ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 12

സര്‍വ്വദ്വാരാണി സംയമ്യ
മനോ ഹൃദി നിരുദ്ധ്യ ച
മുര്‍ദ്ധ്ന്യാധായാത്മനഃ പ്രാണ-
മാസ്ഥിതോ യോഗധാരണാം.

ശ്ലോകം 13

ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന്‍ മാമനുസ്മരന്‍
യഃ പ്രയാതി ത്യജന്‍ ദേഹം
സ യാതി പരമാം ഗതിം.

ഏതൊരുവന്‍ ഇന്ദ്രിയങ്ങളെയെല്ലാം പിന്‍വലിച്ച് ഉള്ളിലൊതുക്കി, മനസ്സിനെ ഹൃദയത്തില്‍ ഉറപ്പിച്ച്, പ്രാണവായുവിനെ ഭ്രൂമധ്യത്തില്‍ അടക്കിനിര്‍ത്തി, ധ്യാനനിഷ്ഠയില്‍ മുഴുകി, ഓം എന്ന ബ്രഹ്മപ്രതീകമായ ഏകാക്ഷരത്തെ നീട്ടിയുച്ചരിച്ച്, എന്നെ ഇടതടവില്ലാതെ സ്മരിച്ചുകൊണ്ടു ദേഹത്തെ വിട്ടുപോകുന്നുവോ, അവന്‍ ബ്രഹ്മാപ്രാപ്തി കൈവരിക്കാന്‍ ഇടയാകുന്നു.

ഹൃദയത്തിനു പുറത്തിറങ്ങി അലഞ്ഞു തിരിഞ്ഞു നടക്കുകയെന്നുള്ള മനസ്സിന്റെ സഹജമായ സ്വഭാവം നിയന്ത്രിച്ച് , അതിനെ ഹൃദയത്തിന്റെ അന്തര്‍ഭാഗത്ത് ഉറപ്പിച്ചു നിര്‍ത്തണം ഇതു സാധ്യമാവണമെങ്കില്‍ ഇന്ദ്രിയങ്ങളുടെ എല്ലാ വാതിലുകളും, ഇന്ദ്രിയനിഗ്രഹണം ആത്മനിയന്ത്രണം എന്നീ താഴുകള്‍ ഉപയോഗിച്ചു സ്ഥിരമായി പൂട്ടിയിടണം. മനസ്സിനെ ഇപ്രകാരം തടവിലാക്കിയാല്‍, അത് അംഗഹീനനായ ഒരുവന് വീടിന്റെ അതിര്‍ത്തിവിട്ടു വെളിയില്‍ പോകാന്‍ കഴിയാത്തതുപോലെ, ഹൃദയത്തിനുള്ളില്‍ തന്നെ ഉറച്ചുനില്‍ക്കും മനസ്സ് ശാന്തമായിരിക്കുമ്പോള്‍ ജീവശ്വാസം നിയന്ത്രിച്ചുകൊണ്ടു പ്രണവത്തെ (ഓം) ധ്യാനിക്കുകയും പ്രാണനെ പടിപടിയായി ബ്രഹ്മരന്ധ്രംവരെ ഉയര്‍ത്തുകയും ചെയ്യണം. അവിടെയെത്തിക്കഴിഞ്ഞാല്‍ , യോഗബലം കൊണ്ട് അവിടെ തന്നെ അതിനെ നിലനിര്‍ത്തുമ്പോള്‍, ഓം എന്ന പവിത്രമായ ഒറ്റപ്പദത്തിന്റെ അ, ഉ, മ്, എന്ന മൂന്നുയോഗാംശങ്ങള്‍ ഒന്നുചേര്‍ന്നു കേവലം ധ്വനിമയമായി ബോധവസ്തുവില്‍ ചെന്നു ലയിക്കുന്നു. അപ്പോള്‍ ഓം എന്ന പ്രതീകവുമായി താദാത്മ്യപ്പെടുന്ന മനസ്സും അതിനെ ആലംബിച്ചുചുരുങ്ങി, ഉച്ചാരണത്തിന്റെ അന്ത്യഘട്ടത്തില്‍ നേരിട്ടു ബോധവസ്തുവില്‍ ചെന്നുപറ്റുന്നു. ഇതോടെ എല്ലാ വിചാരങ്ങളും നശിക്കുന്നു. സങ്കല്പങ്ങളെ ഒഴിച്ചു മാറ്റി ജാഗ്രത് സ്വപ്നസുഷുപ്തികളൊന്നുമില്ലാത്ത ബോധത്തിന്റെ ശുദ്ധമായ അനുഭവ സ്ഥിതിയാണ്അവസാനഘട്ടം. ഉപാസകന്റെ മനസ്സിന് ആശ്രയമരുളി നേരിട്ടു ബ്രഹ്മത്തില്‍ കൊണ്ടെത്തിക്കുന്ന പൂര്‍ണ്ണപ്രതീകമാണ് ഓം. ഏകാക്ഷരമായ ബ്രഹ്മംതന്നെയാണിത്. ആകയാല്‍ ഓം എന്റെ പേരുമാത്രമാണ്. എന്റെ പരമമായ ഈ രൂപത്തെ സ്മരിച്ചുകൊണ്ടു ദേഹം വെടിയുന്നവന്‍ നിശ്ചയമായും എന്നെ പ്രാപിക്കും. എന്നില്‍കവിഞ്ഞ് ഒന്നുംതന്നെ അവനു കൈവരിക്കാനാവില്ല.

അര്‍ജ്ജുനാ, എന്നാല്‍ എങ്ങനെയാണ് ഒരുവന്‍ മരണവേളയില്‍ എന്നെ ഓര്‍ത്തിരിക്കുന്നതെന്നു നിനക്കു സംശയം തോന്നാം. ഇന്ദ്രിയങ്ങളുടെ പ്രവേശനങ്ങള്‍ക്കെല്ലാം മാന്ദ്യം സംഭവിക്കുമ്പോള്‍, ജീവിതസുഖങ്ങളെല്ലാം നശിക്കുമ്പോള്‍, മരണത്തിന്റെ ലക്ഷണങ്ങള്‍ അകത്തും പുറത്തും പ്രകടമാകുമ്പോള്‍, ഒരുവന്‍ ആസനസ്ഥനായി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ഓം എന്ന പ്രണവമന്ത്രത്തെ ധ്യാനിക്കുന്നത് ആരുടെ മനസ്സ് കൊണ്ടാണെന്ന് നീ ചിന്തിക്കുന്നുണ്ടാകും. ഇപ്രകാരമുള്ള ചിന്തയും സംശയവും നീ ദൂരീകരിക്കണം. നീ എന്നും എന്നെ സേവിക്കാന്‍ തയ്യാറായാല്‍ നിന്റെ മരണസമയത്ത് ഞാന്‍ നിന്റെ ദാസനായി നിന്നെ സേവിക്കും.