ഏവം വിധാ നരകാ യമാലയേ സന്തി ശതശഃ സഹസ്രശസ്തേഷു
സര്‍വ്വേഷു ച സര്‍വ്വ ഏവാധര്‍മ്മവര്‍ത്തിനോ യേ കേചിദിഹോദിതാ
അനുദിതാശ്ചാവനിപതേ പര്യായേണ വിശന്തി തഥൈവ ധര്‍മ്മാനുവര്‍ത്തിന
ഇതരത്ര ഇഹ തു പുനര്‍ഭവേ ത ഉഭയശേഷാഭ്യാം നിവിശന്തി (5-26-37)

ശുകമുനി തുടര്‍ന്നുഃ

ധര്‍മ്മാതിര്‍ത്തികള്‍ ലംഘിച്ചു ജീവിച്ച ഭരണാധികാരികള്‍ വൈതരിണി എന്ന നദിയില്‍ വൃത്തികെട്ട മാലിന്യങ്ങളുടെ കൂടെ കഴിയാനിടയാവുന്നു. അവിടെ അവരെ ജലജന്തുക്കള്‍ പീഢിപ്പിക്കുന്നു. വേശ്യകളോടൊപ്പം താമസിച്ച്‌ അധാര്‍മ്മീകമായി ജീവിച്ചവരെ പുയോദമെന്ന നരകത്തില്‍ തളളുന്നു.

പ്രാണനിരോധം എന്ന നരകത്തില്‍ യമഭടന്മ‍ാര്‍ മൃഗങ്ങളെ നായാടിക്കൊന്ന ബ്രാഹ്മണരേയും മറ്റുളളവരേയും കുന്തമുനയാല്‍ കോര്‍ത്തെടുക്കുന്നു. വിഷസം എന്ന നരകത്തില്‍ യാഗബലിക്ക്‌ മൃഗങ്ങളെ കൊന്നവരെ യമഭടന്മ‍ാര്‍ കൊത്തി നുറുക്കുന്നു. ലാലാഭക്ഷം എന്ന നരകത്തില്‍ സ്വന്തം ഭാര്യയെ തന്റെ രേതസ്സ്‌ കുടിക്കാന്‍ നിര്‍ബ്ബന്ധിച്ചവനെ ശുക്ലം നിറഞ്ഞ നദിയില്‍ തളളുന്നു. ഗ്രാമങ്ങളേയും വഴിയാത്രക്കാരേയും കൊളളയടിച്ചവരെ സാരമേയദാനം എന്ന നരകത്തില്‍ തളളുന്നു. അവിടെ കൂര്‍ത്തുമൂര്‍ത്ത പല്ലുകളുമായി നായ്ക്കള്‍ അവരെ കടിച്ചു കീറുന്നു. അവീചിമാതം എന്ന നരകത്തില്‍ കളളസാക്ഷി പറഞ്ഞവനേയും മറ്റുളളവരെ വ്യാപാരത്തില്‍ ചതിച്ചവരേയും ഒരു മലമുകളില്‍നിന്നു്‌ താഴോട്ട്‌ തളളിയിട്ട്‌ അവരുടെ ശരീരം ചിന്നിചിതറാനിടയാക്കുന്നു.

ഏതൊരുവന്‍ ബ്രാഹ്മണനാണെങ്കിലും അല്ലെങ്കിലും വ്രതാനുഷ്ഠാന സമയത്ത്‌ മദ്യപിക്കുന്നുവോ അവന്‌ യപനം എന്ന നരകത്തില്‍ ഉരുകിയ ഇരുമ്പുലായനി കുടിക്കേണ്ടിവരുന്നു. സോമരസം കുടിക്കുന്ന ഭരണാധികാരികള്‍ക്കും വ്യാപാരികള്‍ക്കും ഇതുതന്നെ ഗതി. മുതിര്‍ന്നവരേയും മഹാത്മാക്കളേയും ബഹുമാനിക്കാതെ ചത്തതിനോക്കുമേ ജീവച്ചിരിക്കിലും എന്ന മട്ടില്‍ കഴിഞ്ഞവര്‍ക്കുളളതാണ്‌ ക്ഷരകര്‍ദമം എന്ന നരകം. അവിടെ അവരെ തലകീഴായി വലിച്ചിഴക്കുന്നു.

ഭദ്രകാളിക്കും ഭൈരവനും വേണ്ടി നരബലി കൊടുത്തവരെ രക്ഷോഗണഭോജന എന്ന നരകത്തില്‍ യമഭടന്മ‍ാര്‍ കൊത്തി നുറുക്കുന്നു. അവരാല്‍ കൊല്ലപ്പെട്ടവര്‍ അവരുടെ രക്തം കുടിക്കുന്നു. എന്നിട്ട്‌ തങ്ങളെ പീഢിപ്പിച്ചവര്‍ ഭൂമിയില്‍ ചെയ്ത പോലെ നൃത്തം ചെയ്യുന്നു. മൃഗങ്ങള്‍ക്കും പ്രാണികള്‍ക്കും ചൂണ്ടയില്‍ ഇരകാണിച്ച്‌ വിളിച്ച്‌ കൊല്ലുന്നവര്‍ക്കും മൃഗങ്ങളെ പീഢിപ്പിച്ചവര്‍ക്കും ശൂലപ്രോതം എന്ന നരകത്തില്‍ യമഭടന്മ‍ാര്‍ ശൂലംകൊണ്ട്‌ ശിക്ഷയേകുന്നു. ക്രുദ്ധസര്‍പ്പങ്ങളെപ്പോലെ ജീവിച്ച്‌ മറ്റുളളവരെ പീഢിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവരെ ദണ്ഡസൂകം എന്ന നരകത്തില്‍ സര്‍പ്പങ്ങള്‍ ആഹരിക്കുന്നു. അവാതനിരോധനം എന്ന നരകം, ഭൂമിയില്‍ മറ്റുളളവരെ ഇരുട്ടറകളിലടച്ച്‌ ദ്രോഹിച്ചവര്‍ക്കുളളതാണ്‌. ഇരുളടഞ്ഞ ഗുഹകളും പാമ്പുകളും പുകയും നിറഞ്ഞയിടങ്ങളും അവര്‍ക്ക്‌ ശിക്ഷയേകുന്നു. മറ്റുളളവരേയും അപരിചിതരേയും ക്രുദ്ധമായി നോക്കുന്നവന്റെ കണ്ണുകള്‍ കാക്കകളും കഴുകന്മ‍ാരും കൊത്തിയെടുക്കുന്നു. മറ്റുളളവരെ അവിശ്വസിച്ച‍്‌ സ്വാര്‍ത്ഥപരമായി ധനമാര്‍ജ്ജിച്ചവന്റെ ദേഹം മുഴുവനും സൂചിമുഖം എന്ന നരകത്തില്‍ തുന്നികൂട്ടുന്നു.

ഇങ്ങനെ പാപികള്‍ ചെല്ലുന്ന അനേകായിരം നരകങ്ങളുണ്ട്‌. പുണ്യവാന്മ‍ാര്‍ സ്വര്‍ഗ്ഗലോകങ്ങളിലേക്കു പോവുമെങ്കിലും ബാക്കിയുളള കര്‍മ്മഫലത്തിനാല്‍ അവര്‍ ഇഹലോകജീവിതത്തില്‍ പുനര്‍ജ്ജനിക്കാനിടയാവുന്നു. സന്യാസത്തിലേക്കുളള രണ്ടു മാര്‍ഗ്ഗങ്ങളും ഭഗവാന്റെ സ്ഥൂലരൂപവര്‍ണ്ണനയും പതിന്നാലുലോകങ്ങളും ഞാന്‍ വിവരിച്ചു കഴിഞ്ഞു. ഏതൊരുവന്‍ ഈ വിവരണം കേള്‍ക്കുന്നുവോ അവന്‍ ഹൃദയവും മനസും നിര്‍മ്മലമായി പരമപദം പ്രാപിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF