അമൃതാനന്ദമയി അമ്മ

ഏതു രീതിയിലുള്ള ഭക്തിയാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് മക്കള്‍ ചോദിക്കാറുണ്ട്. നമ്മുടെ കര്‍ത്തവ്യങ്ങള്‍ വിട്ടോടുന്നതല്ല ഭക്തി. മുന്നില്‍ നില്‍ക്കുന്നവരോട് സ്നേഹത്തോടെ സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയാകില്ല.

രാധയുടെ കഥ ഇതിനുദാഹരണമാണ്. ഒരു ദിവസം കൃഷ്ണന്‍ ഒരു ഗോപാലന്റെ വേഷം കെട്ടി, തോര്‍ത്തുമുണ്ടുടുത്ത് ഭസ്മക്കുറിയിട്ട് വൃന്ദാവനത്തിലേക്ക് ഓടാന്‍തുടങ്ങി. ഓരോ ഗോപികമാരുടെയും അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു. “ഗോപികമാരെ, നിങ്ങളെ കൃഷ്ണന്‍ വിളിക്കുന്നു. ആദ്യം ചെല്ലുന്നതാരാണോ അവരുമായിട്ടേ നൃത്തംചെയ്യൂ”.

എവിടെയാണ് കൃഷ്ണ‍നെന്നു ഗോപികകള്‍ ചോദിച്ചില്ല. ഗോപാലന്‍ പറഞ്ഞതുമില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി ഗോപികമാര്‍ യമുനയെ ലക്ഷൃമാക്കി ഓടാന്‍ തുടങ്ങി. ഭര്‍ത്താവിനു ചോറുവിളമ്പിക്കൊണ്ടിരുന്ന ഗോപിക തവിയോടുകൂടി ഓടി. മുറ്റം തൂത്തുകൊണ്ടിരുന്നവള്‍ ചൂലും പിടിച്ചുകൊണ്ടോടി. നെല്ലുകുത്തിക്കൊണ്ടിരുന്ന ഗോപിക ഓടുമ്പോഴും കൈയില്‍ ഉലക്കയുണ്ട്. ഒരു കണ്ണെഴുതിക്കഴിഞ്ഞ ഗോപിക അങ്ങനെ ഓടി. അങ്ങനെ ഓരോരുത്തരും കേട്ട മാത്രയില്‍ ഓടുകയാണ്. ഗോപാലവേഷം കെട്ടിയ കൃഷ്ണന്‍ ചിരിച്ചുചിരിച്ചുപോവുകയും ചെയ്തു.

രാധയുടെ കുടിലില്‍ച്ചെന്ന് രാധയോടും ഇതുതന്നെ പറഞ്ഞു. അപ്പോള്‍ രാധ പറഞ്ഞു. “നീ ഓടിയോടി വളരെ ക്ഷീണിച്ചിരിക്കുന്നല്ലോ. അകത്തുകയറി ഇരിക്കൂ.”

“ഇല്ല എളുപ്പം പോകണം. ആദ്യം ചെല്ലുന്നവരുമായിട്ടാണ് കൃഷ്ണന്‍ നൃത്തം ചെയ്യുന്നത്.”

“ഇല്ലില്ല, നീ ഓടിത്തളര്‍ന്നുവന്നതല്ലേ അല്പം പാല്‍ കുടിച്ചിട്ടു പോകൂ.” ഇതു കേട്ട് കൃഷ്ണന്‍ ഞൊണ്ടി ഞൊണ്ടി വരാന്തയിലേക്കു കയറി.

“എന്താണ് നീ ഞൊണ്ടുന്നത്?” രാധ ചോദിച്ചു.

“ഓടിയപ്പോള്‍ കാലിലൊരു മുള്ള് കൊണ്ടതാണ്.”

“നീ കയറിയിരിക്കൂ. ഞാന്‍ മുള്ളെടുത്തു തരാം.”

“വേണ്ട. മുള്ളെടുത്തുകൊണ്ടിരുന്നാല്‍ കൃഷ്ണനുമായി നൃത്തം ചെയ്യാന്‍ പറ്റില്ല. വേഗം പോകണം.” ഭഗവാന്‍ രാധയോട് പറഞ്ഞു. ഇതിനു രാധ പറഞ്ഞ മറുപടി അറിയാമോ?

നിന്റെ കാലിലെ മുള്ളെടുക്കാതെ ഞാന്‍ പോയാല്‍ ഭഗവാനുമായി നൃത്തം ചെയ്യുമ്പോഴും ഈ മുള്ളായിരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടു കയറുന്നത്. ഭഗവാനോടൊത്ത് നൃത്തം ചെയ്യാന്‍ പറ്റിയില്ല എന്നും വരാം. പക്ഷേ, എനിക്കത് ദൂരെനിന്നെങ്കിലും കണ്ടുകൊണ്ടിരിക്കാമല്ലോ. അതു കൊണ്ട് നീ കയറിയിരിക്കൂ.

ഇതുപറഞ്ഞ് ഭഗവാന്റെ കാലെടുത്ത് തന്റെ മടിയില്‍വെച്ചു രാധ മുള്ളെടുക്കുവാന്‍ തുടങ്ങി. രാധ മുള്ളെടുക്കുവാന്‍‍ തുനിഞ്ഞപ്പോള്‍ ഗോപാലവേഷം കെട്ടിയ ഭഗവാന്‍ കൃഷ്ണന്‍ ഒളിപ്പിച്ചുവെച്ച ഓടക്കുഴല്‍ ചുണ്ടോടു ചേര്‍ത്തു. അവിടെ പരന്നൊഴുകിയ നാദാമ്യതം കേട്ട് രാധയുടെ കണ്ണില്‍ നിന്ന് ധാരധാരയായി ഒഴുകിയ കണ്ണുനീര്‍ ഭഗവാന്റെ പാദത്തില്‍ വീണു. പിന്നീട് ഭഗവാന്‍ ന്യത്തം വെച്ചത് രാധയോടൊപ്പമായിരുന്നു.

ഇതാണ് അമ്മ ആദ്യം പറഞ്ഞത്, കര്‍ത്തവ്യങ്ങള്‍ വിട്ട് ഓടുന്ന ഭക്തിയല്ല നമുക്കു വേണ്ടത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയല്ല.

ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് എന്താണു പറഞ്ഞത്.

“അര്‍ജുനാ, ത്രിലോകത്തിലും എനിക്ക് ഒന്നും നേടാനില്ല. എങ്കിലും ഞാനിതാ കര്‍മം ചെയ്യുന്നു.” ബന്ധമില്ലാതെ, വെള്ളത്തിലെ വെണ്ണപോലെ കര്‍മം ചെയ്യുന്ന ഒരു ഭാവമാണ് നമ്മള്‍ ഉണര്‍ത്തിയെടുക്കേണ്ടത്.

അവിടുന്ന്, അല്ലെങ്കില്‍ ഈശ്വരന്‍ നമ്മെക്കൊണ്ടു ചെയ്യിക്കുന്നു. അത് നമ്മെ ബന്ധിക്കില്ല. നമുക്ക് ജലം ഒഴുകിവരുന്ന ഒരു പൈപ്പുപോലെ ആകാം. ജലം പൈപ്പിലൂടെ ഒഴുകിപ്പോകുന്നു എന്നേയുള്ളൂ. മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാര്‍ഥന കഴുകാത്ത പാത്രത്തില്‍ പാലൊഴിക്കുന്നതു പോലെയാണ്.

മറ്റുള്ളവരോട് കരുണ കാണിച്ചിട്ടു വേണം പ്രാര്‍ഥനകളില്‍ മുഴുകാന്‍. സഹജീവികളോട്, ജീവജാലങ്ങളോട് കരുണ കാണിച്ചതിനുശേഷം ഭക്തിയില്‍ മുഴുകാന്‍ മക്കള്‍ക്കു സാധിക്കട്ടെ. അതാവും യഥാര്‍ഥഭക്തി.

അകവും പുറവും മലിനമായിരിക്കുന്ന ഈ ലോകത്ത് നാമസങ്കീര്‍ത്തനം ഈശ്വരനെ സാക്ഷാത്‍കരിക്കുവാനുള്ള ഉപാധികളിലൊന്നാണ്. കേള്‍ക്കുന്നവര്‍ക്കു ശ്രദ്ധയുണ്ടെങ്കില്‍ അവരുടെ ഹൃദയം ആര്‍ദ്രമാകുന്നു. അത് സുഗന്ധവസ്തുക്കള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിയില്‍ നമ്മള്‍ പോകുന്നതുപോലെയാണ്. കടലിലെ ഉപ്പുവെള്ളം, നീരാവിയായി ഉയര്‍ന്നു മഴയായി വരുന്നപോലെ ഈശ്വരപ്രാര്‍ഥന അകവും പുറവും നമുക്ക് ശക്തിതരും. അത്തരത്തിലുള്ള പ്രാര്‍ഥനയും ഭക്തിയും മക്കള്‍ക്ക് ഉണ്ടാകട്ടെ.

കടപ്പാട്: മാതൃഭൂമി