സ്വാമി വിവേകാനന്ദന്‍

ഈ സംഗതി പറയുമ്പോള്‍ ജനങ്ങള്‍ക്കു ഭയമാകുന്നു. അങ്ങനെയാകുമ്പോള്‍ തങ്ങളുടെ സ്വന്തം നില നശിച്ചുപോകയില്ലേ എന്ന് അവര്‍ വീണ്ടും വീണ്ടും ചോദിക്കുന്നു. ഈ സ്വന്തം നിലയെന്നതെന്ത്? അതൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു. കുട്ടിക്കു മേല്‍മീശയില്ല. അതു വളരുമ്പോള്‍ മേല്‍മീശമാത്രമല്ല, താടിമീശയും ഉണ്ടാവാം. അപ്പോള്‍ സ്വന്തം നില ദേഹത്തിലാണെങ്കില്‍ അതു പൊയ്‌പോകുമല്ലോ. ഒരു കണ്ണോ കയ്യോ നഷ്ടമായാലും സ്വന്തം നില, അതു ദേഹത്തിലാണെങ്കില്‍, പോകുമല്ലോ. എന്നു മാത്രമല്ല, മദ്യപന്‍ മദ്യം കഴിക്കാതായാല്‍ അയാളുടേയും സ്വന്തം നില നശിച്ചുപോകും. കള്ളന്‍ സ്വന്തം നില പുലര്‍ത്തിപ്പോരണമെങ്കില്‍ നല്ലവനാകാതിരിക്കണം. ഇതു പേടിച്ച് ആരും സ്വഭാവവും നടപടിയും ഒന്നും മാറ്റരുത്. വാസ്തവത്തില്‍ സ്വന്തം നില എന്നൊന്ന് അപരിമിതത്തിനല്ലാതെ മറ്റൊന്നിനുമില്ല. അതൊന്നേ മാറ്റമില്ലാതുള്ളു. മറ്റുള്ളതെല്ലാം പ്രതിനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഇനി സ്മൃതികൊണ്ടാണ് സ്വന്തം നില എന്നു പറയുന്നതും ശരിയാവില്ല. തലയ്ക്ക് ഒരടി തട്ടി എന്നിരിക്കട്ടെ. അതുകൊണ്ടു ഭൂതകാലത്തിന്റെ വിസ്തൃതി വന്നേയ്ക്കാം. അങ്ങനെ വന്നാല്‍ സ്വന്തം നില നശിച്ചുപോയല്ലോ. എന്റെ ബാല്യത്തിലെ രണ്ടോ മൂന്നോ കൊല്ലത്തെ കാര്യമൊന്നും എനിക്കോര്‍മ്മയില്ല. ഓര്‍മ്മയും ഉണ്‍മയും ഒന്നാണെങ്കില്‍ എന്റെ ജീവിതത്തില്‍ എനിക്കോര്‍മ്മയില്ലാത്ത കാലം ഞാന്‍ ജീവിച്ചിരുന്നില്ലെന്നു പറയേണ്ടിവരുമല്ലോ. അതു സ്വന്തം നിലയെപ്പററി വളരെ സങ്കുചിതമായ ബോധമാണ്. നമുക്ക് ഇനിയും സ്വന്തം നില വന്നിട്ടില്ല. അതു സിദ്ധിപ്പാന്‍ നാം പ്രയത്‌നിക്കുകയാണ്. ആ സ്വന്തം നില അപരിമിതത്വവുമാകുന്നു. അതാണ് മനുഷ്യന്റെ യഥാര്‍ത്ഥസ്വഭാവം. ജഗത്തില്‍ മുഴുവന്‍കൂടി ജീവിക്കുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളു. നാം പരിമിതങ്ങളില്‍ എത്രകണ്ടൊതുങ്ങുന്നുവോ അത്രകണ്ടു വേഗത്തില്‍ മൃത്യുവിലേക്കു ചെല്ലുന്നു. ജഗദ്ധിതാര്‍ത്ഥം, പരഹിതാര്‍ത്ഥം ജീവിക്കുന്ന നിമിഷങ്ങളിലേ നാം വാസ്തവത്തില്‍ ജീവിക്കുന്നുള്ളു. അതല്ലാതുള്ള ഈ ക്ഷുദ്രജീവിതം മരണംതന്നെ, യഥാര്‍ത്ഥമരണം: അതു നിമിത്തമാണ് നമുക്കു മരണഭയമുണ്ടാകുന്നതും. ഈ ജഗത്തില്‍ ഒരു ജീവിയെങ്കിലും ഉള്ള കാലത്തോളം താന്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന് സാക്ഷാല്‍ക്കരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു മൃത്യുഭയത്തെ ജയിപ്പാന്‍ കഴിയൂ. സര്‍വ്വത്തിലും ഞാനുണ്ട്, സര്‍വ്വമനുഷ്യനിലും സര്‍വ്വജീവിതത്തിലും ഞാനുണ്ട്, സര്‍വ്വജഗത്തും ഞാന്‍തന്നെ എന്നു പറയാറാകുമ്പോള്‍ മാത്രമാണ് നിര്‍ഭയത്വമുണ്ടാകുന്നത്. സദാ മാറിമാറിക്കൊണ്ടിരിക്കുന്ന വസ്തുക്കളില്‍ നിത്യത്വപ്രസംഗം അര്‍ത്ഥശൂന്യം. സംസ്‌കൃതത്തില്‍ ഒരു തത്ത്വജ്ഞന്‍ പറയുന്നു, ”ആത്മാവിനു മാത്രമേ തന്‍നിലയുള്ളു. അത് അനന്തമായതുകൊണ്ട്: അനന്തം അവിഭാജ്യമാണ്, അഖണ്ഡമാണ്.” അത് എന്നും ഒരേ അഖണ്ഡാദ്വയവസ്തു: അതത്രേ മനുഷ്യന്റെ സ്വന്തം നില: അതത്രേ യഥാര്‍ത്ഥമനുഷ്യന്‍. ആ സ്വന്തം നില, ആ യഥാര്‍ത്ഥമനുഷ്യത്വം പ്രകാശിപ്പിക്കാനുള്ള പരിശ്രമമാണ് പ്രത്യക്ഷമനുഷ്യന്‍. പരിണാമങ്ങളൊന്നും ആത്മാവിലല്ല. ദുഷ്ടന്‍ ശിഷ്ടനാകുന്നതും, മൃഗം മനുഷ്യനാകുന്നതും, ഏതു വിധത്തിലെടുത്താലും ഈ മാറ്റങ്ങളൊന്നും ആത്മാവിലല്ല. അവ പ്രകൃതിപരിണാമവും ആത്മപ്രകാശനവുമാണ്. എന്റെ മുമ്പില്‍ ഒരു മറ നിങ്ങളെ മറച്ചുകൊണ്ടുണ്ടെന്നു കരുതുക. അതില്‍ ചെറിയൊരു ദ്വാരവുമുണ്ട്, അതില്‍ക്കൂടെ നോക്കിയാല്‍ ചുരുക്കം ചിലരുടെ മുഖം മാത്രം കാണാം. ആ ദ്വാരം വലുതായി വലുതായി വരുന്നതോടുകൂടി എന്റെ മുമ്പിലുള്ള രംഗം എനിക്ക് അധികമധികം വെളിപ്പെടും. ആ മറ മുഴുവന്‍ നീങ്ങുമ്പോള്‍ നിങ്ങളെല്ലാവരെയും നേരിട്ടു കാണുകയും ചെയ്യാം. നിങ്ങള്‍ക്കു യാതൊരു മാറ്റവും ഉണ്ടായിട്ടില്ല, ദ്വാരം മാറി വന്നു, അതിനനുസരിച്ച് നിങ്ങള്‍ ക്രമേണ വെളിപ്പെട്ടുകൊണ്ടിരുന്നു. ഇതുപോലെതന്നെ ആത്മാവിന്റെ കാര്യം, പരിപൂര്‍ണ്ണത്വം കൈവരുവാനില്ല: നിങ്ങള്‍ സ്വതേ പരിപൂര്‍ണ്ണന്‍മാരും മുക്തന്‍മാരുമാണ്.

മനുഷ്യനു മതമെന്നും ഈശ്വരനെന്നും പരലോകമെന്നും മറ്റുമുള്ള വിചാരങ്ങളുണ്ടാകുന്നതെന്തുകൊണ്ട്? ഒരീശ്വരനെ ആരായുന്നതെന്തുകൊണ്ട്? ഏതു രാജ്യത്തുള്ളവനായാലും, ഏതുതരം സമുദായത്തില്‍ പെട്ടവനായാലും മനുഷ്യനു മനുഷ്യരൂപത്തിലാവട്ടെ, മറ്റേതെങ്കിലും നിലയിലാവട്ടെ, ഒരു പരിപൂര്‍ണ്ണമായ ആദര്‍ശം വേണമെന്നു തോന്നുന്നതെന്തുകൊണ്ട്? ആ ഭാവം ഉള്ളിലുള്ളതുകൊണ്ടുതന്നെ. നിങ്ങളുടെ സ്വന്തം ഹൃദയമാണ് സ്പന്ദിച്ചിരുന്നത്, അതു നിങ്ങളിലില്ല, അത് എന്തോ പുറമെ ഒന്ന് എന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചു. നിങ്ങളുടെ ഹൃദയത്തിലിരിക്കുന്ന ഈശ്വരന്‍ നിങ്ങളെ ഈശ്വരാന്വേഷണത്തിനും ഈശ്വരസാക്ഷാല്‍ക്കാരത്തിനും പ്രേരിപ്പിക്കുന്നു. അതനുസരിച്ച് നിങ്ങള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അങ്ങുമിങ്ങും നീണാള്‍ തേടിത്തിരിഞ്ഞ് ഒരു വട്ടമെത്തിച്ചിട്ട് ഒടുക്കം നിങ്ങളുടെ ഹൃദയത്തിലേക്കുതന്നെ – നിങ്ങള്‍ ആദ്യം പുറപ്പെട്ട സ്ഥലത്തേയ്ക്കുതന്നെ – മടങ്ങിവരുന്നു. നിങ്ങള്‍ ആരെ കാണ്‍മാന്‍ ജഗത്തില്‍ മുഴുവന്‍ അന്വേഷിച്ചുവോ, ആരെ ലഭിപ്പാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും ചെന്നു കരഞ്ഞും പ്രാര്‍ത്ഥിച്ചും വരുന്നുവോ, ആരെക്കുറിച്ചു നിഗൂഢനായി ഗുഹ്യാദ്ഗുഹ്യതമന്‍ എന്നു വിചാരിച്ചുപോന്നുവോ, ആ ഈശ്വരന്‍ നിങ്ങള്‍ക്ക് അത്യന്തം അടുത്തിരിക്കുന്നവനും നിങ്ങളുടെ സ്വന്തം ആത്മാവും നിങ്ങളുടെ ദേഹമനോജീവിതങ്ങളുടെ കാതലുമാണെന്നും നിങ്ങള്‍ ഒടുവില്‍ കണ്ടെത്തും. അതു നിങ്ങളുടെ സ്വസ്വരൂപനുമാകുന്നു. ആ ഭാവം ബലമായുറപ്പിക്കുക: അതിനെ പ്രകാശിപ്പിക്കുക. നിങ്ങള്‍ നിര്‍മ്മലന്‍മാരാകേണ്ടതില്ല, ഇപ്പോഴേ നിങ്ങള്‍ നിര്‍മ്മലന്‍മാരാണ്: പൂര്‍ണ്ണന്‍മാരാകേണ്ടതില്ല, ഇപ്പോഴേ നിങ്ങള്‍ പൂര്‍ണ്ണന്‍മാര്‍തന്നെ. പ്രകൃതി നമുക്കപ്പുറമിരിക്കുന്ന പരമാര്‍ത്ഥത്തെ മറയ്ക്കുന്ന മറപോലെയാണ്. നിങ്ങളുടെ ഓരോ സദ്വിചാരവും സല്‍ക്കര്‍മ്മവും ആ മറയെ പറിച്ചുചീന്തുന്നപോലെയും അതുവഴി അകത്തുള്ള പവിത്രത, അനന്തത, ഈശ്വരന്‍, അധികമധികം വെളിവാകും. ഇതത്രേ മനുഷ്യന്റെ ആദ്യന്തചരിത്രം. മറ നേര്‍ത്തുനേര്‍ത്തു വരുന്നു. അപ്പുറമിരിക്കുന്ന പ്രകാശം അധികമധികം പ്രത്യക്ഷമാകുന്നു: പ്രകാശം അതിന്റെ സ്വഭാവമത്രേ.