അനുദിനമിദമാദരേണ ശൃണ്വന്‍ പൃഥുചരിതം പ്രഥയന്‍ വിമുക്ത സംഗഃ
ഭഗവതി ഭവസിന്ധുപോതപാദേ സ ച നിപുണാം ലഭതേ രതിം മനുഷ്യഃ (4-23-39)

മൈത്രേയന്‍ തുടര്‍ന്നുഃ

തനിക്കു പ്രായമേറുന്നതു തിരിച്ചറിഞ്ഞ പൃഥു രാജ്യഭാരം തന്റെ പുത്രനെ ഏല്‍പ്പിച്ച്‌ ഭാര്യയുമൊത്തു വനവാസത്തിനു പുറപ്പെട്ടു. വനവാസകാലത്ത്, മൂന്നു, കാലാവസ്ഥയിലും ചെയ്യാവുന്ന, ഏറ്റവും കഠിനമായ തപശ്ചര്യകളിലേര്‍പ്പെട്ടു. വേനല്‍ക്കാലത്ത്‌ കത്തിയെരിയുന്ന സൂര്യന്‍ മുകളില്‍ നില്‍ക്കെ അഗ്നിവലയത്തിനുളളില്‍ തപസ്സു ചെയ്തു. മഴക്കാലത്ത്‌ കോരിച്ചൊരിയുന്ന മഴയില്‍നിന്നും, മഞ്ഞുകാലത്ത്‌ തണുത്തുറഞ്ഞ വെളളത്തില്‍ കഴുത്തറ്റം ഇറങ്ങിനിന്നും അദ്ദേഹം തപസ്സു ചെയ്തു. മനസാ വാചാ കര്‍മ്മണാ പൂര്‍ണ്ണമായ തപസ്സാണദ്ദേഹം അനുഷ്ടിച്ചത്. ഇതിലൂടെ കര്‍മ്മപാശങ്ങളെയെല്ലാം നശിപ്പിച്ച്‌ അകളങ്കിതമായ ഭക്തികൊണ്ട്‌ അദ്ദേഹം തന്റെ ഹൃദയം നിറച്ചു.

ലൌകീകതയോടുളള നിസ്സംഗതയും പരമോന്നത ജ്ഞാനവും അദ്ദേഹത്തിനുണ്ടായി. അതോടെ ശരീരാസക്തി തീരെ ഇല്ലാതായി. അഹങ്കാരവും അഹംഭാവവും നശിച്ചുകഴിഞ്ഞ അദ്ദേഹം ആ വിജ്ഞാനത്തിനുമപ്പുറം ഭഗവാന്‍ ശ്രീകൃഷ്ണന്റെ മഹിമകളിലും‍ കഥകളിലും ഭക്തലീനായിത്തീര്‍ന്നു. ഇത്തരത്തിലുളള നിര്‍മ്മലമായ ഭക്തി, സാധനയുടെ മുന്നോട്ടുളള പോക്കിനെയാണ്‌ കാണിക്കുന്നുത്‌. ഒരുദിവസം അദ്ദേഹം ശരീരമുപേക്ഷിക്കാന്‍ തീരുമാനിച്ചു. സിദ്ധാസനത്തിലിരുന്ന് കാലുകൊണ്ട്‌ ഗുദദ്വാരം അടച്ചുപിടിച്ച്‌ പ്രാണശക്തിയെ താഴെനിന്നു്‌ പൊക്കിള്‍ത്തടം, ഹൃദയം, കണ്ഠനാളം, പുരികങ്ങള്‍ക്കിടയിലുളള നെറ്റിത്തടം എന്നീ കേന്ദ്രങ്ങളിലൂടെ ഉയര്‍ത്തി ശിരസ്സിനു മുകളിലെത്തിച്ച്‌ അന്തഃരീക്ഷത്തിലെ പഞ്ചഭൂതങ്ങളുമായി വിലയിപ്പിച്ചു. വിശ്വനിര്‍മ്മിതിയിലെ ഘടകങ്ങളായ പഞ്ചഭൂതങ്ങളാല്‍ത്തന്നെയാണല്ലോ മനുഷ്യദേഹവും നിര്‍മ്മിച്ചിട്ടുളളത്‌. പിന്നീട്‌ ഈ ഭൂതാംശങ്ങളെ അദ്ദേഹം ഒന്നാക്കിവെച്ചു. ഭൂമിയെ ജലത്തിലും ജലത്തെ അഗ്നിയിലും, അഗ്നിയെ വായുവിലും, വായുവിനെ ആകാശത്തിലും ലയിപ്പിച്ചു. മനസിനെ പഞ്ചേന്ദ്രിയങ്ങളിലും‍ പഞ്ചേന്ദ്രിയങ്ങളെ പഞ്ചേഭൂതങ്ങളിലും‍ വിലയിപ്പിച്ചു. ഇവയെല്ലാം പിന്‍വലിച്ച്‌ അഹങ്കാരവും ചേര്‍ത്ത്‌ മഹത്‍തത്വത്തില്‍ , വിശ്വാവബോധത്തില്‍ , വിലയിപ്പിച്ചിട്ട്‌ ജീവനില്‍ ചേര്‍ത്തുവെച്ചു. മായാശക്തിയുടെ അനന്തമായ ശക്തിവിശേഷങ്ങള്‍ക്കടിമയാണല്ലോ ജീവന്‍. പരിപൂര്‍ണ്ണമായ വിജ്ഞാനം വഴി ഈ അവസ്ഥപോലും പൃഥുവിന്‌ കടന്നുപോകാന്‍ കഴിഞ്ഞു. അങ്ങനെ നിര്‍വ്വാണപദവും ആത്മസാക്ഷാത്ക്കാരവും ലഭിച്ച്‌ അദ്ദേഹം വിശ്വാവബോധത്തില്‍ വിലീനനായി.

പൃഥുവിന്റെ രാജ്ഞി അരചി, തന്റെ ഭര്‍ത്താവ്‌ ശരീരമുപേക്ഷിച്ചതുകണ്ട്‌ അന്ത്യകര്‍മ്മങ്ങള്‍ക്ക്‌ ചിതയൊരുക്കി. കുളികഴിഞ്ഞു തയ്യാറായി ചിതാഗ്നിക്ക്‌ വലംവെച്ച്‌ സ്വയം അഗ്നിയില്‍ പ്രവേശിച്ചു. ഭര്‍ത്താവിന്റെ ശരീരത്തോടൊപ്പം തന്റെ ശരീരം രാജ്ഞിയും ഉപേക്ഷിച്ചു. ദിവ്യപുരുഷന്മ‍ാര്‍ രാജ്ഞിയുടെ ആത്മത്യാഗത്തെ പ്രശംസിച്ചു. അവളുടെ മഹിമകള്‍ വാഴ്ത്തി. “ഈ രാജ്ഞി തന്റെ നാഥനെ ജീവിതം മുഴുവന്‍ അളവറ്റ സ്നേഹത്തോടെ പരിചരിച്ചു. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ നമ്മുടെയെല്ലാം തലത്തില്‍ നിന്നും വളരെ ഉയര്‍ന്ന സ്ഥാനമാണുളളത്‌. തീര്‍ച്ചയായും ഭഗവല്‍സവിധത്തില്‍ തന്റെ ഭര്‍ത്താവിനോടൊപ്പം അവരുമുണ്ടാവും. മനുഷ്യജന്‍മോദ്ദേശം ഇതു തന്നെയാണെങ്കിലും വിഡ്ഢികള്‍ ആയതിനെ അവഗണിക്കുന്നു അതാണ്‌ ലോകത്തിലെ ആദ്യത്തെ ചക്രവര്‍ത്തിയായ പൃഥുവിന്റെ ജീവിതകഥ. വിദുരരേ ആരീ കഥ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്നുവോ, അയാള്‍ പൃഥുവിനേപ്പോലെയാകുന്നു. അയാള്‍ തന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കും. ഈ കഥ ദിവസവും കേള്‍ക്കുന്നുത്തിലൂടെ ഒരുവന്‌ ഭഗവല്‍ഭക്തിയുണ്ടാവുകയും ജനന മരണനിയതമായ സംസാരസാഗരത്തില്‍ നിന്നു്‌ മോചനംകിട്ടുകയും ചെയ്യും.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF