വിശ്വരൂപം ദര്‍ശിച്ചാല്‍ പിന്നെ ഒരു മതവുമില്ല (68)

ഉദാത്തമായവ മാത്രമല്ല സര്‍വവും ഞാനെന്നു വിശദീകരിക്കാന്‍ ചൂതാട്ടക്കാരുടെ ചൂതും ശിക്ഷകളില്‍ ദണ്ഡനവും താന്‍ തന്നെയാണെന്ന് ഭഗവാന്‍ പറയുന്നു. ആ വിസ്താരത്തിന് അവസാനമില്ല. തന്റെ ഒരംശം മാത്രമാണ് ഈ ജഗത്തു മുഴുവന്‍. ഭഗവാന്‍ തന്റെ വിശ്വരൂപത്തെ അര്‍ജുനനു കാട്ടിക്കൊടുക്കുന്നു. ആകാശത്തില്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചതിനു സദൃശമാണ് ആ പ്രകാശം. ഇതുവരെ കണ്ടതും കാണാത്തതുമായ എല്ല‍ാം അര്‍ജുനന്‍ കാണുന്നു. സാധാരണ മ‍ാംസചക്ഷുസുകൊണ്ട് വിശ്വരൂപം ദര്‍ശിക്കാനാവാത്തതിനാല്‍ ഭഗവാന്‍ നല്‍കിയ ദിവ്യനേത്രങ്ങളാലാണ് അര്‍ജുനന്റെ കാഴ്ച.

എണ്ണമറ്റ മുഖങ്ങള്‍, കണ്ണുകള്‍, കണക്കില്ലാത്ത അത്ഭുതക്കാഴ്ചകള്‍, അനേകം ദിവ്യാഭരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയെല്ല‍ാം ആ ശരീരത്തിലുണ്ട്. നാനാവിധത്തിലും വര്‍ണത്തിലും ആകൃതിയിലും വിഭജിക്കപ്പെട്ട ജഗത്തു മുഴുവന്‍ അതിലുണ്ട്. പ്രപഞ്ചത്തിന്റെ ആദികാരണം മുതല്‍ എല്ലാ ദേവന്മാരേയും ചരാചരങ്ങളേയും പ്രകൃതിയേയും ഉള്‍ക്കൊള്ളുന്നു. ഒരാളെ നോക്കുമ്പോള്‍ വിശ്വം മുഴുവന്‍ കാണണമെന്നതാണ് ഇവിടെ വിവക്ഷ.

ഏതോ കാലത്ത് ഏതോ ഒരാള്‍ ആകാശത്ത് വലിയൊരു രൂപം കണ്ടു എന്നു മനസ്സിലാക്കാതെ മറ്റുള്ളവരില്‍ വിശ്വരൂപം കാണാനുള്ള സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള സൂചനയാണിതെന്ന് അറിയണം. അപ്പോള്‍ ശിവകാശി കലണ്ടര്‍ ഓര്‍ക്കരുത്. ഒരു വാക്കിനും വരയ്ക്കും ആവിഷ്കരിക്കാനാവാത്തതാണത്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് വിശ്വരൂപദര്‍ശനം. എല്ലാറ്റിന്റേയും എല്ലാ വൈവിധ്യങ്ങളുടേയും സമ്മേളനം ഒന്നില്‍ കാണുന്നുവെങ്കില്‍ അത് വിശ്വരൂപദര്‍ശനമാണ്. ഇത് സാധാരണ നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റില്ല. അറിവാകുന്ന ചക്ഷുസു കൊണ്ടേ പറ്റൂ.

വിശ്വരൂപം ദര്‍ശിച്ചാല്‍ പിന്നെ ഒരു മതവുമില്ല. എല്ലാ പുരോഹിതന്മാരും കുപ്പായങ്ങള്‍ അഴിച്ചുവെക്കേണ്ടിവരും. അതിനാല്‍ അവര്‍ പണ്ടുണ്ടായതാണ്, ഇപ്പോള്‍ കാണാന്‍ പറ്റില്ല എന്നെല്ല‍ാം തെറ്റിദ്ധരിപ്പിച്ച് അന്വേഷകരെ നിരുത്സാഹപ്പെടുത്തുന്നു. ഇപ്പോള്‍ നമ്മുടെ കാഴ്ച വലിയൊരു കൊട്ടാരം താക്കോല്‍പഴുതിലൂടെ കാണുന്നതു പോലെയാണ്. എന്തൊക്കെയോ ചിലത് കാണ‍ാം. പക്ഷേ, അത് വളരെ ചെറിയൊരംശം മാത്രമാണ്. വാതില്‍ തുറന്ന് ന‍ാം കാഴ്ച പൂര്‍ണമാക്കണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം