ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)

ഇന്നു കാലത്തെ ആന്ധ്രാപ്രദേശത്തില്‍നിന്നൊരു യുവാവ് വന്നു ഭഗവാനോടീ വിധം ചോദിച്ചു. ഞാനാരാണെന്ന വിചാരണ ചെയ്യുകയാണ് വേണ്ടതെന്നരുള്‍ ചെയ്തുവല്ലൊ ? ആ ചിന്ത ഏതു പ്രകാരമാണ് ചെയ്യേണ്ടത് ? “ഞാന്‍ ആരാണ്, ഞാന്‍ ആരാണ് ? എന്നു ജപിക്കുകയാണോ “നേതി നേതി. “എന്നു പറയുകയോ ? ആ മാര്‍ഗ്ഗമേതാണെന്ന് അറിയാനാഗ്രഹിക്കുന്നു ഭഗവാനെ !”എന്താണറിയേണ്ടത് ? അറിയേണ്ടതാര്‍ക്കാണ് ? അറിയുവാനായ്ക്കൊണ്ടൊരുത്തന്‍ വേണമല്ലൊ ? ആ താനാരാണ് ? എവിടെനിന്നുവന്നു ? അതന്വേഷിക്കു. ആ താനെവിടെന്നു ഉത്ഭവൈച്ചു എന്നറിഞ്ഞാല്‍ തനിക്കന്യമായിട്ടൊന്നുമില്ല എന്നു ബോധമുണ്ടാകും”എന്നരുളി. . . . .

” ആ തന്നെ അറിയുവാനായിക്കൊണ്ടു സാധനകള്‍ ചെയ്യേണ്ടെ ? ഏതു സാധന ഉപയോഗപ്പെടും ? ” എന്നു ചോദിച്ചു. ഞാനെന്നതു മനസ്സാണ്. അതിന്റെ രൂപമെന്താണ് ? എങ്ങിനെ ഉത്ഭവിച്ചു ? എവിടെയാണതിന്റെ ഉല്പത്തി ? എന്നു ചിന്ത ചെയ്തുകൊണ്ടിരുന്നാല്‍ സ്ഥാനം കണ്ടെത്തും. എവിടെ കാണണമെന്നു ചോദിക്കുന്നതായാല്‍ അന്തരംഗത്തില്‍ കാണേണമെന്നു പറയേണ്ടിയിരിക്കുന്നു. ഞാനെന്നതു മനസ്സല്ലയൊ ? അതിന്റെ രൂപമെന്താണെന്നറിഞ്ഞു, അതെങ്ങിനെയുണ്ടായി ? എവിടെ നിന്നുണ്ടായീന്നു നോക്കു”എന്നരുളി. “ഞാനെന്നത് എവിടെനിന്നുണ്ടായി എന്നു ചോദിച്ചാല്‍ ഹൃദയത്തില്‍നിന്നാണെന്നല്ലെ മഹാത്മാക്കള്‍ പറയുന്നത്. ആയതു എങ്ങിനെ കാണും എന്നു പിന്നെയും ചോദ്യം.

“അതെ;ഹൃദയത്തില്‍ നിന്നുതന്നെ എന്നു പറയണം. എങ്ങിനെ കാണണമെന്നു ചോദിച്ചാല്‍, മനസ്സു പൂര്‍ത്തിലയമാകണം. അല്ലാതെ, ഞാനാര്, ഞാനാര്‍എന്നു ജപിച്ചതുകൊണ്ടും ഞാനതല്ല, ഞാനതല്ല എന്ന വാക്കാല്‍ നേതി നേതി ചെയ്തതു കൊണ്ടും പ്രയോജനമില്ല. ”

“ഭഗവാനെ ! അതുകൂടി സാധിക്കുന്നില്ലലോ” “അതെ, അതെ അതാണുള്ള കഷ്ടം. നാം എപ്പോഴും ഉണ്ട്, എവിടെയും ഉണ്ട്. നമ്മുടേതല്ലാത്ത ഈ ശരീരാദികള്‍ എല്ലാം ഉണ്ടാക്കിയതാണ്. ഇതുണ്ടാക്കുവാല്‍ ഒരു കഷ്ടവും തോന്നുന്നില്ല. അതു നീക്കിക്കളയണമെങ്കില്‍ അത്യന്തകഷ്ടം തോന്നുന്നു. ഉള്ളതിനെ കാണ്മാനും ഇല്ലാത്തതിനെ ഇല്ലാതാക്കുവാനും കഷ്ടപെടുന്നു, എന്ത് ചിത്രമാണോ!നോക്കുവിന്‍ “എന്നരുളി ഭഗവാന്‍.

അന്നൊരു നാള്‍ ഒരു ബങ്കാളിയുവാവ് ഭഗവാനോട് ചോദിച്ചു: “എപ്പോഴും എവിടേയും ‘നീ’ ഉണ്ടെന്ന് പറഞ്ഞുവല്ലോ. ആ ഞാന്‍ എന്നത് എവിടെയാണ് ? ” “നീ എവിടേയും ഉണ്ട് എപ്പോഴും ഉണ്ട് എന്നു പറഞ്ഞാല്‍, ആ ഞാന്‍ എന്നത് എവിടെയാണ് ? എന്ന ചോദ്യം, തിരുവണ്ണാമലയില്‍ ഇരുന്നുകൊണ്ട്, ആ തിരുവണ്ണാമല എന്നതെവിടെയാണ് എന്നു ചോദിക്കുന്നതു പോലെയാണ്. നീ സര്‍വ്വത്ര നിറഞ്ഞിരിക്കെ അന്വേഷിക്കേണ്ടതെവിടെ ? ശരീരം ഞാനെന്നതു ഭ്രാന്തിയാണ്. ആ ഭ്രാന്തിയെക്കളഞ്ഞാല്‍, ഉള്ളത് ‘ഞാനാണ് ‘ ആ ഞാനില്‍ തന്നെ സമസ്തവും ഉണ്ട്. ഇല്ലാത്തതാണെങ്കില്‍ അന്വേഷിക്കണം. പ്രത്യക്ഷമായുള്ളതിനെ എന്തിനന്വേഷിക്കണം ? ശരീരം ഞാനാണെന്ന ഭ്രാന്തി കളയുവാനായിക്കൊണ്ടാണ് സമസ്തസാധനകളും അഭ്യസിക്കേണ്ടത്. ‘ഞാന്‍’ ഉണ്ട്, എന്നറിവു ഏതാണൊ, ആ അറിവിനെ ആത്മാവെന്നും, പരമാത്മാവെന്നും മറ്റെന്തു പേരായാലും ശരി ആ അറിവു എപ്പോഴും എവിടെയും ഉള്ളതാണ് ശരീരാദികള്‍ ഞാനല്ല; എന്നു നീക്കിക്കളയുകയല്ലാതെ, ആത്മാന്വേഷണം വേറെ ആവശ്യമില്ല. ആത്മാവ് സര്‍വ്വത്ര നിറഞ്ഞിരിക്കുന്ന വസ്തുവാണ് “എന്നരുളി ഭഗവാന്‍.

12-9-46