ശ്രീ രമണമഹര്‍ഷി
ജനുവരി 6, 1937

പാര്‍ഘി എന്ന ഒരു ഭക്തന്‍: ഇവിടെ വരുന്ന ഭക്തന്മാര്‍ക്ക് ദര്‍ശനങ്ങളോ മനോലയമോ ആവേശമോ ലഭിക്കാറുണ്ടെന്നു പറഞ്ഞു കേട്ടു. ഞാന്‍ വന്നൊന്നരമാസമായിട്ടും എനിക്കങ്ങനെ അനുഭവങ്ങളൊന്നും ഉണ്ടായില്ല. ഭഗവാന്‍റെ കാരുണ്യത്തിനു ഞാന്‍ പാത്രമല്ലാത്തതു കൊണ്ടാവാം. പരിഹാരത്തിന് എന്തു പ്രായശ്ചിത്തമോ ചെയ്യാം.

രമണ മഹര്‍ഷി: ദര്‍ശനങ്ങളും മനോലയങ്ങളും മറ്റും മാനസികങ്ങളാണ്. അതു വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. സമഷ്ടി സാന്നിദ്ധ്യത്തെ ബന്ധിക്കുന്നില്ല. മാത്രമല്ല അതൊന്നും കാര്യമല്ല. നമ്മുക്കു വേണ്ടത് ആത്മശാന്തിയാണ്.

ചോദ്യം: ചിന്താ ശുദ്ധിയുടെ ഫലമാണല്ലോ ശാന്തി. അതുണ്ടാവണമല്ലോ.
മഹര്‍ഷി: മനോനിലയം ചിന്തയറ്റിരിക്കുകയാണ്. നിദ്രയിലതേര്‍പ്പെടുന്നു. എന്നാല്‍ അതുമൂലം ശാശ്വതശാന്തി ലഭിക്കുന്നുണ്ടോ?

ചോ: ആശ്രമം പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ സമാധി അവസ്ഥ ഉണ്ടാവണമെന്നു പറയുന്നു.
മഹര്‍ഷി: നിങ്ങള്‍ക്കു പ്രകൃത്യാ ഉള്ളത് സമാധിയാണ്.

ചോ: എനിക്കതനുഭവപ്പെടുന്നില്ല.
മഹര്‍ഷി: അങ്ങനെ തോന്നുന്നത് തന്നെ തടസ്സമാണ്. അലഞ്ഞു കൊണ്ടിരിക്കുന്നതാണ് സ്വപ്രകൃതി എന്ന് കരുതുന്നതുകൊണ്ടാണ്. അനാത്മാവിനെ ആത്മാവെന്നു കരുതാതിരുന്നാല്‍ ആത്മാവു നിങ്ങള്‍ക്കു പ്രത്യക്ഷമാവും.

ചോ: ഇതെനിക്ക് തത്വത്തില്‍ മനസ്സിലാകുമെന്നെ ഉളളൂ. അനുഭവത്തിനൊക്കുന്നില്ല.
മഹര്‍ഷി: മനോനിലയം താല്ക്കാലികാവസഥയാണ്. അതുണ്ടായിരിക്കുന്നിടത്തോളം ആനന്ദം തന്നെ. അതില്‍ നിന്നുണരുമ്പോള്‍ പഴയ വാസനകള്‍ തലപൊക്കും. സഹജ സമാധി മൂലം വാസനകളെ നശിപ്പിക്കാതിരുന്നാല്‍ മനോലയം കൊണ്ട് പ്രയോജനമില്ല.

ചോ: സഹജസമാധിക്കു മുന്നോടിയായി മനോലയം ഉണ്ടാകണമല്ലോ.
മഹര്‍ഷി: മനോലയമാണ് പ്രകൃത്യ ഉള്ളത്. കര്‍മ്മങ്ങളും വിഷയാദികളും അതിനെ ഹനിക്കുന്നില്ല. അവ ആത്മാവിന് അന്യമല്ലെന്നറിഞ്ഞാല്‍ ആത്മാവിനെ അറിഞ്ഞതാവും. എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ ഇപ്പോഴും മനോലയത്തിലാണ്.