സ്വാമി വിവേകാനന്ദന്‍

യോഗശാസ്ത്രപ്രവര്‍ത്തകന്മാര്‍ ഉദ്‌ഘോഷിക്കുന്നത്, പുരാതനകാലങ്ങളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ മതത്തിന്നടിസ്ഥാനമാണെന്നു മാത്രമല്ല, അത്തരം സ്വാനുഭവം ഉണ്ടാകുന്നതുവരെ ഒരിക്കലും ഒരുവനും മതമുണ്ടെന്നുതന്നെ പറഞ്ഞുകൂടാ എന്നാണ്. ഈ അനുഭവങ്ങള്‍ നമുക്കുണ്ടാകുവാനുള്ള വഴിയുപദേശിക്കുന്നതാണ് യോഗശാസ്ത്രം. അനുഭവപ്പെടുന്നതുവരെ മതത്തെപ്പറ്റി സംസാരിച്ചതുകൊണ്ടു വലിയ ഫലമില്ല. ഈശ്വരന്റെ പേരില്‍ ഇത്രയധികം കലക്കവും കലഹവും യുദ്ധവും ഉണ്ടാകാന്‍ കാരണമെന്ത്? മറ്റ് ഏതിലുമധികം രക്തപ്രവാഹം ഈശ്വരനെച്ചൊല്ലിയാണുണ്ടായിട്ടുള്ളത്. എന്തുകൊണ്ട്? മതത്തിന്റെ ഉറവയുടെ ഉല്പത്തിവരെ പോകാഞ്ഞിട്ടുതന്നെ. തങ്ങളുടെ പൂര്‍വ്വികരുടെ മാമൂലാചാരങ്ങള്‍ക്കു മനസാ സമ്മതം മൂളി അവര്‍ അങ്ങനെ തൃപ്തിപ്പെട്ടു. മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു: അത്രതന്നെ. ആത്മാവുണ്ടെന്ന് അനുഭവപ്പെടാത്ത ഒരാള്‍ക്ക് അതുണ്ടെന്നു പറയുവാന്‍ എന്തവകാശം? ഈശ്വരനെ കാണാതെ ഈശ്വരനുണ്ടെന്നു പറയുവാന്‍ അധികാരമെന്ത്? ഈശ്വരനുണ്ടെങ്കില്‍ കാണണം: ആത്മാവുണ്ടെങ്കില്‍ അനുഭവപ്പെടണം. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുന്നതാണ് ഭേദം, ഒരു തുറന്ന നാസ്തികനാകുന്നതാണ് കപടഭക്തനായിരിക്കുന്നതിലും നല്ലത്.

ഈ കാലത്ത് ‘മുഴുവിദ്വാന് മാര്‍ക്ക്’ ഒരുവിധം അഭിപ്രായം; മതവും തത്ത്വശാസ്ത്രവും പരമപുരുഷനെക്കുറിച്ചുള്ള അന്വേഷണവുമെല്ലാം നിഷ്ഫലമാണ്. ‘മുറിവിദ്വാ ന്മാര്‍ക്ക്’ മറ്റൊരഭിപ്രായം; വാസ്തവത്തില്‍ ഇതിനൊന്നും യാതൊരടി സ്ഥാനവും ഇല്ല: എന്നാല്‍ ലോകോപകാരം ചെയ്യാന്‍ ബലമായ പ്രേരണയുണ്ടാക്കും: അത്രതന്നെ അവയ്ക്കുള്ള വില. ജനങ്ങള്‍ക്ക് ഈശ്വരവിശ്വാസമുണ്ടെങ്കില്‍ അവര്‍ നല്ലവരും ധാര്‍മ്മികന്മാരുമായേക്കാം: അങ്ങനെ അവര്‍ നല്ല പൗരന്മാരായിത്തീരാനിടയുണ്ട്. ഈവിധം അഭിപ്രായമുള്ളവരെ കുറ്റം പറയാന്‍ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു കിട്ടുന്ന ഉപദേശം മുഴുവനും, കഴമ്പില്ലാത്ത കുറെ അസംബന്ധപ്രലപനങ്ങളുടെ അനന്തപല്ലവിയില്‍ വിശ്വസിക്കുവാന്‍ മാത്രമാകുന്നു. വെറും വാക്കുകളെക്കൊണ്ടു ജീവിക്കാനാണ് അവരെ ഉപദേശിക്കുന്നത്. അവര്‍ക്കതിനുകഴിയുമോ? കഴിയുമായിരുന്നെങ്കില്‍, എനിക്കു മനുഷ്യപ്രകൃതിയെക്കുറിച്ച് ലവലേശം ബഹുമാനമില്ല. മനുഷ്യനു തത്ത്വം അറിയണം. അതുസ്വയം അനുഭവിച്ചറിയണം. തത്ത്വം ഗ്രഹിച്ചു സാക്ഷാത്ക്കരിച്ച്, അന്തരാത്മാവില്‍ അതനുഭവപ്പെടുമ്പോള്‍മാത്രമേ സര്‍വ്വസംശയങ്ങളും തീര്‍ന്ന്, സര്‍വ്വാന്ധകാരവും നീങ്ങി, കുരുക്കുകളെല്ലാം നിവരുകയുള്ളു എന്നു വേദങ്ങള്‍ ഘോഷിക്കുന്നു; ‘അല്ലയോ അമൃതത്വത്തിന്റെ അരുമക്കിടാങ്ങളേ! നിങ്ങളേവരും കേള്‍പ്പിന്‍! ദിവ്യലോകങ്ങളെ അധിവസിക്കുന്നവരേ! നിങ്ങളും കേള്‍പ്പിന്‍! ഇതാ വഴി കണ്ടിരിക്കുന്നു: ഈ ഇരുളില്‍നിന്നെല്ലാം പുറത്തു കടക്കുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. അതു തമസ്സിനപ്പുറത്തുള്ള പരമപുരുഷനെ അറിയുന്നതു തന്നെ: വേറൊരു വഴിയുമില്ല.’

ഈ തത്ത്വത്തില്‍ എത്തിച്ചേരുവാന്‍ ഉപയോഗപ്പെടുന്നതും ശാസ്ത്ര (സയന്‍സ്) രീതിയില്‍ ക്രമപ്പെടുത്തിയതുമായ ഒരു പദ്ധതി മനുഷ്യലോകത്തിനു കാണിച്ചുകൊടുക്കാനാണ് രാജയോഗശാസ്ത്രം ഉദ്ദേശിക്കുന്നത്. ഒന്നാമതായി, ഓരോ ശാസ്ത്രത്തിലും തത്ത്വാന്വേഷണത്തിന് ഓരോ പ്രത്യേകസമ്പ്രദായമുണ്ട്. നിങ്ങള്‍ക്ക് ഒരു ജ്യോതിഃ ശാസ്ത്രജ്ഞനാകണമെങ്കില്‍ വെറുതെയിരുന്ന് ‘ജ്യോതിശാസ്ത്രമേ, ജ്യോതിശാസ്ത്രമേ’ എന്നു നിലവിളിച്ചതുകൊണ്ടു ശാസ്ത്രം ഒരു കാലത്തും നിങ്ങളുടെ അടുക്കല്‍ വരില്ല. അതുപോലെതന്നെ രസതന്ത്രവും. അതില്‍ ഒരു പ്രത്യേകസമ്പ്രദായം അനുസരിക്കേണ്ടതുണ്ട്: നിങ്ങള്‍ പരീക്ഷണശാലയില്‍ ചെല്ലണം: പലതരം ദ്രവ്യങ്ങളെടു ക്കണം, അവ കൂട്ടിയിളക്കണം, സംയോജിപ്പിക്കണം അവയെക്കൊണ്ടു പരീക്ഷണങ്ങള്‍ നടത്തണം. അതിന്റെയെല്ലാം ഫലമായി രസതന്ത്രത്തിന്റെ ഒരറിവുണ്ടാകും. ജ്യോതിഃശാസ്ത്രജ്ഞനാകുവാന്‍ നക്ഷത്രശാലയില്‍ ചെല്ലുക, ദൂരദര്‍ശനിക്കുഴലെടുക്കുക, നക്ഷത്രങ്ങളെ നോക്കിപ്പഠിക്കുക: അങ്ങനെ ജ്യോതിഃശാസ്ത്രജ്ഞനാകാം. ഓരോ ശാസ്ത്രത്തിനും പ്രത്യേകം പ്രത്യേകം അന്വേഷണക്രമം ആവശ്യമാണ്.

ഞാന്‍ നിങ്ങളെ ആയിരം മതപ്രസംഗങ്ങള്‍ ചെയ്തുകേള്‍പ്പിക്കാം: പക്ഷേ അതുകൊണ്ട് നിങ്ങള്‍ക്കു മതം ഉണ്ടാകയില്ല. മതത്തിന്റെ സാങ്കേതികസമ്പ്രദായം അഭ്യസിച്ചാലല്ലാതെ നിങ്ങള്‍ക്കു മതമുണ്ടാകയില്ല. ഈ തത്ത്വങ്ങള്‍ എല്ലാ രാജ്യത്തും എല്ലാ കാലത്തും ഉണ്ടായിട്ടുള്ള ഋഷിമാര്‍ അനുഭവപ്പെടുത്തിയതാകുന്നു. നിര്‍മ്മലരും നിഃസ്വാര്‍ത്ഥരുമായ അവര്‍ക്കു ലോകഹിതം ചെയ്കയെന്നല്ലാതെ മറ്റൊരുദ്ദേശ്യമുണ്ടായിരുന്നില്ല. നമുക്ക് ഇന്ദ്രിയങ്ങള്‍ വഴിയായി അറിയാവുന്നതിനെക്കാള്‍ ഉപരിയായ ഒരു തത്ത്വം തങ്ങള്‍ കണ്ടിരിക്കുന്നതായി അവരെല്ലാവരും പ്രഖ്യാപിക്കുന്നു. അതിന്റെ സത്യം പരീക്ഷിച്ചറിയുവാന്‍ നമ്മെ ക്ഷണിക്കുന്നു. തങ്ങളുടെ സാധന സമ്പ്രദായം കപടംകൂടാതെ അഭ്യസിക്കുവാന്‍ നമ്മോടാവശ്യപ്പെടുന്നു. അങ്ങനെ ചെയ്തിട്ടും ഈ ഉത്കൃഷ്ടതത്ത്വങ്ങള്‍ നമുക്ക് അനുഭവപ്പെടുന്നില്ലെങ്കില്‍, അപ്പോള്‍ അവരുടെ വാദത്തില്‍ സത്യമില്ലെന്നു നമുക്കു പറയാം. അങ്ങനെ ചെയ്യുന്നതിനുമുമ്പ് അവരുടെ സിദ്ധാന്തങ്ങളിലുള്ള സത്യത്വം നിഷേധിക്കുന്നതു യുക്തവുമല്ല. അതുകൊണ്ട് അവരുടെ നിഷ്ഠകള്‍ നാം വിശ്വാസപൂര്‍വ്വം അഭ്യസിക്കണം. അപ്പോള്‍ വെളിച്ചം കിട്ടും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 1. പേജ് 152-153]