സ്വാമി വിവേകാനന്ദന്‍

നാം വസ്തുക്കളുടെ പരമാര്‍ത്ഥഗ്രഹണത്തില്‍ വ്യഗ്രതപൂണ്ട് ഏതേതു വഴിയില്‍ക്കൂടി തിരിഞ്ഞുചെന്നാലും, അപഗ്രഥനം വേണ്ടത്ര മുമ്പോട്ടു കൊണ്ടുപോയാല്‍, ഒടുവില്‍ കൗതുകാവഹമായ ഒരവസ്ഥാവിശേഷത്തില്‍ – ‘വൈരുദ്ധ്യ’മെന്നു തോന്നിക്കുന്ന, പരമാര്‍ത്ഥമാണെന്നറിയാമെങ്കിലും യുക്തിബോധത്തിന് അനുരഞ്ജകമല്ലാത്ത, ഒരു പ്രതിഭാസത്തില്‍ – എത്തിപ്പെടുന്നതായി കാണാം. ഏതെങ്കിലുമൊരു വസ്തുവിനെ നാം പരിചിന്തയ്‌ക്കെടുക്കുന്നു – അത് ‘പരിമിത’മാണെന്നു നമുക്കറിയാം. എന്നാല്‍ അപഗ്രഥനം തുടങ്ങുന്നതോടെ, അതു നമ്മെ നമ്മുടെ യുക്തിചിന്താവലയത്തിനപ്പുറത്തേക്ക് നയിക്കുന്നു. അതിന്റെ ധര്‍മ്മങ്ങള്‍, സാധ്യതകള്‍, ശക്തികള്‍, ബന്ധങ്ങള്‍ മുതലായവയ്ക്കു ഒരതിരു കണ്ടെത്താന്‍ നമുക്കു സാധിക്കുന്നില്ല. ചുരുക്കത്തില്‍, അത് അപരിമിതമായി മാറുന്നു. ഒരു വെറും പൂവിന്റെ കഥയെടുക്കുക. അതു തികച്ചും ‘പരിമിത’മാണല്ലോ. എന്നാല്‍ പൂവിനെസ്സംബന്ധിച്ച് എല്ലാം അറിയാമെന്നു പറയാവുന്നവരാരുണ്ട്? ആരും ആ പൂവിനെസ്സംബന്ധിച്ച ജ്ഞാനത്തിന്റെ അറുതിയിലെത്താനിടയില്ല. തുടക്കത്തില്‍ പരിമിതമെന്നു തോന്നിയ പുഷ്പം അപരിമിതമായിത്തീര്‍ന്നു. ഒരു ചെറുമണല്‍ത്തരിയുടെ കഥയെടുക്കുക. അതിനെ അപഗ്രഥിക്കുക. അതൊരു പരിമിതവസ്തുവാണെന്ന ധാരണയോടെയാണ് നാം തുടങ്ങുന്നത്. എന്നാല്‍ അതങ്ങനെയല്ല, അപരിമിതമാണ് എന്ന് ഒടുവില്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും നാം അതിനെ പരിമിതവസ്തുവായിട്ടാണ് ഗണിക്കുന്നത്, അതുപോലെ പൂവിനെയും പരിമിതവസ്തുവായി കരുതിപ്പോരുന്നു.

നമ്മുടെ വിചാരങ്ങളുടേയും കായികമാനസികാനുഭൂതികളുടേയും കഥ ഇതുപോലെതന്നെ. നാം ചെറിയ തോതില്‍ ആരംഭിക്കുന്നു, ചിന്തിച്ചുതുടങ്ങുന്നു. വളരെ ചെറുതെന്നു നാം ആരംഭത്തില്‍ ധരിച്ച കാര്യങ്ങള്‍, താമസിയാതെ നമ്മുടെ ഗ്രഹണശക്തിക്കു പിടിതരാതെ അനന്തതയുടെ അഗാധതയിലേക്കു ചാടിക്കളയുന്നു. ഇനി, നമ്മുടെ അറിവിനു വിഷയീഭവിച്ചവയില്‍ പ്രഥമവും പ്രധാനവുമായ വസ്തു നമ്മള്‍തന്നെ. ‘അസ്തിത്വ’ത്തെസ്സംബന്ധിച്ച് നമ്മളും മുമ്പു പറഞ്ഞ അതേ വൈരുദ്ധ്യാവസ്ഥയിലാണ് വര്‍ത്തിക്കുന്നത്. നാം ഉണ്ട്, നാം നമ്മെ പരിമിതജീവികളായി കാണുന്നു. ഒരു നിമിഷം കൊണ്ടു പ്രകൃതിശക്തികള്‍ക്കു നമ്മെ ഞെരിച്ചുപൊടിച്ചു. ജീവിതത്തില്‍നിന്നു തൂത്തെറിയാം. ഏതു നിമിഷവും ഛിന്നഭിന്നമാകാന്‍ സാദ്ധ്യതയോടെ നമ്മുടെ ചെറുശരീരത്തിലെ അവയവങ്ങള്‍ കഷ്ടിച്ചു പിടിച്ചുനില്‍ക്കുന്നുവെന്നേ ഉള്ളൂ. അതു നമുക്കറിയാം. കര്‍മ്മമണ്ഡലത്തില്‍ നാം അത്യന്തം ശക്തിഹീനര്‍! നമ്മുടെ ഇച്ഛ ഓരോ തിരിവില്‍വെച്ചും തടയപ്പെടുന്നു. എത്രയോ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നാം ആഗ്രഹിക്കുന്നു! എന്നാല്‍ ചെയ്യാന്‍ സാധിക്കുന്നത് എത്ര കുറച്ച്! നമ്മുടെ ഇച്ഛയുടെ ഗതിക്ക് ഒരതിരുമില്ല. നമുക്ക് എന്തുമിച്ഛിക്കാം, എന്തും ആഗ്രഹിക്കാം – ധ്രുവനക്ഷത്രത്തിലേക്കു പോകാന്‍പോലും. എന്നാല്‍ നമ്മുടെ ആഗ്രഹങ്ങളില്‍ നന്നെക്കുറച്ചുമാത്രമാണ് നിറവേറ്റാന്‍ കഴിയുക! ശരീരം അതിനനുവദിക്കില്ല. പ്രകൃതി നമ്മുടെ ഇച്ഛകളുടെ നിര്‍വ്വഹണത്തിന് എതിര്‍നില്‍ക്കുന്നു. നാം ബലഹീനരാണ്. പൂവിനെയും മണല്‍ത്തരിയെയും സ്ഥൂലപ്രപഞ്ചത്തെയും മറ്റെല്ലാ ആശയത്തെയും സംബന്ധിച്ചു പരമാര്‍ത്ഥമായതു നമ്മെസ്സംബന്ധിച്ചും നൂറു മടങ്ങു പരമാര്‍ത്ഥം. ഒരുമിച്ചു പരിമിതവും അപരിമിതവുമായിരിക്കുക നിമിത്തം, അതേ അസ്തിത്വവൈരുദ്ധ്യം നമ്മെസ്സംബന്ധിച്ചും ശരിയാകുന്നു. നാം സമുദ്രത്തിലെ തിരകളെപ്പോലെയാണ്; തിര സമുദ്രമാണ്, എന്നാല്‍ സമുദ്രമല്ലതാനും. ‘ഇതു സമുദ്രമാണ്’ എന്നു പറയാന്‍ വയ്യാത്ത ഒരംശവും തിരയിലില്ല. സമുദ്രം എന്ന പേര്, തിരയ്ക്കും അതുപോലെ സമുദ്രത്തിന്റെ മറ്റേതംശത്തിനും തുല്യമായി സംബന്ധിപ്പിക്കാം. എങ്കിലും അവ സമുദ്രത്തില്‍നിന്നു ഭിന്നമാണ്. അതിനാല്‍, ജീവിതമാകുന്ന ഈ അനന്തസമുദ്രത്തില്‍ നാം ചെറുകല്ലോലങ്ങളാണ്. അതേ സമയം. നാം നമ്മുടെ യഥാര്‍ത്ഥാവസ്ഥ മനസ്സിലാക്കാനുദ്യമിക്കുമ്പോള്‍ നമുക്കതു സാധിക്കുന്നില്ല: അപ്പോഴേക്കും നാം അപരിമിതരായിപ്പോകുന്നു.

നാം സ്വപ്നത്തില്‍ നടക്കുംപോലിരിക്കുന്നു. സ്വപ്നം കാണുന്ന മനസ്സിന് അതു സംബന്ധിച്ച് അസംഗതമായിട്ടൊന്നുമില്ല. എന്നാല്‍ അവയിലൊന്നിനെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നതോടെ അതു പൊയ്ക്കഴിയുന്നു. എന്തുകൊണ്ട്? സ്വപ്നം മിഥ്യയായതുകൊണ്ടല്ല: അതിന്റെ പൊരുള്‍ ഗ്രഹിക്കുകയെന്നത് യുക്തിചിന്തയുടെയോ ധിഷണയുടെയോ കഴിവിന്നതീതമായതുകൊണ്ട്. ഈ ജീവിതത്തിലെ ഓരോ വസ്തുവും അത്ര ബൃഹത്താണ് – അതിനോട് കിടപിടിക്കുവാന്‍ നമ്മുടെ ധിഷണ കേവലം നിസ്സാരമാണ്. അതു യുക്തിചിന്തയുടെ നിയമങ്ങള്‍ക്കു വിധേയമാകാന്‍ കൂട്ടാക്കുന്നില്ല. അതിനെ സ്വന്തം ത്മത്മവ്യാപാരമണ്ഡലത്തില്‍ കുടുക്കാനുള്ള ധിഷണയുടെ ശ്രമത്തെ അതു പരിഹസിക്കുന്നു. മനുഷ്യാത്മാവിന്റെ കാര്യത്തില്‍ ഇതൊരായിരം മടങ്ങു കൂടുതല്‍ പരമാര്‍ത്ഥമാകുന്നു. ‘നമ്മള്‍തന്നെ’യാണ് പ്രപഞ്ചത്തിലെ ഏറ്റവും ഗഹനമായ വസ്തു.

എല്ലാം എത്ര ആശ്ചര്യകരം! നമ്മുടെ കണ്ണിന്റെ കാര്യമാലോചിക്കുക. അത് എത്രയോ നിഷ്ര്പയാസം നശിപ്പിക്കപ്പെടാം! എങ്കിലും, ബൃഹത്തമങ്ങളായ ആകാശജ്യോതിസ്സുകളുടെപോലും ഉണ്മ, നമ്മുടെ കണ്ണുകള്‍ അവയെ കാണുന്നതുകൊണ്ടാണ്. ലോകമുള്ളതു നിങ്ങളുടെ കണ്ണുകള്‍ അതുണ്ടെന്നു സാക്ഷ്യം വഹിക്കുന്നതുകൊണ്ടാണ്. അതിന്റെ ഗഹനതയാലോചിക്കുക! ഈ എളിയ കണ്ണുകള്‍! ഒരു മൊട്ടുസൂചിയോ ശക്തിയുള്ളൊരു പ്രകാശരശ്മിയോ മതി അവയെ നശിപ്പിക്കാന്‍. എന്നിട്ടും ഏറ്റവും വലിയ നാശകയന്ത്രങ്ങളോ, ഗംഭീരങ്ങളായ ലോകപ്രളയങ്ങളോ ജീവിതത്തിലെ അത്യത്ഭുതകരങ്ങളായ വസ്തുക്കളോ, ലക്ഷോപലക്ഷങ്ങളായുള്ള സൂര്യചന്ദ്രന്‍മാരോ, നക്ഷത്രജാലങ്ങളോ, ഭൂമിയോ-ഏതായാലും അവയുടെയെല്ലാം സത്ത ഈ രണ്ടു ചെറിയ വസ്തുക്കളെ ആശ്രയിച്ചിരിക്കുന്നു. അവയുണ്ടെന്നു ഈ ചെറിയ കണ്ണുകള്‍ സാക്ഷ്യം വഹിക്കേണ്ടിയിരിക്കുന്നു. ‘പ്രകൃതി, നീയുണ്ട്’ എന്ന് അവ പറയുന്നു: പ്രകൃതിയുണ്ടെന്നു നാം വിശ്വസിക്കയും ചെയ്യുന്നു. നമ്മുടെ മറ്റിന്ദ്രിയങ്ങളുടെ കഥയും ഇതുതന്നെ.

എന്താണിത്? ബലഹീനതയെവിടെ? ആരാണ് ബലവാന്‍? വലിയതേത്, ചെറിയതേത് സമസ്തവും അദ്ഭുതാവഹമാംവിധം അന്യോന്യാശ്രിതമായിരിക്കുന്ന ഈ അവസ്ഥയില്‍, മുഴുവ’ന്റെയും നിലനില്പിനു നന്നെ ചെറിയ പരമാണുപോലും അനുപേക്ഷണീയമായിരിക്കുന്ന സ്ഥിതിക്കു ഏതാണുയര്‍ന്നത്, ഏതാണ് താഴ്ന്നത്? ആരാണ് വലുത്? ആരാണ് ചെറുത്? അതു കണ്ടുപിടിക്കാനാവാത്ത കാര്യമാണ്. എന്തുകൊണ്ട്? ആരും വലുതല്ല, ആരും ചെറുതുമല്ല-അതുകൊണ്ടുതന്നെ. എല്ലാ വസ്തുക്കളും അനന്തമായ ആ ചൈതന്യപാരാവാരത്താല്‍ അഭിവ്യാപ്തം. അവയുടെ സത്ത ആ അനന്തംതന്നെ. ഉപരിതലത്തില്‍ എന്തെല്ലാം കാണുന്നുവോ അവയെല്ലാം ആ അനന്തവസ്തുമാത്രം. ഒരു വൃക്ഷം അനന്തം: അതുപോലെ, നിങ്ങള്‍ കാണുകയോ ഓര്‍ക്കുകയോ ചെയ്യുന്നതു മുഴുവന്‍ അനന്തം. ഓരോ മണല്‍ത്തരിയും ഓരോ വിചാരശകലവും ഓരോ ജീവനും എന്നുവേണ്ടാ ഉള്ളതെല്ലാം അനന്തം. അപരിമിതം പരിമിതവും പരിമിതം അപരിമിതവും ഇതാണ് നമ്മുടെ അസ്തിത്വം.

ഇതൊക്കെ ശരി: പക്ഷേ അനന്തതയെപ്പറ്റിയുള്ള ഈ അഭിനിവേശമെല്ലാം തല്‍ക്കാലം അബോധമാണ്. നമ്മുടെ അനന്തപ്രകൃതി നാം മറന്നിരിക്കുന്നു. എന്നല്ല: അതാര്‍ക്കും സാദ്ധ്യമല്ല. താന്‍ നശിപ്പിക്കപ്പെടുമെന്ന് എപ്പോഴെങ്കിലും വിചാരിക്കാന്‍ ആര്‍ക്കു കഴിയും? താന്‍ എപ്പോള്‍ മരിക്കുമെന്നു വിചാരിക്കാന്‍ ആര്‍ക്കു കഴിയും? ആര്‍ക്കും വയ്യ. അനന്തതയുമായുള്ള നമ്മുടെ ബന്ധമെല്ലാം അബോധമായി നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ ഒരു പ്രകാരത്തില്‍, നാം നമ്മുടെ യഥാര്‍ത്ഥപ്രകൃതി വിസ്മരിക്കുന്നു: അതിനാല്‍ ഈ ദുഃഖങ്ങളെല്ലാം നേരിടുകയും ചെയ്യുന്നു.

ദൈനംദിനജീവിതത്തില്‍ ചെറിയ കാര്യങ്ങള്‍ നമ്മെ പീഡിപ്പിക്കുന്നു. ചെറിയ ജീവികള്‍ നമ്മെ അടിമകളാക്കുന്നു. നാം പരിമിതന്‍മാരാണെന്ന്, ചെറുജീവികളാണെന്ന്, സ്വയം വിചാരിക്കുന്നതുമൂലം നമുക്ക് ഈ ദുഃഖങ്ങള്‍ നേരിടുന്നു. എന്നിട്ടും നാം അപരിമിതജീവികളാണെന്നുറയ്ക്കുവാന്‍ എത്ര പ്രയാസം! ഈ ദുഃഖങ്ങളുടെയും ക്ലേശങ്ങളുടെയും ഇടയ്ക്ക് ഒരു നിസ്സാരകാര്യം എന്റെ സമനില ഭഞ്ജിപ്പിക്കുമെന്നിരിക്കെ, ഞാന്‍ അനന്തവസ്തുവാണെന്ന വിശ്വാസം ഉറപ്പിക്കേണ്ടത് എന്റെ താല്പര്യവും ആവശ്യവുമത്രേ. നാം അപരിമിതരാണെന്നുള്ള വാസ്തവം: സബോധമായോ അല്ലാതെയോ നമ്മളെല്ലാം അപരിമിതമായ ഏതോ ഒന്നിനെ തേടുകയാണെന്നുള്ളതും വാസ്തവം. സ്വതന്ത്രമായ ഏതോ ഒന്നിനെ എപ്പോഴും അന്വേഷിക്കയാണ് നാം.

ഒരു മതമില്ലാതെയോ ഏതെങ്കിലും തരം ദേവനെയോ ദേവന്‍മാരെയോ ആരാധിക്കാതെയോ ഒരു മനുഷ്യവര്‍ഗ്ഗവും ഇന്നേവരെ ഉണ്ടായിട്ടില്ല. ദേവന്റെയോ ദേവന്‍മാരുടേയോ അസ്തിത്വമോ നാസ്തിത്വമോ പ്രശ്‌നമല്ല. മനഃശ്ശാസ്ത്രപരായ ഈ പ്രതിഭാസത്തിന്റെ അപഗ്രഥനം എന്താണ് കാണിക്കുന്നത്? ലോകരെല്ലാം ഒരീശ്വരനെ കണ്ടെത്താന്‍ ശ്രമിക്കുന്നത്, അന്വേഷിച്ചു ചെല്ലുന്നത്. എന്തുകൊണ്ട്? എന്താണതിനു കാരണം? ഈ ബന്ധനങ്ങളെല്ലാമിരുന്നാലും, നമ്മെ എങ്ങും തിരിയാന്‍ വിടാതെ സദാ ഞെരിച്ചമര്‍ത്തുന്ന പ്രകൃതിയും അതിന്റെ ഉഗ്രപ്രഭാവമായ നിയമവും – നാം എവിടെച്ചെന്ന് എന്തു ചെയ്യാനൂന്നുമ്പോഴും നമ്മുടെ വഴി തടയുന്ന ആ സര്‍വ്വവ്യാപിയായ നിയമവും – ഇരുന്നാലും മുനുഷ്യാത്മാവ് ഒരിക്കലും അതിന്റെ സ്വാതന്ത്ര്യത്തെ മറക്കുന്നില്ലെന്നും, അതിനെ സദാപി തേടിക്കൊണ്ടിരിക്കുന്നുവെന്നുമുള്ള വസ്തുതയാണ് ഇതു വെളിപ്പെടുത്തുന്നത്.

പരസ്യമായ രഹസ്യം (കാലിഫോര്‍ണിയയില്‍ ലോസ് ഏഞ്ജലസില്‍ ചെയ്ത പ്രസംഗം) – തുടരും.