ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 2

ഇദം ജ്ഞാനമുപാശ്രിത്യ
മമ സാധര്‍മ്മ്യമാഗതാഃ
സര്‍ഗ്ഗേഽപിനോപജായന്തേ
പ്രലയേ ന വ്യഥന്തി ച.

ഈ ജ്ഞാനത്തെ അഭ്യസിച്ചനുഭപ്പെടുത്തി എന്‍റെ സ്വരൂപത്തെ പ്രാപിച്ചവര്‍ ലോക്സൃഷ്ടി പുതുതായി തുടങ്ങുമ്പോള്‍ പോലും ജന്മമെടുക്കുന്നില്ല. പ്രളയം സംഭവിക്കുമ്പോള്‍ ദുഃഖിക്കുന്നില്ല.

അല്ലയോ അര്‍ജുനാ, അവര്‍ എന്നെപ്പോലെ പരിപൂര്‍ണ്ണരായി ശ്വാശ്വതത്വം കൈവരിച്ചിരിക്കുന്നു. എന്നെപ്പോലെ അവരും അനന്താനന്ദവാന്മാരും സത്യസിന്ധുക്കളുമായിത്തീര്‍ന്നിരിക്കുന്നു. ഞാനും അവരും തമ്മില്‍ യാതൊരു ഭേദഭാവങ്ങളും നിലനില്‍ക്കുന്നില്ല. ഘടം ഉടയുന്നതോട് കൂടി ഘടാകാശം മഹാകാശത്തില്‍പെട്ട് ഒന്നായിത്തീരുന്നതുപോലെ അവര്‍ പൂര്‍ണ്ണമായി എന്നോട് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അനവധി ദീപശിഖകള്‍ ഉള്ള ദീപം ഒരേ ദീപം തന്നെയായിരിക്കുന്നതുപോലെ അവര്‍ എന്നോട് കലര്‍ന്നുചേര്‍ന്നിരിക്കുന്നു. ദ്വന്ദ്വഭാവത്തിന്‍റെ അവസ്ഥ ഒഴിവാകുന്നതോട്കൂടി ഞാനെന്നും നീയെന്നുമുള്ള ഭേദഭാവങ്ങള്‍ ഇല്ലാതായി ഞാനും അവരും ഒരേ നാമത്തില്‍ ഒരിടത്തു വസിക്കുന്നു. അതുകൊണ്ട് പ്രപഞ്ചത്തിന്‍റെ മൂല്സൃഷ്ടി ആവര്‍ത്തിക്കുമ്പോള്‍പോലും അവര്‍ക്കു പുനര്‍ജന്മവും ഉണ്ടാകുന്നില്ല. ജീവിച്ചിരുന്നപ്പോഴും ദേഹവുമായി ബന്ധമില്ലായിരുന്ന അവര്‍ക്കു പിന്നെ എങ്ങനെയാണ് ലോകാവസാനത്തില്‍ മൃത്യു സംഭവിക്കുന്നത്‌? അല്ലയോ ധനുര്‍ദ്ധരാ, ഈ ജ്ഞാനമാര്‍ഗ്ഗം സ്വീകരിച്ച ഇവര്‍ക്ക് ജ്ഞാനലബ്ധിയുണ്ടാകുമ്പോള്‍ അവര്‍ ജനനമരണാതീതമായ എന്‍റെ സ്വരൂപത്തില്‍ വിലയം പ്രാപിക്കുന്നു.

ആത്മജ്ഞാനത്തെ ഭഗവാന്‍ ഇപ്രകാരം പ്രകീര്‍ത്തിച്ചത്, അര്‍ജ്ജുനനെ അതിലേക്കു കൂടുതല്‍ ആകര്‍ഷിക്കുന്നതിനായിരുന്നു. അര്‍ജ്ജുനനാകട്ടെ, ഭഗവാന്‍റെ സ്നേഹമസൃണമായ വാക്കുകള്‍ കേട്ടു ആകെ കോരിത്തരിച്ചു. അവന്‍റെ സര്‍വ്വാംഗങ്ങളും ശ്രവണെന്ദ്രിയങ്ങളില്‍ കേന്ദ്രീകരിച്ചു. ഭഗവാന്‍റെ ഓരോ വാക്കും അവധാനതയോടെ അവന്‍ ശ്രവിച്ചു. എന്തിന്‌, അവന്‍ അവധാനതയുടെ അവതാരമൂര്‍ത്തിയായിത്തീര്‍ന്നു. ഭഗവാന്‍റെ സംവാദം ആകാശത്തിനുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവണ്ണം ബൃഹത്തായിരുന്നു.

ഭഗവാന്‍ തുടര്‍ന്നു: അര്‍ജ്ജുനാ, ഏറ്റവും യോഗ്യനായ ഒരു ശ്രോതാവിനെ എനിക്ക് ലഭിച്ചതുകൊണ്ട് ഞാന്‍ വാചാലനായതാണ്. എന്‍റെ വാഗ്മിത്വമാകുന്ന പ്രജ്ഞാകാന്തയ്ക്കു അനുരൂപനായ അവധാകാന്തനാണ് നീ. ആകയാല്‍ ഞാന്‍ ഏകനാണെങ്കിലും. ത്രിഗുണങ്ങളാകുന്ന വേടന്‍ എന്നെ എങ്ങനെയാണ് ശരീരത്തിനുള്ളില്‍ ബന്ധിച്ചിരിക്കുന്നതെന്നും, പ്രകൃതിയുമായി ചേര്‍ന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത് എപ്രകാരമാണെന്നും നിന്നോട് പറയാം. എല്ലാ ജീവജാലങ്ങളും എന്‍റെ ബീജത്തില്‍ നിന്ന് പ്രകൃതിയുമായുള്ള സംബന്ധത്താല്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ പ്രകൃതി ക്ഷേത്രം എന്നറിയപ്പെടുന്നു.