ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 7

മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ

അല്ലയോ അര്‍ജ്ജുന, എന്നില്‍നിന്ന് അന്യമായി വേറെ ഒന്നുമില്ല. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്ന പോലെ ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

മരീചികയുടെ ഉത്ഭവം സൂര്യകിരണങ്ങളില്‍ നിന്നല്ലാതെ സൂര്യനില്‍നിന്നുതന്നെയാണെന്നു നാം മനസ്സിലാക്കുന്നു. അതുപോലെ മായയില്‍ നിന്നു സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചം അപ്രത്യക്ഷമാകുമ്പോള്‍ ഞാന്‍ മാത്രം നിലനില്‍ക്കുന്നുവെന്നറിയുക. അങ്ങനെ ഗോചരവും അഗോചരവുമായ എല്ലാം എന്നില്‍ അധിവസിക്കുന്നു. നൂല്‍ചരടില്‍ കോര്‍ത്ത രത്നങ്ങളെന്നപോലെ ഈ കാണുന്ന ജഗത്തെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. സ്വര്‍ണ്ണചരടില്‍ കോര്‍ത്തിണക്കിയിരിക്കുന്നതുപോലെ, ഈ ലോകത്തിന്റെ അകവും പുറവും എന്നാല്‍ താങ്ങിനിര്‍ത്തപ്പെട്ടിരിക്കുന്നു.