സ്വാമി വിവേകാനന്ദന്‍

ഉറച്ചു നേരെയിരിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ ചിലരുടെ മതപ്രകാരം, നാഡീശോധനം എന്ന ഒരഭ്യാസം ശീലിക്കണം. ഇതു രാജയോഗത്തില്‍ ചേര്‍ന്ന ഭാഗമല്ലെന്നുവെച്ചു ചിലര്‍ ഇതിനെ നിരസിച്ചിട്ടുമുണ്ട്. എന്നാല്‍ എത്രയും പ്രമാണപ്പെട്ട ഭാഷ്യകാരനായ ശങ്കരാചാര്യ സ്വാമികള്‍ ഇതു ചെയ്യണമെന്നുപദേശിക്കുന്നതുകൊണ്ട് ഇവിടെ പറയേണ്ടതാണെന്നു തോന്നുന്നു. ശ്വേതാശ്വേതരോപനിഷദ്ഭാഷ്യ ത്തില്‍ അദ്ദേഹംതന്നെ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ഉദ്ധരിക്കുക യും ചെയ്യാം; ‘പ്രാണായാമംകൊണ്ടു മനോമലങ്ങള്‍ പൊയ്‌പോയവന്റെ ചിത്തം ബ്രഹ്മത്തില്‍ സ്ഥിരപ്പെടുന്നു. അതുകൊണ്ട് പ്രാണായാമത്തെ നിര്‍ദ്ദേശിച്ചിരിക്കുന്നു. ആദ്യം നാഡികളെ ശുദ്ധീകരിക്കണം. അപ്പോള്‍ പ്രാണായാമം ചെയ്യാനുള്ള സാമര്‍ത്ഥ്യം സിദ്ധിക്കുന്നു. വലത്തെ നാസാദ്വാരം തള്ളവിരല്‍കൊണ്ടടിച്ച് ഇടത്തേതില്‍ക്കൂടെ യഥാശക്തി വായുവിനെ നിറയ്ക്കുക. പിന്നെ, കാലതാമസം ഒട്ടും കൂടാതെ ഇടത്തേ നാസാദ്വാരം അടച്ചു വലത്തേതില്‍ക്കൂടെ ശ്വാസം പുറത്തേക്കു വിടുക: പിന്നെ വലത്തേതില്‍ക്കൂടെ യഥാശക്തി ഉച്ഛ്വസിച്ച് ഇടത്തേതില്‍ക്കൂടെ നിശ്വസിക്കുക. ഇങ്ങനെ മൂന്നോ അഞ്ചോ ആവൃത്തി നിത്യം ഉദയത്തിനുമുമ്പും മദ്ധ്യാഹ്‌നത്തിലും സായംകാലത്തിലും അര്‍ദ്ധരാത്രിയിലും. ഇങ്ങനെ നാലു നേരവും ചെയ്താല്‍ പതിനഞ്ചു ദിവസംകൊണ്ടോ ഒരു മാസം കൊണ്ടോ നാഡീശുദ്ധി സിദ്ധിക്കുന്നു. അതില്‍പ്പിന്നെ പ്രാണായാമം ആരംഭിക്കാം.’

അഭ്യാസം അത്യാവശ്യം. നിങ്ങള്‍ മണിക്കൂറുകണക്കിന് ഇരുന്നു ഞാന്‍ പറയുന്നത് എന്നും കേട്ടേക്കാം. എന്നാല്‍ നിങ്ങള്‍ അഭ്യസിക്കുന്നില്ലെങ്കില്‍ ഒരടി മുന്നോട്ടു പോവില്ല. എല്ലാം അഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. ഈവക സംഗതികള്‍ അനുഭവമായാലല്ലാതെ ഒരിക്കലും മനസ്സിലാവില്ല. നമുക്കു വേണ്ടി നാംതന്നെ ഇവയെ കാണുകയും അനുഭവിക്കുകയും വേണം. വെറുതെ വ്യാഖ്യാനങ്ങളും സിദ്ധാന്തങ്ങളും കേട്ടതു കൊണ്ടായില്ല. അഭ്യാസത്തിനു വിഘ്‌നങ്ങള്‍ പലതുണ്ട്. ആദ്യത്തെ പ്രതിബന്ധം ആരോഗ്യമറ്റ ശരീരമാണ്. ശരീരം സ്വസ്ഥമല്ലെങ്കില്‍ അഭ്യാസം തടസ്സപ്പെടും. അതുകൊണ്ട് ശരീരാരോഗ്യം സംരക്ഷിക്കുകതന്നെ വേണം. നാം എന്തു തിന്നു ന്നു, എന്തു കുടിക്കുന്നു, എന്തു ചെയ്യുന്നു എന്നതിനെ കരുതിക്കൊള്ളണം. ശരീരം ബലവത്തായിരിക്കാന്‍ ഒരു മാനസപ്രയത്‌നം സദാ ശീലിക്കുക. ഇതിനെ ക്രിസ്ത്യന്‍ സയന്‍സ് എന്ന് (അമേരിക്കക്കാര്‍) സാധാരണ പറയാറുണ്ട്. അത്രതന്നെ. ശരീരത്തെപ്പറ്റി ഇതിലധികമൊന്നും ആവശ്യമില്ല. ആരോഗ്യം ഒരു സാധ്യത്തിനുള്ള സാധനംമാത്രമാണെന്നു മറക്കരുത്. ആരോഗ്യം തന്നെയാണ് സാധ്യമെന്നുവരികില്‍ നാം മൃഗപ്രായന്മാരാകും. മൃഗങ്ങള്‍ക്കു ചുരുക്കമായേ രോഗം പിടിപെടാറുള്ളു.

രണ്ടാമത്തെ അന്തരായം സംശയമാണ്. കാണാത്തതിനെക്കുറിച്ചു നമുക്ക് എപ്പോഴും സംശയം തോന്നും. എത്ര ശ്രമിച്ചാലും മനുഷ്യനു വെറും വാക്കുകളെക്കൊണ്ടു ജീവിക്കാന്‍ വയ്യ. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ വല്ല പൊരുളുമുണ്ടോ ഇല്ലയോ എന്നു സംശയമുണ്ടാകും. നമ്മളില്‍ എത്ര കെങ്കേമന്‍ പോലും ചിലപ്പോള്‍ സംശയിക്കും. അഭ്യസിക്കുന്നതോടുകൂടി അല്പദിവസത്തിനുള്ളില്‍, നമുക്ക് ആവേശവും ആശയും അരുളത്തക്കവിധം അല്പം നിമിഷദര്‍ശനം ഉണ്ടാകും. ‘എത്ര ചെറുതായിട്ടെങ്കിലും ഒരു തെളിവ് അനുഭവമായാല്‍ യോഗശാസ്ത്രത്തില്‍ മുഴുവന്‍ നമുക്കു വിശ്വാസമുണ്ടാകും’ എന്ന് ഒരു യോഗദര്‍ശന വ്യാഖ്യാതാവു പറയുന്നുണ്ട്. ഉദാഹരണം; ആദ്യത്തെ കുറച്ചുമാസത്തെ അഭ്യാസത്തിനുശേഷം മറ്റുള്ളവരുടെ വിചാരം വായിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ കണ്ടുതുടങ്ങും. വിചാരങ്ങള്‍ ചിത്രങ്ങളുടെ മട്ടില്‍ നിങ്ങള്‍ക്കു പ്രത്യക്ഷമാകും. ഒരുപക്ഷേ വളരെ ദൂരെ നടക്കുന്ന വല്ലതുംതന്നെ കേട്ടേക്കാം. അതും, കേള്‍ക്കാനാഗ്രഹിച്ച് മനസ്സ് ആ വഴിക്കു തിരിക്കുമ്പോഴാണുതാനും. ഈ പ്രതിഭാനങ്ങളുണ്ടാകുന്നത് ആദ്യം അല്പാല്പമായിട്ടാണെങ്കിലും വിശ്വാസവും ഉറപ്പും ആശയും നല്കാന്‍ അവ മതിയാകും. ഇനിയൊരുദാഹരണം; നിങ്ങളുടെ വിചാരങ്ങളെ നിങ്ങളുടെ നാസികാഗ്രത്തില്‍ ഏകാഗ്രമാക്കാമെങ്കില്‍ കുറച്ചുനാള്‍കൊണ്ട് അതിഹൃദ്യമായ സൗരഭ്യം നിങ്ങള്‍ക്കു തോന്നിത്തുടങ്ങും. ഭൗതികവിഷയങ്ങളുടെ സമ്പര്‍ക്കം കൂടാതെതന്നെ അനുഭവപ്പെടാവുന്ന ചില മാനസപ്രത്യക്ഷങ്ങളുണ്ടെന്നു കാട്ടിത്തരാന്‍ ഇത്രമതി. എന്നാല്‍ ഇതെല്ലാം സാധനങ്ങള്‍ (ഉപായങ്ങള്‍) മാത്രമാണെന്ന് എപ്പോഴും ഓര്‍മ്മവെയ്ക്കണം: ഈ അഭ്യാസങ്ങളുടെയെല്ലാം സാധ്യം, അവസാനം, പരമകാഷ്ഠ, ആത്മാവിന്റെ മോക്ഷമാണ്. പ്രകൃതിയെ നിശ്ശേഷം നിയന്ത്രിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം: അതിലൊട്ടും കുറഞ്ഞിരിക്കരുത്. നാം പ്രകൃതിയുടെ ഉടയവരാകുകയല്ലാതെ അടിമകളാകാന്‍ പാടില്ല. ശരീരമോ മനസ്സോ നമ്മുടെ ഉടമകളാകരുത്. ശരീരം എന്റെതെന്നല്ലാതെ ഞാന്‍ ശരീരത്തിന്റെതല്ല എന്നുള്ളതും നാം വിസ്മരിക്കരുത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 2. പേജ് 166-168]