ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 8

ന തു മാം ശക്യസേ ദ്രഷ്ടും
അനേനൈവ സ്വചക്ഷുഷാ
ദിവ്യം ദദാമി തേ ചക്ഷുഃ
പശ്യമേ യോഗമൈശ്വരം

എന്നാല്‍ നിന്‍റെ ഈ ബാഹ്യചക്ഷുസ്സുകൊണ്ടു മാത്രം നിനക്ക് എന്നെ കാണാനാവില്ല. നിനക്ക് ദിവ്യചക്ഷുസ്സ് ഞാന്‍ തരാം. എന്‍റെ ഐശ്വര്യമായ യോഗം കണ്ടാലും.

ഭഗവാന്‍ സ്വയം ചിന്തിച്ചു വിശ്വരൂപം ദര്‍ശിക്കണമെന്നുള്ള അര്‍ജ്ജുനന്‍റെ അഭിലാഷത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അതു കണ്ടിട്ട് ആഹ്ലാദിക്കുന്നതായും തോന്നുന്നില്ല. ഞാന്‍ എന്‍റെ വിശ്വരൂപം വ്യക്തമായി അര്‍ജ്ജുനന് വെളിവാക്കിയിരിക്കുന്നു. എന്നാല്‍ അത് അവന്‍ കാണുന്നില്ല.

ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞു: ഞാനിതാ എന്‍റെ വിശ്വരൂപം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എന്നിട്ടും നീ അത് കാണുന്നില്ല.

ഇതുകേട്ട് ബുദ്ധിമാനായ അര്‍ജ്ജുനന്‍ പറഞ്ഞു: ആരുടെ കുറ്റമാണത്? അരയന്നത്തിനുപകരം അങ്ങ് ചന്ദ്രരശ്മികള്‍ വിളമ്പിക്കൊടുത്തത് കൊക്കിനാണ്. അന്ധന്‍റെ മുന്നില്‍ അങ്ങ് കണ്ണാടി പിടിച്ചുകൊടുക്കുന്നു. അഥവാ ബധിരനുവേണ്ടി ഗാനം ആലപിക്കുന്നു. മധുപനുപകരം അങ്ങ് പുഷ്പരാഗം മണ്ഡൂകത്തിനു നല്കുന്നു. അല്ലയോ കൃഷ്ണാ എന്നിട്ട് എന്തിനാണ് അങ്ങ് എന്നോട് കോപിക്കുന്നത്. അങ്ങയുടെ വിശ്വരൂപം വിഷയേന്ദ്രിയങ്ങള്‍ക്കു ദൃശ്യമല്ലെന്നു ശാസ്ത്രങ്ങള്‍ ഉദ്ഘോഷിക്കുന്നു. ജ്ഞാന ചക്ഷുസ്സുകള്‍ക്കുമാത്രം കാണാന്‍ കഴിയുന്ന ഈ രൂപം മാംസചക്ഷുസ്സുകള്‍കൊണ്ട് കാണുമെന്ന് അങ്ങ് എങ്ങനെയാണ് പ്രതീക്ഷിച്ചത്? ഇക്കാര്യത്തില്‍ അങ്ങയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലാത്തതുകൊണ്ട് ഞാന്‍ ഇത് നിശബ്ദമായി സഹിക്കുകയാണ്.

അര്‍ജ്ജുനന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ഭഗവാന്‍ പ്രതിവചിച്ചു: പാര്‍ത്ഥാ നീ പറഞ്ഞതുമുഴുവന്‍ ശരിയാണ്. എന്‍റെ വിശ്വരൂപം നിനക്കു കാണിച്ചു തരുന്നതിനുമുമ്പായി അതു ദര്‍ശിക്കുന്നതിനുള്ള കഴിവ് നിനക്കു ഉണ്ടാക്കിതരേണ്ടതായിരുന്നു. എന്നാല്‍ നിന്നോടുള്ള എന്‍റെ വാത്സല്യാതിരേകംകൊണ്ട്, വിശ്വരൂപം നിന്നെ കാണിക്കാനുള്ള ബദ്ധപ്പാടില്‍, നിന്നെ അതിനു കഴിവുള്ളവനാക്കിതീര്‍ക്കുന്നകാര്യം ഞാന്‍ വിസ്മരിച്ചുപോയി. നിലം ഉഴുതൊരുക്കാതെ വിത്ത് വിതച്ചാല്‍ അതു പ്രയോജനമില്ലാതെ വ്യര്‍ത്ഥമായി പോകുകയേയുള്ളൂ. അതുകൊണ്ട് എന്‍റെ വിശ്വരൂപം കാണുന്നതിനുള്ള ദിവ്യചഷുസ്സ് ഞാന്‍ നിനക്കു നല്കാം. അതിന്‍റെ സഹായത്തോടെ എന്‍റെ ദിവ്യയോഗ മാഹാത്മ്യം സമ്പൂര്‍ണ്ണമായി ദര്‍ശിച്ച് അതില്‍ നിന്‍റെ ആത്മാവിനെ അനുഭവിച്ചറിയുക.

ഇപ്രകാരം ബ്രഹ്മവിദ്യയില്‍ പരംപൊരുളായിട്ടറിയപ്പെടുന്നവനും പ്രപഞ്ചത്തിന്‍റെ ആദിമൂലവുമായ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു.