യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 224 [ഭാഗം 5. ഉപശമ പ്രകരണം]

സുബന്ധുഃ കസ്യചിത്കഃ സ്യാദിഹ നോ കശ്ചിദപ്യരിഃ
സദാ സര്‍വേ ച സര്‍വസ്യ സര്‍വം സര്‍വേശ്വരേച്ഛയാ (5/18/49)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ, നീ ജ്ഞാനിയാണ്‌. അഹംകാരരഹിതനായി, ആകാശം പോലെ പരിശുദ്ധനായി നിലകൊണ്ടാലും. അഹമെന്നൊരു ധാരണതന്നെയില്ലെങ്കില്‍ “ഇതെന്റെ ബന്ധുക്കളാണ്‌” എന്ന ചിന്ത എവിടെനിന്നുവരാനാണ്‌? ആത്മസ്വരൂപത്തില്‍ അത്തരം ധാരണകള്‍ ഇല്ല. സുഖദു:ഖങ്ങളോ നന്മ-തിന്മകളോ അതിലില്ല. ഈ പ്രത്യക്ഷജഗത്തുണ്ടാക്കുന്ന ഭയവും വിഭ്രമവും നിന്നെ ബാധിക്കതിരിക്കട്ടെ. ഒരിക്കലും ‘ജനിച്ചിട്ടില്ലാത്തവന്‌’ (അജന്‍) ബന്ധുക്കളെവിടെ? അവര്‍ മൂലമുണ്ടാകുന്ന ദു:ഖങ്ങളെവിടെ?

നീ പണ്ട് ആരോ ഒരാളായിരുന്നു; ഇപ്പോഴും നീ ആരോ ആണ്‌. നാളേയും അങ്ങിനെതന്നെയായിരിക്കും. ഇക്കാര്യങ്ങളെല്ലാം നിന്റെ ബന്ധുക്കളെസംബന്ധിച്ചും ശരിയാണെന്നു നീ തിരിച്ചറിഞ്ഞാല്‍പ്പിന്നെ ഭ്രമകല്‍പ്പനകളില്‍ നിന്നും നിനക്കു മോചനമായി. പണ്ടു നീയുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്, എന്നാല്‍ ഇനി മുതല്‍ നീയില്ല എന്നാണു നിനക്കു തോന്നുന്നതെങ്കിലും ദു:ഖിക്കാനൊന്നുമില്ല. കാരണം ലോകമെന്ന ഈ പ്രകടനം അവസാനിച്ചു എന്നാണല്ലോ അതിനര്‍ത്ഥം. അതിനാല്‍ ഈ ലോകത്ത് എന്തിനെയെങ്കിലും പറ്റി വ്യകുലപ്പെടുന്നത് മൂഢത്വമാണ്‌. സമുചിതമായ കര്‍മ്മങ്ങളിലേര്‍പ്പെട്ട് എപ്പോഴും സന്തോഷമായിരിക്കുകയാണ്‌ വിവേകം.

എങ്കിലും രാമ, അമിതാഹ്ലാദത്തിലും വിഷാദത്തിലും ആമഗ്നനാവരുത്. സമതാഭാവം കൈക്കൊണ്ടാലും. അതീവ സൂക്ഷ്മവും നിത്യശുദ്ധവുമായ, അനന്തശാശ്വതമായ പ്രകാശമാണു നീ. ഈ പ്രത്യക്ഷലോകം ഉണ്ടായി, നിലനിന്ന്, ഇല്ലാതാവുന്നത് അജ്ഞാനിയെ സംബന്ധിച്ചിടത്തോളം മാത്രമേ സത്യമായുള്ളു. ജ്ഞാനിയ്ക്ക് അതെല്ലാം മായയാണ്. ജഗത്തിന്റെ സഹജഭാവമാണ്‌ ദുഃഖം. അജ്ഞാനം അതിനെ വികസിപ്പിച്ച് വലുതാക്കി വഷളാക്കുന്നു. പക്ഷേ നീ ബുദ്ധിമാനാണു രാമ. സന്തോഷമായിരിക്കൂ. മായക്കാഴ്ച്ചയെന്നാല്‍ മായ തന്നെ. സ്വപ്നം എന്നത് മറ്റൊരു സ്വപ്നം മാത്രം. ഇതെല്ലാം സര്‍വ്വശക്തന്റെ പ്രാഭവം. പ്രകടിതലോകമെന്നത് വെറും ബാഹ്യപ്രകടനം മാത്രം.

“ഇവിടെ ആര്‌ ആര്‍ക്കാണൊരു ബന്ധുവായുള്ളത്? ആര്‌ ആര്‍ക്കാണൊരു ശത്രു? ജീവജാലങ്ങളുടെയെല്ലാം നാഥനായ ജഗദീശ്വരന്റെ ഇച്ഛയ്ക്കൊത്ത് എല്ലാവരും എല്ലാവര്‍ക്കും എല്ലാക്കാലവും എല്ലാമെല്ലാമായി വര്‍ത്തിക്കുന്നു.” ബന്ധുതയുടെ പുഴയൊഴുക്ക് അനവരതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുരഥചക്രത്തിലെന്നപോലെ താഴെയുള്ളവ മുകളിലേയ്ക്കും മുകളിലുള്ളവ താഴേയ്ക്കും പോയിക്കൊണ്ടേയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലുള്ളവര്‍ ആ വാസം മതിയാക്കി നരകത്തില്‍പ്പോവുന്നു. നരകവാസികള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കും പോവുന്നു.അവര്‍ ഒരു ജീവിവര്‍ഗ്ഗത്തില്‍ ജനിച്ചുമരിച്ച് പിന്നീട് മറ്റൊരു വര്‍ഗ്ഗത്തില്‍ ജന്മമെടുക്കുന്നു. ലോകത്തിന്റെ ഒരു കോണില്‍ നിന്നും മറ്റൊരു കോണിലേയ്ക്ക് വാസം മാറിപ്പോകുന്നു. ധീരന്‍ ഭീരുവും ഭീരു ധീരനുമാവുന്നു. കുറച്ചുകാലം ബന്ധുക്കളായിരുന്നവര്‍ പിന്നീട് അകന്നുപോകുന്നു. മാറ്റമില്ലാത്തതായി ഈ വിശ്വത്തില്‍ യാതൊന്നുമില്ല, രാമ.

സുഹൃത്ത്, ശത്രു, ബന്ധു, അപരിചിതന്‍, ഞാന്‍, നീ എന്നീ വാക്കുകള്‍ക്കൊന്നും കാതലായ, ശാശ്വതമായ അര്‍ത്ഥങ്ങള്‍ ഒന്നുമില്ല. അവ വെറും വാക്കുകള്‍ മാത്രം. സങ്കുചിതമനസ്കന്റെ ഉള്ളില്‍ ‘അയാളെന്റെ സുഹൃത്താണ്‌’, ‘ഇയാളെന്റെ ബന്ധുവല്ല’, തുടങ്ങിയ ചിന്തകള്‍ ഉണ്ടാവുമ്പോള്‍ വിശാലമനസ്കന്‌ ഇത്തരം ഭിന്നചിന്തകളില്ല. രാമ, എല്ലാ ജീവജാലങ്ങളും നിന്റെ ബന്ധുക്കളാണ്‌. ഈ പ്രപഞ്ചത്തില്‍ പരസ്പര ബന്ധമില്ലാത്ത ഒന്നുമില്ല. ആത്യന്തികമായി യാതൊന്നു തമ്മിലും ‘അബന്ധുത്വം’ എന്ന ഒന്ന് ഇല്ലേയില്ല. എല്ലാം പരസ്പര പൂരകങ്ങള്‍ . “ഞാനില്ലാത്ത ഒരിടവും ഇല്ല” എന്നും “എന്റേതല്ലാത്ത യാതൊന്നും ഇല്ല” എന്നുമുള്ള അറിവില്‍ ജ്ഞാനികള്‍ അഭിരമിക്കുന്നു. അങ്ങിനെ അവര്‍ പരിമിതികള്‍ക്കും ഉപാധികള്‍ക്കും അതീതരായി വര്‍ത്തിക്കുന്നു.