യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 376 [ഭാഗം 6. നിര്‍വാണ പ്രകരണം]

സമതാകാശവത് ഭൂത്വാ യത്തു സ്യാല്ലീനമാനസം
അവികാരമനായാസം തദേവാര്‍ച്ചനമുച്യതേ (6/39/58)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: പ്രീതികരമോ അല്ലാത്തതുമായ എന്തും പരിപൂര്‍ണ്ണ സമതാഭാവത്തോടെ കണക്കാക്കി സദാ സമയവും ഒരുവന്‍ ഭഗവല്‍ പൂജയില്‍ ആമാഗ്നനാവണം. എല്ലാത്തിനെയും നന്മനിറഞ്ഞതും ഐശ്വര്യമാര്‍ന്നതും ആണെന്നും എല്ലാം നന്മതിന്മകളുടെ സമ്മിശ്രമാണെന്നും കണക്കാക്കിവേണം ജീവിക്കാന്‍.

എല്ലാമെല്ലാം ആ ‘ഒന്ന്’ തന്നെയാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ നിറവിലാവണം നമ്മുടെ ആരാധനകള്‍ . തികച്ചും സന്തോഷപ്രദമായതിനെയും അതീവജുഗുപ്സാജനകമായതിനെയും കാണുന്നത് ഒരേ ഭാവത്തോടെയാവണം. എന്നിട്ട് സാധകന്‍ സ്വന്തം ആത്മാവിനെ പൂജിക്കണം.

‘ഇത് ഞാന്‍, ഇത് ഞാനല്ല’, തുടങ്ങിയ ധാരണകള്‍ നീക്കിയ മനസ്സില്‍ ‘ഇതെല്ലാം ബ്രഹ്മം മാത്രമാണ്’ എന്നും അത് അവിച്ഛിന്നമായ അനന്താവബോധമാണെന്നും ഉള്ളുറയക്കണം. അങ്ങിനെ വേണം ഒരു സാധകന്‍ ആത്മപൂജയില്‍ ഏര്‍പ്പെടാന്‍. തനിക്ക് കിട്ടുന്ന എന്തായാലും അതുപയോഗിച്ച്, എല്ലാ രൂപഭാവങ്ങളും വഴി എല്ലാ സമയത്തും സാധകന് ആത്മപൂജയില്‍ മുഴുകാം.

അഭിമതമെന്നും അനഭിമതമെന്നുമുള്ള വിവേചനത്തെ ഇല്ലാതാക്കി, ചില വസ്തുക്കളെപ്പറ്റി അങ്ങിനെയൊരു തോന്നല്‍ ഉള്ളപ്പോള്‍പ്പോലും അതിനെ അവഗണിച്ചുവേണം ആത്മപൂജയിലേര്‍പ്പെടാന്‍. യാതൊന്നിനോടും ആസക്തിയോ വെറുപ്പോ ഇല്ലാതെ യാദൃശ്ചികമായി, അനായാസമായി ലഭിക്കുന്ന വസ്തുക്കളെ ആസ്വദിക്കുന്നതാണ് ഉത്തമം.

മൂല്യവത്തായതോ അല്ലാത്തതോ ആയ എന്ത് ലഭിച്ചാലും അമിതമായ ആഹ്ലാദമോ, നിരാശയോ ഇല്ലാതെ വേണം നാം കഴിഞ്ഞുകൂടാന്‍. ആകാശത്തിന് അതില്‍ നിലകൊള്ളുന്ന അനേകം വസ്തുക്കളോട് എന്ത് ബന്ധമാണുള്ളത്?

ആത്മപൂജാനിരതരായ നമ്മില്‍ യാതൊരു മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാവാന്‍ ഇടയാവരുത്‌. സമയമോ സ്ഥലമോ പ്രവര്‍ത്തനങ്ങളോ ഒന്നിനും നല്ലത് – ചീത്ത എന്നിങ്ങിനെയുള്ള വേര്‍തിരിവ് ഉണ്ടാക്കാതെയിരിക്കുക. അവയെപ്പറ്റിയുള്ള പൊതുജനാഭിപ്രായം എങ്ങിനെതന്നെയായിരുന്നാലും അതിനു ചെവികൊടുക്കാതെയിരിക്കുക.

ഈ പൂജാവിധിയില്‍ പറഞ്ഞിട്ടുള്ള സാമഗ്രികളുടെ എല്ലാം സ്വഭാവം ഒന്നുതന്നെ- സമതാഭാവമാണ് എല്ലാത്തിലും ഉള്ളത്. അവയെ പല പേരുകളില്‍ പറയപ്പെടുന്നു എന്ന് മാത്രം. സമതാഭാവംകൊണ്ട് സ്പര്‍ശിച്ചാല്‍ എല്ലാം മധുരതരമാവുന്നു. അവയുടെ നാമരൂപങ്ങള്‍ എന്തായാലും അതിന്റെ മധുരിമയ്ക്ക് മാറ്റമേതുമില്ല.

ആകാശംപോലെ സമതാഭാവത്തില്‍ നിന്നുകൊണ്ട് ചെയ്യുന്ന പൂജകള്‍ മാത്രമേ ശരിയായ ആരാധനയാകുന്നുള്ളു. മനസ്സ്‌ പ്രശാന്തതയിലമര്‍ന്നു ചിന്താലേശംപോലുമില്ലാതെയിരിക്കുന്ന അയത്നലളിതവും വികലതകളോ വിജ്രുംഭണങ്ങളോ അലട്ടാനില്ലാത്ത അവസ്ഥയിലേ ശരിയായ ആരാധന നടക്കുന്നുള്ളൂ.

പുറമേയ്ക്ക് എല്ലാ സാധാരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുതന്നെയെങ്കിലും യാതൊന്നിനെയും തള്ളാതെയും കൊള്ളാതെയും സമതാഭാവത്തില്‍ അഭിരമിച്ച് അനന്തമായി വികാസം പ്രാപിക്കാന്‍ ജ്ഞാനിക്കാവുന്നു. ഈ മേധാശക്തി സ്വായത്തമായ സാധകന്റെ സ്ഥിതി ഇപ്രകാരമാണ്. അയാളില്‍ ഭ്രമാത്മകചിന്തകളോ ശൈഥില്യങ്ങളോ അവിദ്യയോ അഹങ്കാരമോ മുളപൊട്ടുകപോലുമില്ല. മഹര്‍ഷേ, ഈ സ്ഥിതിയെ പ്രാപിച്ചാലും. ഒരു ശിശുവിനെപ്പോലെ എല്ലാം അനുഭവിച്ചാലും. ഈ ദേഹത്തിന്റെ നാഥനും അതില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രജ്ഞയുടെ അടിസ്ഥാനവുമായ ആ ഭഗവാനെ ആരാധിക്കൂ. സമയം, ചുറ്റുപാടുകള്‍ , പ്രകൃതി എന്നിവയെല്ലാം സമ്യക്കായി നല്‍കുന്ന സകലതും അര്‍ച്ചിച്ചുകൊണ്ട്, ആഗ്രഹലേശംപോലുമില്ലാതെ പരമപ്രശാന്തതയില്‍ ഭഗവല്‍ പൂജയിലേര്‍പ്പെടൂ.