ന കാമയേ ഽഹം ഗതിമീശ്വരാത്‌ പരാ
മഷ്ടര്‍ദ്ധി യുക്താമപുനര്‍ഭവം വാ
ആര്‍ത്തിം പ്രപദ്യേഽഖിലദേഹഭാജാ
മന്തഃസ്ഥിതോ യേന ഭവന്ത്യ ദുഃഖാഃ (9-21-12)

ശുകമുനി തുടര്‍ന്നു:

ഭരദ്വാജന്റെ ഒരു പിന്‍തലമുറക്കാരനായിരുന്നു രന്തിദേവന്‍ . അദ്ദേഹത്തിന്റെ മഹിമ ഇഹലോകത്തിലും മറ്റു ലോകങ്ങളിലും വാഴ്ത്തപ്പെടുന്നു. രന്തിദേവന്‍ രാജാവായിരുന്നുവെങ്കിലും ഭിക്ഷാംദേഹിയായി ജീവിച്ചു. ചോദിക്കാതെ ലഭിക്കുന്നുതുകൊണ്ടുമാത്രം ജീവിതം നയിച്ചു. എന്നാല്‍ മറ്റുളളവരുടെ ദുഃഖം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. അതുകൊണ്ട്‌ കയ്യിലുളളതെല്ലാം മറ്റുളളവര്‍ക്കായി ദാനം ചെയ്തു. അങ്ങനെ അദ്ദേഹത്തിനും കുടുംബത്തിനും ഭക്ഷണമില്ലാതെ ഏറെനാള്‍ കഴിയേണ്ടി വന്നിട്ടുണ്ട്‌. ഒരിക്കല്‍ അദ്ദേഹം നാല്‍പ്പത്തിയേഴു ദിവസം പട്ടിണി കിടന്നു.

നാല്‍പ്പത്തിയൊമ്പതാം ദിവസം രാവിലെ അദ്ദേഹത്തിന്‌ കുറച്ച്‌ ആഹാരവും പാലും ജലവും കിട്ടി. കുടുംബവുമൊത്ത്‌ അത്‌ കഴിക്കാനിരിക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ വന്നു. ഭഗവാനെത്തന്നെ ബ്രാഹ്മണനില്‍ സ്വയം ദര്‍ശിച്ച്‌ ഭക്ഷണത്തിന്റെ ഒരു ഭാഗം ദാനം ചെയ്തു. വീണ്ടും എല്ലാവരും കൂടി ഭക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ശൂദ്രനവിടെ വന്നു. അയാള്‍ക്കും ഭക്ഷണം വീതം വച്ചു. പിന്നീട്‌ കുറച്ചു നായ്ക്കളുമായൊരാള്‍ വന്നു. എല്ലാവരും വിശന്നു വലഞ്ഞവര്‍ . രന്തിദേവന്‍ അയാള്‍ക്ക്‌ ഭക്ഷണമെല്ലാം ദാനം ചെയ്തു. ജലം മാത്രമേ പിന്നീടവശേഷിച്ചുളളു. ആ സമയത്ത്‌ ഒരു ചണ്ഡാലന്‍ അവിടെ പ്രത്യക്ഷപ്പെട്ട്‌ ദാഹജലത്തിനാവശ്യപ്പെട്ടു. രന്തിദേവന്‍ ദയാവായ്പോടെ ഇങ്ങനെ പറഞ്ഞു. “ഞാന്‍ സമ്പത്തിനായോ അതിഭൗതികസിദ്ധികള്‍ക്കായോ നിര്‍വ്വാണമുക്തിക്കായോ ആഗ്രഹിക്കുന്നില്ല. എനിക്ക്‌ എല്ലാ സഹജീവികളുടെ ഹൃദയത്തിലെ ദുഃഖങ്ങളെയും കാണാന്‍ കഴിയട്ടെ. അവയില്‍ പ്രവേശിച്ച്‌ ആ ദുഃഖങ്ങളെ സ്വാംശീകരിച്ച്‌ അവരെ ദുഃഖവിമോചിതരാക്കുക എന്നതു മാത്രമാണെന്റെയാഗ്രഹം. എന്റെ വിശപ്പും ദാഹവും ക്ഷീണവും നിങ്ങളുടെ ദാഹശമനം കൊണ്ട്‌ സാധിക്കും.” അപ്പോള്‍ അവിടെ ത്രിമൂര്‍ത്തികള്‍ – സ്രഷ്ടാവായ ബ്രഹ്മാവ്, സ്ഥിതികര്‍ത്താവായ വിഷ്ണു, സംഹാരകനായ മഹേശ്വരന്‍ – പ്രത്യക്ഷപ്പെട്ടു. അവര്‍ വേഷപ്രച്ഛന്നരായി ബ്രാഹ്മണനും ശൂദ്രനും ചണ്ഡാലനുമായി വന്നതാണെന്നു വെളിപ്പെടുത്തി. രന്തിദേവന്‍ വരങ്ങളൊന്നും ആവശ്യപ്പെട്ടില്ല. അദ്ദേഹം മായയ്ക്കും പ്രകൃതിഗുണങ്ങള്‍ക്കും അതീതനായി കഴിഞ്ഞിരുന്നു.

ഭരദ്വാജന്റെ കുടുംബത്തിലാണ്‌ ഹസ്തിയുടെ ജനനം. ഹസ്തിനപുരം നിര്‍മ്മിച്ചതദ്ദേഹമത്രെ. പഞ്ചാലന്‍മാര്‍ മൗഡ്ഗല്യന്‍മാര്‍ (ബ്രാഹ്മണര്‍) ഗൗതമപത്നിയായ അഹല്യ ശരദ്വാന്‍ ഇവരെല്ലാം ഭരദ്വാജന്റെ കുലക്കാരാണ്‌. ഒരിക്കല്‍ ശരദ്വാന്‍ അപ്സരസ്സായ ഉര്‍വ്വശിയെ ദൂരെ നിന്നു കണ്ടപ്പോഴേക്കും രേതസ്സ് വഴിഞ്ഞു പുറത്തു വന്നു. അത്‌ പുല്ലില്‍ വീണ്‌ രണ്ടു കുട്ടികളായി പരിണമിച്ചു. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ശന്തനു മഹാരാജാവ്‌ അവരെ വളര്‍ത്തി. ആണ്‍കുട്ടി കൃപനും പെണ്‍കുട്ടി കൃപയുമായി വളര്‍ന്നു. കൃപന്‍ കൗരവഗുരുവായി. പെണ്‍കുട്ടി ദ്രോണാചാര്യരുടെ പത്നിയും.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF