യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 3 [ഭാഗം 1. വൈരാഗ്യ പ്രകരണം] 003 യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 003

ഭ്രഹ്മസ്യ ജഗതസ്യാസ്യ ജതസ്യാകാശവര്‍ണവത്
അപുനഃ സ്മരണം മന്യേ സാധോ വിസ്മരണം വരം (1.3.2)

വാല്‍മീകി തുടര്‍ന്നു: “ആകാശത്തിന്റെ നീലിമ ഒരു ദൃശ്യ സംഭ്രമം മാത്രമാണെന്നതുപോലെ ഈ കാണപ്പെടുന്ന ലോകം ആകെ ചിന്താക്കുഴപ്പം പിടിച്ചതാണ്‌. ആയതിനാല്‍ എനിക്കു തോന്നുന്നത്‌ ഈ ലോകത്തിനെപ്പറ്റി അധികം വിചിന്തനം ചെയ്ത്‌ മനസ്സു ഭ്രമിപ്പിക്കുന്നതിനു പകരം അതിനെ നമ്മുടെ ചിന്തയില്‍പ്പെടുത്താതിരിക്കുകയാണു നല്ലത്‌ എന്നാണ്‌.”

ഇക്കാണപ്പെടുന്ന പ്രപഞ്ചം യാഥാര്‍ത്ഥ്യമല്ലെന്ന ഉറച്ച ബോധം ഉള്ളില്‍ അങ്കുരിച്ചു വളര്‍ന്നുനിറഞ്ഞാലല്ലാതെ നമുക്ക്‌ ദുഃഖനിവൃത്തിയോ ഉണ്മയുടെ സാക്ഷാത്കാരമോ സാദ്ധ്യമല്ല. യോഗവാസിഷ്ഠം അതീവ ശ്രദ്ധയോടെ പഠിച്ചാല്‍ ഈ ബോധം നമ്മില്‍ വളര്‍ത്തിയുറപ്പിക്കാന്‍ സാധിക്കും. അങ്ങിനെ നാം അനുഭവിക്കുന്ന ഈ ദൃശ്യ-വസ്തു പ്രപഞ്ചം എന്നത്‌ ഉണ്മയില്‍ അസ്ഥിരമായ വസ്തുവിനെ കണ്ടുവെന്നു തോന്നുന്ന വെറും വിഭ്രാന്തി മാത്രമാണെന്നുള്ള ദൃഢബോധം നമ്മിലുണ്ടാവും. ഈ ഗ്രന്ഥം പഠിക്കാത്ത ഒരുവന്റെയുള്ളില്‍ അനേകലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ ജ്ഞാനം ഉണരുകയില്ല.

മോക്ഷം എന്നത്‌ നമ്മിലുള്ള എല്ലാ ‘വാസന’കളേയും സമൂലം നീക്കം ചെയ്യുക എന്നതാണ്‌. ഈ വാസനകളാകട്ടെ രണ്ടു തരത്തിലാണ്‌. ഒന്ന് പരിശുദ്ധവും പുണ്യപ്രദവും ആകുമ്പോള്‍ മറ്റേത്‌ അശുദ്ധവും പാപജന്യവും ആണ്‌. പാപ വാസനകള്‍ ജനനഹേതുവാകുമ്പോള്‍ പുണ്യവാസനകള്‍ മോക്ഷഹേതുവാണ്‌. അശുദ്ധവാസനകള്‍ അജ്ഞാനത്തേയും അഹങ്കാരത്തേയും വളര്‍ത്തി പുനര്‍ജന്മങ്ങള്‍ക്കു ബീജമായിത്തീരുന്നു. ഈ വാസനാ ബീജങ്ങളെ തീര്‍ത്തും ഉപേക്ഷിച്ചാല്‍ ശരീരത്തെ നിലനിര്‍ത്തുവാന്‍ വേണ്ട പരിശുദ്ധ മനോപാധികള്‍ മാത്രം ബാക്കിയാവുന്നു. ജീവന്‍ മുക്തരായവരില്‍ പോലും ഇത്തരം വാസനകള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇവ പുനര്‍ജന്മത്തിനു കാരണമാകുന്നില്ല. എന്തെന്നാല്‍, അവ നിലനില്‍ ക്കുന്നത്‌ ഭൂതകാലകര്‍മ്മങ്ങളുടെ സംവേഗശക്തിയാലാണ്‌- ഇപ്പോഴത്തെ കര്‍മ്മങ്ങളുടെ പ്രേരണയാല്‍ അല്ല എന്നര്‍ത്ഥം. ശ്രീരാമന്‍ ഒരു മുക്തതാപസനേപ്പോലെ പ്രബുദ്ധമായ ജീവിതം നയിച്ച കഥ ഞാനിനി പറഞ്ഞുതരാം. ജനനമരണസംബന്ധിയായ എല്ലാ തെറ്റിദ്ധാരണകളും നീക്കാന്‍ നിനിക്കീ അറിവുതകും.

ഗുരുകുലത്തിലെ പഠനശേഷം ശ്രീരാമന്‍ അച്ഛന്റെ കൊട്ടാരത്തില്‍ പലവിധ വിനോദങ്ങളില്‍ ഏര്‍പ്പെട്ട്‌ കഴിഞ്ഞുവന്നു. ഒരു ദിവസം തന്റെ ദേശം മുഴുവന്‍ കാണാനുള്ള ആഗ്രഹത്തോടെ ശ്രീരാമന്‍ അച്ഛനോട്‌ തീര്‍ഥാടനത്തിനുള്ള അനുവാദം ചോദിച്ചു. മഹാരാജാവ്‌ ശുഭമായ ഒരുദിനം തിരഞ്ഞെടുത്തു. ആ ദിവസം കുടുംബത്തിലെ മുതിര്‍ന്നവരുടെ സ്നേഹപൂര്‍ണ്ണമായ അനുവാദാശീര്‍വാദങ്ങളോടെ രാമന്‍ യാത്ര പുറപ്പെട്ടു. രാമനും അനുജന്മാരും ഹിമാലയം മുതല്‍ താഴോട്ട്‌ രാജ്യമെല്ലാം ചുറ്റിക്കണ്ട്‌ തലസ്ഥാനത്ത്‌ മടങ്ങിയെത്തി. അതുകണ്ട്‌ രാജ്യവാസികള്‍ അതീവസന്തുഷ്ടരായി.