സ്വാമി വിവേകാനന്ദന്‍

നാരദമഹര്‍ഷി സനത്കുമാരമഹര്‍ഷിയുടെ അടുക്കല്‍ ചെന്നു പലചോദ്യങ്ങളും ചോദിക്കുന്നതായി ഛാന്ദോഗ്യോപനിഷത്തില്‍ കാണാം. സനത്കുമാരന്‍ മറുപടി പറയുന്നത്, നാരദനെ പടിപടിയായി പൊന്തിച്ചുകൊണ്ടുപോകുംപോലെയാണ്. ഭൂമിയേക്കാള്‍ വലുതൊന്നുണ്ട്, അതിനേക്കാള്‍ വലുതു മറ്റൊന്നുണ്ട്: അതിനേക്കാള്‍ വലുതു വേറൊന്നുണ്ട്. ഇങ്ങനെ പറഞ്ഞുപോയി ആകാശത്തിലെത്തി. ആകാശം തേജസ്സിനേക്കാളും വലുത്. എന്തുകൊണ്ട്? സൂര്യചന്ദ്രവിദ്യുന്നക്ഷത്രങ്ങള്‍ അതിലിരിക്കുന്നു; നാം അതില്‍ ജീവിച്ചിരിക്കുന്നു, മരിക്കുന്നു. എന്നാല്‍ അതിനേക്കാളും വലുതു വല്ലതുമുണ്ടോ എന്നായി പിന്നത്തെ ചോദ്യം. അതിനുത്തരമായി, സനത്കുമാരന്‍ പ്രാണനെപ്പറ്റി പറയുന്നു. വേദാന്തമതപ്രകാരം പ്രാണനെന്നതു ജീവചൈതന്യമാണ്. ആകാശമെന്നപോലെ അതും സര്‍വ്വഗതമായ വസ്തു. ശരീരത്തിലും മറ്റെവിടെയുമുള്ള സര്‍വ്വചലനങ്ങളും അതിന്റെ വ്യാപാരമാണ്. അതാണ് ആകാശത്തേക്കാള്‍ വലുത്: അതില്‍ക്കൂടെ സര്‍വ്വവും വര്‍ത്തിക്കുന്നു. മാതാവിലും പിതാവിലും സ്വസാവിലും ഗുരുവിലുമുള്ളത് അതുതന്നെ. അതുതന്നെ ജ്ഞാതാവ്.

ഇനി മറ്റൊരു ഭാഗം വായിക്കാം. ശ്വേതകേതു പിതാവിനോടു തത്ത്വത്തെപ്പറ്റി ചോദിക്കുന്നു. പിതാവ് പല സംഗതികളും ഉപദേശിച്ച് ഒടുവില്‍, ‘അല്ലയോ ശ്വേതകേതോ! സര്‍വ്വവസ്തുക്കളിലും സൂക്ഷ്മകാരണമായേതുണ്ടോ അതുകൊണ്ടാണ് ഇതു സര്‍വ്വം നിര്‍മ്മിതമായത്. അതു സത്യം. അത് ആത്മാവ്, അതു നീയാണ്’, എന്നുപസംഹരിക്കുന്നു. പല ദൃഷ്ടാന്തങ്ങളും പറയുന്നുണ്ട്; ‘തേനീച്ചകള്‍ നാനാവൃക്ഷങ്ങളുടെ പുഷ്പങ്ങളില്‍നിന്നു തേന്‍കണങ്ങള്‍ ശേഖരിച്ചുകൂട്ടി ഒരു രസമാക്കുന്നു. പിന്നെ ആ മധുകണങ്ങള്‍ ഞാന്‍ ഇന്ന വൃക്ഷത്തില്‍നിന്നാണ്, ഞാന്‍ ഇന്ന പുഷ്പത്തില്‍നിന്നാണ് എന്നു തിരിച്ചറിയുന്നില്ല, അതുപോലെ നാം സത്തില്‍ വന്നുചേര്‍ന്നിട്ട് സത്തില്‍ വന്നുചേര്‍ന്നതാണെന്നറിയുന്നില്ല. യാതൊന്നാണോ സൂക്ഷ്മസത്ത്, അതിലാണ് ഉള്ളതിന്റെയൊക്കെ ഉണ്മ. അതു സത്യമാണ്: അതു ആത്മാവാണ്. ശ്വേതകേതോ, നീ അതാണ്’. പിന്നെ സമുദ്രത്തില്‍ ചെന്നുചാടുന്ന നദികളെ ഉദാഹരിക്കുന്നു. ‘നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നതിനുശേഷം അത് ഓരോന്നും ഞാന്‍ ഇന്ന നദിയായിരുന്നു എന്നറിയുന്നില്ല. അതുപോലെ ഈ സര്‍വ്വപ്രജകളും സത്തില്‍നിന്നുദ്ഭവിച്ചിട്ടും ആ സത്തില്‍നിന്നുത്ഭവിച്ചതാണെന്നറിയുന്നില്ല. അല്ലയോ ശ്വേതകേതോ, നീ അതാണ്,’ ഇങ്ങനെ ഉപദേശിച്ചുകൊണ്ടു പോകുന്നു.

ജ്ഞാനത്തെപ്പറ്റി പറയുമ്പോള്‍ അതിനു രണ്ടുലക്ഷണം പറയുവാനുണ്ട്. ഒന്നാമത്, ഒരു വസ്തുവിന്റെ ജ്ഞാനം നമുക്കുണ്ടാവുന്നത് അതിനെ അതിന്റെ സാമാന്യത്തോടു ഘടിപ്പിച്ചിട്ടാണ്. ഒന്നാമതായി വ്യക്തിയെ ജാതി എന്ന സാമാന്യത്തോടും, പിന്നെ ജാതിയെ സര്‍വ്വജാതിസമാനമായ സമഷ്ടി എന്ന സര്‍വ്വസാമാന്യത്തോടും ഘടിപ്പിക്കുന്നു. രണ്ടാമത്, ഒന്നിന്റെ കാരണമന്വേഷിക്കുമ്പോള്‍ കഴിവുള്ളിടത്തോളം ആ വസ്തുവിന്റെ സ്വഭാവത്തില്‍നിന്നുകൊണ്ട് സ്വഗതമായിത്തന്നെ കാണണം. ആദ്യത്തെ ലക്ഷണം നോക്കുക, നമ്മുടെ ജ്ഞാനമാകെ വര്‍ഗ്ഗീകരണംകൊണ്ടുണ്ടാകുന്നു എന്നു വരുന്നു. ഒരു വ്യക്തിയെ കാണുമ്പോള്‍ അത് ഇന്ന ജാതിയില്‍പ്പെട്ടതാണെന്നു നാം വര്‍ഗ്ഗം തിരിക്കുന്നു. പിന്നെ ആ വര്‍ഗ്ഗത്തെ അതിനേക്കാള്‍ വിസ്തൃതമായ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇങ്ങനെ അതു പടിപടിയായി സര്‍വ്വസാമാന്യത്തില്‍ പര്യവസാനിക്കുന്നു. മറ്റൊന്നിനോടും സാദൃശ്യമില്ലാതെ ഒറ്റപ്പെട്ട ഒരു സംഗതിയുണ്ടായാല്‍ നാം വിഷമിക്കും. അതിനെക്കുറിച്ചുള്ള ജിജ്ഞാസ ശമിക്കാതെ നമുക്കു കൃതാര്‍ത്ഥതയുണ്ടാവില്ല. അതേ സംഗതി വീണ്ടും വീണ്ടും ഉണ്ടാകുന്നതായിക്കണ്ടാലോ. അങ്ങനെ ഒരു ജാതി, അതൊരു നിയമം, എന്ന് നാം സമാധാനിക്കുന്നു: നമുക്കു കൃതാര്‍ത്ഥതയായി, ഒറ്റ ആപ്പിള്‍ മാത്രമേ നിലത്തേക്കു വീഴുന്നുള്ളൂവെങ്കില്‍ അതില്‍ നമുക്കു പരിഭ്രമമാകും. എല്ലാ ആപ്പിളും വീഴുന്നു എന്നു കാണുമ്പോള്‍ അതിനു നാം ആകര്‍ഷണശക്തിനിയമം എന്നു പേരിട്ടു കൃതാര്‍ത്ഥരാകുന്നു. ഇങ്ങനെ ജ്ഞാനവിഷയത്തില്‍ വിശേഷത്തില്‍നിന്നു സാമാന്യത്തെ കല്പിക്കുകയാണ് നാം ചെയ്യുന്നത്.

മതപഠനത്തിലും ഈ ശാസ്ത്രീയരീതി ഉപയോഗിക്കണം. ഇത് അതിനു ചേരും. ഇതുവരെയും അങ്ങനെ ഉപയോഗിച്ചുവന്നിട്ടുണ്ടെന്നുള്ള വാസ്തവം നാം കാണുന്നുമുണ്ട്. ഞാന്‍ നിങ്ങള്‍ക്കു ചില ഗ്രന്ഥങ്ങളില്‍നിന്നു കുറച്ചു പരിഭാഷപ്പെടുത്തിത്തന്നുവല്ലോ. ആ ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ അതുകളില്‍ ഏറ്റവും കാലപ്പഴക്കം ചെന്ന ഒരാശയം കാണാം. അതു വിശേഷത്തില്‍നിന്നു സാമാന്യത്തിലേക്കു പോകുക എന്നതാണ്. ‘പ്രകാശമുള്ളവര്‍’ (ദേവന്‍മാര്‍) എന്ന ഭാവന ഒരു തത്ത്വത്തില്‍ വന്നു ലയിക്കുന്നതു കാണാം. ജഗത്തിനെസ്സംബന്ധിച്ചും ആ പുരാതനചിന്തകന്‍മാര്‍ ഉപര്യുപരി ചിന്തിച്ചുപോകുന്നതു കാണാം – സൂക്ഷ്മഭൂതങ്ങളില്‍നിന്ന് അവയെ ഉള്‍ക്കൊള്ളുന്ന സൂക്ഷ്മതരങ്ങളിലേക്ക്, അതുകളില്‍നിന്ന് അവയെയെല്ലാം ഉള്‍ക്കൊള്ളുന്ന സവ്വവ്യാപിയായ ആകാശത്തിലേക്ക്, അതില്‍നിന്നു പിന്നെയും ഉപരിയായി സര്‍വ്വത്തേയും ഉള്‍ക്കൊള്ളുന്ന പ്രാണനിലേക്ക്. എന്നാല്‍ ഓരോ വിശേഷവും മറ്റൊന്നില്‍നിന്നു വ്യത്യസ്തമല്ല എന്ന തത്ത്വവും ഈ വിചാരഗതിയില്‍ സര്‍വ്വത്ര കാണാം – ആകാശതത്ത്വംതന്നെയാണ് അതിനും മേലെയുള്ള പ്രാണന്‍ എന്ന തത്ത്വത്തില്‍, സൂക്ഷ്മതരമായ പ്രാണന്‍തന്നെയാണ് സ്ഥൂലരൂപമായി ആകാശമാകുന്നത്. ആകാശം പിന്നെയും സ്ഥൂലതരമായി മറ്റു ഭൂതങ്ങളായും തീരുന്നു.

പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 17, 1896) – തുടരും