ബ്രഹ്മസ്വം ദുരനുജ്ഞാതം ഭുക്തം ഹന്തി ത്രിപൂരുഷം
പ്രസഹ്യ തു ബലാത്‌ ഭുക്തം ദശ പൂര്‍വ്വാന്‍ ദശാപരാന്‍ (10-64-35)
യഥാഹം പ്രണമേ വിപ്രാനനുകാലം സമാഹിതഃ
തഥാ നമത യൂയം ചയോഽന്യഥാ മേ സ ദണ്ഡഭാക്‌ (10-64-42)

ശുകമുനി തുടര്‍ന്നു:
ഒരു ദിവസം കൃഷ്ണന്റെ പുത്രന്മാരും മറ്റുളളവരും ഒരുദ്യാനത്തില്‍ കളിച്ചു രസിക്കുന്ന സമയം അവര്‍ ദാഹം തീര്‍ക്കാനായി ഒരു കിണറ്റിന്‍കരയിലേക്ക്‌ പോയി. അതില്‍ അതികായനായ ഒരോന്തിനെ കണ്ടു. അതിശയപ്പെട്ട്‌ അവര്‍ കാര്യം കൃഷ്ണനോട്‌ പറഞ്ഞു. നേരിട്ട് അന്വേഷിക്കാന്‍ ഭഗവാന്‍ ഉദ്യാനത്തിലെത്തി. കൃഷ്ണന്റെ സ്പര്‍ശനമാത്രയില്‍ ഓന്ത്‌ തന്റെ രൂപം മാറി സുന്ദരനായ ഒരു രാജകുമാരനായി മാറി. കൃഷ്ണന്‍ അയാളെ ചോദ്യം ചെയ്തു. രാജകുമാരന്‍ പറഞ്ഞു: ‘ഞാന്‍ നൃഗന്‍ എന്നു പേരായ ഒരു രാജാവായിരുന്നു. ഇക്ഷ്വാകുവിന്റെ പുത്രന്‍ . ദാനധര്‍മ്മകാര്യങ്ങളില്‍ ഞാന്‍ അതീവ പ്രശസ്തനായിരുന്നു. എന്റെ ദീനദയാലുത്വവും അതിരറ്റതായിരുന്നു. ഭൂമിയിലുളള മണ്‍തരികളുടെയത്ര, ആകാശത്തിലെ നക്ഷത്രങ്ങളുടെയത്ര, അല്ലെങ്കില്‍ ഭൂമിയില്‍ വീഴുന്ന മഴത്തുളളികളുടെയത്ര എണ്ണം പശുക്കളെ ‍ ഞാന്‍ ദാനംചെയ്തിട്ടുണ്ട്‌. അവ ലഭിച്ചവരാകട്ടെ പരമസത്യത്തെ പൂജിക്കുന്ന ബ്രാഹ്മണരും. അവര്‍ വേദപഠനത്തിലും തപശ്ചര്യകളിലും മുഴുകിയവരുമായിരുന്നു.

ഒരിക്കല്‍ ഞാന്‍ ദാനംചെയ്ത ഒരു പശു കൂട്ടം തെറ്റി ദാനം ചെയ്യാന്‍ ഒരുക്കി നിര്‍ത്തിയിരുന്നുവയുടെ കൂടെ വന്നു ചേര്‍ന്നു. അതിനെ ഞാന്‍ മനസ്സറിയാതെ വീണ്ടും ദാനം ചെയ്തു. ബ്രാഹ്മണന്‍ പശുക്കളുമായി പോവുമ്പോള്‍ മുന്‍പ്‌ ആ പശുവിന്റെ ഉടമസ്ഥനായിരുന്ന ബ്രാഹ്മണന്‍ ഇടപെട്ട്‌ തര്‍ക്കമായി. തര്‍ക്കം എന്റെയടുക്കലെത്തി. രണ്ടുപേരെയും സമാധാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുവെങ്കിലും അതു സാധിച്ചില്ല. അപ്പോഴേക്കും യമഭടന്മാര്‍ എന്നെ കൊണ്ടുപോവാന്‍ എത്തിയിരുന്നു. ഞാന്‍ മരിച്ചു വീണു. യമന്‍ ചോദിച്ചു: ‘നിങ്ങളുടെ സല്‍കര്‍മ്മങ്ങളുടെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നോ, അതോ ദുഷ്കര്‍മ്മഫലങ്ങള്‍ ആദ്യം സ്വീകരിക്കുന്നുവോ? നിങ്ങള്‍ക്ക്‌ സല്‍കര്‍മ്മങ്ങള്‍ എറെയുണ്ടല്ലോ., ആദ്യം ദുഷ്കര്‍മ്മഫലങ്ങള്‍ അനുഭവിച്ചു തീര്‍ക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. അതനുസരിച്ച്‌ യമന്‍ എന്നെ ഭൂമിയിലേക്ക്‌ തിരിച്ചയച്ചു. ഓരോ ജീവികളായി ജനിച്ചു ജീവിച്ചുവെങ്കിലും പൂര്‍വ്വജന്മസ്മൃതികള്‍ എന്നിലുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാന്‍ അവിടുത്തെ ഭക്തനുമായിരുന്നു. ഇപ്പോള്‍ അവിടുത്തെ ദര്‍ശനം ലഭിച്ചതിന്റെ ആനന്ദത്തിലാണു ഞാന്‍ .’

രാജാവ്‌ ഭഗവാനെ കുമ്പിട്ട്‌ വണങ്ങി. അപ്പോഴേക്കും അവിടെ സമാഗതമായ ഒരാകാശനൗകയില്‍ കയറി അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക്‌ പോയി. അവിടെ കൂടിയിരുന്നുവരോടായി കൃഷ്ണന്‍ പറഞ്ഞു: ‘ബ്രാഹ്മണരോട്‌ അനീതി കാട്ടുകയോ അവരുടെ സമ്പത്ത്‌ അപഹരിക്കുകയോ ചെയ്യുന്നുവര്‍ക്ക്‌ ഇതൊരു പാഠമാകട്ടെ. ബ്രാഹ്മണസമ്പത്ത്‌ തീ പോലെയാണ്‌. അതിനെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നുവന്റെ മൂന്നു തലമുറകള്‍ നശിക്കുന്നു. ബ്രാഹ്മണന്റെ സമ്പത്തിനെ അവന്റെ സമ്മതം കൂടാതെ ബലം പ്രയോഗിച്ച്‌ കവരുന്നവന്റെ പിതൃക്കളുടെ പത്തു തലമുറകളും ഭാവിയിലെ പത്തു തലമുറകളും നാശഫലങ്ങള്‍ക്കിരയാവുന്നു. ബ്രാഹ്മണസമ്പത്തിനെ മോഹിക്കുന്ന രാജാക്കന്മാര്‍ ഭീകരങ്ങളായ നരകങ്ങളില്‍ പതിക്കുന്നു. ബ്രാഹ്മണരുടെ സ്വത്തുക്കളൊന്നും എന്റെ ഖജനാവില്‍ വീഴാതിരിക്കട്ടെ. ഞാന്‍ ബ്രാഹ്മണരെ പൂജിച്ചാരാധിക്കുന്നു. നിങ്ങളും അങ്ങനെ ചെയ്യാന്‍ ഞാന്‍ അനുശാസിക്കട്ടെ. നൃഗരാജന്റെ കഥ, ബ്രാഹ്മണസ്വത്ത്‌ അറിഞ്ഞോ അറിയാതെയോ അപഹരിച്ച ഒരുവന്റെ വിധി എന്താണെന്നു നമ്മെ മനസ്സിലാക്കുന്നു.’

എല്ലാവരും തങ്ങളുടെ കൊട്ടാരത്തിലേക്ക്‌ മടങ്ങി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF