ത്തനം സംഘടിപ്പിച്ച് അതിന്റെ പേരില്‍ ഇരുപതോ മുപ്പതോ ലക്ഷം ഡോളര്‍ പിരിച്ച്, പത്തുലക്ഷംകൊണ്ട് ഒരു ആസ്പത്രിയുണ്ടാക്കി, മറ്റൊരു പത്തുലക്ഷം മദ്യപാനത്തിനും നൃത്തഗാനങ്ങള്‍ക്കും ചെലവഴിച്ച്, പിന്നത്തേതിന്റെ പകുതി ഭാഗം ഭാരവാഹികള്‍ കട്ടെടുത്ത്, ശേഷിക്കുന്നത് സാധുക്കളില്‍ വന്നുചേരാന്‍ സംഗതിയാക്കി എന്നു വരാം. എന്നാല്‍ ഇതിലെല്ലാം എന്തിരിക്കുന്നു? നമ്മുടെ ഗംഭീരങ്ങളായ കെട്ടിടങ്ങളെല്ലാം അഞ്ചുമിനിട്ടുകൊണ്ടു തവിടുപൊടിയാക്കുവാന്‍ ഒരു കൊടുങ്കാറ്റു മതി. അപ്പോള്‍ നമ്മളെന്തുചെയ്യും? നമ്മുടെ റോഡുകളേയും ആസ്പത്രികളേയും കെട്ടിടങ്ങളേയും വന്‍ നഗരങ്ങളെത്തന്നേയും തൂത്തടിച്ചുകൊണ്ടുപോകുവാന്‍ ഒരഗ്‌നിപര്‍വ്വതം പൊട്ടിയാല്‍ മതി. ലോകത്തിനു നന്മ ചെയ്യുന്നതിനെപ്പറ്റിയുള്ള നമ്മുടെ മൂഢജല്പനങ്ങളെല്ലാം അവസാനിപ്പിക്കുകതന്നെ. അത് എന്റേ യോ നിങ്ങളുടേയോ സഹായം കാത്തുനില്ക്കുന്നില്ല. എന്നിരുന്നാലും, നാം കര്‍മ്മത്തിലേര്‍പ്പെടുകയും നിരന്തരം നന്മ ചെയ്യുകയും വേണം; അപ്പോള്‍ അതു നമുക്കുതന്നെ അനുഗ്രഹമാകുന്നു.

നമുക്കുപരി പൂര്‍ണ്ണതയിലെത്താന്‍ ആ ഒരു മാര്‍ഗ്ഗമേയുള്ളു. നാം സഹായിച്ചിട്ടുള്ള ഒറ്റ യാചകനെങ്കിലും നമ്മോട് ഒറ്റ പൈസയ്ക്കും കടപ്പാടില്ല. ദാനം ശീലിക്കാന്‍ നമുക്കു അവസരം തന്നതുനിമിത്തം നാം അയാളോടാണ് സര്‍വ്വഥാ കടപ്പെട്ടിരിക്കുന്നത്. നാം ലോകത്തിനു നന്മ ചെയ്തിട്ടുണ്ടെന്നോ നമുക്കതിനു കഴിവുണ്ടെന്നോ വിചാരിക്കുന്നതും ഇന്നയിന്ന ആളുകളെ സഹായിച്ചിട്ടുണ്ടെന്നു മനസ്സില്‍ കരുതുന്നതും തികച്ചും തെറ്റാകുന്നു. ഇതൊരു മൂഢവിചാരമാണ്; എല്ലാ മൂഢവിചാരങ്ങളും ദുഃഖത്തെ ജനിപ്പിക്കും. നാം ഒരുത്തനെ സഹായിച്ചു എന്നു വിചാരിക്കയും, അതിന്നയാള്‍ നമ്മോടു നന്ദി കാണിക്കണമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു; അയാള്‍ അപ്രകാരം ചെയ്യാഞ്ഞാല്‍ നമുക്ക് അസുഖമുളവാകുന്നു. നാം ചെയ്യുന്നതിനുപകരം വല്ലതും ഇങ്ങോട്ടു കിട്ടണമെന്നു പ്രതീക്ഷിക്കുന്നതെന്തിന്? നിങ്ങള്‍ സഹായിക്കുന്ന മനുഷ്യനോടു കൃതജ്ഞനായിരിക്കുക; അയാളെ ഈശ്വരനായി വിചാരിക്കുക. സഹജീവികളുടെ സേവനം മുഖേന ഈശ്വരനെ ആരാധിക്കാന്‍ അനുവദിക്കപ്പെടുകയെന്നുള്ളത് ഒരു വിശേഷാനുഗ്രഹമല്ലയോ? നാം യഥാര്‍ത്ഥത്തില്‍ അനാസക്തരായിരുന്നുവെങ്കില്‍, വൃഥാപ്രതീക്ഷകളില്‍നിന്നുളവാകുന്ന ഇത്തരം വിഷാദങ്ങള്‍ കൂടാതെ കഴിക്കാനും മനഃപ്രസാദത്തോടുകൂടി സത്കര്‍മ്മങ്ങള്‍ ചെയ്‌വാനും നമുക്കു കഴിയുമായിരുന്നു. അനാസക്തബുദ്ധ്യാ ചെയ്യുന്ന കര്‍മ്മങ്ങളില്‍നിന്ന് ഒരിക്കലും ദുഃഖവും കഷ്ടപ്പാടും ഉളവാകുന്നതല്ല. ലോകം സുഖദുഃഖസമ്മി ശ്രമായി എക്കാലവും അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 5. പേജ് 77-79]