ജീവങ്കലേക്കു പോകുന്ന ഇടുങ്ങിയവാതിലും ശ്രേയസ്സും
13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.
14 ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.
ക്രിസ്തുമതവിശ്വാസികളുടെ സത്യവേദപുസ്തകം/മത്തായി/അദ്ധ്യായം 7-ലെ മേല്‍പ്പറഞ്ഞവാക്യങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ച് ഈയുള്ളവന്‍ അല്പം ചിന്തിച്ചു. ഏതൊക്കെയാണാവോ ആ ഇടുങ്ങിയ വാതിലും വിശാലമായ വാതിലും?
ഈ വാക്യങ്ങള്‍ക്കു ക്രിസ്തുമതവിശ്വാസികള്‍ക്ക് ഒരു അര്‍ത്ഥമുണ്ടായിരിക്കും. ആ വാക്യങ്ങളെ ഉപനിഷത്തുമായി ബന്ധിപ്പിച്ച് ഈയുള്ളവന്‍ ഗ്രഹിച്ച പൊരുള്‍ താഴെ കൊടുക്കുന്നു. അറിവുള്ളവര്‍ ദയവായി കൂടുതല്‍ പറഞ്ഞുതരിക.
വിശാലമായ വാതില്‍:
അത് വീതിയുള്ളതാണ്. ധാരാളം ആള്‍ക്കാര്‍ തെരഞ്ഞെടുക്കുന്നതും ഇതേ വാതിലാണ്, കാരണം അത് സുഖമായ വഴിയാണ്. വഴിയരികില്‍ സന്തോഷിക്കാനും സുഖിക്കാനും ധാരാളം അവസരങ്ങള്‍ ഉണ്ട്. പക്ഷെ ആ വഴിയുടെ അവസാനം സ്വയം നാശമാനെന്നുമാത്രം. എല്ലാവരും പോകുന്ന വഴിതന്നെ ശരിയായ വഴി എന്ന ചിന്തയാല്‍ കൂടുതല്‍പേരും ആ വഴി സ്വീകരിക്കുന്നു. മറിച്ചു ചിന്തിയ്ക്കാന്‍ ആരും മിനക്കെടാറില്ല. സ്വന്തമായി ചിന്തിച്ചു ഒരു വാതില്‍ തെരഞ്ഞെടുത്തു അത് വഴി പോകാന്‍ കൂടുതല്‍പ്പേര്‍ക്കും മടിയാണ്. ആള്‍ക്കൂട്ടത്തെ പിന്തുടരുകയല്ലേ എളുപ്പം, അത് നാശത്തിലെക്കായാലും. സുഖം സൗകര്യങ്ങളുടെ പുറകെമാത്രം ഓടുന്ന മനുഷ്യരുടെ പാത ആയിരുക്കും ഇവിടെ പറയുന്നത്. ആത്യന്തികമായി വിജയമാണോ എന്നൊന്നും നോക്കില്ല, ഇപ്പോള്‍ സുഖിക്കണം എന്നുമാത്രം ചിന്ത.
ഇടുങ്ങിയ വഴി:
അത് ജീവങ്കലേക്കു പോകുന്നതാണ്. ഞെരുങ്ങിയ വഴിയാണ്. ഈ വഴി കണ്ടെത്തുന്നവര്‍ ചുരുക്കമാണ്. ജീവങ്കലേക്കു പോകുക എന്നാല്‍ എന്തായിരിക്കും? നമ്മുടെ ജീവന്‍ എവിടെയാണ് ഇരിക്കുന്നത് എന്നറിയുകയാണോ? അതായത് ഈ ഞാന്‍ എന്താണ്, ഞാന്‍ ആരാണ് എന്നറിയാനുള്ള മാര്‍ഗ്ഗമാണോ ആ ഇടുങ്ങിയ വഴി? ഈ സംസാരജീവിതത്തില്‍ നിന്നു മാനസികമായി മുക്തി നേടാനുള്ള മാര്‍ഗ്ഗമാണോ ജീവങ്കലെയ്ക്കുള്ള ഈ പാത? അല്ലെങ്കില്‍ പിന്നെ ഏതാണാ വഴി?
ശ്രേയസ്സിനെയും പ്രേയസ്സിനെയും കുറിച്ചു പ്രദിപാദിക്കുന്ന കഠോപനിഷത്തിലെ ചില ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.
മോക്ഷസാധനമായ ശ്രേയസ്സ് വേറെയാണ്; ലൗകികസുഖഹേതുവായ പ്രേയസ്സ് വേറെയാണ്. രണ്ടിനും വ്യത്യസ്ത പ്രയോജനമാണ്. വിദ്യാരൂപമാണ് ശ്രേയസ്; പ്രേയസ്സ് അവിദ്യാരൂപവും. പ്രേയസ്സ് കൈക്കൊള്ളുന്നവന്‍ പരമമായ പുരുഷാര്‍ത്ഥത്തില്‍ നിന്നുമകലുന്നു.
ബുദ്ധിമാന്‍ ആലോചിച്ച് ശ്രേയസ്സും പ്രേയസ്സും തിരിച്ചറിയുന്നു. അവന്‍ പ്രേയസ്സിനേക്കാള്‍ ശ്രേഷ്ഠമെന്നറിഞ്ഞു ശ്രേയസ്സിനെ കൈക്കൊള്ളുന്നു. ലൗകികകാര്യങ്ങളിലെ താല്‍പര്യത്താല്‍ മൂഡബുദ്ധികള്‍ പ്രേയസ്സില്‍ കുടുങ്ങുന്നു.
ഹേ നചികേതസ്സ്, ഏറെ പ്രലോഭിപ്പിച്ചിട്ടും നീ കാമ്യവസ്തുക്കളെല്ലാം അവയുടെ അനിത്യവും അസാരത്വവും മനസ്സിലാക്കി ഉപേക്ഷിച്ചു. മിക്ക ജനങ്ങളും ആസക്തരായിത്തീരുന്ന ഇന്ദ്രിയസുഖാദികളെ നീ കൈക്കൊണ്ടില്ല.
അവിദ്യയായ പ്രയോമാര്‍ഗ്ഗവും വിദ്യയായ ശ്രേയോമാര്‍ഗ്ഗവും വിരുദ്ധസ്വഭാവവും വിരുദ്ധഫലം ചെയ്യുന്നതുമാണ്. നചികേതസ്സ് വിദ്യപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവനാണെന്ന് ഞാന്‍ അറിയുന്നു. കാമ്യവസ്തുക്കളൊന്നും അവനെ പ്രലോഭിപ്പിച്ചിട്ടില്ല.
അതായത്, ശ്രേയസ്സിലേക്കുള്ളതാണ് ആ ഇടുങ്ങിയ വാതില്‍; പ്രേയസിലേക്കുള്ളതാണ് ആ വിശാലമായ വാതില്‍. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുവോ?
ഇതുവരെ 5 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





എഴുത്തുകാരന്റെ വീക്ഷണമാണല്ലോ ഒരു കൃതിയെ മഹത്തരമാക്കുന്നത്. വേദങ്ങളും, വേദപുസ്തകങ്ങളും ഒക്കെ അത്തരം മഹത് വീക്ഷണമുള്ളവരാൽ എഴുതപ്പെട്ടവയാണ്. തീര്‍ച്ചയായും നാശത്തിലേയ്ക്കുള്ള വഴി വളരെ വിശാലമാണ്, ആൾക്കൂട്ടത്തെ പിന്തുടരുന്നവര്‍ ആണ് അധികവും, അത് നാശത്തിലേയ്ക്ക് ആണ് എന്ന് മനസ്സിലായാലും ഞാൻ മാത്രമല്ലല്ലോ എന്ന ന്യായികരണവും ഉണ്ടാകും. മനുഷ്യനായി ജനിച്ചാൽ അവൻ ശ്രേയസ്സ് അല്ലങ്കിൽ പ്രേയസ്സ് എന്നീ സംഭവങ്ങളിൽ ഒന്ന് സ്വീകരിച്ചാവണം, അല്ലെങ്കിൽ ഇതിൽ അധിഷ്ടിതമാണ് ജീവിതം. വിദ്യാരൂപമാണ് ശ്രേയസ്സ് അവിദ്യാരൂപമാണ് പ്രേയസ്സ്. ലൌകിക കാര്യങ്ങളിലെ താത്പര്യത്താൽ മൂഡബുദ്ധികൾ പ്രേയസ്സിൽ കുടുങ്ങുന്നു.ഇക്കൂട്ടര്‍ ഇന്ദ്രീയസുഖത്തിൽ ആസക്തര്‍ ആണ്, ഇങ്ങനെ വരുമ്പോൾ 95% മനുഷ്യരും പ്രെയസ്സിനെ കൈക്കൊള്ളുന്നവര്‍ ആണ് എന്ന് കാണാം, ഇന്ദ്രീയ, ലൌകിക കാര്യങ്ങൾ നിന്നും വിമുക്തനാവുക എന്നാൽ ആത്മീയജീവിതം നയിക്കുക എന്ന് വരില്ലെ, ഈ കാലഘട്ടത്തിൽ അത്തരം ഒരു ജീവിതം സാധ്യമാണോ ? കുത്തും കോമയ്ക്കും സംശയം. ബ്രഹ്മചര്യത്തിൽ അധിഷ്ടിതമായ ആത്മീയ ജീവിതം പ്രകൃതി വിരുദ്ധമല്ലെ ? ( ആത്മീയത പ്രകൃതി വിരുദ്ധമാണ് എന്ന് പറഞ്ഞില്ല) പിന്നെ ഈ പോസ്റ്റിലെ മറ്റൊരു കാര്യം കൂടെ സംശയ നിവാരണത്തിനായി ടൈപ്പുന്നു മദ്യപാനം, വ്യഭിചാരം എന്നിവ നാശത്തിലേയ്ക്ക് നയിക്കും എന്ന് എല്ലാവര്‍ക്കും അറിയാം എന്നാൽ ഈ രണ്ടുകാര്യവും ചെയ്യാത്തവരല്ലെ എണ്ണത്തിൽ കൂടുതൽ (ചയ്യാത്തതിന്റെ കാരണങ്ങൾ പലതും ആവാം ) അപ്പോൾ ഇക്കൂട്ടര്‍ക്ക് പോകാൻ ചെറിയ വാതിൽ പോരെ
ശരി കുത്ത് കോമ്മ, അങ്ങനെയാകട്ടെ.
ആത്മാവും ശരീരവും പ്രവര്‍ത്തിച്ചു എന്ന് തോന്നുന്നു
വളരെ ശരിയാണ് ജകം! പ്രവര്‍ത്തിച്ചു, പ്രവര്‍ത്തിക്കും. ആത്മാവിനെയും ശരീരത്തെയും പരീക്ഷിക്കാന്‍ ഒരവസരം തന്നതിനു നന്ദി.
കുത്ത്, കോമ,
താങ്കള്‍ പറയുന്നത് പോലെ 95% ഉം പ്രേയസിനെ പുല്‍കുന്നവരാന്,അവര്‍ ചിത്തത്തില്‍ പൂര്‍വജന്മസംസ്കാരം വഹിച്ചു, ഈ ലോകത്തിലെ മായയില്‍ ആകൃഷ്ടരായി , അതില്‍ കുടുങ്ങി മതിമറന്നു നെട്ടോട്ടമോടുന്നു… എന്നാല്‍ വിവേകമുള്ളവര്‍ ഇതിലൊന്നും ഭ്രമിക്കുന്നില്ല. അവന്‍ സമബുദ്ധി നേടിയെടുത്ത് സ്വയംവീണ്ടും വീണ്ടും അഭ്യസിച്ചു ആത്മസാക്ഷാത്കാരം കൈവരിക്കുന്നു.അഹന്ത, പക, വിദ്വേഷം, അസൂയ, സ്വാര്ധത,ആസക്തി, ക്രുരത മുതലായ നെഗറ്റീവ് ഭാവങ്ങളില്‍ നിന്ന് മുക്തനാകുന്നു.
ബ്രഹ്മചര്യത്തില്‍ അധിഷ്ടിതമായ ആത്മീയജീവിതം സ്വീകരിക്കാവുന്നതാണ്, പൂര്‍വജന്മ കര്‍മഫലം അനുഭവിച്ചു തീര്‍ക്കാനായി ജനിച്ചു പോയില്ലേ.. ജീവിച്ചു തീര്‍തല്ലേ പറ്റു? അതിനു, ഒന്നിലേക്കും ആസക്തി പാടില്ല,… ,എന്ന് വെച്ചാല്‍ , , ഏതു കാര്യത്തിനും, ഒരു ലിമിറ്റ് ഉണ്ടായിരിക്കണം, ധര്‍മ്മ മാര്‍ഗത്തിലുടെ സമ്പാദിച്ച ധനം കൊണ്ട് ചെറിയ ചെറിയ ആഗ്രഹങ്ങളൊക്കെ മിതമായ അളവില്‍ പൂര്‍ത്തീകരിച്ചു, മോക്ഷം പ്രാപിക്കുക. അതാണ് ഇവിടെ ആത്മീയത .