അമൃതാനന്ദമയി അമ്മ

ദേഷ്യം രണ്ടുവശവും മൂര്‍ച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും. അതിനാല്‍ നമ്മള്‍ ക്ഷമ വളര്‍ത്തിയെടുക്കണം.

വിദ്വേഷം പുലര്‍ത്തുകയെന്നാല്‍ നമ്മള്‍ സ്വയം വിഷം കഴിച്ച് മറ്റുള്ളവര്‍ മരിക്കണമെന്ന‍് ആഗ്രഹിക്കുന്നതുപോലെയാണ്. വീല്‍ച്ചെയറില്‍ ഒരു വികല‍ാംഗനെ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ സഹതാപം തോന്നും. സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളും ഇതുപോലെ വികല‍ാംഗനാണ്. പക്ഷേ, അയാളുടെ വൈകല്യം ന‍ാം പുറമേ കാണുന്നില്ല. ശാരീരികമായ അംഗവൈകല്യമുള്ളവരോട് നമുക്ക് സഹതാപം തോന്നുന്നതുപോലെ ദേഷ്യക്കാരനോടും നമുക്ക് സഹതാപം തോന്നണം. ഒരു പക്ഷേ, നമ്മുടെ സ്നേഹവും സഹതാപവും കൊണ്ട് അവരില്‍ പരിവര്‍ത്തനം സംഭവിക്ക‍ാം.

അഹങ്കാരമാകുന്ന രോഗത്തെ ജയിക്കുവാനുള്ള ഒരേയൊരൗഷധം സ്നേഹമാണ്. ആരോടെങ്കിലും നമുക്ക് ആത്മാര്‍ത്ഥമായ സ്നേഹമുണ്ടെങ്കില്‍ അയാളോട് നമുക്ക് അസൂയയോ മത്സരബുദ്ധിയോ ദേഷ്യമോ തോന്നില്ല. ഒരാളോട് ഇഷ്ടമുണ്ടെങ്കില്‍ സൗന്ദര്യമില്ലെങ്കിലും അയാള്‍ നമുക്ക് സുന്ദരനാകും. ഇഷ്ടമില്ലെങ്കില്‍ സൗന്ദര്യമുണ്ടെങ്കിലും നമ്മള്‍ വൈരൂപ്യം കാണും. മനസ്സാണ് ഇതിന് കാരണക്കാര്‍.

ആരോ വരാന്തയില്‍ നില്‍ക്കുന്നതുകണ്ട ഗൃഹനാഥ ജോലിക്കാരിയോട് പറഞ്ഞു: ആനയെപ്പോലെ ഒരാള്‍ വെളിയില്‍ നില്‍ക്കുന്നു. പോയി നോക്കിയിട്ടുവാ.

ജോലിക്കാരി പുറത്തുപോയി നോക്കിയിട്ടുവന്ന് പറഞ്ഞു: കൊച്ചമ്മേ, വന്നിരിക്കുന്നത് കൊച്ചമ്മയുടെ നാടുവിട്ടുപോയ മൂത്തമകനാണ്.

ഇതുകേട്ടതും വീട്ടുകാരി ഓടിച്ചെന്ന് മകനെ കെട്ടിപിടിച്ചുകൊണ്ട് പറയുകയാണ്: പൊന്നുമോനേ, നീ ഇത്രകാലം എവിടെയായിരുന്നു? നീ വല്ലാതെ മെലിഞ്ഞുപോയല്ലോ! എത്ര ക്ഷീണിച്ചിരിക്കുന്ന!

സ്വന്തം മകനാണ് എന്നറിഞ്ഞപ്പോള്‍, സ്നേഹം വന്നപ്പോള്‍, വന്ന മാറ്റം കണ്ടില്ലേ? അതുപോലെ നമ്മില്‍ പ്രേമംവന്നാല്‍ നമുക്ക് അസൂയയേയും വിദ്വേഷത്തെയും ഒക്കെ അതിജീവിക്കാന്‍ കഴിയും. നമുക്ക് വേണമെങ്കില്‍ സ്നേഹത്തേയും വളര്‍ത്ത‍ാം. വിദ്വേഷത്തേയും വളര്‍ത്ത‍ാം. രണ്ടിനും കാരണം മനസ്സാണ്.

സ്നേഹവും വിവേകവും ഈശ്വരന്‍ നമുക്ക് തന്നിരിക്കുന്ന വരങ്ങളാണ്. ഇവരണ്ടും വേണ്ടപോലെ ഉപയോഗിച്ചാല്‍ നമുക്ക് ഈശ്വരനെ കണ്ടെത്ത‍ാം. നമുക്ക് ഉള്ളില്‍ ഈ ഗുണങ്ങള്‍ ഉണ്ടെങ്കിലും ന‍ാം അവയെ പലപ്പോഴും ഉപയോഗിക്കാറില്ല. ഉപയോഗിക്കാത്ത കഴിവുകള്‍ സ്വയം നശിക്കും. പാമ്പുകള്‍ക്ക് പണ്ട് കാലുകള്‍ ഉണ്ടായിരുന്നുവെന്നും ഉപയോഗിക്കാതെ അവ കാലക്രമേണ ഇല്ലാതായതാണ് എന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. മനുഷ്യന്‍ മൂന്നുവര്‍ഷം അനങ്ങാതെയിരുന്നാല്‍ നടക്കാനുള്ള ശേഷി കുറയും എന്നാണ് പറയുന്നത്.

അതിനാല്‍ നമ്മുടെ ഉള്ളിലുള്ള സ്നേഹത്തെ വളര്‍ത്തിയെടുക്കണം. പ്രേമവും ജീവിതവും രണ്ടല്ല, ഒന്നാണ്. പ്രേമത്തിന്റെ മാധ്യമമില്ലാത്ത ജീവിതം മരുഭൂമിപോലെയാണ്. വിട്ടുപിരിയാതെ ഒന്നിച്ചുചേര്‍ന്നിരിക്കുന്ന വാക്കും അര്‍ത്ഥവുംപോലെയാണ് ജീവിതവും പ്രേമവും. അതിനാല്‍ ജീവിതത്തില്‍ പ്രേമത്തെയാണ് ന‍ാം വളര്‍ത്തിയെടുക്കേണ്ടത്. ഇതിലൂടെ ന‍ാം നമ്മുടെ ജീവിതത്തില്‍ മാത്രമല്ല, സമൂഹത്തിലും ശാന്തി നിലനിര്‍ത്തും.

ചുള്ളിക്കമ്പില്‍ ഇരിക്കുന്ന കിളിയെ മക്കള്‍ കണ്ടിട്ടില്ലേ? ഇതുപോലെയാവണം നമ്മുടെ ജീവിതം. കിളി ചുള്ളിക്കമ്പിലിരുന്ന് ഇര തിന്ന് ഉറങ്ങും പക്ഷേ ഒരു കാറ്റു വരുമ്പോള്‍ ചിറകുവിടര്‍ത്തും അതിനറിയ‍ാം ഈ കാറ്റിനെ ചെറുത്ത് കമ്പ് തന്നെ രക്ഷിക്കയില്ലാ എന്ന്. പ്രാപഞ്ചികലോകം ഉണക്ക ചുള്ളിപോലെയാണ്. ഈ ലോകത്തു ജീവിക്കുമ്പോള്‍, ഓരോ കര്‍മ്മം ചെയ്യുമ്പോഴും ന‍ാം ഈശ്വരസ്മരണ വിടാന്‍ പാടില്ല. ഈശ്വരനാണ് ശാശ്വതം ഈശ്വരസ്മരണ നമ്മുടെ ഉള്ളിലെ സ്നേഹത്തെ വളര്‍ത്തും.

പ്രേമമാണ് ജീവിതമെന്ന് അനുഭവിച്ചറിയണം. അത് നമ്മുടെ ഓരോ കര്‍മ്മത്തിലും പ്രതിഫലിക്കണം. അതായിരിക്കട്ടെ നമ്മുടെ ജീവിത ലക്ഷ്യം.

കടപ്പാട്: മാതൃഭൂമി