ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 23

ഓം തത് സദിതി നിര്‍ദ്ദേശോ
ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രഹ്മണാസ്തേന വേദാശ്ച
യജ്ഞാശ്ച വിഹിതാഃ പുരാ

ഓം തത് സത് എന്നിങ്ങനെ ബ്രഹ്മത്തിനു മൂന്നുവിധത്തില്‍ നാമനിര്‍ദേശമുണ്ട്. ആ മൂന്നു ശബ്ദം കൊണ്ടാണ് ബ്രാഹ്മണ്യാദി വര്‍ണ്ണങ്ങളെയും വേദങ്ങളെയും യജ്ഞങ്ങളെയും ആദിയില്‍ സൃഷ്ടിച്ചിട്ടുള്ളത്.

സര്‍വ്വ ജഗത്തിന്റെയും വിശ്രാമധാമമായ അനാദിപരബ്രഹ്മത്തിനു മൂന്ന് പ്രകാരത്തിലുള്ള എകനാമമാണുള്ളത്‌. യഥാര്‍ത്ഥത്തില്‍ അത് നാമജാതിവര്‍ഗ്ഗരഹിതമാണ്. എന്നാല്‍ മോഹാന്ധകാരത്തില്‍ മുങ്ങിക്കിടക്കുന്ന അജ്ഞാനികള്‍ക്ക് തിരിച്ചറിയുന്നതിനായി വേദങ്ങള്‍ അതിനു നാമചിഹ്നം നല്‍കി.

ഒരു പേരോടുകൂടിയല്ല ഒരു ശിശു ജനിക്കുന്നത്. എന്നാല്‍ കാലാന്തരത്തില്‍ അതിനൊരു പേര് നല്‍കി, ആ പേര് ചൊല്ലി അതിനെ വിളിക്കുമ്പോള്‍, ഉറങ്ങിക്കിടക്കുകയാണെങ്കില്‍ പോലും, ആ ശിശു അതുകേട്ട് ഞെട്ടി ഉണര്‍ന്നുപോകും. അതുപോലെ ഐഹികജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് ക്ഷീണിതരായ ജനങ്ങള്‍, അവരുടെ ആവലാതികള്‍ക്ക് അറുതി വരുത്താനായി പരബ്രഹ്മത്തോടു ദുഃഖനിവേദനം നടത്തിയപ്പോള്‍, അവര്‍ ഒരു സൂചക ശബ്ദം ഉപയോഗിച്ചാണ് പരബ്രഹ്മത്തെ അഭിസംബോധന ചെയ്തത്. അതിനു പരബ്രഹ്മത്തില്‍നിന്ന് പ്രത്യുത്തരം ലഭിച്ചപ്പോള്‍ അത് പരബ്രഹ്മത്തിന്റെ സാങ്കേതിക നാമമായിത്തീര്‍ന്നു.

അനാദിയായ ബ്രഹ്മം നിശ്ശബ്ദമാണ്. ആ നിശബ്ദതത ഭഞ്ജിക്കുന്നതിനും അതിന്റെ യഥാര്‍ത്ഥ അദ്വൈതസ്വരൂപം വെളിപ്പെടുന്നതിനുമായി, ലോകത്തെ കാരുണ്യപൂര്‍വ്വം വീക്ഷിക്കുന്ന വേദപിതാക്കള്‍, ഒരു നാമമാന്ത്രം കണ്ടുപിടിച്ചു. ഈ നാമമന്ത്രം കൊണ്ട് ധ്യാനിച്ചാല്‍ ബ്രഹ്മം മുഖത്തോടു മുഖമായി, പിന്നില്‍നിന്ന് നിന്റെ മുന്നില്‍ വന്നുനില്‍ക്കും. എന്നാല്‍ വേദപര്‍വ്വത ശൃംഗത്തിലുള്ള ഉപനിഷന്നഗരത്തില്‍ ബ്രഹ്മദേവനോടൊപ്പം ഇരിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ മന്ത്രത്തിന്റെ മഹിമ അറിയാന്‍ പാടുള്ളൂ. ബ്രഹ്മദേവനുപോലും ഈ മന്ത്രം ഒരു പ്രാവശ്യം ഉരുക്കിക്കഴിച്ചതിന്റെ ഫലമായിട്ടാണ് സൃഷ്ടി നടത്തുന്നതിനുള്ള ശക്തി ലഭിച്ചത്.

അല്ലയോ വീരോത്താമ, ഈ ലോകത്തിന്റെ സൃഷ്ടിക്കുമുമ്പ് ബ്രഹ്മാവ്‌ ഏകാകിയും സംഭ്രാന്തനും ആയിരുന്നു. ഈശ്വരന്‍ എന്താണെന്നതിനെപ്പറ്റി അദ്ദേഹം ബോധവാനല്ലായിരുന്നു. ലോകസൃഷ്ടിക്കു അദ്ദേഹത്തിനു പ്രാപ്തിയില്ലായിരുന്നു. എന്നാല്‍ ഈ മന്ത്രജപത്തോടെ അദ്ദേഹം മഹത്ത്വം കൈവരിച്ചു. ഈ മന്ത്രത്തിന്റെ പൊരുള്‍ അന്തഃകരണത്തില്‍ വെച്ചുകൊണ്ട് അദ്ദേഹം അനവതരം ധ്യാനിച്ചു. ഈ വര്‍ണ്ണത്രയമന്ത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടപ്പോള്‍ വിശ്വസൃഷ്ടിക്കുള്ള യോഗ്യത അദ്ദേഹത്തിനു ലഭിച്ചു. അനന്തരം അദ്ദേഹം ബ്രഹ്മജനങ്ങളെ – ബ്രാഹ്മണരെ – സൃഷ്ടിച്ചു. വേദശാസനകള്‍ അനുസരിച്ച് വിധിപ്രകാരമുള്ള യജ്ഞങ്ങള്‍ ആചരിച്ചു ജീവിതനിര്‍വ്വഹണം നടത്താന്‍ അവരെ നിയോഗിച്ചു. അതിനുശേഷം അദ്ദേഹം എണ്ണമറ്റ ജീവികളെ സൃഷ്ടിക്കുകയും മുപ്പാരിനെ പരമ്പരാഗതമായി അനുഭവിച്ചു ജീവസന്ധാരണം ചെയ്യുന്നതിന് അവര്‍ക്ക് പാരിതോഷികമായി നല്‍കുകയും ചെയ്തു. ഈ നാമമന്ത്രം കൊണ്ട് ബ്രഹ്മാവ്‌ അഗ്രഗണ്യനായി.

ലക്ഷ്മീപതിയായ ഭഗവാന്‍ ഇപ്രകാരം പറഞ്ഞു. അര്‍ജ്ജുനന്‍ അതീവശ്രദ്ധയോടെ കേള്‍ക്കുകയാണ്.

ഭഗവാന്‍ തുടര്‍ന്നു: പ്രണവം സര്‍വ്വമന്ത്രരാജനാണ്. ഓം ആദിവര്‍ണ്ണമാണ്. തത് എന്നത് രണ്ടാമത്തെതും സത് എന്നത് മൂന്നാമത്തെതും ആകുന്നു. ഇപ്രകാരം ഓം തത് സത് എന്നു മൂന്നു പ്രകാരത്തിലുള്ളതാണ് ബ്രഹ്മനാമം. ബ്രഹ്മത്തിന്റെ ഈ ത്രിവിധനാമം ഉപനിഷത്തുകളിലെ മനോജ്ഞമായ മലരാണ്. അതിന്റെ പരിമളം നീ ആസ്വദിക്കേണ്ടതാണ്. ഈ മന്ത്രവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ നീ സാത്ത്വികധര്‍മ്മാചരണം നടത്തിയാല്‍, കൈവല്യം നിന്റെ ഗൃഹദാസനായി നിന്നെ സേവിക്കും.

ഭാഗ്യം കൊണ്ട് ഒരുവന് കര്‍പ്പൂരത്തിന്റെ ആഭരണങ്ങള്‍ ലഭിച്ചുവെന്നിരിക്കട്ടെ. എന്നാല്‍ അത് എപ്രകാരമാണ് അണിയേണ്ടതെന്നറിവില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്‌? അതുപോലെ ഒരുവന്‍ സാത്വികകര്‍മ്മങ്ങള്‍ ചെയ്യുകയും ബ്രഹ്മനാമം ഉരുവിടുകയും ചെയ്തുവെന്ന് വരാം. എന്നാല്‍ അതിന്റെ മഹിതമായ വിനിയോഗരഹസ്യം അവനു അറിവുണ്ടായിരിക്കുകയില്ല. മഹാത്മാക്കളായ വ്യക്തികള്‍ ഗൃഹദര്‍ശനം നടത്തുമ്പോള്‍ വേണ്ടവണ്ണം അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തില്ലെങ്കില്‍ ഗുഹനാഥന്റെ പുണ്യം നഷ്ടപ്പെട്ടുപോകും. ആഭരണങ്ങള്‍ ധരിക്കണമെന്നു ആഗ്രഹമുള്ള ഒരുവന് ധാരാളം ആഭരണങ്ങള്‍ കൈയില്‍ കിട്ടിയെന്നു വരാം, എന്നാല്‍ അത് വേണ്ടവിധത്തില്‍ ധരിക്കാന്‍ അറിവില്ലാത്തതുകൊണ്ട്, അവയെല്ലാം കൂടി ഒരു ഭാണ്ഡമാക്കി കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടാല്‍ എന്തു പ്രയോജനമാണുള്ളത്? അതുപോലെ സത്കര്‍മ്മങ്ങള്‍ ചെയ്യുകയും ബ്രഹ്മനാമം ഉരുവിടുകയും ചെയ്യുമ്പോള്‍ ശാസ്ത്രവിധിപ്രകാരമുള്ള അതിന്റെ വിനിയോഗരഹസ്യം യഥാവിധി അറിവില്ലെങ്കില്‍ അതിന്റെ കര്‍മ്മങ്ങള്‍ ഒരു ഫലവും സിദ്ധിക്കുന്നതല്ല.

ആഹാരാപദാര്‍ത്ഥങ്ങള്‍ സമീപത്തുതന്നെ ഇരിപ്പുണ്ടെങ്കിലും അതെടുത്ത് കഴിക്കുന്നതിനുള്ള കഴിവ് വിശന്നുപൊരിയുന്ന ആ കുട്ടിക്കില്ലെങ്കില്‍ എങ്ങനെയാണ് അവന്‍ വിശപ്പടക്കുക? എണ്ണയും തിരിയും ലഭ്യമാണ്. എന്നാല്‍ അത് സംയോജിപ്പിച്ച് ദീപം തെളിയിക്കാന്‍ എന്തു ചെയ്യണമെന്നു അറിവില്ലെങ്കില്‍ വെളിച്ചം ഉണ്ടാവുകയില്ല. അതുപോലെ യഥാസമയത്തുള്ള കര്‍മ്മവും ബ്രഹ്മനാമത്തെപ്പറ്റിയുള്ള സ്മരണയുംകൊണ്ട് മാത്രമല്ലാതെ യഥാര്‍ഹമായി അതുകളെ പ്രയോജനപ്പെടുത്തുവാനും അറിയണം. ഈ അറിവില്ലെങ്കില്‍ ഫലം വ്യര്‍ത്ഥമായിത്തീരുകയേ ഉള്ളൂ.