ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം

ശ്ലോകം 26

വേദാഹം സമതീതാനി
വര്‍ത്തമാനാനി ചാര്‍ജ്ജുന
ഭവിഷ്യാണി ച ഭൂതാനി
മാം തു വേദ ന കശ്ചന

അല്ലയോഅര്‍ജ്ജുനാ, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും വരാന്‍ പോകുന്നവരുമായ സകല ജീവികളെയും ഞാന്‍ അറിയുന്നു. എന്നാല്‍ എന്നെ ആരും അറിയുന്നില്ല.

കഴിഞ്ഞകാലങ്ങളില്‍ ജീവിച്ചിരുന്ന എല്ലാ ജീവികളും എന്റെ അസ്തിത്വത്തോട് ഒന്നുചേര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവയിലും ഞാന്‍ അധിവസിക്കുന്നു. ഭാവിയില്‍ ഉണ്ടാവാന്‍ പോകുന്നവയും എന്നില്‍ നിന്ന് അന്യമല്ല. യഥാര്‍ത്ഥത്തില്‍ ഇതെല്ലാം വെറും വാക്കുകളാണ്. എന്തുകൊണ്ടെന്നാല്‍ ഒന്നും തന്നെ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. മായാവിഭ്രമംകൊണ്ട് കയര്‍ ഒരു സര്‍പ്പമായി തോന്നുമ്പോള്‍ അതു കറുത്തതോ വെളുത്തതോ ചുവന്നതോ ആണെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്തതുപോലെ, അയഥാര്‍ത്ഥമായ ജീവികളെപ്പറ്റി ആര്‍ക്കും ഒന്നും സങ്കല്പിക്കാന്‍ സാധ്യമല്ല. അല്ലയോ പാണ്ഡുപുത്രാ! ഞാന്‍ നിത്യമായും സത്യമായും എല്ലാ ജീവികളിലും വ്യാപിച്ചിരിക്കുന്നു. ഈ മുഴുവന്‍ സൃഷ്ടിയും രൂപം പ്രാപിച്ചിരിക്കുന്നതു മറ്റൊരു വിധത്തിലാണ്. ഞാന്‍ അതിന്റെ ചരിത്രം പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക.