ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

ചോ: ഈശ്വരസൃഷ്ടി ദുഃഖപൂരിതമായിരിക്കുന്നതെന്ത്‌?

ഉ: ഈശ്വരേച്ഛയെ നാമെങ്ങനെ അറിയും?

ചോ: ഈശ്വരന്‍ ഇങ്ങനെ ഇച്ഛിക്കുന്നതെന്തിന്‌?

ഉ: അത് അജ്ഞാനമാണ്‌. ഏതെങ്കിലും കാരണം പറഞ്ഞു അതുമായി ഈശ്വരനെ ബന്ധിക്കാന്‍ പാടില്ല.

നമ്മുടെ ആരോപണങ്ങളൊന്നും ഈശ്വരനെ ബാധിക്കുകയുമില്ല. ഹ്രസ്വമായ നമ്മുടെ ജീവിതത്തിനേ കാര്യകാരണങ്ങള്‍ പ്രസക്തമാവൂ. എല്ലാം താന്‍ എന്ന ബ്രഹ്മത്തില്‍ കാര്യകാരണങ്ങളില്ല. ഈശ്വരന്‍ യഥാര്‍ത്ഥത്തില്‍ ഒന്നിനും കര്‍ത്താവല്ല. ഈശ്വരന്റെ സന്നിധിയില്‍ സൃഷ്ടിസ്ഥിതിസംഹാരാദികള്‍ നടക്കുന്നേയുള്ളൂ. അതിനാല്‍ നാം സമര്‍പ്പണ ബുദ്ധിയോടുകൂടിയിരുന്നാല്‍ ചിത്തശാന്തിക്കു പ്രയോജനകരമാവും. നമ്മുടെ അഹങ്കാരം അടങ്ങിയാല്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഈശ്വരന്‍ നമ്മുടെ ഭാരമെല്ലാം ഏറ്റുകൊണ്ട്‌ അനുഗ്രഹിച്ച്‌ നമുക്ക്‌ ശാന്തിയെ തരും.

29. പ്രശാന്തമായ ഒരു സായാഹ്നം. ചാറ്റല്‍ മഴയുടെ ശീതളത്വം. ഹാളിലെ ജനാലകള്‍ അടച്ചിരുന്നു. ഭഗവാന്‍ ഭക്തന്മാര്‍ക്കഭിമുഖമായി സോഫയിലിരുന്നിരുന്നു. കടലൂരില്‍ നിന്നും ഒരു ജഡ്ജി രണ്ടു സ്നേഹിതന്മാരുമായി വന്ന്‌ ഭഗവാനെ നമസ്കരിച്ചിട്ട്‌ ഹാളില്‍ സ്ഥാനം പിടിച്ചു. അല്‍പനേരം ഭഗവാനെ ധ്യാനിച്ചിരുന്നിട്ടു ഉപദേശമാരാഞ്ഞു.

ചോ: നിത്യാനിത്യവസ്തുവിവേകം നിത്യാനുഭൂതിയെ കൊടുക്കുന്നതായിരിക്കുമോ?

ഉ: അഖണ്ഡാത്മ സ്വരൂപത്തില്‍ ഉറച്ചിരിക്കുന്നതാണ്‌ അനുഭൂതിമാര്‍ഗം എന്ന്‌ അറിവുള്ളവര്‍ സിദ്ധാന്തിക്കുന്നു. നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും.

നശ്വരങ്ങളിന്മേലുള്ള താല്‍പര്യം കുറഞ്ഞ്‌ അനശ്വരവസ്തുവില്‍ താല്‍പര്യം ജനിക്കുന്നു. അതുതന്നെ ആദ്യത്തെ പടി. അത്രയ്ക്കും അതുതകുന്നു. എന്നാല്‍ മേല്‍വസ്തു നമ്മില്‍ നാമായിത്തന്നെ ഇരിക്കുന്നു എന്നു ബോധിച്ച്‌ നമ്മുടെ യധാര്‍ത്ഥ സ്വരൂപത്തില്‍ ഉറച്ചിരിക്കേണ്ടതാണ്‌.

ചോ: പോക്കുവരവറ്റ അഖണ്ഡസാമ്രാജ്യത്തെ നമ്മുടെ ഏകാഗ്രതകൊണ്ട്‌ പ്രാപിക്കാന്‍ കഴിയുമോ, അല്ല, ഈശ്വരാനുഗ്രഹംകൊണ്ടത്‌ സിദ്ധിക്കുമോ?

ഇതു ശ്രവിച്ച ഭഗവാന്റെ മുഖത്ത്‌ അവര്‍ണ്ണ്യമായൊരു പുഞ്ചിരി പ്രകാശിച്ചു. ആ പ്രകാശം അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയത്തിലും വ്യാപിച്ചു.

ഉ: അനുഗ്രഹം കൂടാതെ ഒന്നും സാധ്യമല്ല. അനുഭൂതിയ്ക്കതാണ്‌ ഹേതു. എന്നാലും മറ്റൊരു ചിന്തയും കൂടാതെ ഇതേ ചിന്തയിലിരിക്കുന്ന യഥാര്‍ത്ഥ ഭക്തനായ യോഗിയ്ക്കേ ഈ അനുഗ്രഹം സമ്പാദിക്കാന്‍ സാധിക്കൂ.