ചോദ്യം ഉയരുമ്പോള്‍ ധ്യാനം ആരംഭിക്കുന്നു (101)

എന്റെ ഉള്ളില്‍ എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്ന അന്വേഷണം ആവശ്യമാണ്‌. ഏതു മനുഷ്യമനസ്സിലും ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള യുദ്ധം അനുസ്യൂതം നടക്കുകയാണ്‌. നമ്മളാണ്‌ നമുക്കെതിരായി നില്‍ക്കുന്നത്‌. ഉള്ളില്‍ ചോദ്യം ഉയരുമ്പോള്‍ ധ്യാനം ആരംഭിക്കുന്നു.

അന്വേഷിക്കുന്നത്‌ പഴയകാലത്ത് എന്തുനടന്നു എന്ന കാര്യങ്ങളല്ല. എനിക്ക്‌ ഇപ്പോള്‍ എന്തു പ്രയോജനം എന്നാണ്‌ അന്വേഷണം. എന്റെ മനസ്സില്‍ കര്‍മ്മങ്ങളില്‍ ദുഷ്ടഭാവങ്ങളും (ദുര്യോധനാദികളും) സദ്ഭാവങ്ങളും (പാണ്ഡവപക്ഷം) ആയി നില്‍ക്കുന്നതെന്തൊക്കെ? വികാരപൂര്‍ണമാണ്‌ സമീപനമെങ്കില്‍ ദുര്യോധനാദികളും, വിചാരപൂര്‍ണമാണ്‌ സമീപനമെങ്കില്‍ പാണ്ഡവരും നമ്മില്‍ നിലകൊള്ളുന്നു. പ്രപഞ്ചമാകുന്ന വില്ലില്‍ആത്മാവാകുന്ന ശരം തൊടുക്കുമ്പോള്‍ ബ്രഹ്മത്തെയാണ്‌ ലക്ഷ്യമാക്കേണ്ടത്‌.

ഇതിനായി ഗുരു പഠിപ്പിക്കുന്ന യുദ്ധമാണ്‌ സാധകനെ സംബന്ധിച്ചിടത്തോളം ഗീത. ഒരു ശിശു ജനിക്കുന്നതുപോലെയാണ്‌, കൃഷ്ണാര്‍ജുനന്മാര്‍ രഥത്തില്‍ പ്രവേശിക്കുന്നത്‌. വെളുത്ത കുതിരകള്‍ ശുദ്ധമായഅന്തഃകരണത്തിന്റെ പ്രതീകമാണ്‌. ശരീരത്തിന്റെ മാഹാത്മ്യം വിവേകമുണ്ട്‌, മാധവനുണ്ട്‌ എന്നതാണ്‌.

ശബ്ദസ്പര്‍ശ രസരൂപഗന്ധളെ സത്യമെന്ന്‌ കരുതുന്നവരുടെ പ്രതീകമാണ്‌ പഞ്ചജനന്‍. ആ ആസുരികഭാവങ്ങളെ മാറ്റി ഭഗവാന്‍ അവരുടെ ശരീരം ധര്‍മകാഹളത്തിനായി ഉപയോഗിക്കുന്നു. പിന്നെ നമ്മില്‍നിന്ന്‌ പുറപ്പെടുന്നത്‌ ധര്‍മ്മമായിരിക്കും. ന‍ാം മുരളിയായി ഭഗവാണ്‌ നിന്നുകൊടുക്കണം. മധുരമായ നാദം വരണമെങ്കില്‍ ഉള്ളില്‍ ഒന്നും പാടില്ല. ആ ധര്‍മ്മനാദം ദേശകാലാദികളെ അതിവര്‍ത്തിച്ച്‌ നിലകൊള്ളും. ഭൂമിയേയും ആകാശത്തേയും കിടിലംകൊള്ളിക്കുമെന്നതിന്റെ സാര‍ാംശം ഇതാണ്‌. ആഗ്രഹിക്കുന്നില്ലെങ്കിലും ആരോ ബലമായി പാപം ചെയ്യിക്കുന്നു. ഇതിന്റെ പിന്നില്‍ ആരാണെന്ന്‌ അര്‍ജുനന്‍ ചോദിക്കുന്നു. പലതരത്തിലുള്ള മോഹമാണ്‌ ദുഷ്ചെയ്തികള്‍ക്കു പിറകില്‍. ആഗ്രഹങ്ങളകന്നവനാല്‍ ലോകം സമൃദ്ധിയെ പ്രാപിക്കുന്നു. അല്ലെങ്കില്‍ നശിക്കുന്നു. ആഗ്രഹങ്ങളില്ലാത്തവന്‌ ജീവിതത്തില്‍ ശാന്തിമാത്രമേയുള്ളൂ. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ്‌ വരേണമെന്ന നാരായണ ഗുരുവചനമാകണം നമ്മുടെ അടിത്തറ.

സുഖത്തിനായി

ഒരു പാവപ്പെട്ട മുക്കുവന്‍ വഞ്ചിയില്‍ നീണ്ടുനിവര്‍ന്ന്‌ സുഖമായങ്ങനെ കിടക്കുകയാണ്‌. ഇതുകണ്ട്‌ ഒരാള്‍ വന്ന്‌ പറഞ്ഞു. “നിങ്ങളിങ്ങനെയായാല്‍ ശരിയാകില്ല.” മുക്കുവന്‍ എണീറ്റിട്ട് ചോദിച്ചു. “പിന്നെ?” “ഇങ്ങനെ മടിപിടിച്ചിരുന്നാല്‍ എങ്ങനെ ജീവിക്കും.” “ഞാനെന്തു ചെയ്യണം?” “എണീറ്റുധാരാളം മീന്‍ പിടിക്കണം.” “എന്നിട്ട്?” “വലയും സഞ്ചിയുമെല്ല‍ാം വാങ്ങണം. എന്നിട്ട് കൂടുതല്‍ പണമുണ്ടാക്കണം.” “എന്നിട്ട്?” “ഒരുപാട്‌ ബോട്ടുകളും മത്സ്യസംസ്കരണ ഫാക്ടറിയുമൊക്കെ തുടങ്ങണം.” “എന്നിട്ട്?” “എന്നിട്ടെന്താ, സുഖമായങ്ങനെ കഴിയണം.” “ഇത്ര കഷ്ടപ്പെട്ട് നേടാമെന്ന്‌ നിങ്ങള്‍ പറയുന്നത്‌ ഞാനിപ്പോഴേ അനുഭവിക്കുന്നു. പിന്നെത്തിനാ ഇതെല്ല‍ാം?” മുക്കുവന്‍ വീണ്ടും കിടക്കുന്നു.

ജീവിക്കുന്ന സാഹചര്യങ്ങളില്‍ തൃപ്തനായിരിക്കുക ജ്ഞാനിയുടെ ലക്ഷണമാണ്‌. അയാള്‍ ഭോഗങ്ങള്‍ക്കു പിന്നാലെ ആര്‍ത്തിപിടിച്ച്‌ പായുന്നില്ല. വേഗമല്ല, സാവകാശമാണ്‌, ബഹളമല്ല, ശാന്തിയാണ്‌ അയാളുടെ തിരഞ്ഞെടുപ്പ്‌.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം