ശ്രീ രമണമഹര്‍ഷി

നവംബര്‍ 28, 1935

104. ദല്‍ഹിയില്‍, റയില്‍വെ ബോര്‍ഡിലെ ഒരുദ്യോഗസ്ഥനായ കിശോരിലാല്‍ ഭഗവദ്ദര്‍ശനത്തിനായി വന്നിരുന്നു. ഒരു കുടല്‍ രോഗിയായിരുന്നതിനാല്‍ സ്വന്തം സൗകര്യത്തിനു ടൗണില്‍ താമസിച്ചുകൊണ്ടാണ്‌ വന്നത്‌. അദ്ദേഹം ഒരു കൃഷ്ണഭക്തനാണ്‌. കണ്ടതെല്ലാം കൃഷ്ണനായിരുന്നു. അദ്ദേഹം ചെയ്യുന്നതെല്ലാം കൃഷ്ണന്‍ ചെയ്യുന്നതായിട്ടാണ്‌ തോന്നിയിരുന്നത്‌. പലപ്പോഴും കൃഷ്ണന്റെ ദിവ്യമംഗള സ്വരൂപദര്‍ശനവും ലഭിച്ചിരുന്നു. ഒരു മഹാത്മാവ്‌ അദ്ദേഹത്തെ നിര്‍ഗുണോപാസന അനുഷ്ഠിക്കാന്‍ ഉപദേശിച്ചു. അതിനെത്തുടര്‍ന്ന്‌ ഉപനിഷദ്‌ ഗ്രന്ഥങ്ങളും രമണ ഭഗവാന്റെ അരുള്‍മൊഴികളും (ഇംഗ്ലീഷില്‍) പഠിച്ചു. ഭഗവാന്റെ മൊഴികളില്‍ അദ്ദേഹത്തിനു കൂടുതല്‍ മതിപ്പു തോന്നി. ഒരിക്കല്‍ രോഗമൂര്‍ച്ഛിതനായി മൃത്യുവക്ത്രത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം ഇനി മരിക്കും മുന്‍പ്‌ ഭഗവാനെ കണ്ടുകൊള്ളാനാഗ്രഹിച്ചിപ്പോള്‍ വന്നതാണ്‌.

ചോ: ഭഗവാന്റെ അനുഗ്രഹത്തിനു വന്നതാണ്‌.

ഭഗവാന്‍: ‘ആത്മൈവാഹം ഗുഡാകേശ’. ഞാനാത്മാവാണ്‌. ആത്മാവ്‌ ഗുരുവാണ്‌. ആത്മാവുതന്നെ അനുഗ്രഹവുമാണ്‌. ആരും ആത്മാവിനെ പിരിഞ്ഞിരിക്കുന്നില്ല അത്‌ കൂടെയുണ്ട്‌. അതിന്റെ അനുഗ്രഹത്തിനു ബാഹ്യസ്പര്‍ശം ആവശ്യമില്ല.

ചോ: ഞാനത്‌ മനസ്സിലാക്കുന്നു. എനിക്കുവേണ്ടതും ബാഹ്യസ്പര്‍ശനമല്ല.

ഉ: എന്നാല്‍ ആത്മാവിനോളം തന്നെച്ചേര്‍ന്നിരിക്കുന്ന മറ്റൊന്നില്ല.

ചോ: മൂന്നു മാസം കൃഷ്ണന്റെ ദര്‍ശനമുണ്ടായി. “നിര്‍ഗുണോപാസനയെപ്പറ്റി ചോദിക്കുന്നതെന്തിന്‌? സര്‍വ്വഭൂതങ്ങളും തന്നിലും താന്‍ അവയിലും ദൃഢമായറിഞ്ഞാല്‍ മതി. അതു തന്നെ എല്ലാം” എന്നരുളിച്ചെയ്യുകയുണ്ടായി.

ഉ: അതെ അതിലെല്ലാമടങ്ങും. സത്യമാണ്‌. എന്നാല്‍ അതും ഔപചാരികമായി പറഞ്ഞുവെന്നേയുള്ളൂ. താനേതാന്‍ എന്ന്. ആത്മാവുമാത്രമല്ലേ യഥാര്‍ത്ഥത്തിലുള്ളൂ മറ്റൊന്നില്ല. ജഗത്ത് മനസ്സിന്റെ സൃഷ്ടി, മനസ്സാണെങ്കില്‍ ആത്മാവിന്റെ ഒരു പ്രതിഭാസം. അതിനാല്‍ (ഏക) സത്തായ ആത്മാവേ ഉള്ളൂ.

ചോ: എന്നാലും അതിനെ അറിയാന്‍ കഴിയുന്നില്ലല്ലോ?

ഉ: പുത്തനായറിയാനൊന്നുമില്ല. നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപമാണാത്മാവ്‌. അതിനന്യമില്ല. വിഘ്നങ്ങളുമില്ല. പുതുതായി പ്രാപിക്കാനുള്ളതുമല്ല. ഇന്നുള്ള അജ്ഞാനമാണു തടസ്സം. അതിനെ ഒഴിക്കണം. അതിന്‌ അതിന്റെ ആദിയെ നോക്കണം. തിരുത്തല്‍ വേണ്ടതവിടെയാണ്‌. കാണുന്നവന്‍, കാഴ്ച, ഈ ദ്വൈതം മനസ്സിന്റെ സ്വരൂപമാണ്‌. മനസ്സ്‌ ആത്മസ്വരൂപത്തില്‍ വര്‍ത്തിക്കുന്നു. അതിനെ വിട്ട്‌ മനസ്സിനൊരു വൃത്തിയുമില്ല.

ചോ: അതെ, അജ്ഞാനമെന്നൊന്ന്‌ പ്രത്യേകമായി നില നില്‍ക്കും. ഒടുവില്‍ രോഗമെന്താണെന്നു ഡോക്ടര്‍ക്കു മനസ്സിലാവും. അതിനു തക്ക ചികിത്സ അവന്‍ ചെയ്യും. മേലാല്‍ എന്തെങ്കിലും പഠിച്ചറിയണമെന്ന്‌ ഉല്‍ക്കണ്ഠ ഉണ്ടാവുകയില്ല. ഒരു ഗുരുവിനെ ശരണം പ്രാപിക്കുകയാണ്‌ വേണ്ടത്‌. ഞാന്‍ ശരണം പ്രാപിക്കുന്നു.

105. ‘അറിയപ്പെടാത്തവ ഏതറിവിനാല്‍ അറിയപ്പെട്ടവയാകുമൊ’ (യേന അശ്രുതം ശ്രുതം ഭവതി) എന്ന്‌ ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിരിക്കുന്നു.

മാധവസ്വാമി: ‘തത്വമസി’ എന്ന മഹാവാക്യം ഒന്‍പതു തരത്തില്‍ പറയപ്പെട്ടിരിക്കുന്നല്ലോ അതെന്ത്‌?

ഉ: ഒന്‍പതില്ല, ഒരു വിധം തന്നെ. ഉദ്ദാലകന്‍,ഉപവാസത്തിന്റെ ഫലമായി, സങ്കല്‍പമെല്ലാം മനോമയമെന്നു തള്ളീട്ട്‌ തത്വത്തെ ബോധിപ്പിക്കുന്നു.

1. ഉപവാസത്തില്‍കൂടി ‘സത്ത്‌’ എന്നാല്‍ മനോനാശത്തിനുശേഷമുള്ള ‘ഉള്ളത്‌’ ആണെന്നു സ്പഷ്ടമായി.

2. പല പുഷ്പങ്ങളിലെയും തേനിനെപ്പോലെ സത്തും എല്ലാത്തിലും ഒന്നായിരിക്കും.

3. ഉറക്കത്തെപ്പോലെ എല്ലാവരിലും സത്തും ഒരേ അനുഭവത്തെ കൊടുക്കുന്നതായിരിക്കും. ഈ അനുഭവത്തെ ആരും അറിയുന്നില്ലല്ലോ എന്നു ചോദിക്കാം. കടലോട്‌ ചേര്‍ന്നതു കാരണം ഇല്ലാതെയായി പോകുന്ന ആറിനെപ്പോലെ സുഷുപ്തിയില്‍ ആരും വ്യക്തിത്വമില്ലാത്തവരായി ഭവിക്കുന്നു.

4. കടലില്‍ ചേര്‍ന്ന നദീജലം പിന്നീടില്ലെങ്കിലും കടല്‍ജലം ഉള്ളതാണല്ലോ?

5. അരങ്ങി വിട്ട മരം വീണ്ടും തളിര്‍ക്കുന്നു.

6. ഉപ്പുവെള്ളത്തില്‍ ഉപ്പ്‌ അരൂപത്തിലുണ്ട്‌, വ്യാപകമായിട്ടുണ്ട്‌ രുചിച്ചു നോക്കിയാലറിയാം.

7. കാന്താരതാരകത്തിന്റെ സഹായത്തോടെ ഒരുവന്‍ വീട്ടിലെത്തിച്ചേരുന്നു.

8. സൃഷ്ടി, സ്ഥിതി, സംഹാരത്തിലും സത്തവശേഷിക്കുന്നു. സര്‍വ്വവും അഗ്നിയില്‍ വിലയിക്കുന്നു.

9. ശുദ്ധിയുള്ള ഒരാള്‍ അല്ലെങ്കില്‍ സാക്ഷാല്‍ക്കരിച്ചയാള്‍ എപ്പോഴും സന്തോഷവാനായിരിക്കും. മറ്റുള്ളവര്‍ ക്ലേശങ്ങളില്‍പ്പെട്ടിരിക്കും.