സ്വാമി വിവേകാനന്ദന്‍

പ്രേമം ത്രികോണമാണെന്നു കല്പിച്ചാല്‍ അതില്‍ ഓരോ കോണും പ്രേമത്തിന്റെ സ്വഭാവവിശേഷങ്ങളില്‍ ഓരോന്നാകും. മൂന്നു കോണുകള്‍ തികച്ചും ഇല്ലാതെ ത്രികോണമില്ല: താഴെ പറയുന്ന മൂന്നു വിശേഷങ്ങളില്ലാതെ യഥാര്‍ത്ഥപ്രേമവുമില്ല. പ്രേമത്രികോണത്തിന്റെ ഒന്നാമത്തെ കോണ്‍ പ്രേമത്തിനു കച്ചവടം അറിഞ്ഞുകൂടാ എന്നതാണ്. എന്തെങ്കിലും പകരം വേണമെന്നുള്ളേടത്ത് യഥാര്‍ത്ഥ പ്രേമം ഉണ്ടാവാന്‍ വയ്യ. അതു വെറും കച്ചവടമേ ആകയുള്ളു. നമുക്ക് ഈശ്വരനോടു ബഹുമാനവും കീഴൊതുക്കവുമുള്ളതുകൊണ്ട് ഈശ്വരന്‍ പ്രസാദിച്ച് പ്രതിഫലമായി അതോ ഇതോ വല്ലതുമൊന്നു നമുക്കു തരണം എന്നു വിചാരിക്കുന്ന കാലത്തോളം നമ്മുടെ ഹൃദയത്തില്‍ യഥാര്‍ത്ഥപ്രേമം പുലരുന്നതല്ല. അങ്ങനെ ഫലമിച്ഛിച്ചു ഭജിക്കുന്നവര്‍ ഫലമുണ്ടാവില്ലെന്നു കണ്ടാല്‍ ഭജനം അവിടെ നിര്‍ത്തും. ഭക്തന്‍ ഭഗവാനെ സ്നേഹിക്കുന്നത് ഭഗവാന്‍ സ്നേഹിക്കത്തക്കവനാണെന്നതുകൊണ്ടുമാത്രമാണ്. വേറൊരുദ്ദേശ്യവുമല്ല. ആ ദിവ്യഭാവത്തെ ജനിപ്പിക്കുന്നതും നയിക്കുന്നതും.

ഒരു കഥ കേട്ടിട്ടുണ്ട്. ഒരു മഹാരാജാവ് ഒരിക്കല്‍ ഒരു കാട്ടില്‍ ചെന്നു. അവിടെ ഒരു മഹാത്മാവിനെ കണ്ടു. രാജാവ് അദ്ദേഹവുമായി അല്പം സംസാരിച്ചു. അദ്ദേഹത്തിന്റെ പരിശുദ്ധിയും ജ്ഞാനവും കണ്ട് രാജാവിനു വളരെ സന്തോഷമായി. രാജാവ് അദ്ദേഹത്തോടു തന്റെ കയ്യില്‍നിന്നു വല്ല സമ്മാനവും വാങ്ങി തന്നെ കൃതാര്‍ത്ഥനാക്കണമെന്നപേക്ഷിച്ചു. അദ്ദേഹം അതിനു വഴിപ്പെട്ടില്ല. “എനിക്കു ആഹാരത്തിനു ഈ കാട്ടില്‍ വേണ്ടുവോളം കായ്കനികളുണ്ട്, കുടിപ്പാന്‍ മലയില്‍നിന്നൊഴുകിവരുന്ന തെളിഞ്ഞ പുഴവെള്ളം മതി. ഉടുക്കുവാന്‍ വേണ്ടത്ര മരവുരി ഇവിടത്തെ മരങ്ങള്‍ തരുന്നു: കിടന്നുപൊറുക്കാന്‍ പര്‍വ്വതത്തിലെ ഗുഹകളുമുണ്ട്. പിന്നെയെന്തിന് ഞാന്‍ താങ്കളോടു സമ്മാനം വാങ്ങുന്നു?” എന്നു പറഞ്ഞു. അപ്പോള്‍ രാജാവ് “മഹാശയ! എന്റെ നന്മയ്ക്കുവേണ്ടി വല്ലതുമൊന്ന് എന്റെ കയ്യില്‍ നിന്നു സ്വീകരിക്കണം: എന്റെ ഒന്നിച്ചു നഗരത്തിലേക്കും കൂടെ അരമനയിലേക്കും എഴുന്നള്ളുവാന്‍ കനിവുണ്ടാകണം” എന്നു വീണ്ടും വീണ്ടും അപേക്ഷിച്ച് വളരെ അനുനയിച്ചു. അദ്ദേഹം അതനുസരിച്ച് അരമനയിലേക്ക് ചെന്നു. സമ്മാനം നല്കും മുമ്പ് രാജാവ് ഈശ്വരപ്രാര്‍ത്ഥന നടത്തി, “പ്രഭോ! എനിക്ക് ഇനിയും സന്തതി തരണേ, ഏറെ സമ്പത്തു തരണേ, എന്റെ രാജ്യം അധികം വിസ്തൃതമാക്കിത്തരണേ, എന്റെ ശരീരത്തിനു അധികം ആരോഗ്യവും ഉണ്ടാക്കിത്തരണേ” എന്നായിരുന്നു പ്രാര്‍ത്ഥന. അതു മുഴുമിക്കുംമുമ്പ് മഹാത്മാവ് എഴുന്നേറ്റ് മെല്ലെ മുറിയില്‍നിന്നു പുറത്തേക്കു നടന്നു. അതു കണ്ട് പരിഭ്രമിച്ച് രാജാവ് പിന്നാലെ ചെന്നു “മഹാശയ, അങ്ങു യാത്രയായോ! എന്റെ സമ്മാനം സ്വീകരിച്ചില്ലല്ലോ” എന്നു സങ്കടം പറഞ്ഞു. അദ്ദേഹം തിരിഞ്ഞുനിന്നു രാജാവിനെ നോക്കി “ഞാന്‍ ഇരപ്പാളികളോടു ഇരക്കുന്നവനല്ല: നിങ്ങള്‍ ഒരിരപ്പാളി, അതില്‍ കവിഞ്ഞൊന്നുമല്ല. നിങ്ങള്‍ എങ്ങനെ വല്ലതും ദാനം ചെയ്യും? നിങ്ങളെപ്പോലുള്ള ഒരിരപ്പാളിയുടെ കയ്യില്‍നിന്നു വല്ലതും വാങ്ങുവാന്‍ മിനക്കെടുന്ന ബുദ്ധിശൂന്യനല്ല ഞാന്‍, നില്ക്കൂ എന്റെ വഴിയേ വരണ്ട,” എന്നു പറഞ്ഞു നടന്നു. വെറും യാചകന്മാര്‍ക്കും യഥാര്‍ത്ഥഭക്തന്മാര്‍ക്കും തമ്മിലുള്ള വ്യത്യാസം ഈ കഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യാചന പ്രേമത്തിന്റെ ഭാഷയല്ല. വല്ല പ്രതിഫലത്തിനോ മോക്ഷത്തിനുപോലുമോ വേണ്ടി ഭഗവാനെ ഭജിക്കുന്നത് യാചിക്കുന്നതുപോലെ നീചമാണ്! പ്രേമത്തിനു പ്രതിഫലചിന്തയില്ല. പ്രേമം പ്രേമത്തിനുവേണ്ടിമാത്രം. സ്നേഹിക്കാതിരിപ്പാന്‍ വയ്യ എന്നുള്ളതുകൊണ്ടുമാത്രമാണ് ഭക്തന്‍ സ്നേഹിക്കുന്നത്. പ്രകൃതിയില്‍ ഒരു മനോഹരദൃശ്യം കണ്ട് നിങ്ങള്‍ രമിക്കുന്നു എന്നു വിചാരിക്കുക. അതിന്റെ പ്രസാദമായിട്ട് ആ കാഴ്ചയില്‍നിന്ന് പ്രതിഫലം വല്ലതും കിട്ടണമെന്നു നിങ്ങള്‍ ആവശ്യപ്പെടുമോ? ഇല്ല. ആ പ്രകൃതിവിലാസം നിങ്ങളോടും ഒന്നും ആവശ്യപ്പെടുന്നില്ല. ആ കാഴ്ച നിങ്ങളുടെ മനസ്സിന് ആനന്ദമയമായ ഒരവസ്ഥയുണ്ടാക്കുന്നു, അതു മനസ്സിലെ സംഘര്‍ഷങ്ങളെ മയപ്പെടുത്തുന്നു, നിങ്ങളെ ശാന്തമാക്കുന്നു, നിങ്ങളെ തെല്ലിട മര്‍ത്ത്യഭാവത്തില്‍നിന്നുയര്‍ത്തി ദിവ്യാനന്ദാനുഭവത്തില്‍ എത്തിക്കുന്നു. പ്രതിഫലേച്ഛയില്ലായ്മ എന്ന ഈ യഥാര്‍ത്ഥസ്വഭാവമാകുന്നു പ്രേമത്തിന്റെ ഒന്നാമത്തെ കോണ്‍. പ്രേമത്തിനു പ്രതിഫലം കാംക്ഷിക്കരുത്: ദാനം ചെയ്യുന്നവന്‍ എന്നായിരിക്കട്ടെ നിങ്ങളുടെ നില. നിങ്ങളുടെ പ്രേമം ഭഗവാനു ദാനം ചെയ്യുക. പക്ഷെ ഭഗവാനോടുപോലും പകരം ഒന്നും ആവശ്യപ്പെട്ടു പോകരുത്.

പ്രേമത്രികോണത്തിന്റെ രണ്ടാമത്തെ കോണ്‍ നിര്‍ഭയത്വം- പ്രേമത്തിനു ഭയം അറിഞ്ഞുകൂടാ-എന്ന അവസ്ഥയാകുന്നു. ഈശ്വരനെ ഭയപ്പെട്ടു ഭജിക്കുന്നവര്‍ മനുഷ്യരില്‍ ഏറ്റവും താണതരക്കാര്‍ – മനുഷ്യത്വം വികസിച്ചിട്ടില്ലാത്തവര്‍ – ശിക്ഷയെ ഭയപ്പെട്ടു ഭജിക്കുന്നു. ആ തരക്കാര്‍ക്ക് ഈശ്വരനെന്നുവെച്ചാല്‍ ഒരു കൈയ്യില്‍ കൊരടാവും മറ്റേതില്‍ ചെങ്കോലും വെച്ചിരിക്കുന്ന ഒരു വലിയ ആള്‍: അദ്ദേഹത്തെ അനുസരിക്കാഞ്ഞാല്‍ അദ്ദേഹം കൊരടാവു കൊണ്ടടിക്കും. ഇതാണവരുടെ ഭയം. അങ്ങനെ ഭജിക്കുന്നത് ഹീനത്വം. അതു ഭജനയാണെങ്കില്‍ത്തന്നെയും അത്യന്തം പ്രാകൃതം. അല്പമെങ്കിലും ഭയം ഹൃദയത്തിലുണ്ടെങ്കില്‍ അവിടെ പ്രേമം എങ്ങനെ കുടിയിരിക്കും? ഭയങ്ങളെ ജയിച്ചു കീഴടക്കുന്നതാകുന്നു പ്രേമത്തിന്റെ ജന്മസ്വഭാവം. യുവതിയായ ഒരമ്മ തെരുവില്‍ സഞ്ചരിക്കുമ്പോള്‍ ഒരു നായ അവരുടെ നേര്‍ക്ക് കുരച്ചടുക്കുന്നു. അവര്‍ പേടിച്ച് അടുത്ത വീട്ടിലേക്കു ഓടിക്കേറുന്നു. അടുത്തൊരുദിവസം ആ സ്ത്രീ തന്റെ കുട്ടിയുമായി തെരുവില്‍ നടക്കുന്നു, അപ്പോള്‍ ഒരു സിംഹം ആ കുട്ടിയുടെനേര്‍ക്ക് ചാടുന്നു എന്നു വിചാരിക്കുക. ആ സമയത്ത് ആ അമ്മ എങ്ങോട്ടാണോടിക്കേറുക? സിംഹത്തിന്റെ വായിലേക്ക്, തന്റെ കുട്ടിയെ രക്ഷിച്ചുകൊണ്ട് സിംഹവക്ത്രത്തിലേക്കു തന്നെ! പ്രേമം സര്‍വ്വഭയങ്ങളെയും കീഴടക്കുന്നു. ഭയം ജനിപ്പിക്കുന്നത് പ്രപഞ്ചത്തില്‍ തന്റെ പരിതഃസ്ഥിതിയില്‍നിന്ന്, തന്നെ അകറ്റിനിര്‍ത്തണം എന്ന സ്വാര്‍ത്ഥവിചാരമാണ്. ഞാന്‍ എത്രത്തോളം എന്നെ സ്വാര്‍ത്ഥപരനും അല്പനുമാക്കുന്നുവോ അത്രത്തോളമാണ് എനിക്കുണ്ടാകുന്ന ഭയം. ഞാന്‍ നിസ്സാരന്‍, ശൂന്യപ്രായന്‍ എന്നു വിചാരിക്കുന്നവനെ ഭയം നിസ്സംശയം ബാധിക്കും. ഞാന്‍ നിസ്സാരന്‍ എന്ന വിചാരം എത്രത്തോളം ചുരുങ്ങുന്നുവോ അത്രത്തോളം ഭയവും ചുരുങ്ങും. ഭയത്തിന്റെ ഒരു ചെറിയ കണികപോലും ഉള്ളേടത്ത് യഥാര്‍ത്ഥപ്രേമം ഉണ്ടാകയില്ല. ഭയവും പ്രേമവും പരസ്പരം യോജിക്കുന്നവയല്ല. ഈശ്വരനെ സ്നേഹിക്കണമെങ്കില്‍ അവനെ ഭയപ്പെടരുത്. “പ്രഭുവായ നിന്റെ ദൈവത്തിന്റെ തിരുനാമം വൃഥാ ഉച്ചരിക്കരുത്,” എന്നൊരു നിര്‍ദ്ദേശം യഥാര്‍ത്ഥഭക്തനു പരിഹാസ്യമാണ്! പ്രേമഭക്തിയിലുണ്ടോ ഈശ്വരനിന്ദയുണ്ടാകുന്നു? ഈശ്വരനാമം എത്രയേറെ ഉച്ചരിക്കുന്നുവോ അത്രയധികം നിങ്ങള്‍ക്കു നന്ന്. അതു നിങ്ങള്‍ ഏതുവിധം ചെയ്താലും കൊള്ളാം ഈശ്വരനെ സ്നേഹിക്കുന്നതുകൊണ്ടല്ലേ അവന്റെ നാമമുച്ചരിക്കുന്നത്?

പ്രേമത്രികോണത്തിന്റെ മൂന്നാമത്തെ കോണ്‍ പ്രേമത്തിനു പ്രതിദ്വന്ദ്വി (എതിരാളി) ഇല്ലെന്നുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ എല്ലാറ്റിലുംവെച്ച് മീതെയെന്ന്, ഉത്കൃഷ്ടമെന്ന്, ഉത്തമമെന്ന്, ആദര്‍ശമെന്ന് ഏതിനെ നിശ്ചയിച്ചിരിക്കുന്നുവോ അതിന്റെ മൂര്‍ത്തിമത്തായ ഭാവത്തെയാകുന്നു പ്രേമം ഉള്‍ക്കൊള്ളുന്നത്, (അതിന്മീതെയാകുന്നു പ്രേമം പ്രതിഷ്ഠിതമായിരിക്കുന്നത്, അതിനു തുല്യമായിപ്പോലും മറ്റൊന്നിനെ സ്നേഹിപ്പാനില്ല). ഏതൊന്നിനെ പ്രേമത്തിനു വിഷയമാക്കുന്നുവോ അതു സര്‍വ്വോത്തമം എന്ന ദൃഢബോധമില്ലാതെ ആ പ്രേമം യഥാര്‍ത്ഥമാകയില്ല. പല സംഗതികളിലും പ്രേമത്തിന്റെ വഴിയും സ്ഥാനവും പിഴച്ചിരിക്കാം. എങ്കിലും ഒരാള്‍ക്ക് ഏതൊന്നില്‍ ഗാഢപ്രേമമുണ്ടോ അതുതന്നെയാണ് ആ ആള്‍ക്ക് ആദര്‍ശം-എല്ലാറ്റിലുംവെച്ചുമീതെ. ഒരാള്‍ ഒരു നീചജീവിയെയാവാം ആദര്‍ശമായി കാണുന്നത്. അന്യന്‍ ഉത്തമോത്തമമായ ഒന്നിനെയാവാം ആദര്‍ശമാക്കുന്നത്. ഏതായാലും ഓരോരുത്തനും അവനവന്റെ ആദര്‍ശത്തെമാത്രമേ ഗാഢമായി സ്നേഹിപ്പാന്‍ കഴിയൂ. എന്നാല്‍ ഏതു മനുഷ്യന്റെയും പരമോച്ചമായ ആദര്‍ശം ഈശ്വരനാകുന്നു. അജ്ഞനോ പ്രാജ്ഞനോ, പാപിയോ പുണ്യവാനോ, നരനോ നാരിയോ, പഠിച്ചവനോ പഠിക്കാത്തവനോ, പരിഷ്‌കൃതനോ അപരിഷ്‌കൃതനോ ആരായാലും ഏതു മനുഷ്യന്നും പരമാദര്‍ശം ഈശ്വരനാകുന്നു. ഈശ്വരന്‍ എന്ന് നമുക്കുള്ള ഭാവനയുടെ തികവ്, സൗന്ദര്യം ഗാംഭീര്യം വീര്യം ഇത്യാദി ഗുണങ്ങളോരോന്നും പരമോഛാവസ്ഥയെ പ്രാപിച്ച് അവയെല്ലാം ഒന്നായി സമ്മേളിച്ച നിലയിലാകുന്നു. ഈ ഗുണങ്ങള്‍ പരിപൂര്‍ത്തി പ്രാപിച്ച ഒരവസ്ഥയെ ഏതെങ്കിലും രൂപത്തില്‍ ഭാവനചെയ്യുന്നത് ഏതു മനുഷ്യന്റെ മനസ്സിനും സ്വാഭാവികമാണ്: അതു മനസ്സിന്റെ ഘടനയില്‍ത്തന്നെ ചേര്‍ന്നിരിക്കുന്ന അംശവുമത്രേ. ആ ഭാവനയ്ക്കു തികച്ചും ഒത്ത ഒരു മൂര്‍ത്തിയെ പുറമേ പ്രത്യക്ഷമായി അനുഭവപ്പെടുത്തുവാനാണ് മനുഷ്യന്‍ സ്വപ്രകൃതിയനുസരിച്ചു ചെയ്യുന്ന നാനാവിധപരിശ്രമങ്ങളും. അങ്ങനെ വിവിധജീവന്മാരും തങ്ങളുടെ വിവിധാദര്‍ശങ്ങളെ പുറമേ മൂര്‍ത്തീഭവിച്ചുകാണ്മാന്‍ ചെയ്യുന്ന യത്‌നങ്ങളുടെ ഫലമാണ് ജനസമുദായത്തില്‍ എവിടെയും കാണാവുന്ന വിവിധപ്രസ്ഥാനങ്ങള്‍: അകത്തുള്ളത് പുറത്തുവന്ന് പ്രകാശിപ്പാന്‍ വെമ്പുന്നു. ആദര്‍ശത്തിന്, ഏതു കാലത്തും പ്രബലമായുള്ള ഒരു പ്രഭാവമത്രേ മനുഷ്യലോകത്തില്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരേ ശക്തി, ഒരേ പ്രേരകം. എന്നാല്‍, ഉള്ളിലുള്ള ആദര്‍ശത്തിനൊപ്പിച്ച് പുറത്തെ സ്ഥിതിയെ തികച്ചും രൂപപ്പെടുത്തി രണ്ടും ശരിയായി യോജിപ്പിപ്പാന്‍ ശ്രമിക്കുന്നതു നിഷ്ഫലമായിട്ടാണ് കലാശിക്കുന്നത് എന്ന് മനുഷ്യന്‍ ഒടുവില്‍ കണ്ടെത്തും. അതു പക്ഷേ ജന്മശതങ്ങള്‍ക്കുശേഷവും വര്‍ഷസഹസ്രങ്ങളിലെ കഠിനപ്രയത്‌നങ്ങള്‍ക്കുശേഷമാവാം. അതുകണ്ടാല്‍പ്പിന്നെ സ്വന്തം ആദര്‍ശത്തെ പുറത്തേയ്ക്കിറക്കി അവിടെ മൂര്‍ത്തിഭവിച്ചു കാണ്മാന്‍ ശ്രമിക്കില്ല: ആദര്‍ശത്തെ അതേ നിലയില്‍ പ്രേമത്തിന്റെ പരമോച്ചകോടിയില്‍വെച്ച് ആരാധിച്ചുതുടങ്ങും: ആ പരമാദര്‍ശത്തില്‍ അതിനെക്കാള്‍ താഴ്ന്ന മറ്റാദര്‍ശങ്ങളെല്ലാം അടങ്ങിയുമിരിക്കും. ഒരു ചൊല്ലുണ്ടല്ലോ, പ്രേമക്കണ്ണിനു കാക്കക്കറുമ്പിയും കനകസുന്ദരിയാകുമെന്ന്. ഇതു പരമാര്‍ത്ഥമാണെന്ന് ആരും സമ്മതിക്കും. ആ പ്രേമം അസ്ഥാനത്തിലായെന്ന് അതു വിട്ടുനിന്നു നോക്കുന്ന കണ്ണിനു തോന്നാം. പക്ഷേ പ്രേമക്കണ്ണ് കനകസുന്ദരിയെയല്ലാതെ കാക്കക്കറുമ്പിയെ കാണില്ല. കാക്കക്കറുമ്പിയോ കനകസുന്ദരിയോ, നമുക്ക് ഏതില്‍ പ്രേമമോ അതിനെ കേന്ദ്രമാക്കിയാണ് നമ്മുടെ ആദര്‍ശങ്ങളെല്ലാം അടിഞ്ഞു വളരുന്നത്. ലോകം ഏതിനെയാണ് സാധാരണയായി ആരാധിക്കുന്നത്? പരമഭക്തന്റെ പരമോച്ചവും സര്‍വ്വാശ്ലേഷിയുമായ ആദര്‍ശത്തെയല്ല, നിശ്ചയം. പുരുഷനായാലും സ്ത്രീയായാലും അവനവനിലുള്ള ആദര്‍ശത്തെയാണ് ആരാധിക്കുന്നത്. അകത്തുള്ള ആദര്‍ശത്തെ പുറമെ പ്രതിഷ്ഠിച്ച് അതിനെ വണങ്ങുകയാണ് ഏതു മനുഷ്യനും ചെയ്യുന്നത്. അതുകൊണ്ടത്രേ ക്രൂരന്മാരും രക്തപ്രിയന്മാരും ഈശ്വരനെ രക്തത്തിനു ദാഹിക്കുന്നവനായി ഭാവനചെയ്യുന്നത്. അവര്‍ക്ക് അവരുടെ ആദര്‍ശത്തെമാത്രമേ സ്നേഹിപ്പാന്‍ കഴിവുള്ളു. അതുകൊണ്ടാണ് സത്തുക്കള്‍ക്ക് ഈശ്വനെക്കുറിച്ചു സത്തമമായ ആദര്‍ശമുള്ളത്: അതു മറ്റുള്ളവരുടേതില്‍ നിന്നും തുലോം വ്യത്യസ്തവുമാണ്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 17 പ്രേമത്രികോണം‍. പേജ് 505-511]