ഞങ്ങള്‍ക്കുണ്ടാവട്ടെ
ദര്‍ശനം നോ ദിദൃക്ഷൂണാം ദേഹി ഭാഗവതാര്‍ച്ചിതം
രൂപം പ്രിയതമം സ്വാനാം സര്‍വ്വേന്ദ്രിയഗുണാഞ്ജനം (4-24-44)
ഇദം യഃ കല്യ ഉത്ഥായ പ്രാഞ്ജലിഃ ശ്രദ്ദയാന്വിതഃ
ശൃണുയാച്ഛ്രാവയേന്മര്‍ത്ത്യോ മുച്യതെ കര്‍മ്മബന്ധനൈഃ (4-24-78)

രുദ്രദേവന്‍ പറഞ്ഞുഃ

“വാസുദേവന്‌ നമോവാകം. സ്വയംപ്രഭനും പഞ്ചഭൂതങ്ങളേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നുവനുമായ ആ വാസുദേവനെ ഞാന്‍ നമസ്കരിക്കുന്നു. ഭൗതീകമായ വിശ്വത്തെ സംഹരിക്കുന്ന സംഘര്‍ഷണദേവനു നമോവാകം. എല്ലാവരുടേയും അന്തരാത്മാവായി വര്‍ത്തിച്ച്‌ വിശ്വത്തെ ഉണര്‍ത്തുന്ന പ്രദ്യുമ്നദേവന്‌ നമസ്കാരം. പഞ്ചേന്ദ്രിയങ്ങളേയും മനസിനേയും നിയന്ത്രിക്കുന്ന അനിരുദ്ധനു നമസ്കാരം. എപ്പോഴും നിറഞ്ഞു വിളങ്ങുന്ന പരമഹംസനായ സൂര്യന്‌ നമസ്കാരം. സ്വര്‍ഗ്ഗത്തിലേക്കും മുക്തിയിലേക്കുമുളള വാതിലായ അഗ്നിക്കു നമസ്കാരം. എല്ലാത്തിന്‍റേയും സത്തയായി വിളങ്ങി ചരാചരങ്ങള്‍ക്കു സംതൃപ്തിയേകുന്ന ആ ദേവനു നമസ്കാരം. അകത്തും പുറത്തും നിറഞ്ഞു നിന്നു്‌ ശബ്ദത്തെ പ്രസരിപ്പിക്കുന്ന ആകാശത്തിന്‌ നമസ്കാരം. ആത്മീയതയുടെ മാര്‍ഗ്ഗത്തിലൂടെ ദേവലോകവും ഭൗതീകസാധനയിലൂടെ പിതൃലോകവും സാധിതമാക്കുന്ന കര്‍മ്മമാര്‍ഗ്ഗങ്ങള്‍ക്കു നമസ്കാരം. അധാര്‍മ്മീകതയുടെ ഫലവും ദുഃഖജന്യവുമായ മരണത്തിന്‌ നമസ്കാരം. കര്‍മ്മഫലത്തെ തരുന്ന ആ ഭഗവാന് നമോവാകം. ആത്മജ്ഞാനത്തിന്‍റേയും യോഗമാര്‍ഗ്ഗത്തിന്‍റേയും ദേവനും അനന്തമായ വിജ്ഞാനത്തിന്റെ ഉറവിടവുമായ ആ ശ്രീകൃഷ്ണഭഗവാണ്‌ നമസ്കാരം. മൂന്നു, വിധത്തിലുളള ശക്തിയിലൂടെ അഹംബോധത്തിന്റെ അധിപനായ രുദ്രദേവന്‌ നമസ്കാരം. ജ്ഞാനത്തിന്‍റേയും കര്‍മ്മത്തിന്‍റേയും ദേവന്‌ നമോവാകം. നാനാരൂപഭാവങ്ങളിലും നിറഞ്ഞു വിളങ്ങുന്ന ആ പരമാത്മാവിന്‌ നമസ്കാരം.

അങ്ങയുടെ ദര്‍ശനഭാഗ്യം ഞങ്ങള്‍ക്കു തന്നാലും. അങ്ങയില്‍ ഏറ്റവും വലിയ ഭക്തിയുളളവര്‍ ഉന്നതമെന്നു കരുതുന്ന ആ ദൃശ്യം കണ്ടു കണ്‍കുളിര്‍ക്കാന്‍ ഞങ്ങള്‍ അക്ഷമരാണ്‌. ഭക്തര്‍ക്ക്‌ അതിപ്രിയവും ഇന്ദ്രിയങ്ങളെപ്പോലും ആകര്‍ഷിക്കുന്നുതുമാണ്‌ ആ ദിവ്യരുപം. എല്ലാ രീതിയിലും വിശദാംശങ്ങളിലും തികച്ചും പരിപൂര്‍ണ്ണമാണത്‌. നാലു മഹത്തായ കൈകള്‍. പ്രസരിപ്പും തേജസ്സുമാര്‍ന്നു വിളങ്ങുന്ന മുഖകമലം. കടക്കണ്ണുകളും പുഞ്ചിരിതൂകുന്ന താമരക്കണ്ണുകള്‍. ശ്വാസോഛ്വാസതാളംകൊണ്ട്‌ ഉയര്‍ന്നുംതാണും പരിലസിക്കുന്നു നാഭിത്തടം. ദിവ്യപ്രഭചൊരിയുന്ന കാലുകള്‍, അവയില്‍ തിളക്കവും പ്രഭയുമാര്‍ന്ന നഖങ്ങള്‍. ആ പ്രഭയാകട്ടെ അജ്ഞാനത്തിന്റെ ഇരുട്ടിനെ അകറ്റാന്‍ പോന്ന വെളിച്ചമത്രേ. ആ രൂപം ദിവ്യാഭരണങ്ങളാലും ദിവ്യവസ്ത്രങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഒരുവന്‍ എപ്പോഴും ഈ ഭഗവല്‍രൂപത്തെ ധ്യാനിച്ചിരിക്കേണ്ടതാണ്‌. അങ്ങനെ അവന്‌ ഭയവിമോചനം ഉണ്ടാവുന്നു അങ്ങയോട്‌ ഭക്തിയുളളവര്‍ക്കു മാത്രം പര്യാപ്താമാണാസവിധം. ആ പാദങ്ങളിലഭയം തേടിയവരെ മരണദേവനുപോലും തൊടാന്‍ സാദ്ധ്യമല്ല തന്നെ. സ്വര്‍ഗ്ഗീയസുഖത്തേക്കാളേറെ വലുതാണ്‌ അവിടുത്തെ സവിധത്തില്‍ കഴിയുന്ന ഓരോ നിമിഷവും. അങ്ങയുടെ മഹിമകളും കഥകളും ഹൃദയം മുഴുവന്‍ നിറഞ്ഞിരിക്കുന്നവരും അങ്ങയുടെ പാദങ്ങളില്‍നിന്നുത്ഭവിക്കുന്ന ഗംഗയില്‍ മുങ്ങിയവരുമായുളള സത്സംഗം ഞങ്ങള്‍ക്കുണ്ടാവട്ടെ. ഈ വരമാണ്‌ ഞങ്ങള്‍ക്ക്‌ വേണ്ടത്‌. വൈദീകകര്‍മ്മങ്ങളിലേര്‍പ്പെട്ടവരും ഈ രൂപത്തെയാണ്‌ പൂജിക്കേണ്ടത്, കാരണം അങ്ങ്‌ എല്ലാത്തിന്‍റേയും അന്തര്യാമിയാണല്ലോ. അങ്ങയുടെ ശരിയായ രൂപഭാവങ്ങള്‍ കണ്ടറിയാനാവില്ലതന്നെ. അത്‌ സ്വയം മനസിലാവേണ്ടതാണ്‌. സര്‍വ്വാന്തര്യാമിയും സര്‍വ്വവ്യാപിയുമായ അങ്ങുമാത്രമാണ്‌ ഞങ്ങള്‍ക്കഭയം.

ഈ മന്ത്രത്തിന്‌ യോഗാദേശം എന്ന പറയും. തുടര്‍ച്ചയായി ഇതാവര്‍ത്തിച്ചാലും. സൃഷ്ടാവ്‌ സ്വയം പഠിപ്പിച്ചതാണിത്‌. സൂര്യോദയത്തിനു മുന്‍പായി ഇതു ചൊല്ലി ശ്രദ്ധാഭക്തിയോടെ കഴിയുന്ന ഒരുവന്‍ എല്ലാ കര്‍മ്മബന്ധനങ്ങളില്‍നിന്നും മോചിതനാവുകയും അവന്റെ ആഗ്രഹങ്ങള്‍ സഫലമാവുകയും ചെയ്യും.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF