കിം വര്‍ണ്ണിതേന ബഹുനാ ലക്ഷണം ഗുണദോഷയോഃ
ഗുണദോഷദൃശിരദ്ദോഷോ ഗുണസ്തൂഭയവര്‍ജ്ജിതഃ (11-19-45)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ആത്മസാക്ഷാത്കാരത്തിനായി തപശ്ചര്യകളോ, തീര്‍ത്ഥാടനങ്ങളോ, പ്രാര്‍ത്ഥനയോ, ദാനങ്ങളോ, മറ്റ്‌ ആത്മശുദ്ധീകരണമാര്‍ഗ്ഗങ്ങളോ ഒന്നും തന്നെ ഒരു ജ്ഞാനകിരണത്തിന്റെയത്ര ഫലപ്രദമല്ല. അതിനാല്‍ ആ ജ്ഞാനത്തോടെ എന്നെ പൂജിച്ചാലും. കാരണം, വിജ്ഞാനികള്‍ എന്നോടല്ലാതെ മറ്റൊന്നിനോടും ഭക്തിയുളളവരല്ല.

ഉദ്ധവര്‍ പറഞ്ഞു:
ദയവായി ഭക്തിയുടെയും ജ്ഞാനത്തിന്റെയും ധര്‍മ്മാധര്‍മ്മങ്ങളുടെയും സ്വഭാവ സവിശേഷതകള്‍ വിവരിച്ചു തന്നാലും.

ഭഗവാന്‍ കൃഷ്ണന്‍ അരുളി:
മഹായുദ്ധം കഴിഞ്ഞ സമയത്ത്‌ യുധിഷ്ഠിരനും ഇതേ ചോദ്യം തന്നെ ഭീഷ്മരോട്‌ ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞ ഉത്തരത്തിന്റെ സാരമെന്തെന്നു ഞാന്‍ പറയാം. ഒന്‍പത്‌ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും (പ്രകൃതി, പുരുഷന്‍, മഹത്, അഹങ്കാരം, പഞ്ചഭൂതങ്ങള്‍ എന്നിവയാണാ തത്വങ്ങള്‍), അവയില്‍നിന്നു്‌ പരിണമിച്ചുണ്ടായ പതിനൊന്നു രൂപങ്ങളെക്കുറിച്ചും (പത്തിന്ദ്രിയങ്ങളും മനസ്സും), വിശ്വസൃഷ്ടി മുഴുവനും വ്യാപിച്ചിരിക്കുന്ന ത്രിഗുണങ്ങളെക്കുറിച്ചും, സകലതിന്റെയും സാരസത്തായും അന്തര്യാമിയായും വര്‍ത്തിക്കുന്ന ആ പരംപൊരുളിനെക്കുറിച്ചുമുളള സമ്യക്കായ അറിവാണ് വിജ്ഞാനം എന്നത്‌. ഒരുവനില്‍ നാനാത്വബോധം ഇല്ലാതാക്കുന്നതും അദ്വൈതമായ ഏകതാബോധമുളവാക്കുന്നതുമായ അറിവത്രെ അത്‌. അനശ്വരമായ ഏകസത്യം അതു മാത്രമായതിനാല്‍ പരമാര്‍ത്ഥമുളളതും അതു മാത്രം. ഏതൊന്നാണോ തുടക്കത്തിലും മദ്ധ്യത്തിലും അവസാനത്തിലും – ഭൂതവര്‍ത്തമാനഭാവികാലങ്ങളില്‍ – നിലകൊളളുന്നത്, അതുമാത്രമേ പരമാര്‍ത്ഥമായുളളു. മദ്ധ്യത്തില്‍ പരിണാമങ്ങള്‍ക്കു വിധേയമായതുപോലെ കാണപ്പെടുന്നുവെങ്കിലും മഹര്‍ഷിമാരുടെ വെളിപാടുകളില്‍ നിന്നും നേരിട്ടുളള അവബോധത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും എല്ലാം ഈ അദ്വൈതസത്യത്തെപ്പറ്റി നമുക്ക്‌ അറിയാനാവുന്നു.

ഇനി ഭക്തിക്കു സഹായമായുളള കാര്യങ്ങളെക്കുറിച്ച്‌ കേട്ടാലും. എന്നെക്കുറിച്ചുളള കഥകളിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം, എന്നെക്കുറിച്ചുളള കഥാകഥനം, എന്നോടുളള ആരാധനയില്‍ മുഴുകിയിരിക്കല്‍, സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും, എനിക്കുവേണ്ടി സേവചെയ്യാനുളള ത്വര, എന്നെ നമസ്കരിക്കുക, എന്റെ ഭക്തരെ നമസ്കരിക്കുക, മാത്രമല്ല, ഏറ്റവും പ്രധാനമായി, സകലജീവജാലങ്ങളിലും എന്നെക്കാണുക, എല്ലാ കര്‍മ്മങ്ങളും എന്നിലര്‍പ്പിച്ച്‌ ചെയ്യുക, മനസ്സ്‌ മുഴുവന്‍ എന്നിലര്‍പ്പിക്കുക, ആഗ്രഹങ്ങളില്ലാതിരിക്കുക, സമ്പത്തിനെ ത്യജിക്കുക, സുഖാസ്വാദനങ്ങള്‍ എനിക്കുവേണ്ടി ചെയ്യുക, എല്ലാ ധര്‍മ്മാചരണങ്ങളും എനിക്കു വേണ്ടി ചെയ്യുക, എന്നിവയിലൂടെ ഭക്തി വളര്‍ത്തിയെടുക്കാം. ഇവയെല്ലാം അനുഷ്ഠിക്കുന്നവരില്‍ എന്നോടുളള പരമപ്രേമമുണരുന്നു. ഈ പ്രേമമുദിച്ചു കഴിഞ്ഞാല്‍ ഇഹലോകത്ത്‌ നേടേണ്ടതായി മറ്റൊന്നുമില്ല തന്നെ. അഹിംസ, സത്യം, അകളങ്കത, അനാസക്തി, വിനയം, ധനം പൂഴ്ത്തിവയ്ക്കാതിരിക്കല്‍, വിശ്വാസം, ഇന്ദ്രിയനിഗ്രഹം, മൗനം, ദൃഢത, ക്ഷമാശീലം, നിര്‍ഭയത്വം, പവിത്രത, ജപം, തപസ്സ്, അഗ്നിപൂജ, സമര്‍പ്പണം, ആതിഥ്യം, എന്നെ പൂജിക്കല്‍, തീര്‍ത്ഥാടനം, നിസ്വാര്‍ത്ഥസേവനം, സംതൃപ്തി, ഗുരുസേവ ഇവയാണ്‌ യമ-നിയമങ്ങള്‍. ആരെയും വെറുക്കാതിരിക്കുക എന്നതാണ്‌ ഏറ്റവും വലിയ ഉദാരത. ധൈര്യമാണ്‌ ആത്മനിഷ്കര്‍ഷത. സ്വന്തം ശരീരത്തെ ആത്മാവെന്നു കരുതുന്നവന്‍ വിഡ്ഢിയത്രെ. ധര്‍മ്മപാതയില്‍ ചരിക്കുന്നവനത്രെ സമ്പന്നന്‍. സംതൃപ്തിയില്ലാത്തവന്‍ ദരിദ്രനും. ധര്‍മ്മത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വെറും അധരവ്യായാമം മാത്രം. മറ്റുളളവരുടെ നന്മതിന്മകളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ തെറ്റാണ്‌. മറ്റുളളവരുടെ നന്മതിന്മകളെ നോക്കാതെയിരിക്കലാണ്‌ നന്മ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF